തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വിദേശ വ്യവസായിയുടെ മൊഴി നിര്‍ണ്ണായകമാകും. ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി എന്നാണ് രമേശ് ചെന്നിത്തല സൂചിപ്പിച്ച വ്യവസായി അന്വേഷണസംഘത്തോടെ വെളിപ്പെടുത്തിയത്. 2019- 20 കാലഘട്ടങ്ങളിലായി നാല് വിഗ്രഹങ്ങളാണ് ഇത്തരത്തില്‍ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് കൈമാറിയത്. സ്വര്‍ണ്ണക്കൊള്ളയിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു ഈ കച്ചവടത്തിന്റെയും ഇടനിലക്കാരന്‍. കോവിഡ് കാലത്തെ ലോക്ഡൗണ്‍ സാഹചര്യം മുതലെടുത്തായിരുന്നു കടത്ത്. അന്ന് ശബരിമലയില്‍ വളരെ കുറച്ചു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ അവസരം മുതലെടുക്കുകയായിരുന്നു അവര്‍. കേരളം ആദ്യമായി ലോക്ക്ഡൗണിലേക്ക് പോയത് 2020 മാര്‍ച്ച് 23-നാണ്. രണ്ടാം തരംഗത്തിലെ കടുത്ത നിയന്ത്രണങ്ങള്‍ അവസാനിച്ചത് 2021 ജൂണ്‍ 16നും. അതായത് ഈ സമയത്തിന്റെ ആനുകൂല്യം മുതലെടുത്താണ് ശബരിമലയിലെ പുരാവസ്തു കടത്ത്.

ഡി. മണി എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയത്. 2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്ത് വെച്ച് പണം കൈമാറ്റം നടന്നു. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഉന്നതനും ഈ കച്ചവടത്തില്‍ പങ്കെന്നാണ് വ്യവസായിയുടെ മൊഴിയിലുള്ളത്. ഉന്നതനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി.മണിയും മാത്രമാണ് തിരുവനന്തപുരത്ത് നടന്ന പണം കൈമാറ്റത്തില്‍ പങ്കെടുത്തത്. മൊഴിയുടെ ആധികാരികത കേന്ദ്രീകരിച്ച് അന്വേഷിക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം. ചെന്നിത്തലയുമായി ഏറെ അടുപ്പമുള്ള വ്യവസായിയാണ് മൊഴി നല്‍കിയ മലയാളി. ദുബായ് കേന്ദ്രീകരിച്ചാണ് ഈ പ്രവാസിയുടെ പ്രവര്‍ത്തനം. ആലപ്പുഴക്കാരനാണ് ഈ വ്യവസായി. കോവിഡ് ലോക്ഡൗണ്‍ മറയാക്കി നടന്ന ഇടപാടാണ് ഈ വ്യവസായി പറഞ്ഞു വയ്ക്കുന്നത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് പിന്നിലുള്ള ബംഗ്ലൂരുവിലെ സ്വര്‍ണ്ണ മുതലാളിയ്ക്ക് ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കേരളാ പോലീസിന് ആംബുലന്‍സും സംഭാവന നല്‍കി. നിരവധി വിശ്വാസ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഈ മുതലാളിയ്ക്ക് വേണ്ടി നടന്നു. മയക്കു മരുന്ന് കേസില്‍ അടക്കം കര്‍ണ്ണാടകാ പോലീസ് അറസ്റ്റും ചെയ്തു. പക്ഷേ സ്വര്‍ണ്ണ കൊള്ളില്‍ ഈ മുതലാളിയെ ഇനിയും പ്രത്യേക അന്വേഷണ സംഘം തൊട്ടിട്ടില്ല. ആലപ്പുഴയില്‍ വേരുകളുള്ള ഈ വമ്പന്‍ മുതലാളിയ്ക്കും ഈ കൊള്ളയില്‍ പങ്കുണ്ടെന്നാണ് വിലയിരുത്തല്‍.

ശബരിമല സ്വര്‍ണക്കൊള്ള കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജിയിലെ തീരുമാനം നിര്‍ണ്ണായകമാകും.അതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ നിന്ന് 494.97 ഗ്രാം സ്വര്‍ണം വില കൊടുത്തു വാങ്ങിയതാണെന്ന് ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍ പറയുന്നത്. ജാമ്യഹര്‍ജിയില്‍ തെളിവു സഹിതമാണ് ഗോവര്‍ധന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല ശ്രീ കോവിലില്‍ നിന്നും വേര്‍തിരിച്ചെടുത്ത സ്വര്‍ണമാണ് ഇതെന്ന് അറിയാതെയായിരുന്നു കച്ചവടം. പിന്നീടാണ് ഈ സ്വര്‍ണം ദ്വാരപാലക ശില്‍പ പാളികളില്‍ നിന്ന് വേര്‍തിരിച്ചതാണെന്ന വിവരം മനസിലായത്. അതോടെ അന്നത്തെ സ്വര്‍ണ വില കണക്കാക്കി(ഗ്രാമിന് 3120 രൂപ) 14,97,228 രൂപ പല തവണകളായി ദേവസ്വം ബോര്‍ഡിന് നല്‍കി.

ഇതില്‍ 9.95 ലക്ഷം ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ പേരില്‍ അഞ്ച് ഡിഡി ആയാണ് കൈമാറിയത്. ബാക്കി നാല് ലക്ഷത്തില്‍ അധികം രൂപയില്‍ 2.5 ലക്ഷം വിലവരുന്ന സ്വര്‍ണം മാലയായി മാളികപ്പുറത്തമ്മയ്ക്ക് സമര്‍പ്പിച്ചു. ശേഷിച്ച പണം ഉണ്ണികൃഷ്ണന്‍ പോറ്റി വശം ദേവസ്വം ബോര്‍ഡിന് കൈമാറിയെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു. തെളിവിനായി എക്സിക്യൂട്ടീവ് ഓഫീസറുടെ പേരില്‍ എടുത്ത ഡിഡികളുടെ കോപ്പിയും വിവിധ ചിത്രങ്ങളും ജാമ്യഹര്‍ജിയോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഭഗവാന്റെ സ്വര്‍ണം അറിയാതെ വാങ്ങിയതുമൂലം താന്‍ അനുഭവിച്ച മാനസിക ഭാരം കുറയ്ക്കാന്‍ എന്തു ചെയ്യണമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയോട് ചോദിച്ചപ്പോള്‍ അന്നദാനമാണ് ഉത്തമമെന്ന് അദ്ദേഹം നിര്‍ദേശിച്ചതിനാല്‍ 10 ലക്ഷം രൂപ ദേവസ്വത്തിന് നല്‍കിയതായും ജാമ്യ ഹര്‍ജിയിലുണ്ട്.

അയ്യപ്പ ഭക്തനായ താന്‍ ശ്രീകോവിലിലെ പുതിയ പാളികള്‍ സ്വര്‍ണം പൂശി സമര്‍പ്പിക്കുക മാത്രമല്ല, ഒരു കോടിയിലധികം രൂപ ദേവസ്വത്തിന് പല ഇനത്തില്‍ നല്‍കിയിട്ടുമുണ്ട്. വില നല്‍കി വാങ്ങിയ സ്വര്‍ണം ഭീഷണിപ്പെടുത്തി എസ്ഐടി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നും ഗോവര്‍ദ്ധന്‍ പറയുന്നു. ഇത് സത്യമെങ്കില്‍ ഗോവര്‍ദ്ധന് ജാമ്യം ലഭിക്കാന്‍ എളുപ്പമാണ്. അങ്ങനെയെങ്കില്‍ കേസ് ഏതു വിധേനയും അവസാനിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണോ ഗോവര്‍ദ്ധന്റെ അറസ്റ്റെന്നും സംശയിക്കണം. ഇതിനിടെയാണ് സിബിഐ വരുമോ എന്ന ചര്‍ച്ച സജീവമാകുന്നത്. ഏതായാലും കേസ് ഇഡി അന്വേഷിക്കുന്നുണ്ട്.