- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ദിവസം 50000 പേരിലേക്ക് ദര്‍ശനം ചുരുക്കണം; സ്പോട്ട് ബുക്കിങ് നടത്തുന്നവര്‍ അനുവദിച്ചിട്ടുള്ള സമയത്തു തന്നെ ദര്‍ശനത്തിന് എത്തണമെന്ന വ്യവസ്ഥ കര്‍ശനമാക്കണം; പമ്പയില്‍ സ്പോട്ട് ബുക്കിംഗും പാടില്ല; ശബരിമലയില്‍ കര്‍ശന നിയന്ത്രണം വേണമെന്ന നിലപാടില്‍ പോലീസ്; നിലയ്ക്കലില്‍ വികസനം അനിവാര്യമെന്നും നിര്‍ദ്ദേശം
തിരുവനന്തപുരം: ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന നിര്‍ദ്ദേശം വീണ്ടും സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ച് പോലീസ്. ഒരു ദിവസം അന്‍പതിനായിരത്തില്‍ താഴെയുള്ള ഭക്തര്‍ക്കു മാത്രമേ പ്രവേശനം നല്‍കാവൂയെന്നും പമ്പയില്‍ തിരക്ക് ഒഴിവാക്കാന്‍ നിലക്കലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നുമാണ് പോലീസ് നിര്‍ദ്ദേശം. സ്പോട്ട് ബുക്കിങ് നടത്തുന്നവര്‍ അനുവദിച്ചിട്ടുള്ള സമയത്തു തന്നെ ദര്‍ശനത്തിന് എത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും പോലീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് തിരക്ക് ഒഴിവാക്കാന്‍ ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം പോലീസ് നല്‍കിയത്.
പമ്പ നിലക്കല്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ചാല്‍ മാത്രമേ തിരക്ക് നിയന്ത്രിക്കാനാകൂ. സന്നിധാനത്ത് തിരക്കില്ലാത്ത ദിവസങ്ങളില്‍ മിനിറ്റില്‍ ശരാശരി 65 പേരെയും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശരാശരി 80 പേരെയും പതിനെട്ടാംപടി വഴി കടത്തി വിടാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. അതു കൂടുതല്‍ ഫലപ്രദമായി വര്‍ധിപ്പിക്കാനുള്ള പോലീസ് നടപടികള്‍ കൈക്കൊള്ളും. പതിനെട്ടാം പടിയില്‍ 50 ശതമാനം പരിചയസമ്പന്നരെയും 50 ശതമാനം പുതുതായി സേനയിലെത്തിയ യുവാക്കളെയും ഡ്യൂട്ടിക്കു നിയോഗിക്കുന്നുണ്ട്. പ്രത്യേക പരിശീലനം നല്‍കിയ ശേഷമാണ് ശബരിമലയിലേക്ക് പോലീസുകാരെ നിയോഗിക്കുന്നത്. ഇപ്പോള്‍ മൂന്നുഘട്ടമായി ഡ്യൂട്ടിക്കെത്തുന്ന സംഘങ്ങളെ ആവശ്യമാണെങ്കില്‍ വര്‍ധിപ്പിക്കാന്‍ സേന സജ്ജമാണ്.
തിരക്കു നിയന്ത്രിക്കാന്‍ അഞ്ചുതലത്തിലാകും പോലീസിനെ വിന്യസിക്കുക. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലും 12 ഇടത്താവളങ്ങളിലും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ് സുരക്ഷയൊരുക്കും. ഭക്തരുടെ തിരക്ക് നിരീക്ഷിച്ചു നിയന്ത്രിക്കാന്‍ പമ്പ മുതല്‍ സന്നിധാനം വരെയുള്ള സിസിടിവി ക്യാമറകളുടെ എണ്ണം വര്‍ധിപ്പിക്കും. പ്രത്യേക കമാന്‍ഡോ സംഘത്തിന്‍െ്റയും ദ്രുത കര്‍മസേനയുടെയും എണ്ണം ആവശ്യമാണെങ്കില്‍ വര്‍ധിപ്പിക്കുമെന്നും സേന അറിയിച്ചിട്ടുണ്ട്. സ്പോട്ട് ബുക്കിങ് നടത്തുന്നവര്‍ അനുവദിച്ചിട്ടുള്ള സമയത്തു തന്നെ ദര്‍ശനത്തിന് എത്തണമെന്ന നിര്‍ദ്ദേശവും പോലീസ് മുന്നോട്ടുവച്ചിട്ടുണ്ട്. അത് പ്രായോഗികമല്ലെന്ന അഭിപ്രായം ദേവസ്വം ബോര്‍ഡ് അധികൃതര്‍ തന്നെ ഉന്നയിച്ചിട്ടുണ്ട്.
സന്നിധാനത്തും പമ്പയിലും തീര്‍ഥാടകര്‍ കൂടുതലായി തങ്ങുന്നത് ഒഴിവാക്കാന്‍ നിലയ്ക്കല്‍ അടിസ്ഥാന താവളത്തില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും പോലീസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ശബരിമല മാസ്റ്റര്‍ പ്ലാനിലുള്ള ശുപാര്‍ശകള്‍ ഇതുവരെയും പൂര്‍ണമായി നടപ്പിലായിട്ടില്ല. തീര്‍ത്ഥാടകര്‍ക്കു വിശ്രമ സൗകര്യങ്ങള്‍ ഒരുക്കാന്‍ 54.32 കോടി രൂപ ചെലവില്‍ 7 പില്‍ഗ്രിം സെന്ററുകള്‍ പണിയാന്‍ കിഫ്ബി പദ്ധതിയില്‍ പണി തുടങ്ങിയിട്ട് അഞ്ചുവര്‍ഷത്തോളമായി. നാഷനല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണു നിര്‍മാണ ചുമതല.
നിലക്കല്‍ അടിസ്ഥാന താവളമാണെങ്കിലും തീര്‍ഥാടനം സജീവമായാല്‍ ആവശ്യത്തിനു പാര്‍ക്കിങ് ഇല്ലാത്തതും തീര്‍ഥാടകരെ അലട്ടുന്നുണ്ട്. വലുതും ചെറുതുമായ 8000 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യമാണ് നിലവിലുള്ളത്.