- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌പോണ്‍സര്‍ഷിപ്പില്‍ 'ഭസ്മകുളം' മാറ്റി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടു; ഹൈക്കോടതി തടഞ്ഞതോടെ 'പലതിലും' രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ തീരുമാനമായി; ഓണം കഴിഞ്ഞപ്പോള്‍ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണ പാളി അഴിച്ചു മാറ്റിയത് എന്തു വന്നാലും കാര്യം നടത്താന്‍; ചെമ്പും സ്വര്‍ണ്ണവും രണ്ടായി; അങ്ങനെ ആ മോഹം നടന്നു; ചെന്നൈ ഓപ്പറേഷന് സക്സസ്
പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളി ഹൈക്കോടതി അനുമതിയില്ലാതെ കേടുപാട് പരിഹരിക്കാന്‍ ഇളക്കിയത് അത്യന്തം ഗുരുതരമായ സുരക്ഷാവീഴ്ചയും ക്ഷേത്ര ആചാരങ്ങള്‍ക്കും ചൈതന്യത്തിനും വിരുദ്ധവുമാണെന്ന വിലയിരുത്തലുകള്‍ സജീവം. അതിനിടെ ഭസ്‌കമകുളത്തിന്റെ നവീകരണം മുടക്കിയതോടെ ഒന്നും ശബരിമലയിലെ സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കേണ്ടതില്ലെന്ന പരോക്ഷ തീരുമാനം ബന്ധപ്പെട്ടവര്‍ എടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണ പാളി ആരേയും അറിയിക്കാതെ ചെന്നൈയിലേക്ക് കൊണ്ടു പോയത്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൊല്ലത്തെ വ്യവസായിക്ക് ചില ഓഫറുകളും ബന്ധപ്പെട്ടവര്‍ നല്‍കിയിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമത്തിന് ശേഷം കേരളാ മോഡലില്‍ 'അയ്യപ്പ ഭക്ത സഭ' ഉണ്ടാക്കാന്‍ ആലോചനയുണ്ട്. അത് പദ്ധതി പോലെ നടന്നാല്‍ ചെന്നൈയില്‍ നിന്നുള്ള സഭയുടെ കോ ഓര്‍ഡിനേറ്ററായി കൊല്ലത്തെ പ്രമുഖന്‍ മാറും.
ശബരിമല വലിയ നടപ്പന്തലിന് സമീപം കൊപ്രക്കളത്തിനടുത്ത് പുതിയ ഭസ്മക്കുളം നിര്‍മ്മിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തമായ രൂപരേഖയോ പഠനങ്ങളോ ഇല്ലാതെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി. രാജാ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ് ഇറക്കിയത്. രൂപരേഖയും പഠനങ്ങള്‍ നടത്തിയതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കുന്നതു വരെ നിര്‍മ്മാണ നടപടികള്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിരുന്നു. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയ എടുത്ത കേസാണ് കോടതിയുടെ പരിഗണിച്ച് ഈ തീരുമാനം എടുത്തത്. പുതിയ കുളം അനിവാര്യമാണെങ്കില്‍ ലൈസന്‍സുള്ള സ്ട്രക്ചറല്‍ എന്‍ജിനിയര്‍ രൂപരേഖ തയ്യാറാക്കണമെന്ന് കോടതി പറഞ്ഞു. ഒരേ സമയം ഒട്ടേറെപ്പേര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ എത്രത്തോളം അതിജീവിക്കും എന്നതടക്കമുള്ള വിവരങ്ങള്‍ ഇതിലുണ്ടാകണം. വിശദമായ മണ്ണ് പരിശോധനയും അനിവാര്യമാണ്. കുന്നും മലകളുമുള്ള വനപ്രദേശമാണെന്നതും കണക്കിലെടുക്കണം. ഇതൊന്നുമില്ലാത്ത നിര്‍മ്മിതി പരിസ്ഥിതിക്ക് ഭീഷണിയാണെന്നും കോടതി വിലയിരുത്തിയിരുന്നു. പ്രമുഖ ധനകാര്യ സ്ഥാപന മുതലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ വലിയ കുളം നിര്‍മ്മിക്കാനുള്ള പദ്ധതി പൊളിഞ്ഞത് സ്‌പെഷ്യല്‍ കമ്മീഷണറുടെ സമയോചിത ഇടപടല്‍ മൂലമായിരുന്നു. അതുകൊണ്ടു തന്നെ ഇത്തരം ഇടപെടലുകള്‍ ഉണ്ടാകാന്‍ ഇടയുള്ള കാര്യങ്ങള്‍ തന്ത്രിയുടെ അനുമതി വാങ്ങി സ്വന്തം നിലയില്‍ ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെയാണ് സ്വര്‍ണ്ണ പാളിയും ഓണത്തിന് ശേഷം സ്‌പെഷ്യല്‍ കമ്മീഷണര്‍ അറിയാതെ ചെന്നൈയിലേക്ക് കൊണ്ടു പോയത്. എന്നിട്ടും വിവരം ചോര്‍ന്നു. ജില്ലാ ജഡ്ജി കൂടിയായ സ്‌പെഷ്യല്‍ കമ്മീഷണര്‍ ജയകൃഷ്ണന്‍ ഇതും ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നു. ഇതോടെ ദേവസ്വം ബോര്‍ഡ് വെട്ടിലായി. അപ്പോഴും കാര്യം നടന്നുവെന്ന ആഹ്ലാദത്തിലാണ് ബോര്‍ഡ്. ആ പാളിയിലെ സ്വര്‍ണ്ണവും ചെമ്പും വേര്‍തിരിച്ച് മാറ്റി. ആ സാഹചര്യത്തില്‍ ഇനി പണി പൂര്‍ത്തിയാക്കാതെ ഒരിക്കലും കൊണ്ടു വരാനും കഴിയില്ല. അതായത് ഭസ്മ കുള നവീകരണം മുടങ്ങിയതു പോലുള്ള സാഹചര്യം ഇവിടെ ഇല്ല.
ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത്
ശബരിമല ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ഉടന്‍ തിരികെയെത്തിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറെയും ഹൈക്കോടതിയെയും അറിയിക്കാതെ സ്വര്‍ണപ്പാളികള്‍ അഴിച്ചെടുത്ത് ചെന്നൈയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതില്‍ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാനും നിര്‍ദേശിച്ചിരുന്നു. ദേവസ്വം കമ്മീഷണര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍, തിരുവാഭരണം കമ്മീഷണര്‍ തുടങ്ങിയവര്‍ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. എന്നാല്‍ പാളിയുടെ പണം തുടങ്ങിയതു കൊണ്ട് തിരിച്ചു കൊണ്ടു വരാന്‍ കഴിയില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി അനുമതിയില്ലാതെ കൊണ്ടുപോകാന്‍ തീരുമാനിച്ചതിന്റെ ഫയലുകളെല്ലാം വെള്ളിയാഴ്ച ഹാജരാക്കണമെന്നും ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.
അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ചൂണ്ടിക്കാട്ടി ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഫയല്‍ചെയ്ത റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കോടതി സ്വമേധയാ ഇടപെട്ടത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതിയുടെ അനുമതി തേടണമെന്നുമുള്ള നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. അറ്റകുറ്റപ്പണി നിറുത്തിവയ്ക്കാന്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഏജന്‍സിയോടും സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയോടും കോടതി നിര്‍ദേശിച്ചിരുന്നു. ശില്‍പങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കണമെന്നാവശ്യപ്പെട്ട് 2023ല്‍ തന്ത്രി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബോര്‍ഡ് വാദിച്ചു. ശ്രീകോവിലിന് ഇരുവശത്തുമുള്ള ശില്പങ്ങളുടെ ചെമ്പ് ആവരണത്തിന് മുകളില്‍ സ്വര്‍ണം പൂശിയവയാണ് ഈ പാളികള്‍. 2019ല്‍ ഇതേ സ്‌പോണ്‍സറും ഏജന്‍സിയും ചേര്‍ന്നാണ് ഇത് സമര്‍പ്പിച്ചത്. നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് കൊണ്ടുപോയത്. മഹസര്‍ തയാറാക്കിയിരുന്നു. 8ന് സ്‌പെഷ്യല്‍ കമ്മീഷണറെ ഫോണ്‍ മുഖേനയും തുടര്‍ന്ന് കത്തുവഴിയും വിവരം അറിയിക്കുകയും ചെയ്തതായി ബോര്‍ഡ് അറിയിച്ചു.
2019ല്‍ നിര്‍മ്മിച്ച പാളികള്‍ക്ക് 40 വര്‍ഷം വാറന്റി പറഞ്ഞിരുന്നു. ആറു വര്‍ഷമായപ്പോഴേക്കും നിര്‍മ്മിച്ചയിടത്തേക്ക് വീണ്ടും കൊണ്ടുപോകുന്നതിന്റെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. അങ്ങനെയെങ്കില്‍, ശ്രീകോവിലില്‍ ഇതോടനുബന്ധിച്ചുള്ള ഡോര്‍ പാനലുകളും ലിന്റലുകളും അറ്റകുറ്റപ്പണി ചെയ്യേണ്ടതുണ്ട്. ദ്വാരപാലക ശില്പത്തിലെ പാളികള്‍ മാത്രം കൊണ്ടുപോയത് അനാവശ്യവും ക്രമവിരുദ്ധവുമാണ്. മുദ്രമാല കേസിലും ദേവസ്വം കമ്മീഷണറും തിരുവാഭരണം കമ്മീഷണറും മുന്‍ ഉത്തരവ് ബോധപൂര്‍വം ലംഘിച്ചിരുന്നതായും വിമര്‍ശിച്ചിരുന്നു.
വിമര്‍ശനവുമായി ക്ഷേത്ര ആചാര സംരക്ഷണ സമിതിയും
ശ്രീകോവിലില്‍ ദ്വാരപാലകര്‍ക്കുള്ള പ്രാധാന്യം മനസിലാക്കാതെ വിധിയാംവണ്ണം അനുജ്ഞ വാങ്ങാതെ നിയമനടപടികള്‍ പാലിക്കാതെയും സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോയത് അത്യന്തം അപലപനീയമാണെന്നും ഇതിനു നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര ആചാര സംരക്ഷണ സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണ പാളികള്‍ ഇളക്കിമാറ്റി സന്നിധാനത്തിന് പുറത്തേക്ക് മോഷണസമാനമായ രീതിയിലാണ് കൊണ്ടുപോയത്. ഇതിനു നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിക്കണം. ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത് ക്ഷേത്ര സങ്കേതത്തിനുള്ളില്‍ വച്ചായിരിക്കണം. ഇതിനായി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി കോടതി നിയമിക്കുന്ന കമ്മിഷന്റെ സാന്നിധ്യത്തില്‍ പണികള്‍ നടത്തണം. ഒരു ദിവസം കൊണ്ട് പണിപൂര്‍ത്തിയാകാതെ വന്നാല്‍ ലോക്കറില്‍ സൂക്ഷിച്ച് പിറ്റേന്ന് കമ്മിഷന്റെ സാന്നിധ്യത്തില്‍ തുറന്നു പണിപൂര്‍ത്തിയാക്കി കമ്മിഷന്‍ ഹൈക്കോടതിക്ക് വിശദമായ റിപ്പോര്‍ട്ട് നല്കണം. ഈ ഉത്തരവ് നിലനില്‍ക്കെ സ്പെഷല്‍ കമ്മിഷണര്‍ പോലും അറിയാതെ രാത്രിയില്‍ സ്വര്‍ണ പാളി ഇളക്കി രഹസ്യമായി സംസ്ഥാനത്തിന് പുറത്ത് കൊണ്ടുപോയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്ന് ക്ഷേത്ര ആചാര സംരക്ഷണ സമിതി പറയുന്നു.
കമ്മിഷന്‍ ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയപ്പോള്‍ ദേവസ്വം പ്രസിഡന്റ് ഇതിനെ നിസാരവല്‍ക്കരിക്കാന്‍ ആണ് ശ്രമിച്ചത്. മകരവിളക്ക് ദിവസം വഴിപാടായി ക്ഷേത്രം പുഷ്പാലങ്കാരം നടത്തുന്നതിനുപോലും ഹൈക്കോടതി വിലക്കും നിയന്ത്രണവും ഉണ്ടായിരിക്കെ ഇത് ബോധ്യമുള്ള ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ കാണിച്ച കൃത്യവിലോപവും ആചാര ധ്വംസനവും കോടതി അലക്ഷ്യവും നിസ്സാരമായി കാണാന്‍ ആവില്ല. പവിത്രമായ ശബരിമല ശ്രീകോവിലിന് പോലും കച്ചവടലാക്കോടെ നോക്കിക്കാണുന്ന അധികൃതരുടെ സമീപനത്തിനെതിരെ ശക്തമായി ഭക്തജന പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്തുകയും ഗൂഢാലോചന പുറത്തുകൊണ്ടുവരികയും ചെയ്യണം. വികസന പ്രവര്‍ത്തനം എന്ന പേരില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നടന്നുവന്ന എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ഭഗവാന്റെ യോഗദണ്ഡ് ജപമാലയും ഉള്‍പ്പെടെ കേടുപാട് തീര്‍ക്കുന്നതിനായി എന്ന പേരില്‍ നടത്തിയ പണികളും പരിശോധിക്കുകയും സമഗ്രമായി അന്വേഷണം നടത്തുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടിരുന്നു.