പത്തനംതിട്ട: വിവാദ ട്രാക്ടര്‍ യാത്ര എഡിജിപി എംആര്‍ അജിത് കുമാറും സ്ഥിരീകരിച്ചു. എഡിജിപി എം.ആര്‍.അജിത് കുമാറിന്റെ ശബരിമലയിലേക്കും തിരിച്ചുമുള്ള ട്രാക്ടര്‍ യാത്രയ്ക്ക് തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു എഡിജിപിക്കൊപ്പം രണ്ടു പഴ്‌സനല്‍ സ്റ്റാഫുകളും ട്രാക്കടറില്‍ യാത്ര ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം. വിവാദത്തില്‍ അജിത് കുമാറിനോട് പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്ന് ട്രാക്ടറില്‍ ശബരിമലയിലേക്കു യാത്ര ചെയ്തതില്‍ അജിത്കുമാര്‍ ഡിജിപിക്ക് വിശദീകരണം എഴുതി നല്‍കി. മല കയറുന്ന സമയത്താണ് ട്രാക്ടര്‍ വന്നതെന്നും കാലുവേദന അനുവഭപ്പെട്ടതുകൊണ്ടാണ് ട്രാക്ടറില്‍ കയറിയതെന്നും വിശദീകരണത്തില്‍ പറയുന്നു. ഈ മാസം 12നാണ് ശബരിമലയിലേക്ക് സാധനങ്ങള്‍ കൊണ്ടുപാകാന്‍ ഉപയോഗിക്കുന്ന പൊലീസിന്റെ ട്രാക്ടറില്‍ എഡിജിപി എം.ആര്‍. അജിത്കുമാര്‍ ശബരിമലയിലേക്കും തിരിച്ചും യാത്രചെയ്തത്. അതിനിടെ ശബരിമലയില്‍ പലരും ഇത്തരം സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്താറുണ്ട്. ഒരു മന്ത്രി ആംബുലന്‍സിലാണ് മല കയറുന്നതും ഇറങ്ങുന്നതും. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രശാന്ത് ഇക്കാര്യത്തില്‍ അനുകരണീയ മാതൃകയാണ്. ദേവസ്വം പ്രസിഡന്റ് ട്രാക്ടറോ ആംബുലന്‍സോ ഒന്നും മല ചവിട്ടാന്‍ ഉപയോഗിക്കാറില്ല. നടന്നാണ് അദ്ദേഹം മല കയറുന്നത്. പ്രശാന്ത് അല്ലാതെ സ്ഥിരമായി ശബരിമലയില്‍ എത്തുന്ന ഒട്ടു മിക്ക വിഐപികളും ട്രാക്ടറും ആംബുലന്‍സും എല്ലാം ഉപയോഗിക്കാറുണ്ടെന്നതാണ് വസ്തുത. പോലീസിലെ ചേരിപോര് കാരണം അജിത് കുമാര്‍ ഇപ്പോള്‍ വിവാദത്തില്‍ കുടുങ്ങുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വഴിവിട്ടുള്ള എല്ലാ യാത്രകള്‍ക്കും ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് നിയന്ത്രണം കൊണ്ടു വരും.

പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിച്ചിരുന്നു. ഈ നിരോധനം വകവെയ്ക്കാതെയാണ് അജിത്കുമാര്‍ യാത്ര നടത്തിയത്. ഇത് വിവാദമാവുകയും ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തുകയായിരുന്നു. സംഭവത്തില്‍ പമ്പ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ എഫ് ഐ ആറില്‍ പോലീസ് ഡ്രൈവര്‍ മാത്രമാണ് പ്രതി. അതിനിടെ ട്രാക്ടര്‍യാത്രയില്‍ പോലീസ് വിശദ പരിശോധന നടത്തണമെന്ന് ദേവസ്വം ബോര്‍ ആവശ്യപ്പെട്ടേക്കും. നിലപാടിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഔദ്യോഗികമായി ഇക്കാര്യം പറഞ്ഞിട്ടില്ലെങ്കിലും നിയമലംഘനം ഗൗരവമുള്ളതാണെന്നാണ് അധികൃതരുടെ പൊതുനിലപാട്. ഒഴിവാക്കേണ്ടതായിരുന്നു ഈ യാത്ര. ട്രാക്ടറിലെ യാത്ര ഹൈക്കോടതി നിരോധിച്ചിട്ടുള്ളതാണ്. എഡിജിപി നിയമലംഘനം നടത്തിയ സംഭവത്തില്‍ ദേവസ്വത്തെ ഹൈക്കോടതി കക്ഷിചേര്‍ത്തിട്ടുണ്ടോ എന്ന കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് കിട്ടിയിട്ടില്ല. അടുത്ത തിങ്കളാഴ്ചയാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്. ശബരിമലയില്‍ ഉത്തരവാദിത്തതോടെ ജോലി ചെയ്യുന്ന ന്യായാധിപന്മാരുണ്ട്. അവരാരും ട്രാക്ടറിലൊന്നും സന്നിധാനത്തേക്ക് പോകാറില്ല. എന്നാല്‍ ശബരിമലയില്‍ ഡ്യൂട്ടിയ്ക്ക് വരുന്ന വിഐപി പരിഗണനയുള്ള നിരവധി ഉദ്യോഗസ്ഥര്‍ ട്രാക്ടറെല്ലാം ഉപയോഗിച്ച് മല കയറാറുണ്ടെന്നതാണ് വസ്തുത.

കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് എഡിജിപി ട്രാക്ടറില്‍ സന്നിധാനത്തേക്കും തിരിച്ച് പമ്പയിലേക്കും യാത്ര ചെയ്തത്. ശബരിമല സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. എഡിജിപി നടത്തിയത് ഗുരുതര നിയമലംഘനമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. മന്ത്രിമാര്‍ ആംബുലന്‍സില്‍ എത്തുന്നത് അടക്കം സന്നിധാനത്ത് പലപ്പോഴും വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ആംബുലന്‍സ് യാത്രയ്ക്ക് നിരോധനങ്ങളില്ല. വനം വകുപ്പിന്റെ ജീപ്പും സന്നിധാനത്ത് എത്താറുണ്ട്. പക്ഷേ തീര്‍ത്ഥാടന കാലത്ത് അവര്‍ ജീപ്പിന്റെ സേവനം തേടുകയുമില്ലെന്നതാണ് വസ്തുത. മുമ്പ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരേയും മറ്റും തലചുമടയാണ് മലയിറക്കാറുണ്ടായിരുന്നത്. ഇതിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയാണ് ആംബുലന്‍സ് എത്തിച്ചത്. സ്വാമി അയ്യപ്പന്‍ റോഡ് വൃത്തിയായി സിമന്റ് ചെയ്തതോടെയാണ് അംബുലന്‍സിന് മലകയറാനുള്ള സാഹചര്യവും സാധ്യതയും ഉണ്ടായത്. മുമ്പ് കുണ്ടും കുഴിയും നിറഞ്ഞ സ്വാമി അയ്യപ്പന്‍ പാതയിലൂടെ ട്രാക്ടര്‍ പോലുള്ള വാഹനങ്ങള്‍ക്ക് മാത്രമേ മലകയറ്റം സാധ്യമാകുമായിരുന്നുള്ളൂ. ട്രാക്ടറില്‍ യാത്ര ചെയ്യുന്നത് അപകടകരവുമാണ്. അതുകൊണ്ട് തന്നെ മന്ത്രിമാര്‍ അടക്കം അതിന് മുമ്പ് മുതിരുമായിരുന്നില്ല. എന്നാല്‍ സ്വാമി അയ്യപ്പന്‍ റോഡിന്റെ ശനിദശ മാറി കോണ്‍ക്രീറ്റ് ചെയ്തതോടെ ആംബുലന്‍സ് യാത്ര സുഖകരമായി മാറുകയും ചെയ്തു. ആംബുലന്‍സില്‍ പോകുന്നതിന് വിലക്കില്ലാത്തതിനാല്‍ മന്ത്രിമാര്‍ക്ക് ഇനിയും അതില്‍ പോകുന്നതില്‍ നിയമ തടസ്സമൊന്നുമില്ല.

കുറച്ചു കാലം മുമ്പ് ശബരിമലയില്‍ എത്തിയ വിഐപി നെഞ്ചു വേദനയെന്ന് പറഞ്ഞ് ആംബുലന്‍സ് വരുത്തി സന്നിധാനത്ത് എത്തിയെന്നും സൂചനകളുണ്ട്. നെഞ്ചു വേദനയാണെങ്കില്‍ ആശുപത്രിയില്‍ അല്ലേ പോകേണ്ടതെന്ന ചോദ്യവും സജീവമായിരുന്നു അന്ന്. അങ്ങനെ ആള്‍ ബലമുള്ളവരും സ്വാധീനമുള്ളവരും ശബരിമലയില്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്താറുണ്ട്. മുമ്പ് ട്രാക്ടറില്‍ ഇഷ്ടം പോലെ സാധാരണ ഭക്തരും മല ഇറങ്ങുമായിരുന്നു. ഇതിനെതിരെ ട്രോളിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ട്രാക്ടറിലെ ആള്‍ യാത്രയ്ക്ക് വിലക്കും വന്നു. ഇതിന് ശേഷം വിഐപികള്‍ മാത്രമാണ് ട്രാക്ടറില്‍ മല ഇറങ്ങാറുള്ളത്. ശബരിമലയിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന പൊലീസിന്റെ ട്രാക്ടറിലാണ് ഈ മാസം 12ന് എഡിജിപി എം.ആര്‍.അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും യാത്ര ചെയ്തുവെന്ന് ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. വൈകിട്ട് ആറുമണിയോടെ ചെളിക്കുഴിയില്‍ നിന്ന് അജിത്കുമാറും പഴ്‌സനല്‍ സ്റ്റാഫുകളും ട്രാക്ടറില്‍ കയറി മുകളില്‍ പോകുകയും സന്നിധാനത്തിന് സമീപത്ത് ഇറങ്ങുകയും ചെയ്തു.

ഇതേത്തുടര്‍ന്നാണ് കമ്മിഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ സമര്‍പ്പിച്ചത്. കമ്മിഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ച ഹൈക്കോടതി രൂക്ഷമായ വിമര്‍ശനമാണ് അജിത്കുമാറിനെതിരെ ഉന്നയിച്ചത്. സാധനങ്ങള്‍ കൊണ്ടുപോകുന്ന സ്വാമി അയ്യപ്പന്‍ റോഡുവഴി മറ്റുള്ളവര്‍ യാത്ര ചെയ്യുന്നത് വിലക്കിയിട്ടുള്ളതാണെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കില്‍ ആംബുലന്‍സ് ഉപയോഗിക്കാമായിരുന്നുവല്ലോ എന്നും കോടതി ചോദ്യമുയര്‍ത്തിയിരുന്നു. ഭക്തരോ പൊലീസോ മറ്റേതെങ്കിലും വകുപ്പിലെ ഉദ്യോഗസ്ഥരോ സ്വാമി അയ്യപ്പന്‍ റോഡുവഴി യാത്ര ചെയ്യുന്നത് വിലക്കി 2021 നവംബര്‍ 25നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.