തിരുവനന്തപുരം: ലൈംഗിക ആരോപണ വിവാദത്തെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തിന് എത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വാക്ക് മറികടന്ന്. സമ്മേളനത്തിന്റെ തലേദിവസം ചില കോണ്‍ഗ്രസ് നേതാക്കള്‍ മുഖേന സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ രാഹുലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതിന് വ്യക്തമായ മറുപടി രാഹുല്‍ നല്‍കിയിരുന്നില്ല. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിനാല്‍ അടുപ്പമുള്ള നേതാക്കള്‍ മുഖേന അനൗദ്യോഗികമായാണ് നിയമസഭാ സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ രാഹുലിനു നിര്‍ദ്ദേശം നല്‍കിയത്. രാഹുല്‍ നിയമസഭയിലെത്തിയതോടെ വി.ഡി സതീശനുമായി തുറന്ന പോരിന് തയ്യാറാണെന്ന സന്ദേശമാണ് രാഹുല്‍ നല്‍കുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും രാഹുലിന് ഉണ്ട്. ഷാഫി പറമ്പിലിന്റെ വിശ്വസ്തനാണ് രാഹുല്‍. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ ഗ്രൂപ്പിലാണ് രാഹുലും ഷാഫിയുമെന്നാണ് പൊതു വിലയിരുത്തല്‍. ഇതിനൊപ്പം എ ഗ്രൂപ്പും മാങ്കൂട്ടത്തിലിനെ പൂര്‍ണ്ണമായും കൈവിടുന്നില്ല. രാഹുലിന്റെ സഭയിലെ പ്രത്യേക ബ്ലോക്കിലെ ഇരിപ്പോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയവും പുതിയ തലത്തിലേക്ക് എത്തും.

നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ രാഹുല്‍ പങ്കെടുത്തത് ഷാഫി പറമ്പിലിന്റെ മൗനാനുവാദത്തോടെയാണ്. രാഹുല്‍ നിയമസഭയിലെത്തിയാല്‍ അത് സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി സ്പീക്കര്‍ എ.എന്‍. ഷംസീറിനാകും വെല്ലുവിളിയാകുക.

വിവാദത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത വിവരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കത്ത് മുഖേന സ്പീക്കറെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ രാഹുല്‍ സഭയിലെത്തിയാല്‍ അദ്ദേഹത്തിന് പ്രത്യേക ബ്ലോക്കില്‍ ആയിരിക്കും ഇരിപ്പിടം. രാഹുല്‍ നിയമസഭയിലെത്തിയാല്‍ സ്വന്തം പാര്‍ട്ടിയിലെ എം.എല്‍.എമാര്‍ക്കിടയില്‍ നിന്നുതന്നെ പ്രതിഷേധം ഉയരാനും സാധ്യതയുണ്ട്. അപ്പോള്‍ രാഹുലിനെ സംരക്ഷിക്കേണ്ട ഭരണഘടനാപരമായ ബാധ്യത സ്പീക്കര്‍ക്ക് മാത്രമായിരിക്കും.

ഇത് സ്പീക്കര്‍ക്ക് ഒരു കടുത്ത പരീക്ഷണമായി മാറും. രാഹുല്‍ എത്തിയാല്‍, ആ സാഹചര്യത്തെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. രാഹുലിന്റെ സഭയിലെ സാന്നിധ്യം ഉണ്ടായാല്‍ അതുവഴി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളും ആരോപണങ്ങളും ദുര്‍ബലമാക്കാനും സാധിക്കുമെന്നാണ് ഭരണപക്ഷം കണക്കുകൂട്ടുന്നത്. സ്പീക്കര്‍ക്ക് സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളുടെ പ്രതിഷേധവും കൈകാര്യം ചെയ്യേണ്ടി വരും. പ്രതിപക്ഷ അംഗങ്ങളുടെ നിരയുടെ പിന്നിലായി, പി.വി. അന്‍വറിന് അനുവദിച്ച സീറ്റാണ് രാഹുലിന് നല്‍കിയത്.

പോലീസ് അതിക്രമങ്ങളും നേതാക്കള്‍ക്കെതിരായ മാസപ്പടി ആരോപണങ്ങളും അടക്കം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയാകേണ്ട നിയമസഭാ സമ്മേളനം രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലേക്ക് വഴിമാറുമെന്ന ആശങ്ക പ്രതിപക്ഷത്തിനുണ്ട്. ഈ വിഷയം ഉയര്‍ത്തിക്കൊണ്ട് ഭരണപക്ഷം പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുമെന്നും പ്രതിപക്ഷം ഭയപ്പെടുന്നു. ഈ സമ്മേളനത്തിലാണ് ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്ന് വിജയിച്ച ആര്യാടന്‍ ഷൗക്കത്ത് ആദ്യമായി നിയമസഭയിലെത്തുന്നത്. ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം. സംസ്ഥാനവ്യാപകമായി അരങ്ങേറുന്ന പോലീസ് അതിക്രമവും നേതാക്കളുടെ മാസപ്പടി ആരോപണങ്ങളും അടക്കം നിരവധി വിഷയങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ രാഹുല്‍ എത്തിയാല്‍ ഭരണപക്ഷം അതിനെ മറ്റ് പല രീതിയിലേക്കും കൊണ്ടു പോകും. രാഹുലിനെ ഭരണപക്ഷം കൈയേറ്റം ചെയ്താല്‍ യുഡിഎഫ് സംരക്ഷണം ഒരുക്കുമോയെന്ന ചോദ്യത്തിന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത് നിയമസഭാംഗത്തിന് സുരക്ഷ ഒരുക്കേണ്ടത് സ്പീക്കറുടെ ഉത്തരവാദിത്വമാണെന്നായിരുന്നു.

ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍നിന്നു വിജയിച്ച ആര്യാടന്‍ ഷൗക്കത്ത് നിയമസഭാ സമ്മേളനത്തിന് ആദ്യമായെത്തുന്നതും വരുന്ന സമ്മേളന കാലത്താണ്. അതായത് പ്രതിപക്ഷത്ത് രാഹുല്‍ പ്രത്യേക ബ്ലോക്കാകുമ്പോള്‍ ഒരംഗം കുറയും. എന്നാല്‍ ആര്യാടന്‍ എത്തുന്നതോടെ ആ കുറവ് നികത്തുകയും ചെയ്യും. ഇടതു സ്വതന്ത്രനായിരുന്ന അന്‍വറിന്റെ രാജിയോടെ ഇടതുപക്ഷത്തിന് ഒരംഗം കുറഞ്ഞിരുന്നു. എന്നാല്‍ സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ളതുകൊണ്ട് ഈ കുറവ് ഭരണ പക്ഷത്തെ ബാധിക്കില്ല.

ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഒരു എം.എല്‍.എ.യെ സഭയില്‍ നിന്ന് തടയാന്‍ നിയമപരമായി സാധ്യമല്ല. 60 ദിവസം തുടര്‍ച്ചയായി സഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ മാത്രമേ എംഎല്‍എയ്ക്കെതിരേ നടപടിയെടുക്കാന്‍ ചട്ടം അനുസരിച്ചു കഴിയുകയുള്ളൂ. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ ഒന്‍പത് വരെ സഭാ സമ്മേളനം ചേരുന്നുണ്ടെങ്കിലും ഇടയ്ക്ക് നീണ്ട അവധിയുണ്ട്. ഫലത്തില്‍ 12 ദിവസം മാത്രമാണ് നിയമസഭ ചേരുക. അടുത്ത വര്‍ഷം ആദ്യം ഇടക്കാല ബജറ്റ് സമ്മേളനവും ചേര്‍ന്നേക്കും.

ഇതില്‍ നിന്നും രാഹുല്‍ വിട്ടു നിന്നാലും നടപടിയെടുക്കാനുള്ള 60 ദിവസമെത്തില്ല. സഭാ സമ്മേളനത്തിന് നാലു ദിവസത്തില്‍ കൂടുതല്‍ അവധി വന്നാലും തുടര്‍ച്ചയായ ദിവസമായി കണക്കാക്കാനാകില്ല. ഇടക്കാല ബജറ്റ് സമ്മേളനം കഴിഞ്ഞാല്‍ കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകും. അതുകൊണ്ട് തന്നെ ഇനി സഭയില്‍ എത്താതിരുന്നാലും രാഹുലിന് പ്രശ്നമൊന്നും ഉണ്ടാകില്ലെന്നതായിരുന്നു വസ്തുത. എന്നിട്ടും രാഹുല്‍ സഭയില്‍ എത്തി.