- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനെ രാജി സന്നദ്ധത അറിയിച്ച് രഞ്ജിത്ത്; രഹസ്യമാക്കിയ വയനാട്ടിലെ താമസം പുറത്തായത് പ്രതിസന്ധി; നിര്‍ണ്ണായകം പിണറായി മനസ്സ്
കോഴിക്കോട്: സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് അപമര്യാദയായി പെരുമാറിയതായി ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദമാകുമ്പോള്‍ പ്രതിരോധത്തില്‍ ആരോപണ വിധേയന്‍. പ്രതിഷേധങ്ങളെ അവഗണിക്കാനായി രഞ്ജിത് വയനാട്ടിലെ രഹസ്യ കേന്ദ്രത്തിലേക്ക് മറുകയും ചെയ്തു. ഇതിനിടെ ഈ റിസോര്‍ട്ട് വിവരങ്ങള്‍ പുറത്തായി. രഞ്ജിത്തിനെതിരായ പ്രതിഷേധം വയനാട്ടിലുമെത്തി. യൂത്ത് കോണ്‍ഗ്രസ് റിസോര്‍ട്ടിന് കാവലിരിക്കുകയാണ്. ഇതിനിടെ സിപിഎം-സിപിഐ നേതൃത്വങ്ങളും രഞ്ജിത്തിന് എതിരാണെന്ന് വ്യക്തമായി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനെ രഞ്ജിത്ത് രാജ്യ സന്നദ്ധത അറിയിച്ചു. സര്‍ക്കാരിന് […]
കോഴിക്കോട്: സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് അപമര്യാദയായി പെരുമാറിയതായി ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദമാകുമ്പോള്‍ പ്രതിരോധത്തില്‍ ആരോപണ വിധേയന്‍. പ്രതിഷേധങ്ങളെ അവഗണിക്കാനായി രഞ്ജിത് വയനാട്ടിലെ രഹസ്യ കേന്ദ്രത്തിലേക്ക് മറുകയും ചെയ്തു. ഇതിനിടെ ഈ റിസോര്‍ട്ട് വിവരങ്ങള്‍ പുറത്തായി. രഞ്ജിത്തിനെതിരായ പ്രതിഷേധം വയനാട്ടിലുമെത്തി. യൂത്ത് കോണ്‍ഗ്രസ് റിസോര്‍ട്ടിന് കാവലിരിക്കുകയാണ്. ഇതിനിടെ സിപിഎം-സിപിഐ നേതൃത്വങ്ങളും രഞ്ജിത്തിന് എതിരാണെന്ന് വ്യക്തമായി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനെ രഞ്ജിത്ത് രാജ്യ സന്നദ്ധത അറിയിച്ചു. സര്‍ക്കാരിന് മോശമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവയ്ക്കാമെന്നുമാണ് രഞ്ജിത് നല്‍കിയ സന്ദേശം. മുഖ്യമന്ത്രിയുമായി അടുത്തു നില്‍ക്കുന്ന മന്ത്രിയേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
മുമ്പ് പലവിധ ആരോപണങ്ങള്‍ രഞ്ജിത്തിനെതിരെ ഉയര്‍ന്നിരുന്നു. അവാര്‍ഡ് നല്‍കല്‍ അടക്കം ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ അന്നൊന്നും രഞ്ജിത്തിനെ മുഖ്യമന്ത്രി കൈവിട്ടില്ല. ഇതേ നിലപാടാണ് ഇപ്പോഴും മുഖ്യമന്ത്രിയുടേത്. ഇത് മനസ്സിലാക്കിയാണ് മന്ത്രി സജി ചെറിയാന്‍ പരസ്യ നിലപാട് വിശദീകരിച്ചത്. എന്നാല്‍ അതിന് ശേഷം കാര്യങ്ങള്‍ കൈവിട്ടു. സിപിഐയും സിപിഎമ്മും രഞ്ജിത്തിനെതിരെ പരോക്ഷ നിലപാട് എടുത്തു. സിപിഎം കേന്ദ്ര നേതൃത്വും മന്ത്രി സജി ചെറിയാനെതിരാണ്. ആരോപണം തെളിയിച്ചാല്‍ മാത്രമേ രഞ്ജിത്തിനെതിരെ നടപടി എടുക്കൂവെന്നാണ് മന്ത്രി രണ്ടാമതും വിവരിച്ചത്. ഇരയുടെ പരാതി കിട്ടിയാല്‍ അത് തെളിയിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. ഇതാണ് വസ്തുതയെന്നിരിക്കെയാണ് സജി ചെറിയാന്‍ വിവാദ നിലപാടുകളുമായി രംഗത്തു വന്നത്.
പിണറായിയെ രാജി സന്നദ്ധത അറിയിച്ചെങ്കിലും തീരുമാനം വൈകും. വിശദമായ കൂടിയാലോചനകള്‍ ഇക്കാര്യത്തില്‍ നടക്കും. രഞ്ജിത്തിന്റെ രാജി വാങ്ങിയാല്‍ അത് സിപിഎം സെക്രട്ടറിയുടെ ഇടപടെല്‍ ഫലമായി വ്യാഖ്യാനിക്കുമെന്ന ചര്‍ച്ചയും പാര്‍ട്ടിയിലുണ്ട്. ഇതിനൊപ്പം സിപിഐയുടെ സമ്മര്‍ദ്ദവും. പ്രതിപക്ഷവും വിജയമായി ആഘോഷിക്കും. ഇതിനൊപ്പം മന്ത്രി സജി ചെറിയാനെതിരേയും വിവാദങ്ങള്‍ കനക്കും. അതുകൊണ്ട് തന്നെ എല്ലാ വശവും നോക്കി മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കൂ. മുഖ്യമന്ത്രിയുടെ സമ്മതം കിട്ടിയാല്‍ മാത്രമേ രഞ്ജിത്ത് രാജി നല്‍കൂവെന്നും വ്യക്തമാണ്.
പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയതായും ബംഗാളി നടി പറഞ്ഞിരുന്നു. കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ മുറിയില്‍ നിന്നിറങ്ങി. ഇതേത്തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാല്‍ അതിലേക്കുള്ള സൂചനകള്‍ നല്‍കുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റം. ശ്രീലേഖ മിത്രയുടെ അനുഭവത്തെക്കുറിച്ച് അന്നു തന്നെ അവര്‍ തന്നോട് പറഞ്ഞതായി ഡോക്യൂമെന്ററി സംവിധായകന്‍ ജോഷി ജോസഫും പ്രതികരിച്ചു. കൊല്‍ക്കത്തയിലും കേരളത്തിലുമായി താമസിക്കുന്ന താന്‍ അന്ന് നാട്ടിലായിരുന്നു. ശ്രീലേഖയെ വിളിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് ശ്രീലേഖയെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നുവെന്നും പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് രഞ്ജിത്ത് നടത്തിയ മുന്‍ പ്രസ്താവനയും വിവാദത്തിലായി. 'പാലേരി മാണിക്യ'ത്തില്‍ അഭിനയിക്കാനല്ല ഓഡിഷനുവേണ്ടിയാണ് ശ്രീലേഖയെ വിളിച്ചുവരുത്തിയത്. അവരുടെ പ്രകടനം തൃപ്തികരമായി ഞങ്ങള്‍ക്ക് തോന്നിയില്ല. എന്നോട് ഒരു സിഗരറ്റ് വാങ്ങി വലിച്ചു എന്നതിനപ്പുറം അവരോട് അടുത്ത് പെരുമാറേണ്ട ഒരാവശ്യവും ഉണ്ടായിട്ടില്ല. അഭിനയത്തില്‍ ഞങ്ങള്‍ തൃപ്തരല്ലെന്ന കാര്യം പിറ്റേന്നു തന്നെ സഹസംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ അവരെ അറിയിക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ ശങ്കറിനോട് ക്ഷോഭിച്ചു സംസാരിച്ചതായി അറിഞ്ഞിരുന്നു. ഇപ്പോള്‍ ഇങ്ങനെയൊരു വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു പിന്നിലെ ലക്ഷ്യം മറ്റെന്തോ ആണ്. ഇവിടെ ഞാന്‍ ഇരയും അവര്‍ വേട്ടക്കാരനുമാണ്. അവര്‍ നിയമപരമായി നീങ്ങിയാല്‍, ഞാന്‍ ആ വഴിക്കുതന്നെ അതിനെ നേരിടും-ഇതായിരുന്നു രഞ്ജിത്തിന്റെ ആദ്യ പ്രതികരണം.
ഇതിന് ശേഷവും രഞ്ജിത്തിനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബംഗാളി നടി ശ്രീലേഖ മിത്ര വ്യക്തമാക്കി. ബംഗാളില്‍ നിന്ന് കേസുമായി മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കേരളത്തിലെ ആരെങ്കിലും സഹായിച്ചാല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും ശ്രീലേഖ വ്യക്തമാക്കി. തെറ്റുപറ്റിയെന്ന് സംവിധായകന്‍ രഞ്ജിത്ത് സമ്മതിക്കണമെന്നും നടി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെതിരെ നടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.തന്നെ ലൈംഗികമായി ഉപദ്രവിച്ചില്ലെങ്കിലും അതിലേക്കുള്ള സൂചനകള്‍ നല്‍കുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റമെന്നാണ് നടി പറഞ്ഞത്. അതേസമയം ആളുടെ പേര് പറഞ്ഞാല്‍ പോര പരാതി ലഭിച്ചാലേ നടപടിയുണ്ടാകൂ എന്നാണ് ആദ്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്. രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു.
സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കാന്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ കൂട്ടുനിന്നെന്നും രഞ്ജിത്തും സജി ചെറിയാനും സ്ഥാനമൊഴിയണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.അതേസമയം തെറ്റ് ചെയ്ത ആരെയും പിന്തുണയ്ക്കില്ലെന്നും നടിയ്ക്ക് പൂര്‍ണ പിന്തുണയുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. റിപ്പോര്‍ട്ടിന്മേല്‍ കൂടുതല്‍ നടപടികള്‍ ആവശ്യമെങ്കില്‍ അത്തരത്തില്‍ മുന്നോട്ടുപോകുമെന്നുമാണ് മന്ത്രി അറിയിച്ചത്. ഇതിനിടെ തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും രഞ്ജിത്തിനെതിരെ ആരോപണം തെളിഞ്ഞാല്‍ നടപടി ഉറപ്പാണെന്നും പിന്നാലെ മന്ത്രി സജി ചെറിയാന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.