തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസില്‍ ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും വിശ്വാസ്യതതന്നെ സംശയിച്ചാണ് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതിയുടെ പരാമര്‍ശം. അതിനിടെ ശബരിമലയിലെ 'സ്‌പോണ്‍സര്‍ വിവാദത്തില്‍' ഒരു ഫോട്ടോഗ്രാഫര്‍ക്കും പങ്കുണ്ട്. ദേവസ്വം ബോര്‍ഡിലെ പല ഉന്നതരും വിവാദ വ്യക്തികളുമായി 'സ്‌പോണ്‍സര്‍' രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഈ ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണിലാണ്. വാട്‌സാപ്പിലും മറ്റും സംസാരിക്കും. അതുകൊണ്ടാണ് ദേവസ്വം ഉന്നതര്‍ ധൈര്യ സമേതമിരിക്കുന്നത്. ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ പോലും വിവാദ വ്യക്തികളുമായി ഉന്നതര്‍ക്ക് ബന്ധമുള്ളതിന് തെളിവ് കിട്ടില്ല. പല രഹസ്യ കൂടിക്കാഴ്ചകളും ഈ ഫോട്ടോഗ്രാഫറുടെ സാന്നിധ്യത്തിലാണ് നടക്കുക. കൂടിക്കാഴ്ചയുടെ തെളിവുകള്‍ ആ ക്യാമറയിലുമുണ്ട്. ഈ സാഹചര്യത്തില്‍ ശബരിമലയിലെ ഏറ്റവും കരുത്തുള്ള വ്യക്തിയായി ഈ ഫോട്ടോ ഗ്രാഫര്‍ മാറുകയാണ്.

ദേവസ്വം ഉന്നതന്റെ വീടു പാലുകാച്ചലിലും പങ്കെടുത്തു. ഈ പാലുകാച്ചലിന് ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിയതായി സൂചനയുണ്ട്. ഇതിന്റെ തെളിവുകള്‍ ഫോട്ടോഗ്രാഫറുടെ കൈയ്യിലുണ്ട്. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു ശബരിമലയിലേക്ക് പോയത് ദേവസ്വം ബോര്‍ഡിന്റെ വാഹനത്തിലാണ്. ഇതടക്കം സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയതാണ്. ഇതിനെല്ലാം പിന്നില്‍ ചരടു വലിച്ചത് ഫോട്ടോഗ്രാഫറാണ്. മുമ്പ് പ്രസിഡന്റായിരുന്ന ഒരാളുടെ വിദേശയാത്രയിലെ 'നിക്കര്‍' ഫോട്ടോ അടക്കം ശബരിമലയെ ഞെട്ടിച്ചിരുന്നു. ഈ ഫോട്ടോ ചോരാന്‍ കാരണവും ഈ ഫോട്ടോഗ്രാഫറാണ്. ഈ ഫോട്ടോഗ്രാഫറുടെ ഫോണ്‍ പരിശോധിച്ചാല്‍ തെളിവുകള്‍ കിട്ടും. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ സ്വര്‍ണ്ണ കൊള്ളയിലേയും സ്‌പോണ്‍സര്‍ഷിപ്പിലേയും നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വരും. പക്ഷേ ആരും മൊഴി കൊടുക്കാത്തതു കൊണ്ട് ഈ ഫോട്ടോ ഗ്രാഫറെ പ്രത്യേക അന്വേഷണ സംഘം ഇനിയും അന്വേഷണ പരിധിയില്‍ കൊണ്ടു വന്നിട്ടില്ല.

ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ദ്വാരപാലക ശില്‍പ്പം കൈമാറുന്ന ഉത്തരവ് ഇനിയും ദേവസ്വം ബോര്‍ഡില്‍ നിന്നും പ്രത്യേക അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. ഹൈക്കോടതി ഉറച്ച നിലപാടിലാണ്. അതുകൊണ്ടാണ് ദേവസ്വം ബോര്‍ഡിന്റെ മിനിറ്റ്‌സ് ബുക്ക് പിടിച്ചെടുക്കണമെന്നു നിര്‍ദേശം നല്‍കിയതെന്നും മിനിറ്റ്‌സില്‍ കൃത്രിമം കാണിക്കുമെന്നു കോടതിക്കു സംശയമുണ്ടെന്നും അവര്‍ പറയുന്നു. ക്രിമിനല്‍ ഗൂഢാലോചനയും പൊതുമുതല്‍ ഉപയോഗിച്ചു ലാഭം ഉണ്ടാക്കിയതിനാല്‍ അഴിമതിയും ഉണ്ടെന്നു പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. 2019 മുതലുള്ള ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ ഈ രണ്ടു വകുപ്പുകളും ചുമത്തി കേസെടുക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിക്കഴിഞ്ഞു. ഫോട്ടോ ഗ്രാഫറെ ചോദ്യം ചെയ്താല്‍ ഇതില്‍ എല്ലാം നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടും. കേസും അന്വേഷണവും ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങില്ലെന്ന സൂചന എസ്‌ഐടി നല്‍കുന്നുണ്ട്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെയും സഹായികളുടെയും വെളിപ്പെടുത്തലുകള്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും ചോദ്യംചെയ്യേണ്ട സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു.

ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിനെ സംരക്ഷിച്ച് തുടക്കം മുതല്‍ സംസാരിച്ച ദേവസ്വം മന്ത്രി വി.എന്‍.വാസവന്റെ വാദങ്ങള്‍ക്കു വിരുദ്ധമാണ് എസ്‌ഐടി റിപ്പോര്‍ട്ടും അതിന്റെ അടിസ്ഥാനത്തിലുള്ള കോടതി നിര്‍ദേശങ്ങളും. ആഗോള അയ്യപ്പസംഗമത്തിനെതിരായ പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണു സ്വര്‍ണക്കവര്‍ച്ച വിവാദമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ ആദ്യ വാദം. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ ഇപ്പോഴത്തെ ബോര്‍ഡിന്റെ വീഴ്ചകള്‍ അധികം പറയാത്തതു പ്രശാന്തിന് ആശ്വാസമായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ ബലത്തിലാണ് മന്ത്രി വാസവനും ബോര്‍ഡിനെ സംരക്ഷിക്കുന്ന പ്രസ്താവനയുമായി രംഗത്തുവന്നത്. എ.പത്മകുമാര്‍ പ്രസിഡന്റായിരുന്ന ദേവസ്വം ബോര്‍ഡിനെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തി തടിതപ്പാമെന്നു കരുതിയ മന്ത്രിക്കും ബോര്‍ഡിനും കോടതിയുടെ പരാമര്‍ശം വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്.

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെ പെരുന്നയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഒന്നാംപ്രതിയായിട്ടുള്ള രണ്ടു കേസുകളിലും രണ്ടാംപ്രതിയാണ് മുരാരി ബാബു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് ഇയാളെ പെരുന്നയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. ഇന്നലെ തന്നെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചിരുന്നു. മുരാരിബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. സ്വര്‍ണപാളികളെ ആദ്യമായി ചെമ്പ് എന്നെഴുതി വ്യാജരേഖയുണ്ടാക്കിയത് മുരാരിബാബു ആണെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.

2019ല്‍ മാത്രമല്ല 2025ല്‍ സ്വര്‍ണം പൂശാന്‍ തുടക്കമിട്ടതും മുരാരിയാണ്. ഇക്കാര്യം ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇന്നുതന്നെ പോറ്റിയുടെ അറസ്റ്റുണ്ടായേക്കുമെന്നാണ് വിവരം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ പല മൊഴികളും മുരാരിബാബുവിനെതിരാണ് എന്നാണ് റിപ്പോര്‍ട്ട്.