പത്തനംതിട്ട: ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണം തട്ടിയെടുക്കാന്‍ നടന്ന ഗൂഢാലോചനയില്‍ 2018ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും പങ്കെന്ന് സൂചന. അതിനിടെ ഇതിലൊരാളെ മാപ്പു സാക്ഷിയാക്കാനുള്ള സമ്മര്‍ദ്ദവും അന്വേഷണ സംഘത്തിനുണ്ട്. മാപ്പുസാക്ഷിയുണ്ടെങ്കിലേ കുറ്റപത്രം നല്‍കുമ്പോള്‍ കേസിന് ശക്തി വരൂ എന്നാണ് ചിലരുടെ വാദം. പോലീസിലെ ഉന്നതര്‍ക്കിടയില്‍ ഈ ഫോര്‍മുല ചര്‍ച്ചയാണ്. എന്നാല്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണമായതിനാല്‍ മാപ്പു സാക്ഷി നിര്‍ദ്ദേശത്തെ ഹൈക്കോടതി എങ്ങനെ എടുക്കുമെന്ന ചോദ്യം ഇവരെ കുഴയ്ക്കുന്നുണ്ട്.

കട്ടിളപാളിയിലെ സ്വര്‍ണ്ണം 'പിത്തള' എന്ന വാക്കാണ് ആദ്യഘട്ടത്തില്‍ നിശ്ചയിച്ചിരുന്നത്. അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് എ. പത്മകുമാര്‍ സ്വന്തംകൈപ്പടയില്‍ പിത്തള എന്നത് വെട്ടി ചെമ്പ് എന്നെഴുതി. ഇതാണ് ബോര്‍ഡിനെ കുടുക്കുന്ന തെളിവ്. ഈ ഗൂഡാലോചനയില്‍ പത്മകുമാറിനൊപ്പം അംഗങ്ങളുമുണ്ടായിരുന്നു. പത്മകുമാര്‍ സ്വന്തം കൈപ്പടയില്‍ കുരങ്ങി. ഇക്കാര്യം വാസുവില്‍ നിന്നാണ് അന്വേഷണ സംഘം അറിയുന്നത്. ഈ എഴുത്തുള്ളതുകൊണ്ടാണ് ചില രേഖകള്‍ അന്വേഷണ സംഘത്തിന് ആദ്യം ബോര്‍ഡ് നല്‍കാത്തത്. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അത് പിടിച്ചെടുത്തു. ഇതോടെ വസ്തുത തെളിഞ്ഞു. 'പിത്തള' എന്ന എഴുത്താണ് മറ്റുരണ്ട് ബോര്‍ഡ് അംഗങ്ങളിലേക്ക് അന്വേഷണം എത്തിയത്. അടുത്ത അറസ്റ്റ് ശങ്കര്‍ദാസിന്റേതാകുമെന്നാണ് സൂചന.

2019ല്‍ ദേവസ്വം കമ്മിഷണറായിരുന്ന വാസുവും ഉദ്യോഗസ്ഥരും ചേര്‍ന്ന് പിത്തള എന്നെഴുതിയ റിപ്പോര്‍ട്ടാണ് ദേവസ്വം ബോര്‍ഡിലേക്ക് എത്തിച്ചത്. ബോര്‍ഡിന്റെ പരിഗണനയില്‍ വന്നപ്പോള്‍ പ്രസിഡന്റ് എ. പത്മകുമാര്‍, പിത്തള എന്ന വാക്കിലെ അപകടം ചൂണ്ടിക്കാട്ടി. പിത്തളയ്ക്ക് സ്വര്‍ണത്തിന്റെ നിറമായതിനാലാണ് മുരാരി ബാബുവും സുധീഷ്‌കുമാറും വാസുവും അടക്കം അങ്ങനെ എഴുതിവെച്ചത്. എന്നാല്‍, ശബരിമല ശ്രീകോവിലില്‍ സ്വര്‍ണ്ണം പൂശിയെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് പിത്തളയാണ് പൂശിയിരിക്കുന്നതെന്നു പറയുമ്പോള്‍ അത് പ്രശ്‌നമാകുമെന്ന് പത്മകുമാര്‍ തിരിച്ചറിഞ്ഞു. അങ്ങനെ ആ വാക്ക് വെട്ടാന്‍ തീരുമാനിച്ചത്. വാസു കൈമാറിയ ഉത്തരവിലെ പിത്തള അങ്ങനെ പത്മകുമാര്‍ വെട്ടി. പാളികളുടെ അടിസ്ഥാനലോഹം ചെമ്പായതിനാല്‍, പകരം ചെമ്പ് എന്നെഴുതി.

ഇത് ചെമ്പാണെന്നും അതിലുള്ള സ്വര്‍ണം മങ്ങിപ്പോയെന്നും വിശദീകരിക്കാമെന്നായിരുന്നു പത്മകുമാറിന്റെ വാദം. ബോര്‍ഡിലെ മറ്റംഗങ്ങളായ കെ.ടി. ശങ്കര്‍ദാസ്, പാലവിള വിജയകുമാര്‍ എന്നിവര്‍ യോജിക്കുകയുംചെയ്തു. പത്മകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പിത്തളവിഷയം പരാമര്‍ശിക്കുന്നുണ്ട്. സ്വര്‍ണംപൂശിയ ചെമ്പുപാളികള്‍ എന്നെഴുതേണ്ടതിനുപകരം ചെമ്പ് എന്ന് പത്മകുമാര്‍ സ്വന്തം കൈപ്പടയില്‍ എഴുതുകയായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഇതാണ് പത്മകുമാറിന് വിനയാകുന്നത്. എന്തുകൊണ്ട് അങ്ങനെ എഴുതിയെന്ന് ഇനി വിശദീകരിക്കേണ്ടി വരും. ഇത് ക്രമവിരുദ്ധമാണെന്നറിഞ്ഞിട്ടും പാസാക്കുന്നതിനെ എതിര്‍ക്കാന്‍ മറ്റുരണ്ട് അംഗങ്ങള്‍ ശ്രമിച്ചില്ല. അവരും ഇതിനു കൂട്ടുനിന്നു. വൈകാതെ ഇവരും അറസ്റ്റിലാകാനാണ് സാധ്യത. ഇതിലൊരാളെ മാപ്പുസാക്ഷിയാക്കാനാണ് നീക്കം. സ്ത്രീ പ്രവേശന കാലത്ത് പോലീസ് നീക്കങ്ങള്‍ ചുക്കാന്‍ പിടിച്ച വ്യക്തിയുടെ അച്ഛനാണ് കെടി ശങ്കര്‍ദാസ്.

ഉദ്യോഗസ്ഥര്‍ തന്നത് പാസാക്കി എന്ന പത്മകുമാറിന്റെ വാദം പൊളിഞ്ഞു കഴിഞ്ഞു. ഉദ്യോഗസ്ഥരായ വാസുവും സംഘവും കൊണ്ടുവന്നത് അതേപോലെ പാസാക്കിവിടുകയായിരുന്നു എന്നായിരുന്നു പത്മകുമാര്‍ പറഞ്ഞുകൊണ്ടിരുന്നത്. ബോര്ഡഡ് അംഗങ്ങളും ഇങ്ങനെയാണ് മൊഴി നല്‍കിയിരുന്നത്. ചെമ്പ് എന്ന ലോഹത്തില്‍ നാകം (സിങ്ക്) ചേരുമ്പോഴാണ് പിത്തളയാകുന്നത്. ഇതിന് സ്വര്‍ണത്തിന്റെ നിറവുമായി സാദൃശ്യമുണ്ട്. 60 ശതമാനം ചെമ്പും 40 ശതമാനം നാകവുമാണ്. ചെമ്പിന്റെകൂടെ വെളുത്തീയം (ടിന്‍) ചേരുമ്പോഴാണ് വെങ്കലം ഉണ്ടാകുന്നത്. ഇത് മനസ്സിലാക്കിയാണ് പിത്തളയെ പത്മകുമാര്‍ ചെമ്പാക്കിയത്.