കൊച്ചി: ബാര്‍ക്ക് റേറ്റിംഗില്‍ റിപ്പോര്‍ട്ടര്‍ ടിവിയുണ്ടാക്കിയ ചതിയില്‍ ശ്രീകണ്ഠന്‍ നായരുടെ 24 ന്യൂസിന് അഞ്ചു മാസത്തിനിടെയുണ്ടായത് 15 കോടിയുടെ നഷ്ടം. റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ പോലീസ് ഇട്ട എഫ് ഐ ആറിലാണ് ഈ പരമാര്‍ശമുള്ളത്. പരാതിക്കാരനായ ഉണ്ണികൃഷ്ണന്‍ 24 ചാനലിന്റെ ന്യൂസ് ഹെഡാണെന്നും എഫ് ഐ ആറില്‍ പറയുന്നു.ഡിസംബര്‍ ഒന്നിന് രാത്രി 9.45നാണ് പോലീസില്‍ പരാതി കിട്ടുന്നത്. രാത്രി 11.18ന് എഫ് ഐ ആറുമിട്ടു. അതിവേഗം ചടുലമായിരുന്നു ഈ നീക്കങ്ങള്‍. ടെലിവിഷന്‍ റേറ്റിങ് കണക്കാക്കുന്ന ബാര്‍ക് സംവിധാനത്തില്‍ തട്ടിപ്പെന്ന് പരാതിയില്‍ പോലീസ് എഫ് ഐ ആര്‍ ഇട്ടാല്‍ അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എത്തുമെന്ന് സൂചനകളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇഡിയുടെ അടുത്ത നിക്കം നിര്‍ണ്ണായകമാകും. 24 ന്യൂസ് നേരത്തെ ആരോപണമായി ഉന്നയിച്ച പല വിവരങ്ങളും എഫ് ഐ ആറില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ വലിയ പ്രതിസന്ധികളൊന്നും ഈ കേസിലൂടെ റിപ്പോര്‍ട്ടര്‍ ടിവിക്കുണ്ടാകില്ല. അല്ലാത്ത പക്ഷം നേരത്തെ 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങള്‍ മൊഴിയായും തെളിവായും ഇനി കൈമാറണം.

ബാര്‍ക്ക് റേറ്റിംഗ് ഇടിഞ്ഞതോടെ പുതിയ ആരോപണവുമായി 24 ന്യൂസ് രംഗത്ത് വരികയായിരുന്നു ടെലിവിഷന്‍ റേറ്റിങിന്റെ വിശ്വാസ്യത നഷ്ടപ്പെടും വിധം അവിശുദ്ധ കൂട്ടുകെട്ട് ഇടപ്പെട്ടതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ട്വന്റിഫോര്‍ ചര്‍ച്ചകള്‍ക്ക് പുതിയ മാനം നല്‍കി. 50,000 കോടി പരസ്യ വരുമാനമുളള ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ റേറ്റിങ് കണക്കാക്കുന്ന ഏജന്‍സിയായ ബാര്‍ക്കിലെ ചില ജീവനക്കാര്‍, ഡാറ്റകള്‍ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകള്‍ ട്വന്റിഫോറിന് ലഭിച്ചുവെന്നായിരുന്നു വാര്‍ത്ത. ബാര്‍ക്കിലെ മിഡില്‍ ലെവല്‍ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് ശക്തമായ തെളിവുകളിലൂടെ വ്യക്തമായി. കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികളെത്തിയെന്ന് കണ്ടെത്തി. ക്രിപ്‌റ്റോ കറന്‍സി USDT വഴിയാണ് ചാനല്‍ ഉടമ പണം കൈമാറ്റം ചെയ്തിരിക്കുന്നത്. ബാര്‍ക്ക് ജീവനക്കാരന്‍ പ്രേംനാഥും കേരളത്തിലെ ആ ചാനല്‍ ഉടമയും തമ്മില്‍ നിരന്തരം ഫോണ്‍വിളികളും വാട്‌സ് ആപ്പ് ചാറ്റുകളും നടന്നു. ആ വാട്‌സ് ആപ്പ് ചാറ്റുകളും ട്വന്റിഫോര്‍ പുറത്തുവിട്ടു. ഇതോടെ വിവാദം പുതിയ തലത്തിലെത്തുകയാണ്. മുമ്പ് ടാം ആയിരുന്നു റേറ്റിംഗ് നിര്‍ണ്ണയിച്ചിരുന്നത്. പിന്നീട് ബാര്‍ക്കായി. ദേശീയ തലത്തില്‍ ചില ആരോപണം ഉയരുകയും ചെയ്തു. ഇതോടെ പുനസംഘടിപ്പിക്കപ്പെട്ടു. ഇങ്ങനെ സുതാര്യമായി പ്രവര്‍ത്തുന്നുവെന്ന് പറയുന്ന ബാര്‍ക്കിനെതിരെയാണ് 24 ന്യൂസിന്റെ ആരോപണം. നേരത്തെ 24 ന്യൂസിലെ പ്രധാനിയായ ശ്രീകണ്ഠന്‍ നായര്‍ പൊതു പരിപാടിയില്‍ സമാന ചര്‍ച്ച ഉയര്‍ത്തിയിരുന്നു. 2025 മെയ് 17ന് ചാനല്‍ ഉടമ രാവിലെ 6.19 ന് പ്രേംനാഥിനോട് വാട്ട്‌സാപ്പ്ചാറ്റിലൂടെ സ്‌കോര്‍ എത്ര എന്ന് ചേദിക്കുന്നു. അതിന് മറുപടിയായി അല്പസമയത്തിനുശേഷം 6.33ന് പ്രേംനാഥ് will update എന്ന് അയക്കുന്നു. 6-35 ന് ചാനല്‍ ഉടമ Okഎന്ന് തിരിച്ച് മെസേജ് അയക്കുന്നു. തുടര്‍ന്ന് അന്നുതന്നെ വൈകീട്ട് 3.10 ന് 113 to 116എന്ന് പ്രേംനാഥ് ചാനല്‍ ഉടമയ്ക്ക് റേറ്റിംഗ് നമ്പര്‍ അയക്കുന്നു. തുടര്‍ന്ന് വന്ന റേറ്റിംഗില്‍ ഈ നമ്പര്‍ കിറുകൃത്യമായി എന്നതും തട്ടിപ്പിന്റെ തെളിവായി അവശേഷിക്കുന്നു. ചാനല്‍ ഉടമയെ നിരന്തരം വിളിച്ച് ഉദ്ദേശിച്ച പ്രതികരണം കിട്ടാതിരുന്നപ്പോള്‍ 'Sorry, plz do the commitment' എന്ന മറുപടിയും പ്രേംനാഥ് അയച്ചു. ഇതിന് മറുപടിയായി ചാനല്‍ ഉടമയുടെ PAID എന്ന മെസേജിന് പ്രേംനാഥിന്റെ മറുപടി ഒരു തംപ്‌സ്അപ് ആയിരുന്നു. വരുന്ന വാരങ്ങളില്‍ 24 ന്റെ റേറ്റിംഗ് നാലാം സ്ഥാനത്ത് എത്തുമെന്ന് ഇന്നലെ ചാനല്‍ മുതലാളിക്ക് പ്രേംനാഥ് മെസേജ് അയച്ചിട്ടുണ്ടെന്നും വാര്‍ത്ത നല്‍കിയിരുന്നു 24 ന്യൂസ്. എന്നാല്‍ ഇപ്പോള്‍ ഇട്ട എഫ് ഐ ആറില്‍ ഇത്തരം വിവരങ്ങളൊന്നുമില്ല. 2025 മെയ് 17ന് ചാനല്‍ ഉടമ രാവിലെ 6.19 ന് പ്രേംനാഥിനോട് വാട്ട്‌സാപ്പ്ചാറ്റിലൂടെ സ്‌കോര്‍ എത്ര എന്ന് ചേദിക്കുന്നുവെന്ന ആരോപണവും എഫ് ഐ ആറില്‍ ഇല്ല.

2025 ജൂലൈ 14 മുതലുള്ള കാര്യങ്ങള്‍ മാത്രമാണ് എഫ് ഐ ആറില്‍ പറയുന്നത്. റേറ്റിംഗ് മീറ്ററുകളുടെ രഹസ്യ വിവരങ്ങള്‍ കൈമാറി എന്ന് മാത്രമാണ് എഫ് ഐ ആറിലുള്ളത്. ക്രിപ്‌റ്റോ കറന്‍സിയോ 500 കോടിയോ ഒന്നും പരാതിയായി പറയുന്നുമില്ല. ക്രിപ്‌റ്റോ കറന്‍സിയിലൂടെ കള്ളപ്പണ ഇടപാട് നടന്നുവെന്നായിരുന്നു 24 ന്യൂസ് നേരത്തെ വാര്‍ത്ത നല്‍കിയത്. 100 കോടി ബാര്‍ക്ക് ഉദ്യോഗസ്ഥന് നല്‍കിയെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ ശ്രീകണ്ഠന്‍ നായരുടെ പരാതിയില്‍ ഈ വിവരങ്ങളെല്ലാം ഉണ്ടെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ നല്‍കിയ പുതിയ പരാതിയില്‍ ഇതൊന്നുമില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ എഫ് ഐ ആറിട്ടാല്‍ ഇഡി എത്തുമെന്ന ഭയം ഏതോ കേന്ദ്രത്തിനുണ്ടായി എന്നാണ് സൂചന. ഇതോടെയാണ് മറ്റൊരു പരാതി 24 ന്യൂസ് നല്‍കിയത്. എന്തൊക്കെ തെളിവുകള്‍ നല്‍കിയെന്ന് വ്യക്തവുമല്ല. ഏതായാലും കളമശ്ശേരിയിലെ എഫ് ഐ ആര്‍ പരിഗണിച്ച് ഇഡിക്ക് കേസെടുക്കാന്‍ കഴിയില്ല. അവിടെ കള്ളപ്പണമോ സാമ്പത്തിക ഇടപാടോ ഒന്നുമില്ല. ബിജെപിയും റിപ്പോര്‍ട്ടര്‍ ടിവിയും തമ്മില്‍ തര്‍ക്കത്തിലാണ്. ഈ ഘട്ടത്തില്‍ ഇഡി എത്തുന്നത് ചിലര്‍ക്ക് വലിയ നഷ്ടമായി മാറുമായിരുന്നു. റിപ്പോര്‍ട്ടര്‍ ടിവി ഉടമയാണ് കേസിലെ പ്രതി. ആരാണ് ഉടമയെന്ന് പറയുന്നതുമില്ല. രേഖകള്‍ പ്രകാരം ആന്റോ അഗസ്റ്റിന്‍ ഉടമയല്ലെന്നും സൂചനയുണ്ട്. അതായത് അന്റോ അഗസ്റ്റിന് ഒരു ചുക്കും ഈ കേസുകൊണ്ട് തല്‍ക്കാലം സംഭവിക്കില്ല. വ്യാജ രേഖാ, വിശ്വാസ വഞ്ചന എന്നിവ മാത്രമാണ് കേസിലെ വകുപ്പുകള്‍. സാമ്പത്തിക തിരിമറിയൊന്നും വരുന്നതുമില്ല.


സ്വന്തം ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിച്ച് പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കേരളത്തില്‍ വിജയകരമായി നടപ്പിലാക്കി വന്ന ചാനല്‍ ഉടമയുടെ ഗൂഢതന്ത്രമാണ് വെളിവാകുന്നത് എന്ന തരത്തിലായിരുന്നു 24 ന്യൂസ് ഈ വിഷയത്തില്‍ വാര്‍ത്ത നല്‍കിയത്. വടക്കന്‍ കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന ഒരു കേബിള്‍ നെറ്റ് വര്‍ക്കില്‍ ലാന്‍ഡിംഗ് പേജ് എടുത്ത് റേറ്റിംഗില്‍ വന്‍ വര്‍ദ്ധനവുണ്ടാക്കി എന്ന അവകാശ വാദത്തോടെയാണ് ബാര്‍ക്ക് തിരിമറിക്ക് ചാനല്‍ ഉടമ തുടക്കം കുറിച്ചത്. 85 ലക്ഷത്തോളം കേബിള്‍ കണക്ഷനുകളുള്ള കേരളത്തില്‍ ഈ ചെറിയ നെറ്റ് വര്‍ക്കിലെ ലാന്റിംഗ് പേജ് റേറ്റിംഗില്‍ അത്ഭുതങ്ങളുണ്ടാക്കി എന്ന് പരസ്യ ദാതാക്കളേയും ടെലിവിഷന്‍ പ്രേഷകരേയും അതി വിദശ്ധമായി പറ്റിക്കാന്‍ ചാനല്‍ ഉടമയ്ക്കായി. ഇതോടൊപ്പം തട്ടിപ്പിന് കളമൊരുക്കാന്‍ യൂട്യൂബ് വ്യൂവര്‍ഷിപ്പിലും വ്യാപകമായി തട്ടിപ്പു നടത്താന്‍ ഫോണ്‍ ഫാമിംഗ് എന്ന സാങ്കേതിക വിദ്യയും ചാനല്‍ ഉടമ ഉപയോഗിച്ചു. മലേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ഫോണ്‍ ഫാമിംഗ് ഏജന്‍സികള്‍ക്ക് കോടികള്‍ നല്‍കി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവര്‍ഷിപ്പ് ഉയര്‍ത്തി റേറ്റിംഗ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കി. ഇതോടൊപ്പം പ്രചരണത്തിന് പെയ്ഡ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളേയും കൂട്ടുപിടിച്ചു. അതേസമയം ഇന്ന് 11 മണിക്ക് വരുന്ന ബാര്‍ക്ക് റേറ്റിംഗ് പ്രേംനാഥിന്റെ മഹാമനസ്‌കതയ്ക്ക് അനുസരിച്ചായിരിക്കുമോ എന്ന് കണ്ടറിയാമെന്നും 24 ന്യൂസ് പറയുന്നു. അതായത് നാലമത് 24 ന്യൂസിനെ എത്തിക്കുമെന്ന സന്ദേശം പ്രേംനാഥ് അയച്ചുവെന്നാണ് 24 ന്യൂസിന്റെ ആരോപണം. വാര്‍ത്ത പുറത്തു വിട്ടപ്പോള്‍ ചാനലിന്റെ പേര് പറഞ്ഞിരുന്നില്ല. എന്നാല്‍ പ്രേംനാഥിനെ വെളിപ്പെടുത്തുന്നുമുണ്ട്.


ബാര്‍ക് ഡാറ്റ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലിവാങ്ങിയ സംഭവത്തില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ (KTF) പ്രസിഡന്റ് മുഖ്യമന്ത്രിക്കും ബാര്‍ക്ക് സിഇഒക്കും പരാതി നല്‍കിയെന്നും വാര്‍ത്തയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നേതൃത്വ ത്തിലുള്ള സംഘം അന്വേഷണമാരംഭിച്ച് തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞുവെന്നും വാര്‍ത്ത എത്തി. ബാര്‍ക് ഡാറ്റ അട്ടിമറിക്കാന്‍ കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക് ജീവനക്കാര്‍ പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികള്‍ എത്തിയെന്ന വാര്‍ത്ത ട്വന്റിഫോറാണ് പുറത്തുവിട്ടത്. ക്രിപ്‌റ്റോ കറന്‍സി USDT വഴിയാണ് ചാനല്‍ ഉടമ പണം കൈമാറ്റം ചെയ്തിരിക്കുന്നത്. ബാര്‍ക്ക് ജീവനക്കാരന്‍ പ്രേംനാഥും കേരളത്തിലെ ചാനല്‍ ഉടമയും നിരന്തരം നടത്തിയ ഫോണ്‍ വിളികളുടേയും വാട്ട്‌സ് ആപ്പ് ചാറ്റുകളുടേയും വിശദാംശങ്ങള്‍ 24 പുറത്തുവിട്ടിരുന്നു. കേരളത്തില്‍ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും സമാനതട്ടിപ്പുകള്‍ നടക്കുന്നുവെന്നതിന്റെ തെളിവാണ് പ്രേംനാഥിന്റെ Trust wallet ലേക്ക് ഒഴുകിയെത്തിയ 100 കോടിയോളം രൂപയെന്ന് 24 ന്യൂസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ എഫ് ഐ ആറില്‍ എന്തുകൊണ്ട് ട്രസറ്റ് വാലറ്റും 100 കോടി രൂപയും വരുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം. ഓപ്പറേഷന്‍ സത്യ എന്ന ടാഗ് ലൈനിലാണ് ഈ വാര്‍ത്ത 24 ന്യൂസ് പുറത്തു വിട്ടിരുന്നത്. റേറ്റിങ് അട്ടിമറിക്കാന്‍ ബാര്‍ക്കിലെ മിഡില്‍ ലെവല്‍ ഉദ്യോഗസ്ഥനായ പ്രേംനാഥിന്റെ നേതൃത്വത്തില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പ് നടത്തിയത് എന്നായിരുന്നു ആരോപണം. റേറ്റിങ്ങില്‍ തട്ടിപ്പ് നടത്താന്‍ കേരളത്തിലെ ഒരു ചാനല്‍ ഉടമ പ്രേംനാഥിന് കോടികള്‍ കൈമാറിയതായി ട്വന്റി ഫോര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രിപേറ്റോ കറന്‍സി യുഎസ് ഡിറ്റി( ഡോളര്‍ ടെതര്‍) വഴിയാണ് ചാനല്‍ ഉടമ പ്രേംനാഥിന് പണം കൈമാറിയത്. റേറ്റിങ് ഉയര്‍ത്തി കാണിക്കാന്‍ ആവശ്യപ്പെടുന്നതും പണം കൈമാറിയെന്ന് പറയുന്നതുമായ വാട്ട്സാപ്പ് ചാറ്റുകളും ട്വന്റിഫോര്‍ പുറത്തുവിട്ടിരുന്നു.


ഈ സാഹചര്യത്തില്‍ ഗൗരവമുള്ള ആരോപണമായി കേന്ദ്ര ഏജന്‍സികളും ഇതിനെ കാണുന്നു. പിവി അന്‍വറിനെതിരായ കേസില്‍ വലിയ ഇടപെടലുകള്‍ ഇഡി നടത്തിയിരുന്നു. ഇതിന് സമാനമായ രീതിയില്‍ അന്വേഷണം പോകും. അന്‍വറിന്റെ സുഹൃത്തിനെതിരെയാണ് 24 ന്യൂസ് ആരോപണം ഉന്നയിക്കുന്നതെന്നും സൂചനയുണ്ട്. എന്നാല്‍ ഈ തട്ടിപ്പില്‍ അന്‍വറിന് പങ്കില്ലെന്നതാണ് വസ്തുത. പരാതിയില്‍ എഫ് ഐ ആര്‍ ഉണ്ടെങ്കില്‍ മാത്രമേ ഇഡിക്ക് ഇടപെടാന്‍ കഴിയൂ. എന്നാല്‍ പോലീസ് ഇട്ട എഫ് ആര്‍ പ്രകാരം ഇഡി അന്വേഷണ സാധ്യതകള്‍ പൂര്‍ണ്ണമായും അടഞ്ഞു.