- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹളങ്ങളില്‍ മുങ്ങി വയനാടിനെ മറന്നോ? രണ്ടാമത്തെ പൊട്ടലില്‍ എല്ലാവരും ചിതറിയോടി; നടുക്കിയ ആ രാത്രിക്ക് ഇന്ന് ഒരുമാസം; ചൂരല്‍മലയിലൂടെ മറുനാടന്‍
വയനാട്: ചൂരല്‍മല മൂണ്ടക്കൈ ഉള്‍പൊട്ടലില്‍ കേരളം നടുങ്ങിയിട്ട് ഒരു മാസം പിന്നിടുന്നു. മറ്റു വിഷയങ്ങളില്‍ മുങ്ങി മാധ്യമങ്ങളില്‍ ദുരന്ത പുനരധിവാസ വാര്‍ത്തകള്‍ പിന്നോക്കം പോയെങ്കിലും സര്‍വ്വതും നഷ്ടപ്പെട്ട ആ ജനത തങ്ങളുടെ തുടര്‍ജീവിതം എന്തെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. സംസ്ഥാനത്തിന്റേത് പ്രഖ്യാപനങ്ങള്‍ മാത്രമായപ്പോള്‍ കേന്ദ്രം ഇപ്പോഴും മൗനത്തിലാണ്. ഉരുളെടുത്ത ആ രാത്രിയുടെ ഭീതിയില്‍ നിന്ന് ആ ജനത ഇപ്പോഴും മുക്തരായിട്ടില്ല. ഓരോ തവണ കണ്ണടയ്ക്കുമ്പോഴും അവരുടെ കാതിലേക്ക് ഇരമ്പിയെത്തുന്നത് ആ രാത്രിയിലെ കൂട്ടനിലവിളികളും മനസിലേക്ക് ഒഴുകിയെത്തുന്നത് മരവിപ്പിക്കുന്ന കാഴ്ചകളുമാണ്. മനസാക്ഷിയെ […]
വയനാട്: ചൂരല്‍മല മൂണ്ടക്കൈ ഉള്‍പൊട്ടലില്‍ കേരളം നടുങ്ങിയിട്ട് ഒരു മാസം പിന്നിടുന്നു. മറ്റു വിഷയങ്ങളില്‍ മുങ്ങി മാധ്യമങ്ങളില്‍ ദുരന്ത പുനരധിവാസ വാര്‍ത്തകള്‍ പിന്നോക്കം പോയെങ്കിലും സര്‍വ്വതും നഷ്ടപ്പെട്ട ആ ജനത തങ്ങളുടെ തുടര്‍ജീവിതം എന്തെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. സംസ്ഥാനത്തിന്റേത് പ്രഖ്യാപനങ്ങള്‍ മാത്രമായപ്പോള്‍ കേന്ദ്രം ഇപ്പോഴും മൗനത്തിലാണ്. ഉരുളെടുത്ത ആ രാത്രിയുടെ ഭീതിയില്‍ നിന്ന് ആ ജനത ഇപ്പോഴും മുക്തരായിട്ടില്ല. ഓരോ തവണ കണ്ണടയ്ക്കുമ്പോഴും അവരുടെ കാതിലേക്ക് ഇരമ്പിയെത്തുന്നത് ആ രാത്രിയിലെ കൂട്ടനിലവിളികളും മനസിലേക്ക് ഒഴുകിയെത്തുന്നത് മരവിപ്പിക്കുന്ന കാഴ്ചകളുമാണ്.
മനസാക്ഷിയെ മരവിപ്പിച്ച ആ ദുരന്തത്തിന് ഒരു മാസം പിന്നിടുമ്പോള്‍ ആ രാത്രിയെക്കുറിച്ചും തങ്ങളുടെ ഭാവിയെക്കുറിച്ചും മറുനാടനോട് പങ്കുവെക്കുകയാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഷംസാദ് മരയ്ക്കാര്‍. 29 ാം തീയ്യതി രാവിലെ ഞങ്ങള്‍ ഇവിടെയുണ്ട്. കാരണം അന്ന് അസാധാരണമായ മഴയായിരുന്നു ഇവിടെ. എന്നെ ഒരു മാധ്യമപ്രവര്ത്തകന് വിളിച്ച് ഇവിടത്തെ ഒരു പ്രൈവറ്റ് ഏജന്‍സി ഉണ്ട് ഹ്യുമന്‍ സെന്റര്‍ എന്ന് പറഞ്ഞിട്ട്. അവരുടെ നമ്പര്‍ ഒന്നു തരുമോ എന്ന് ചോദിച്ചു. എന്തിനാ എന്ന് ചോദിച്ചപ്പോള്‍ ഇവിടെയൊക്കെ നല്ല മഴയാണെന്നും അവസ്ഥ ഒന്ന് അന്വേഷിക്കാനാണെന്നും പറഞ്ഞു. അദ്ദേഹത്തിന് നമ്പര്‍ കൊടുത്തതിന് ഒപ്പം തന്നെ ഞാനും അവരുമായി ബന്ധപ്പെട്ടു.
ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം മഴ ലഭിച്ചിട്ടുണ്ടെന്നും ഉച്ചകഴിഞ്ഞും തുടര്‍ന്നാല്‍ പ്രശ്നസാധ്യതാ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റുന്നതാണ് നല്ലതെന്നും പറഞ്ഞു. ഞാന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനുമായി ബന്ധപ്പെട്ടപ്പോള്‍ ചിലയിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടെന്നും കുറച്ചുപേരെ മാറ്റിയിട്ടുണ്ടെന്നും അറിയിച്ചു. ഞങ്ങള്‍ മുണ്ടക്കൈയിലേക്ക് പോവുകയാണ് എന്നു പറഞ്ഞപ്പോള്‍ ഞാനും വരാമെന്നും അവരോട് പറഞ്ഞു. അന്ന് ശരിക്കും നമ്മള്‍ക്ക് ഇവിടെ ഓറഞ്ച് അലര്‍ട്ടാണ്. എന്നിട്ടും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശമായ പുഞ്ചിരിമട്ടത്തു നിന്നും ഉച്ചയോടെ ഞങ്ങള്‍ ആള്‍ക്കാരെ മാറ്റി. ഇങ്ങനെയുള്ള മുന്‍കരുതല്‍ നടപടികള്‍ ഒക്കെ പൂര്‍ത്തിയാക്കി ഞങ്ങള്‍ മടങ്ങി.
രാത്രി രണ്ട് മണിയോടെയാണ് എനിക്ക് നീതുവിന്റെ കോള്‍ വരുന്നത്. ദൗര്‍ഭാഗ്യവശാല്‍ നീതു ഇന്ന് നമ്മുടെ കൂടെ ഇല്ല. ഈ വിവരം എന്നോട് ആദ്യം അറിയിക്കുന്നത് നീതുവാണ്. പുഴയില്‍ വെള്ളം കയറി എന്നുമാത്രമാണ് നമ്മള് ആപ്പോഴും വിചാരിക്കുന്നത്. ഉരുള്‍പൊട്ടിയെന്ന് മനസിലായില്ല. അപ്പോള്‍ തന്നെ വേഗം വീട്ടില്‍ നിന്നും ഇറങ്ങി. സ്ഥലത്തെ സ്ഥിതിയറിയാന്‍ മെമ്പറെ വിളിച്ചു. പക്ഷെ മെമ്പറുടെ മറുപടി ശരിക്കും ഞെട്ടിച്ചു..എനിക്കെന്താ പറയണ്ടത് എന്നറിയില്ല എല്ലാം പോയി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വേഗം വാ എന്നു പറഞ്ഞു ഫോണ്‍ കട്ടുചെയ്തു. ഞാന്‍ കളക്ടറെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു.
ഞങ്ങള്‍ പുത്തുമല ഭാഗത്തേക്ക് വരുമ്പോള്‍ കാണുന്നത് കുറെ ജീപ്പുകള്‍ വേഗത്തില്‍ പോകുന്നതാണ്. അതാണ് സത്യത്തില്‍ ഇവിടുത്തെ ആദ്യത്തെ റസ്ക്യൂ എന്ന് പറയുന്നത്. വണ്ടിയുടെ ഹെഡ്ലൈറ്റും ഒരു കയറും മാത്രം വച്ച് ഇവിടുത്തെ നാട്ടുകാര്‍ അവരെ കൊണ്ടാകുന്നത് പോലെ 25 പേരെയെങ്കിലും രക്ഷപ്പെടുത്തി. നമ്മള് ഇവിടെ നില്‍ക്കുമ്പോഴാണ് രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടാകുന്നത്. എന്താണ് ആദ്യം സംഭവിച്ചതെന്നറിയാന്‍ ഞങ്ങള്‍ മുകളിലേക്ക് കയറാന്‍ തുടങ്ങുകയായിരുന്നു. കുറച്ച് മുന്നോട്ട് പോയപ്പോഴാണ് മുന്നില്‍ നടന്നയാള്‍.. വീണ്ടും പൊട്ടി ..ഓടിക്കോ എന്നും പറഞ്ഞ് തിരിച്ചോടുന്നത്.പിന്നീട് ഒരു 15 മിനുട്ടോളം എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും ഇല്ല. നല്ല ഇരുട്ടില്‍ പാറകളുടെ ശബ്ദം മാത്രമാണ് കേട്ടത്.
ഒന്നു ശാന്തമായപ്പോള്‍ സംഭവച്ചതിന്റെ വ്യാപ്തിയറിയാന്‍ സ്കൂളിന്റെ ഭാഗത്തേക്ക് പോയപ്പോഴാണ് ദുരന്തത്തിന്റെ വലിപ്പം ഞങ്ങള്‍ക്ക് ബോധ്യമാകുന്നത്. ആ സമയത്ത് കുറെ പേര് സമീപത്തെ കുന്നിന്റെ മുകളില്‍ നിന്ന് രക്ഷിക്കാനായി ടോര്‍ച്ചൊക്കെ അടിക്കുന്നുണ്ട്. അപ്പോള്‍ ഞാന്‍ കൂടെയുണ്ടായിരുന്ന നാസര്‍ക്കയോട് പറഞ്ഞു നിങ്ങള്‍ ഒന്ന് ഉറക്കെ വിളിച്ച് പറയു.. പേടിക്കണ്ട എന്നും രക്ഷിക്കാന്‍ ഞങ്ങളെത്തുമെന്നും.അപ്പോഴണ് രണ്ടു ചെറുപ്പക്കാര്‍ വന്നു പറയുന്നത്.. പച്ചക്കാട് വഴി കയറി നമുക്കവരെ ഇറക്കാം..പക്ഷെ ആനയുടെ ഒരു പ്രശ്നം ഉണ്ടെന്ന്. അപ്പോള്‍ കൂട്ടത്തിലൊരാള്‍ പറഞ്ഞു ആന പ്രശ്നമില്ല അതിലും വലുതാണല്ലോ ഇത്..അങ്ങിനെ ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. ആദ്യം ടോര്‍ച്ച് അടിച്ചത് തന്നെ ഒരു മൃതദേഹത്തിലേക്കായിരുന്നു. മരത്തില്‍ കുടുങ്ങിക്കിടക്കുന്ന പുരുഷന്റെ മൃതദ്ദേഹം.
മുന്നോട്ട് പോകുന്തോറും ഞങ്ങള്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടു. അപ്പോഴേക്കും ദുരന്തത്തിന്റെ വ്യാപ്തി ഞങ്ങള്‍ക്ക് മനസിലായി.
കാരണം പൊട്ടിയത് മുണ്ടക്കൈയിലാണ്. അവിടെ നിന്ന് മൃതദേഹം ഇവിടെ എത്തണമെങ്കില്‍ ആ പ്രദേശം തന്നെ പോയിക്കാണുമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു. ഞങ്ങള്‍ ഇവിടെ കാര്യങ്ങള്‍ നോക്കുന്നതിനിടയില്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന രണ്ടു മൂന്നു പേര് സ്വന്തം ജീവന് പോലും പണയംവച്ച് കയറുകെട്ടി അക്കരെ കടന്നു. അവര്‍ അവിടെയെത്തിയാണ് മൂണ്ടക്കൈയുടെ യഥാര്‍ത്ഥ ചിത്രം ഞങ്ങള്‍ക്ക് തരുന്നത്. ഇതിലും ഭീകരമാണ് അവിടെയെന്നും ..എത്തി എതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആറോളം മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും അവര്‍ പറഞ്ഞു.
വൈകുന്നേരത്തോടെയാണ് അവിടെ ജീവനോടെ ഉണ്ടായവരെ നമുക്ക് ഹെലികോപ്റ്റര്‍ ഒക്കെ വഴി ഇക്കരെ എത്തിക്കാനായത്. മുണ്ടക്കൈയിലെ നേര്‍സാക്ഷ്യം ലോകമറിഞ്ഞത് പിന്നെയാണ്. കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ജോണ്‍ മത്തായി ഒക്കെ സന്ദര്‍ശിച്ച ശേഷമാണ് ഒരു ഡാം പൊട്ടിയാലുണ്ടാകുന്ന അതേ അവസ്ഥയാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമായത്. പുഴയില്‍ കൂടിയാണ് വന്നിരുന്നതെങ്കില്‍ ഇത്രയധികം വ്യാപ്തി ദുരന്തത്തിന് ഉണ്ടാകുമായിരുന്നില്ല.കാരണം പുഴയുടെ ആഴമൊക്കെ വേനല്‍ക്കാലത്ത് ഞങ്ങള്‍ കൂട്ടിയിരുന്നു. മുണ്ടക്കൈയില്‍ ഉയരത്തില്‍ പൊട്ടലുണ്ടായപ്പോള്‍ രക്ഷ തേടി ജനങ്ങള്‍ സാധാരണഗതിയില്‍ സുരക്ഷിതമായ ഭാഗത്തേക്ക് മാറി. പക്ഷെ പുഴ വഴിമാറി ഒഴുകി അവിടേക്ക് വന്നു. അതാണ് ഇത്രയേറെ മരണത്തിലേക്ക് നയിച്ചത്.
അതുപോലെ ഞങ്ങളെ ഞെട്ടിച്ച മറ്റൊരിടമാണ് ചുരല്‍മല സ്കൂള്‍ റോഡ്. ചരിത്രത്തില്‍ ഇതുവരെ അവിടെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല. പുഴയില്‍ നിന്ന് വെള്ളം കയറുന്നതല്ലാതെ ഇങ്ങനെ ഒരു സാധ്യതയും അവിടെയില്ല. ചുരല്‍മല പാലം ഒഴുകിപ്പോയതാണ് മറ്റൊരു ഭീകരാവസ്ഥ. പാലത്തിന് മുകളില്‍ വെള്ളം കയറിയതൊക്കെ ഈ ജനത കണ്ടിട്ടുണ്ട്. പക്ഷെ പാലം പോലും ഒഴുകിപ്പോയത് ഇപ്പോഴും അവിശ്വസനീയമാണ്. അന്ന് ഇവിടെ ഓറഞ്ച് അലര്‍ട്ട് ആയതിനാല്‍ തന്നെ അതിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിക്കേണ്ട ആവശ്യകതയില്ല. എന്നിട്ടും മുന്‍കരുതലായി ചില സ്ഥലങ്ങളില്‍ നിന്നൊക്കെ ഞങ്ങള്‍ മാറ്റിയിരുന്നു.
പക്ഷെ ഇവിടെ ക്യാമ്പ് തുടങ്ങേണ്ടത് സ്കൂളിലാണ്. അതില്‍ ചില സ്കുളുകളെയൊക്കെ പൊട്ടല്‍ നന്നായി തന്നെ ബാധിച്ചിരുന്നു. കൂടുതല്‍ പേരെ ആ സ്കുളിലെ ക്യാമ്പിലേക്ക് മാറ്റിയിരുന്നെങ്കില്‍ തിരിച്ചടിയായേനെ. ഞങ്ങളെക്കൊണ്ടാകുന്ന രീതിയില്‍ ഞങ്ങള്‍ മുന്‍കരുതലുകളൊക്കെ സ്വീകരിച്ചിരുന്നു. പക്ഷെ എന്നിട്ടും പ്രതീക്ഷയ്ക്കപ്പുറത്തായിപ്പോയി എന്നും പ്രസിഡന്റ് വ്യക്തമാക്കുന്നു.
ദുരന്തം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍ ആശ്വാസിപ്പിക്കാന്‍ എത്തിയവരൊക്കെ മലയിറങ്ങിക്കഴിഞ്ഞു. അവിടത്തെ ജനത തങ്ങളുടെ നാളെയിലേക്കുള്ള പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ. സത്യത്തില്‍ ഇനിയാണ് ആ ജനതയെ ചേര്‍ത്തുപിടിക്കേണ്ടത്. ഭാവിയിലെ അപായസാധ്യതകളെ കൂടിക്കണ്ട്, അതിനെ ചെറുക്കാനാകും വിധം ദുരന്തഭൂമികളില്‍ പുനര്‍നിര്‍മാണം നടത്താനാണ് ഇനി സര്‍ക്കാര്‍
ശ്രമിക്കേണ്ടത്. സ്ഥലം തിരഞ്ഞെടുക്കുന്നതു തൊട്ടു വീടുകളുടെ രൂപകല്പനയും ആവാസപരിസരത്തിന്റെ ക്രമീകരണവും അടിസ്ഥാനസൗകര്യങ്ങളുടെ ഗുണനിലവാരവും പാരിസ്ഥിതിക സുസ്ഥിരതയും വരെയുള്ള കാര്യങ്ങളില്‍ പുതുമയുള്ള ചിന്തകളുണ്ടാകണം. ഒപ്പമുണ്ടെന്ന് വാക്കിലൊതുക്കാതെ പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കണം.. വിശ്വസിപ്പിക്കണം.. അനുഭവിപ്പിക്കണം