- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാന്താര കണ്ടപ്പോൾ തുടങ്ങിയ അഭിനിവേശം; തെയ്യം നേരിൽ കണ്ടിട്ടില്ലാത്ത പുതുപ്പള്ളിക്കാരി നഴ്സ് ലണ്ടനിലെ ഓണവേദിയിൽ തെയ്യക്കോലം കെട്ടി ആടിയപ്പോൾ
ലണ്ടൻ: തെച്ചിപ്പൂ മാലയും ചേലു ചേലെ കിലുങ്ങുന്ന അരമണിയും അരയ്ക്ക് താഴെ തൂങ്ങിയാടുന്ന കുരുത്തോല തോരണവും ഒപ്പം ദിഗന്തങ്ങൾ ഞ്ഞടങ്ങുന്ന അട്ടഹാസവും. സാധാരണ മലബാറിൽ കാണുന്ന തെയ്യക്കോലങ്ങളുടെ പതിവ് ഇതൊക്കെ ആണെങ്കിലും ലോകമെങ്ങും തെയ്യത്തിന്റെ രൗദ്രഭാവം കണ്ടറിഞ്ഞ കാന്താര എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ട പഞ്ചുരുളി തെയ്യത്തിനു അലങ്കാരങ്ങളെക്കാൾ ഭാവങ്ങൾക്കാണ് പ്രാധാന്യം.
നൃത്തവും കലകളും ഒക്കെ പരിശീലിച്ചു ഒരു കലാകാരി ആയി മാറാൻ തയ്യാറെടുത്തു ഇറങ്ങിയ കോട്ടയം പുതുപ്പള്ളിക്കാരി രജനി പുതുപ്പള്ളിമറ്റത്തിനെ ഭാവിയിൽ പട്ടിണി കിടക്കാതിരിക്കട്ടെ എന്ന ചിന്തയിൽ മാതാപിതാക്കളാണ് നിർബന്ധിച്ചു നഴ്‌സിംഗിൽ എത്തിച്ചത്. എന്നാൽ അണ്ണാൻ മൂത്താലും മരം കയറ്റം മറക്കുമോ എന്ന് ചോദിക്കും വിധം ഒരു കഷ്ണം കടലാസ്സ് കിട്ടിയാലും അതിൽ ഏതെങ്കിലും സൂത്രപ്പണി ചെയ്തു കാഴ്ചക്ക് മനോഹരമാക്കുന്ന കലാകാരി ആയിത്തന്നെയാണ് രജനി നഴ്‌സിങ് ജോലിക്കിടയിലും ജീവിതത്തെ വർണാഭമാക്കി മാറ്റുന്നത്. ഇത്തരത്തിൽ കലയെ കൈവിടാതെ നടക്കുന്നതിനാൽ മനസ്സിൽ തൊടുന്ന എന്ത് കണ്ടാലും അതിനെ ഹൃദയത്തിൽ ചേർത്ത് പിടിച്ചാണ് ഈ യുവ നഴ്‌സിന് ശീലം.
നോർത്ത് വെസ്റ്റ് ദേശി ലണ്ടനഴ്സ് എന്ന യുവത്വം നിറയുന്ന മലയാളി കൂട്ടായ്മയുടെ ഓണാഘോഷത്തിലാണ് ബ്രിട്ടീഷ് പ്രാദേശിക പത്രത്തിന്റെ ശ്രദ്ധയിൽ പോലും എത്തുന്ന വിധത്തിൽ തെയ്യക്കോലത്തെ തയാറാക്കി രജനിയും ശ്രദ്ധ നേടിയത്. പ്രധാനമായും ലണ്ടൺ നോർത്ത് വെസ്റ്റ് ഹോസ്പിറ്റൽ ജീവനക്കാരുടെ കൂട്ടായ്മ കൂടിയാണ് ഈ ന്യൂ ജെൻ മലയാളി സംഘടന.
കാന്താര കണ്ണിലുടക്കി , ഉറക്കം പോയി;ഒടുക്കം ലണ്ടനിലെ ഓണാഘോഷത്തിൽ മാസ്റ്റർ പീസും
അങ്ങനെ ഒരു അവധി നാളിൽ ടിവിക്ക് മുന്നിലിരുന്നപ്പോൾ മനസിലുടക്കിയ കാന്താര എന്ന ചിത്രത്തിലെ തെയ്യക്കോലം പതുക്കെ ഉറക്കമില്ലാത്ത രാത്രികളാണ് രജനിക്ക് നൽകിയത്. അട്ടഹസിച്ചെത്തുന്ന പഞ്ചുരുളി തെയ്യം വല്ലാതങ്ങ് മനസ്സിൽ കേറി കൊരുത്തു. എങ്കിൽ അതൊന്നു പുനഃ സൃഷ്ടിച്ചാലോ എന്നായി ആലോചന. പക്ഷെ അനുഷ്ടാന കലയായ തെയ്യത്തെ അങ്ങനെ പൂർണതയിൽ അത്ര വേഗത്തിലൊന്നും ആർക്കും പുനരവതരിപ്പിക്കാനാകി . അപ്പോൾ പിന്നെ യുകെയിൽ ഇരുന്നു അതിനെക്കുറിച്ചാലോചിക്കുന്നതിൽ കാര്യമുണ്ടോ? പക്ഷെ ഒരു കാര്യം തീരുമാനിച്ചാൽ പിന്നോട്ടു പോകുന്ന ശീലം ഇല്ലാത്ത രജനിക്ക് കടലാസും അല്പം പശയും നല്ല കാർഡ് ബോർഡും ഒക്കെ ഉണ്ടെങ്കിൽ മനോഹരമായ പഞ്ചുരുളി തെയ്യത്തെ സൃഷ്ടിക്കാം എന്ന ആത്മവിശ്വാസമായി. ഇക്കാര്യം സഹപ്രവർത്തകനായ ഹാരോ ഹോസ്പിറ്റലിലെ ചാൾസ് വർഗീസിനോട് പറഞ്ഞപ്പോൾ എന്നാൽ പിന്നെ ലണ്ടനിലെ ഓണാഘോഷത്തിൽ തെയ്യത്തെ ഇറക്കിയാലോ എന്ന പ്രോത്സാഹനമായി.
പിന്നൊന്നും ആലോചിച്ചില്ല, കഴിഞ്ഞ മൂന്നു മാസമായി ഈ തെയ്യത്തിനു വേണ്ടി ഊണും ഉറക്കവും കളഞ്ഞ രജനി ഓണാഘോഷത്തിലെ ഹൈലൈറ്റ് മാത്രമല്ല, ലോക്കൽ ഡെയ്‌ലി ആയ ഹാരോ ഓൺലൈനിൽ വരെ തന്റെ പേരിൽ തലക്കെട്ട് പിറന്നതോടെ ചന്ദ്രനിൽ കാലുറപ്പിച്ചു ചന്ദ്രയാൻ പറത്തിയ ആവേശത്തിലാണ് ഇപ്പോൾ. കലയെ സ്നേഹിക്കുന്നവർക്കു മാത്രം മനസിലാകുന്ന ആനന്ദ നിർവൃതിയിലാണ് ഈ ഐ ടി യു നഴ്സ്. ചാൾസ് അറിയിച്ചതനുസരിച്ചു ഇന്നലെ ബ്രിട്ടീഷ് മലയാളിയിൽ നിന്നും ബന്ധപ്പെടുമ്പോൾ ജോലിക്ക് പോകാൻ ഇറങ്ങുന്നതിനിടയിലാണ് അരമണിക്കൂർ സമയമെടുത്ത് നീണ്ട കുറിപ്പെഴുതി തെയ്യക്കോലത്തിന്റെ പിറവി എങ്ങനെ ആയിരുന്നു എന്നറിയിച്ചത്. മറ്റൊരാളാണെങ്കിൽ മറ്റൊരു ദിവസം കൊടുത്താൽ പോരെ എന്ന ചോദ്യത്തിൽ അവസാനിക്കേണ്ട കാര്യമാണ് ഇപ്പോൾ വായനക്കാരുടെ കണ്ണുകളിലൂടെ ഫീച്ചർ രൂപത്തിൽ നിറയുന്നത്.
അപ് സൈക്കിളിങ് ആർട്ടിന്റെ സാദ്ധ്യതകൾ തുറന്നു കാട്ടുന്ന കൈവിരുത്
കയ്യിൽ കിട്ടുന്ന എന്തും കലാരൂപമാക്കി മാറ്റുന്ന രജനി പഞ്ചുരുളി തെയ്യക്കോലത്തെ കുറിച്ച് ആലോചിച്ചപ്പോൾ ആദ്യം മനസ്സിൽ തെളിഞ്ഞത് കാർഡ് ബോർഡാണ്. പോസ്റ്റ് കോവിഡ് ലോകത്തിൽ ജീവിതം ഓൺലൈനിലേക്ക് മാറിയപ്പോൾ ഷോപ്പിങ് ഡെലിവറി ആയി ഓരോ വീട്ടിലും എത്തുന്ന കാർഡ് ബോർഡ് ബോക്സുകൾ സാധാരണ വെസ്റ്റ് ബിന്നിൽ എത്തുകയാണ് പതിവ്.എന്നാൽ ഈ കാർഡ് ബോർഡുകൾ രജനിയുടെ കയ്യിൽ കിട്ടിയാൽ മനോഹര കലാരൂപമായി മാറുകയാണ്. രജനി ഈ ഹോബിയെ സ്‌ക്രാപ് ആർട് എന്നാണ് വിളിക്കുന്നത് എങ്കിലും ലോകം അതീവ ഗൗരവമായി ചിന്തിക്കുന്ന അപ് സൈക്കിളിങ് ആർട്ടും റീസൈക്കിളിങ് ആർട്ടും എന്നൊക്കെയാണ് ഇതിനെ ആധുനിക ലോകം വിശേഷിപ്പിക്കുന്നത്. ലോകത്തെ ഒന്നാം നമ്പർ ഫാഷൻ വേദികളിലും മറ്റും ഇത്തരം റീസൈക്ലിങ് ആർട് ആഗോള ശ്രദ്ധ നേടുന്ന കാലം കൂടി ആണെന്നതും രജനിയുടെ തെയ്യക്കോലം കൂടുതൽ ഗൗരവത്തിൽ കാണപ്പെടേണ്ടത് ആണെന്നും ഓർമ്മിപ്പിക്കുകയാണ്. ഒരു പക്ഷെ ബ്രിട്ടീഷ് ആർട്ട് സൊസൈറ്റിയുടെയും മറ്റും ശ്രദ്ധയിൽ എത്തേണ്ട കലാകാരി കൂടിയാണ് രജനി എന്നോർമ്മിപ്പിക്കുകയാണ് ഈ കാന്താര തെയ്യ ശിൽപം വഴി. മൂന്ന് മാസത്തെ അധ്വാനം വഴിയാണ് പ്രധാനമായും കാർഡ് ബോർഡിൽ നിന്നും തെയ്യക്കോലം പിറവി എടുത്തത് എന്നറിഞ്ഞപ്പോഴാണ് കൂടെ സദാ സമയം ഉണ്ടായിരുന്നവർ പോലും ഈ കലാരൂപത്തിനായി രജനി ഏറ്റെടുത്ത സമർപ്പണം തിരിച്ചറിയുന്നത്.
കലയുടെ വഴിയിൽ ഏകാകിനി, കൂട്ടുകാരെ കിട്ടിയാൽ എനർജെറ്റിക് ഓൾറൗണ്ടർ
സാധാരണ കുടുംബ വഴികളിൽ ആരെങ്കിലും കലാലോകത്ത് ഉണ്ടെങ്കിലാണ് അത്ഭുതപ്പെടുത്തുന്ന തരത്തിൽ ഉള്ള കരവിരുതുകൾ യാഥാർഥ്യമാക്കാൻ കഴിയുക. എന്നാൽ രജനിയുടെ കാര്യത്തിൽ തീർത്തും ഒറ്റയാൾ പ്രകടനമാണ്. കുടുംബ വഴികളിൽ ആരും തന്നെ കലാരംഗത്തില്ല. പക്ഷെ രജനി ചെറുപ്പം മുതൽ മ്യുറൽ പെയിന്റിങ് അടക്കമുള്ള രംഗത്തും സജീവമാണ്. പലപ്പോഴും ഗൂഗിളാണ് സഹായി. ഉപയോഗശൂന്യമായ ബെഡിലെ ഫോം ഉപയോഗിച്ച് നിർമ്മിച്ച വാഴക്കുല ഒറ്റനോട്ടത്തിൽ കണ്ടാൽ ഒർജിനൽ കുലയല്ലെന്നു ഒരാളും പറയില്ല. അത്രയ്ക്കും പെർഫെക്ഷനോടെയാണ് രജനിയുടെ കലാരൂപങ്ങളിൽ ജീവൻ നിറയുന്നത്. ചെറുപ്പത്തിൽ അച്ഛന്റെയും മുത്തച്ഛന്റേയും ഒക്കെ കൈവിരലിൽ തൂങ്ങി നിത്യവും നടത്തിയിരുന്ന ക്ഷേത്ര സന്ദർശങ്ങളാണ് രജനിയിലെ കലാകാരിയെ തൊട്ടുണർത്തിയത്. ക്ഷേത്ര ചുറ്റുമതിലിൽ നിറയുന്ന ചുവർ ചിത്രങ്ങളിൽ വിരലോടിച്ച കൗമാരക്കാരിക്ക് അവയുടെ പുനഃസൃഷ്ടി പൂർണതയോടെ ആവിഷ്‌കരിക്കുക എന്നത് അത്ര വലിയ പ്രയാസം നിറഞ്ഞ ജോലിയായിരുന്നില്ല. ഹോസ്പിറ്റൽ അക്കോമഡേഷനിലെ നിന്ന് തിരിയാൻ ഇടമില്ലാത്ത കുടുസു മുറിയിൽ നിന്നുമാണ് രജനിയുടെ കലാരൂപങ്ങൾ പിറക്കുന്നത് എന്നതാണ് മറ്റൊരു അതിശയിപ്പിക്കുന്ന യാഥാർഥ്യം. ഒടുവിൽ സ്ഥലം തികയാതെ വന്നതോടെ ചാൾസ് നൽകിയ ഗാരേജ് സ്ഥലം കടമെടുത്തു രണ്ടാഴ്ച അവരുടെ വീട്ടിൽ അതിഥിയായാണ് പഞ്ചുരുളി തെയ്യത്തെ ലണ്ടനിലെ ഓണാക്കാഴ്ചയുടെ ഭാഗമാക്കിയത് എന്നും രജനി പറയുന്നു.
എന്നാൽ കൂട്ടുകാരെ കയ്യിൽ കിട്ടിയാൽ എനർജറ്റിക് ഓൾറൗണ്ടർ ആകാനും വിരുതയാണ് ഈ മിടുക്കി. ഒരു രംഗത്തും ആരും മാറ്റിനിർത്താത്ത തരത്തിൽ ഉള്ള പെർഫോർമർ. രജനി ജോലി ചെയുന്ന ലണ്ടൻ നോർത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പല ചടങ്ങുകളുടെ അവതാരിക ആയി ബ്രിട്ടീഷുകാർക്കിടയിൽ പോലും തിളങ്ങുന്നത് ഇപ്പോൾ രജനിയുടെ പാർട്ട് ടൈം ജോലി പോലെ ആയിരിക്കുകയാണ്. ബ്രിട്ടനിൽ വെറും നാലു വർഷത്തെ ജീവിതാനുഭവം മാത്രമേയുള്ളെങ്കിലും ഈ നാട്ടിൽ ജനിച്ചു വളർന്ന ഒരാളെപ്പോലെയാണ് യുവത്വത്തിന്റെ പ്രസരിപ്പിൽ രജനി വേദിയിലും ആൾക്കൂട്ടത്തിലും ശ്രദ്ധ നേടുന്നത്. ചെറുപ്പത്തിൽ അൽപ കാലം മോഹിനിയാട്ടം പഠിച്ചത് മാത്രമാണ് കലയുമായി പറയാനുള്ള ഏക ബന്ധം. പക്ഷെ തിരുവാതിരയിലും മറ്റും മെയ്വഴക്കത്തോടെ രജനി നൃത്തമാടുന്നത് കണ്ടാൽ വർഷങ്ങളുടെ നൃത്ത സപര്യ ചെയ്ത ഒരു ഡാൻസർ അല്ലെന്നു പറയില്ല.
വേദിയിൽ തെയ്യത്തിന്റെ പകർന്നാട്ടത്തിനു സഹനർത്തകരായി സുഹൃത്തുക്കളായ ഒരുപറ്റം നൃത്തക്കാരും രജനിക്കൊപ്പം വേദിയിൽ എത്തിയിരുന്നു. അശ്വതി അനീഷ് , നീലിമ , ശ്രീലക്ഷമി , സൗമ്യ അഞ്ചു , അശ്വതി എന്നിവരാണ് നർത്തകി സംഘത്തിൽ കൂടെത്തിയത്. തെയ്യത്തിന്റെ കനമേറിയ ആടയാഭരങ്ങൾ രജനിയുടെ കൊലുന്നനെയുള്ള ശരീരത്തിൽ വച്ചുറപ്പിക്കുക എന്ന ശ്രമകരമായ ജോലി ഏറ്റെടുത്തത് സ്‌നേഹയെന്ന സഹപ്രവർത്തകയാണ്. പ്രൊഫഷണൽ മെയ്ക് അപ് ആർട്ടിസ്റ്റായ സ്നേഹ കേരളത്തിൽ അറിയപ്പെടുന്ന സെലിബ്രിറ്റി മെയ്ക് അപ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാരുടെ ഒപ്പം പ്രവർത്തിച്ച പാരമ്പര്യമുള്ളതും തെയ്യക്കോലത്തിന്റെ പൂർണതയിൽ ഏറെ സഹായകമായി എന്നും രജനി കൂട്ടിച്ചേർക്കുന്നു.
ഇക്കഴിഞ്ഞ ഏപ്രിലിൽ ഡെർബിയിൽ മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു പരിപാടിയിലും തെയ്യക്കോലത്തിന്റെ അവതരണം നടന്നിരുന്നു. ഇത് മലയാളി സമൂഹത്തിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മലയാളി സംഘടനകളുടെ ആഘോഷങ്ങളിൽ പാരമ്പര്യ കലാരൂപങ്ങൾക്ക് കൂടുതൽ ശ്രദ്ധയും തനിമയും ലഭ്യമായി തുടങ്ങുന്നു എന്നാണ് ഇപ്പോൾ പഞ്ചുരുളി തെയ്യത്തിന്റെ കൂടി അവതരണത്തിലൂടെ വ്യക്തമാകുന്നത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.