തിരുവനന്തപുരം: ശബരിമലയില്‍ എന്ത് ചെയ്താലും തിരിച്ചടിയുണ്ടാകുമെന്ന പേടി തനിക്കും ഭക്തര്‍ക്കുമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറയുന്നത് ആരെ ലക്ഷ്യമിട്ട്? അതിനിടെ ഭക്തര്‍ക്ക് ഇത്തരമൊരു ഭയമില്ലെന്നതാണ് വസ്തുത. ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തിലെ സ്വര്‍ണ്ണ പാളി കൊണ്ടു പോകുന്ന വിഷയത്തിലെ ഹൈക്കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രസിഡന്റിന്റെ ഒളിയമ്പ്. ദൈനംദിന കാര്യത്തിനും താന്ത്രിക കാര്യത്തിനും തടസം നില്‍ക്കുന്നു. ആരാണ് തടസമുണ്ടാക്കുന്നതെന്ന് പറയുന്നില്ല. ദേവസ്വം ബോര്‍ഡിന് മുകളിലുള്ളത് സര്‍ക്കാരാണ്. പിന്നെ ഇടപെടുന്നത് ഹൈക്കോടതിയും. ഇതില്‍ രണ്ടില്‍ ഒരു സംവിധാനത്തേയാണ് പ്രശാന്ത് കടന്നാക്രമിക്കുന്നത്. സര്‍ക്കാരാകാന്‍ സാധ്യത തീരെ കുറവാണ്.

മറ്റ് ക്ഷേത്രങ്ങള്‍ക്ക് ഒന്നും ഇല്ലാത്ത തടസം ശബരിമലയിലുണ്ടെന്ന് പ്രശാന്ത് പറയുന്നു. സ്വര്‍ണപ്പാളി അറ്റകുറ്റപ്പണിയിലെ കോടതി ഇടപെടലിനിടെയാണ് പിഎസ് പ്രശാന്ത് ഇങ്ങനെ ഒരു പ്രതികരണം നടത്തിയത്.'സ്വര്‍ണപ്പാളി വിഷയത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ചെയ്തിരിക്കുന്നത്. ദര്‍ശനത്തിന് ആളുകള്‍ക്ക് ശബരിമലയില്‍ വരാന്‍ ഭയമാണ്. എന്തെങ്കിലും സമര്‍പ്പിക്കാന്‍ ഭയമാണ്. ശബരിമല ഒരു പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. മറ്റ് ക്ഷേത്രങ്ങള്‍ക്കൊന്നും ബാധകമാകാത്ത ചില തടസങ്ങള്‍ ശബരിമലയിലുണ്ട്. എങ്ങനെയാണ് ശബരിമലയിലെ ദൈനംദിന വികസനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടത് എന്ന കാര്യത്തില്‍ എനിക്കും പേടിയുണ്ട്.എല്ലാ കാര്യത്തിലും ആശങ്കയുണ്ട്. അതിനെ സംബന്ധിച്ച് കൃത്യമായ രൂപരേഖ വേണം. ആ രേഖയില്ലെങ്കില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസമായിരിക്കും. ആരാണ് തടസം നില്‍ക്കുന്നതെന്ന കാര്യം ഞാന്‍ പറയുന്നില്ല. ഒരു ആരാധനാലയത്തെ സംബന്ധിച്ച് അതൊരു നല്ല കാര്യമല്ല. എല്ലാം മാറ്റി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് പ്രതികരണം. അതിനിടെ സ്വര്‍ണ്ണ പാളിയ യാതൊരു സുരക്ഷയുമില്ലാതെയാണ് ദേവസ്വം ബോര്‍ഡ് ചെന്നൈയിലേക്ക് കൊണ്ടു പോയതെന്നാണ് സൂചന.

തിരുവാഭരണം കമ്മീഷണറും എക്‌സിക്യൂട്ടീവ് ഓഫീസറും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസറും ദേവസ്വം വിജിലന്‍സിലെ ഒരു പോലീസുകാരനുമാണ് സ്വര്‍ണ്ണവുമായി പോയത്. ഇവര്‍ ഒരു ഇന്നോവയിലാണ് ചെന്നൈയിലേക്ക് പോയത്. തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സിലുള്ളവര്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ അവസരമില്ല. അതായത് തോക്ക് പോലും ഇല്ലാതെയാണ് സ്വര്‍ണ്ണ പാളിയുമായുള്ള യാത്ര. ഒരു സുരക്ഷയും ഇക്കാര്യത്തില്‍ പാലിച്ചിരുന്നില്ല. ശബരിമലയിലെ സ്‌പെഷ്യല്‍ കമ്മീഷണറെ പോലും കാര്യങ്ങള്‍ അറിയിച്ചില്ല. അതിനിടെ പാളിയിലെ സ്വര്‍ണ്ണത്തെ കുറിച്ച് ഹൈക്കോടതി ചില സംശയങ്ങളുയര്‍ത്തി. രേഖകള്‍ പരിശോധിക്കണമെന്നും പറഞ്ഞു. ഇതിനിടെയാണ് പരോക്ഷ പ്രസ്താവനയിലൂടെ ചില താക്കീതുകള്‍ ഈ വിഷയത്തില്‍ ഇടപെടുന്നവര്‍ക്ക് നല്‍കുന്നത്. ഹൈക്കോടതിയിലെ വസ്തുതാ പരിശോധനയെ ആരോ ഭയക്കുന്നുവെന്നതിന്റെ സൂചനയാണ് ഇതെല്ലാം. അടുത്ത ദിവസം അഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജി സുപ്രീംകോടതിയും പരിഗണിക്കുന്നുണ്ട്. ഇതെല്ലാം പ്രശാന്തിന്റെ പ്രതികരണത്തില്‍ ഒളിച്ചിരിക്കുന്ന ചില ഘടകങ്ങളാണ്.

കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്വര്‍ണപാളി വിഷയം ഏത് അന്വേഷണ ഏജന്‍സി വേണമെങ്കിലും അന്വേഷിച്ചോട്ടെ. ഞങ്ങളുടെ കൈകള്‍ ശുദ്ധമാണ്'- പിഎസ് പ്രശാന്ത് പറഞ്ഞു.

ഹൈക്കോടതി അതൃപ്തി പറഞ്ഞത് എന്തുകൊണ്ട്?

ശബബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി കൊണ്ടുപോയതില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി. 1999ല്‍ തന്നെ ഈ ദ്വാരപാലക ശില്‍പ്പങ്ങളില്‍ പരമ്പരാഗത രീതിയില്‍ സ്വര്‍ണം പൂശിയിരുന്നു എന്നതിന് തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. അന്നു സ്വര്‍ണം പൂശിയിരുന്ന ദ്വാരപാലക ശില്‍പ്പങ്ങള്‍ ഏതു സാഹചര്യത്തിലാണ് ഗോള്‍ഡ്‌പ്ലേറ്റിങ് നടത്താനായി 2019 ല്‍ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നതില്‍ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു.

ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പുശിയതുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ നിരവധി സംശയങ്ങളാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് പ്രകടിപ്പിച്ചത്. ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച രേഖകള്‍ കോടതി പരിശോധിച്ചു. 1999ല്‍ 'സ്വര്‍ണം പൂശിയ' ദ്വാരപാലക ശില്‍പ്പങ്ങള്‍ ശ്രീകോവിലിന്റെ വശങ്ങളില്‍ സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയതായി രേഖയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനര്‍ഥം ദ്വാരപാലക ശില്‍പ്പങ്ങളില്‍ 1999ല്‍ തന്നെ സ്വര്‍ണം പൂശിയിട്ടുണ്ട് എന്നാണ്. തുടര്‍ന്ന് 2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ ഗോള്‍ഡ്‌പ്ലേറ്റിങ് നടത്തിത്തരാമെന്ന ബെംഗളുരു സ്വദേശി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അഭ്യര്‍ഥന പ്രകാരം 'ചെമ്പ് പ്ലേറ്റുകള്‍' അഴിച്ചെടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോയി എന്നാണ് രേഖകളില്‍ കാണുന്നത്. സ്വര്‍ണത്തെ കുറിച്ച് പരാമര്‍ശമില്ലാത്തത് വിശദമായി അന്വേഷിക്കണമെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഉണ്ണികൃഷ്ണന്‍ പോറ്റി അയച്ച ഇമെയിലില്‍ സ്‌ട്രോങ് റൂമിലുള്ള സ്വര്‍ണം പൂശിയ ചെമ്പു പാളികള്‍ നല്‍കിയാല്‍ അവയില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാമെന്നും ഇതുവഴി ചെലവു കുറയ്ക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിശോധന നടത്തിയ ദേവസ്വം വിജിലന്‍സ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇത് കണ്ടെടുക്കാനായില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചു. പരമ്പരാഗത രീതിയില്‍ പൂശാനായി എത്രത്തോളം സ്വര്‍ണം ഉപയോഗിച്ചിരുന്നു എന്നു കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി. നിലവിലെ അറ്റകുറ്റപ്പണിക്ക് ശേഷം സ്വര്‍ണ്ണപ്പാളികള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിഷയം ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.