തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അഴിമതിക്കെതിരെ നിലപാട് എടുത്താല്‍ എന്തു സംഭവിക്കും? അതിന് തെളിവാണ് 2021ല്‍ ബോര്‍ഡില്‍ നടന്ന നീക്കം. ദേവസ്വം ബോര്‍ഡിന്റെ നിലയ്ക്കല്‍ മെസ് നടത്തിപ്പുമായി ബന്ധപ്പെട്ട് 51.77 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സ് എസ്പിയെയും രണ്ട് എസ്‌ഐമാരെയും മാറ്റാനുളള സര്‍ക്കാര്‍ നീക്കം അന്ന് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിജിലന്‍സ് കണ്ടെത്തിയ ക്രമക്കേടില്‍ പ്രതികളായത് ദേവസ്വത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരായിരുന്നു. മാവേലിക്കര ദേവസ്വം മരാമത്ത് പണികളിലും ലക്ഷങ്ങളുടെ ക്രമക്കേട് വിജിലന്‍സ് കണ്ടെത്തിയിരുന്നു. അന്ന് മെസ് നടത്തിപ്പില്‍ പ്രതികളായവര്‍ തന്നെയാണ് സ്വര്‍ണ്ണ പാളി കേസിലും പ്രതിക്കൂട്ടിലുള്ള ഭൂരിഭാഗം ഉദ്യോഗസ്ഥരും. അന്ന് പി ബിജോയ് എന്ന വിജിലന്‍സ് എസ് പി നടത്തിയ നീക്കങ്ങളെ പിന്തുണച്ചിരുന്നുവെങ്കില്‍ ഇന്ന് സ്വര്‍ണ്ണപാളി വിവാദം പോലും ഉണ്ടാകില്ലായിരുന്നു. അത് സ്‌പോണ്‍സര്‍മാര്‍ അടക്കമുള്ള തട്ടിപ്പുകാര്‍ക്ക് പാഠമായി മാറിയേനേ.

2018-19 തീര്‍ഥാടന കാലത്ത് നിലയ്ക്കല്‍ മെസ് നടത്തിപ്പുമായി ബന്ധപ്പെട്ട് 51.77 ലക്ഷം രൂപയുടെ ക്രമക്കേട് ദേവസ്വം വിജിലന്‍സ് എസ്പി പി.ബിജോയ്യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ദേവസ്വം ബോര്‍ഡിലെ 4 ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നു കണ്ടു. കൂടുതല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന വിജിലന്‍സിനു ശുപാര്‍ശ ചെയ്തു. സംസ്ഥാന വിജിലന്‍സിന്റെ പത്തനംതിട്ട യൂണിറ്റ് കേസ് റജിസ്റ്റര്‍ ചെയ്തു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പിഎസ് (പ്രൈവറ്റ് സെക്രട്ടറി), മറ്റൊരു ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ പിഎസ് എന്നിവര്‍ കേസില്‍ പ്രതികളായി. ഇരുവരും അന്ന് ദവസ്വം ഡപ്യൂട്ടി കമ്മിഷണര്‍മാരാണ്. ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ മാവേലിക്കര ഡിവിഷനില്‍ 2018-19 സാമ്പത്തിക വര്‍ഷം നടത്തിയ പണികളുടെ പേരില്‍ ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ നടന്നതായും കണ്ടെത്തി. ഇതോടെ വിജിലന്‍സ് എസ് പിയും സംഘവും സര്‍ക്കാരിനും കണ്ണിലെ കരടായി.

ഏതാണ്ട് ഇതേ കാലത്ത് തന്നെ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണ മാലയിലെ മുത്തുകള്‍ കാണാതായ സംഭവം ഏറെ വിവാദമായിരുന്നു. അന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി എടുക്കാന്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചിരുന്നു. ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആണ് അച്ചടക്ക നടപടി എടുക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തത്. അച്ചടക്ക നടപടി എടുക്കുന്നതിന് മുന്നോടിയായി ഇവര്‍ക്ക് ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു. തിരുവാഭരണം കമ്മീഷണര്‍ എസ് അജിത് കുമാര്‍, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍, ഏറ്റുമാനൂര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍, ഏറ്റുമാനൂര്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, മുന്‍ അസിസ്റ്റന്റ് കമ്മീഷണര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് മുന്നോടിയായി ദിവസം കൂടെ നോട്ടീസ് നല്‍കിയത്. ഈ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. എേസ് പി ബിജോയ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ബോര്‍ഡ് നോട്ടീസ് നല്‍കിയത്.

വിശദീകരണം കിട്ടിയശേഷം വകുപ്പ് തല നടപടിയിലേക്ക് കടക്കുമെന്നും അറിയിച്ചു. എന്നാല്‍ വിജിലന്‍സ് എസ് പിയെ മാറ്റാന്‍ ശ്രമിച്ചവര്‍ ഇവര്‍ക്കെല്ലാം തണലൊരുക്കിയെന്നതാണ് വസ്തുത.

മാവേലിക്കര ഡിവിഷനില്‍ പണികള്‍ നടത്താതെ ബില്ലുകള്‍ മാറി എടുത്തതായും ക്ഷേത്ര ഉപദേശക സമിതി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മരാമത്ത് വിഭാഗം നടത്തിയതായി രേഖയുണ്ടാക്കി പണം എഴുതിയെടുത്തതായും ബിജോയിയുടെ അന്വേഷണം കണ്ടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ 8 പേര്‍ കുറ്റക്കാര്‍ ആണെന്നും ദേവസ്വം ബോര്‍ഡിനു റിപ്പോര്‍ട്ട് നല്‍കി. ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ക്രമക്കേടുകള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി പിടികൂടിയതോടെ വിജിലന്‍സ് എസ്പിയും എസ്‌ഐമാരും സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറി. അന്ന് എസ് പി. ബിജോയ്യെ ഹൈക്കോടതിയാണ് നിയോഗിച്ചത്. 2022 മാര്‍ച്ച് 31 വരെ കാലാവധിയുണ്ടായിരുന്നു. അന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും. എന്നാല്‍ മകരവിളക്ക് കഴിഞ്ഞ് ശബരിമല നട അടയ്ക്കുന്ന 20ന് തന്നെ ഇവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.

ദേവസ്വം ബോര്‍ഡിലെ അഴിമതിക്കാരെ സംരക്ഷിക്കില്ല. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും. വിജിലന്‍സ് എസ്പി പി. ബിജോയ് മാര്‍ച്ച് 31ന് സര്‍വീസില്‍ നിന്നു വിരമിക്കുകയാണ്. പൊലീസില്‍ നിന്നു ഡപ്യൂട്ടേഷനിലാണ് ദേവസ്വം ബോര്‍ഡ് എസ്പിയായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ പെന്‍ഷന്‍ പേപ്പറുകള്‍ ശരിയാക്കാന്‍ വേണ്ടിയാണ് പൊലീസ് ഡിപ്പാര്‍ട്‌മെന്റിലേക്ക് ജനുവരി 20ന് ശേഷം തിരിച്ച് അയയ്ക്കുന്നതെന്നായിരുന്നു അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ വിവാദത്തോട് വിശദീകരിച്ചത്. എന്നാല്‍ ബിജോയ് പറഞ്ഞ പ്രതികരണത്തിലുണ്ടായിരുന്നു ഗൂഡാലോചനയുടെ മറുപക്ഷം. ദേവസ്വം ബോര്‍ഡിലെ അഴിമതി തടയുകയായിരുന്നു എന്റെ പ്രധാന ചുമതല. അത് നിര്‍വഹിച്ചു. അഴിമതി കണ്ടാല്‍ എത്ര വലിയ ഉദ്യോഗസ്ഥന്‍ ആണെങ്കിലും പിടികൂടും. അതിനാണ് എന്നെ കോടതി ചുമതലപ്പെടുത്തിയത്. കുറ്റക്കാര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. പെന്‍ഷന്‍ പേപ്പറുകള്‍ എല്ലാം ഓണ്‍ലൈനിലാണ് കൊടുക്കേണ്ടത്. അത് കൃത്യമായി കൊടുത്തുകഴിഞ്ഞു. പിന്നെ എന്തിനാണ് തിരിച്ച് അയയ്ക്കുന്നത് എന്നറിയില്ല.' -ഇതായിരുന്നു പി ബിജോയിയുടെ പ്രതികരണം. ഇതേ ബിജോയിയ്ക്ക് പിന്നീട് ഐപിഎസ് കിട്ടി. അതുകൊണ്ട് തന്നെ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയെടക്കമുള്ള നിര്‍ണ്ണായക പദവികളില്‍ ബിജോയ് എത്തുകയും ചെയ്തു. കാസര്‍ഗോട്ടെ പല പ്രമുഖ കേസുകളും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തെളിയിക്കുകയും ചെയ്തു.

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഉദ്യോഗസ്ഥ വീഴ്ച്ചയ്ക്ക് തെളിവുകള്‍ നിരത്തിയാണ് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 2019ല്‍ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണ്ണപ്പാളി, ചെമ്പു പാളി എന്ന് റിപ്പോര്‍ട്ട് നല്‍കിയത് ഉദ്യോഗസ്ഥരെന്ന് റിപ്പോര്‍ട്ടുണ്ട്. അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു, എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് എന്നിവര്‍ക്കെതിരെയാണ് കണ്ടെത്തല്‍. മുരാരി ബാബു 2024 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ സ്വര്‍ണ്ണപ്പാളി നവീകരണത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് ദേവസ്വം ബോര്‍ഡ് നിരാകരിച്ചുവെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നു മുരാരി ബാബു. 2023ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട നെയ് തേങ്ങ അഭിഷേകവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് 2024ല്‍ മുരാരി ബാബു കത്ത് നല്‍കിയത്. മുരാരി ബാബുവിനെതിരെ നടപടി വന്നേക്കും. 2019 സെപ്റ്റംബറില്‍ പാളികള്‍ തിരികെ കൊണ്ടുവന്നു സന്നിധാനത്തു സ്ഥാപിച്ചപ്പോള്‍ മഹസര്‍ തയാറാക്കിയത് ഈ ഉദ്യോഗസ്ഥരായിരുന്നു. മഹസറില്‍ പേരുള്ള 12 പേരില്‍ ഒരാള്‍ ഇതേ വിജിലന്‍സ് കേസില്‍ അറസ്റ്റിലായ നിലവില്‍ ആലുവയില്‍ ജോലി നോക്കുന്ന നിലയ്ക്കല്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ജെ. ജയപ്രകാശ് ആണ്. ഈ തട്ടിപ്പ് കണ്ടെത്തിയത് ബിജോയ് ആണ്.

തിരുവനന്തപുരം റേഞ്ച് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് സൂപ്രണ്ട് പദവിയും ബിജോയ് വഹിച്ചിരുന്നു അവിടെ നിന്നാണ് കാസര്‍ഗോട്ടെ ചുമതലയില്ഡ എത്തിയത്. ബിജോയ് മഞ്ചേശ്വരം എസ്‌ഐയായും കാസര്‍കോട് ഡിവൈഎസ്പിയായും ബിജോയ് ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1996ല്‍ പോലീസ് സേനയുടെ ഭാഗമായ ആദ്യകാലത്താണ് അദ്ദേഹം മഞ്ചേശ്വരത്ത് എസ്‌ഐയായി എത്തുന്നത്. പിന്നീട് 2010ല്‍ കാസര്‍കോട് ഡിവൈഎസ്പിയായും ചുമതല നിര്‍വഹിച്ചു. ഇക്കാലയളവിലാണ് 2018ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ബിജോയ്ക്ക് ലഭിച്ചത്. 2015ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും 2005ല്‍ കൊസോവോയില്‍ ഡെപ്യൂട്ടേഷനില്‍ ഐക്യരാഷ്ട്രസംഘടനയുടെ ഉദ്യോഗസ്ഥനായി പീസ് കീപ്പിങ്ങ് ഫോഴ്സിന്റെ ചുമതലയും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. കോട്ടയം ഡിവൈഎസ്പി, തിരുവനന്തപുരം സിറ്റി ഫോര്‍ട്ട് അസി. കമ്മീഷണര്‍, റൂറല്‍ ട്രാഫിക് എസ്പി, സ്പെഷല്‍ ആംഡ് പോലീസ് കമാന്‍ഡന്റ്, എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പി, തിരുവനന്തപുരം റേഞ്ച് എസ്പി, ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന വിജിലന്‍സ് ഓഫീസര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. പത്മനാഭ സ്വാമീക്ഷേത്രത്തിലെ സ്വര്‍ണ്ണ കടണക്കെടുപ്പ് സമയത്ത് ഫോര്‍ട്ട് എസിപിയായിരുന്നു തിരുവനന്തപുരം സ്വദേശിയായ ബിജോയ്.