ഇടുക്കി: യേശുവിനെയും ജനങ്ങളെയും പറ്റിച്ച് കോടികള്‍ സമ്പാദിച്ച സജിത്ത് ജോസഫിന്റെ തട്ടിപ്പുകളില്‍ പിടിവീഴുമെന്നായപ്പോള്‍ കുരിശു സ്ഥാപിച്ചു കയ്യേറ്റത്തെ മറയാക്കാനാണ് ശ്രമം നടത്തിയത്. എന്നാല്‍, ഈ കുരിശ് റവന്യൂ വകുപ്പ് പൊളിച്ചു നീക്കിയതോടെ പച്ചക്കള്ളം പറഞ്ഞു കൊണ്ടാണ് സജിത്ത് രംഗത്തുവന്നത്. തന്റെ പക്കല്‍ സ്ഥലം സംബന്ധിയായ രേഖകള്‍ ഉണ്ടെന്നും ഇത് പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ മാധ്യമങ്ങള്‍ കയ്യേറ്റമെന്ന് ആരോപിച്ചു കൊണ്ട് മാധ്യമങ്ങള്‍ രംഗത്തുവന്നു എന്നുമാണ് സജിത്തിന്റെ അവകാശവാദം.

ഈ കള്ളം വിശ്വസിച്ചു ചിലര്‍ സജിത്തിനോട് അനുഭാവ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയാണ് ഫാ. ജോഷി മയ്യാറ്റില്‍ അടക്കമുള്ളവരാണ് ഇത്തരത്തില്‍ സജിത്തിന്റെ നുണപ്രചരണം വിശ്വസിച്ചിരിക്കുന്നത്. അദ്ദേഹം സജിത്തിന്റെ വാക്കുകളെ വിശ്വസിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായി രംഗത്തുവന്നിട്ടുണ്ട്. കള്ളം പറയുന്നതും രോഗശാന്തി ശുശ്രൂഷയും പതിവാക്കിയ സജിത് ജോസഫിന്റെ തന്ത്രത്തില്‍ പലരും വീണു പോകുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം.

കുറേ രേഖകള്‍ ചൂണ്ടിക്കാട്ടി തനിക്ക് പട്ടയമുണ്ടെന്നാണ് സജിത് ജോസഫ് അവകാശപ്പെടുന്നത്. 1952 മുതല്‍ പട്ടയം കിട്ടിയെന്ന് പറഞ്ഞാണ് അവകാശവാദം. പലരില്‍ നിന്നായി കൈമാറി താന്‍ വാങ്ങിയെടുത്തു എന്നുമാണ് അവകാശവാദം. 2021ല്‍ ധ്യാന കേന്ദ്രത്തിന്റെ ആവശ്യത്തിനായി സ്ഥലം വാങ്ങിയെന്നും ഇതിലാണ് കുരിശ് സ്ഥാപിച്ചത് എന്നുമാണ് ഇയാളുടെ അവകാശവാദം. ഇത് പ്രകാരം സര്‍ക്കാര്‍ പുറംപോക്കാണെന്ന് നോട്ടീസ് വന്നപ്പോള്‍ സര്‍വേ നമ്പര്‍ കാണിച്ചു പരിശോധനക്ക് കൊടുത്തു അപ്പോള്‍ മാധ്യമങ്ങള്‍ തട്ടിപ്പെന്ന് വാര്‍ത്ത എഴുതി എന്നുമാണ് സജിത് പറയുന്നത്.

എന്നാല്‍, പട്ടയഭൂമിക്ക് അപ്പുറത്തേക്ക് സജിത്ത് ഭൂമി കൈയ്യേറ്റം നടത്തിയിട്ടുണ്ട്. അതിലാണ് സര്‍ക്കാറിന്‍രെ പരിശോധനകള്‍ നടക്കുന്നത്. ഈ പട്ടയഭൂമിക്ക് പുറമേ സജിത്ത് പലരില്‍ നിന്നായി ഭൂമി വാങ്ങിയിട്ടുണ്ട്. കൂടാതെ ഭാര്യയുടെ പേരിലും ഇയാള്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. തന്റെ ഭൂമിക്ക് പട്ടയമുണ്ട് എന്ന് സജിത് അവകാശപ്പെടുന്നത് ശരിയാണ്. എന്നാല്‍, അത് മൂന്നരയേക്കര്‍ ഭൂമിക്കാണ്. സജിത്തിന്റെയും ഭാര്യയുടെയും പേരിലുള്ള ഭൂമക്ക് പുറമേ അനധികൃതമായി കയ്യേറി എന്നതാണ് ആരോപണം. ഇങ്ങനെയുള്ള കയ്യേറ്റത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതേക്കുറിച്ച്് സജിത്ത് മിണ്ടുന്നില്ല. പകരം പട്ടയമുള്ള ഭൂമിയുടെ രേഖകള്‍ കാണിച്ചാണ് തട്ടിപ്പു മറയ്ക്കാന്‍ ശ്രമിക്കുന്നത്. ഇതാണ് വസ്തുത.




പരുന്തുംപാറയില്‍ സജിത്തിന്റെ പേരിലും സജിത്തിന്റെ ഭാര്യയുടെ പേരിലും ഭൂമിയുണ്ട്. ഇത് സംബന്ധിച്ച വിവരാവകാശ രേഖകള്‍ സഹിതം മറുനാടന്‍ നേരത്തെ വാര്‍ത്ത പുറത്തുവിട്ടതാണ്. പലരില്‍ നിന്നും ചുളുവിലക്ക് വാങ്ങിയത് അടക്കം മറുനാടന്‍ പുറത്തു വിട്ടിരുന്നു. ഇവിടെ നടക്കുന്ന റോഡ് നിര്‍മ്മാണത്തെ കുറിച്ചും വേലി കെട്ടിയതിനെ കുറിച്ചും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതേക്കുറിച്ചൊന്നും സജിത്ത് ഇപ്പോള്‍ പറയുന്നല്ല. സജിത്തിന്റെ പേരിലെ ഭൂമിയെ കുറിച്ച് മാത്രമാണ് പറയുന്നത്.

നിയമപരമായ ഭൂമിക്കൊപ്പം റവന്യൂ ഭൂമി കൂടി കയ്യേറുകയും ചെയ്തു. ഇതില്‍ എവിടെയാണ് കുരിശു സ്ഥാപിച്ചത് എന്നത് വ്യക്തമല്ല. അനധികൃത ഭൂമി സ്വന്തമാക്കാന്‍ വ്യാജരേഖ ഉണ്ടാക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തിയും സജിത് ജോസഫ് ചെയ്തിട്ടുണ്ട്. ഇക്കാര്യം റവന്യൂ മന്ത്രി രാജന്‍ നിയമസഭയില്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിലാണ് ഈ കയ്യേറ്റങ്ങള്‍ നടന്നത് എന്നതു കൊണ്ടു തന്നെ സജിത്തിനെതിരെ ക്രിമിനല്‍ കേസെടുക്കുന്നില്ല. വ്യാജരേഖ ചമയ്ക്കല്‍ കേസില്‍ ജാമ്യം കിട്ടാത്ത വകുപ്പാണ് സജിത്തിനെതിരെ ചുമത്തേണ്ടത്. അത്തരം നടപടികള്‍ എന്തുകൊണ്ട് നടക്കുന്നില്ലെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്.

പരുന്തുംപാറയില്‍ നടന്ന കൈയേറ്റം സംബന്ധിച്ച ഹൈക്കോടതിയും കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് കയ്യേറ്റമാണെനന്ന് കോടതി നേരത്തെ വ്യക്തമാക്കുകയും ചെയതിരുന്നു. നേരത്തെ പരിസ്ഥിതി ദുര്‍ബല മേഖലയായ പരുന്തുംപാറയില്‍ കയ്യേറിയ ഭൂമിയും, അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളും ഏറ്റെടുക്കണമെന്ന് നിര്‍ദേശവും ഉണ്ടായിരുന്നു. ഐജി സേതുരാമന്‍, ഇടുക്കി മുന്‍ ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് നിര്‍ദേശം. ഉടമസ്ഥാവകാശ രേഖകളുടെ പിന്‍ബലമില്ലാതെ മഞ്ചുമല വില്ലേജിലെ 441, 859/1, 176/1 എന്നീ സര്‍വേ നമ്പറുകളില്‍ സജിത്ത് ജോസഫ് എന്നയാളുടെ കൈവശത്തിലിരിക്കുന്ന സ്ഥലവും, വസ്തുവകകളും നിയമപരമായ നടപടികളിലൂടെ ഒഴിപ്പിച്ചു ഏറ്റെടുക്കണമെന്നു കാട്ടി ഉന്നതതല സംഘം പ്രത്യേക റിപ്പോര്‍ട്ട് ഹൈക്കോടതിക്കു സമര്‍പ്പിക്കുകയും ചെയ്തതാണ്.




സജിത്ത് കൈവശം വച്ചിരിക്കുന്നത് സ്ഥലം മഞ്ചുമല വില്ലേജിലെ 9875.96 ഏക്കര്‍ വരുന്ന പുറമ്പോക്ക് ഭൂമിയില്‍ വരുന്നതാണ്. എന്നാല്‍ സ്ഥലത്തിനു കരം അടയ്ക്കുന്നത് പീരുമേട് വില്ലേജിലാണ്. ഈ സ്ഥലത്തിനു പട്ടയം നല്‍കിയിരിക്കുന്നത് പീരുമേട് വില്ലേജിലെ 534 സര്‍വേ നമ്പറില്‍ ആണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതെല്ലാം സജിത്ത് നടത്തിയ കയ്യേറ്റത്തിന് തെളിവുകളാണ്.

യേശുവിനെ വിറ്റ് കോടീശ്വരനായ സജിത്ത് ജോസഫ്

രോഗശാന്തി ശുശ്രൂഷയുടെ പേരില്‍ ആളുകളെ കബളിപ്പിച്ചു പണമുണ്ടാക്കിയ ആളാണ് സജിത്ത് ജോസഫ്. സജിത്തിനെ ന്യായീകരിക്കാന്‍ വേണ്ടി രംഗത്തുള്ളവര്‍ സജിത്തിന്റെ വരുമാന മാര്‍ഗ്ഗം എന്താണെന്ന കാര്യം മനപ്പൂര്‍വ്വം മറക്കുന്നു. തലച്ചോറിലെ കാന്‍സര്‍ മാറ്റുന്നു എന്നു വരെ അവകാശപ്പെട്ടാണ് സജിത്തിന്റെ രോഗശാന്തി ശുശ്രൂഷ. ഇതെല്ലാം യേശുക്രിസ്തുവിനെ വിറ്റു ജീവിക്കുന്നതിന്റെ തെളിവുകളാണ്. ഇവര്‍ നടത്തുന്ന രോഗശാന്തി ശുശ്രൂഷയുടെ മെഡിക്കല്‍ ഹിസ്റ്ററി ഒരിക്കലും പുറത്തുവിടാറില്ല. ഇതാണ് തട്ടിപ്പിന്റെ പ്രധാന ആയുധവും.

കത്തോലിക്കാ സഭക്കാരനായിരുന്ന സജിത് ജോസഫ് സഭയെ തള്ളിപ്പറഞ്ഞാണ് പെന്തകോസ്ത് വഴിയില്‍ തിരിഞ്ഞത്. കള്ളരോഗശാന്തി കാണിച്ചു ആളുകളെ കബളിപ്പിക്കുന്ന ആളെയാണ് സഭയിലെ തന്നെ ചിലര്‍ പിന്തുണയ്ക്കുന്നത് എന്നതും ശ്രദ്ധേയമാണ്. റിസോര്‍ട്ടിന് വേണ്ടിയാണ് കെട്ടിടം കെട്ടിപ്പൊക്കുന്നതെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ധ്യാനകേന്ദ്രമാണ് പണിയുന്നത് എന്നാണ് സജിത് പറഞ്ഞിരുന്നത്. യേശു ക്രിസ്തുവിനെ വിറ്റ് കോടികള്‍ ഉണ്ടാക്കിയ സജിത്ത് ഇപ്പോള്‍ അനധികൃതമായി ഉണ്ടാക്കിയ സ്വത്ത് കൈവിട്ട് പോകാതിരിക്കാന്‍ കുരിശിനെ അവഹേളിച്ചുകൊണ്ട് അവിടെ വലിയൊരു കുരിശ് പെട്ടെന്ന് സ്ഥാപിക്കുന്നു. ഇതാണ് വാര്‍ത്ത ആയതിനെ തുടര്‍ന്ന് പൊളിച്ചു നീക്കേണ്ടി വന്നത്.



രോഗശാന്തി ശുശ്രൂഷ നടത്തി തട്ടിപ്പു നടത്തിയ പാസ്റ്റര്‍ സജിത്ത് ജോസഫിന്റെ തട്ടിപ്പുകള്‍ മറുനാടന്‍ കുറച്ചു കാലങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വന്തം നാടക സംഘത്തെ വെച്ചു കൊണ്ടും നിരാലംബരായ രോഗികള്‍ക്ക് ഇല്ലാത്ത പ്രതീക്ഷ നല്‍കി കൊണ്ടുമാണ് സജിത് പാസ്റ്റര്‍ തട്ടിപ്പുകള്‍ നടത്തുന്നത്. ഭേദമാകാത്ത രോഗം യേശുവിന്റെ കാരുണ്യം കൊണ്ട് ഭേദമായെന്ന് അവകാശപ്പെട്ടു കൊണ്ടാണ് സജിത്ത് ജോസഫ് രംഗത്തുവന്നത്. ഈ അവകാശ വാദങ്ങളുടെ പൊള്ളത്തരങ്ങളാണ് മുന്‍കാലങ്ങളില്‍ മറുനാടന്‍ മുമ്പ് പൊളിച്ചടുക്കിയത്.

ഒന്നുമില്ലായ്മയില്‍ നിന്നുമാണ് കോടികള്‍ സമ്പാദ്യമുള്ള രോഗശാന്തി ശുശ്രൂഷ കച്ചവടക്കാരനായി സജിത്ത് പാസ്റ്റര്‍ മാറിയത്. ഈ നിലയിലേക്ക് പണം സമ്പാദിച്ചതില്‍ ഇദ്ദേഹം കരുക്കളാക്കിയത് സാധുക്കളായ നിരവധി പേരെയാണ്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ പെട്ട ആലക്കോടും സമീപ പ്രദേശങ്ങളും തിരുവിതാംകൂറില്‍ നിന്നും കുടിയേറി കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന ഒരു മേഖലയാണ്. ഈ കുടിയേറ്റ മേഖലയില്‍ പെട്ട ആലക്കോടിന്റെ സമീപ പ്രദേശമായ കാപ്പിമല എന്ന സ്ഥലത്താണ് സജിത് ജോസഫ് ജനിച്ചത്. ഒരു കത്തോലിക്കാ കുടുംബത്തില്‍ കൊട്ടാരത്തില്‍ ജോസഫ് എന്ന വ്യക്തിയുടെ രണ്ടാമത്തെ മകനായാണ് സജിത്ത് ജോസഫ് ജനിച്ചത്. കാപ്പിമല സെന്റ് ജോസഫ് പള്ളിയില്‍ നിന്ന് മാമ്മോദീസാ സ്വീകരിച്ച് ഒരു ക്രിസ്ത്യാനിയായി സജിത്ത് തന്റെ ക്രിസ്തീയ ജീവിതം ആരംഭിച്ചത്.

സജിത്തിന്റെ പിതാവ് ജോസഫ് കെ.ജെ. കൊട്ടാരത്തില്‍ എന്ന വ്യക്തി ഒരു കത്തോലിക്കാ സഭ വിശ്വാസിയായിരുന്നു. കാപ്പിമലയുടെയും ഒറ്റത്തെയുടെയും ഇടയിലുള്ള ഊറ്റുകുഴി എന്ന സ്ഥലത്തായിരുന്നു ഇവരുടെ താമസം. അന്നത്തെ കാലത്ത് കാല്‍നട യത്ര പോലും ദുഃസഹമായ ഒരു മലമ്പ്രദേശമായിരുന്നു ഇത്. അക്കാലത്ത് സജിത്തിന്റെ പിതാവ് ജോസഫ് ഒറ്റത്തെ എന്ന കൊച്ചു ഗ്രാമത്തില്‍ 1980- 90 കളില്‍ തയ്യല്‍ ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. അദ്ദേഹം ഒരു തീവ്ര ദൈവ ഭക്തനെന്നും ആ കാലത്ത് ആയിരുന്നില്ല. സജിത്തിനെ കൂടാതെ അജിത് എന്നൊരു പുത്രനും ഇദ്ദേഹത്തിനുണ്ടായിരുന്നു.

1990-ല്‍ ആണ് ഇവര്‍ കത്തോലിക്കാ സഭ വിട്ട് പെന്തക്കോസ്ത് സഭയില്‍ ചേക്കേറുന്നത്. പെന്തക്കോസ്ത് സഭയിലെ അംഗങ്ങളുടെ എണ്ണം വളരെ കുറവായതിനാല്‍ 1990 - കളില്‍ മറ്റ് സഭകളില്‍ നിന്നും വിദേശപണം മുടക്കി ആളുകളെ പെന്തക്കോസ്ത് സഭയില്‍ ചേര്‍ത്തിരുന്നു. ദരിദ്ര്യാവസ്ഥയിലുള്ള പലരും അന്ന് പണം വാങ്ങി കത്തോലിക്കാ സഭവിട്ട് പെന്തകോസ്ത് സഭയില്‍ ചേര്‍ന്നു. അങ്ങനെയാണ് സജിത് ജോസഫിന്റെ കുടുംബവും പെന്തക്കോസ്ത് സഭയിലെത്തുന്നത്. അന്ന് പെന്തകോസ്ത് സഭയില്‍ പാസ്റ്റര്‍മാര് കുറവായിരുന്നതിനാല്‍ പലരെയും നേരിട്ട് പാസ്റ്റര്‍മാരായി നിയമിച്ചു.

കത്തോലിക്കാ സഭയില്‍ ഒരു വൈദികനാകണമെങ്കില്‍ 12 വര്‍ഷത്തെ സെമിനാരി പഠനമെങ്കിലും ചുരുങ്ങിയത് ആവശ്യമെന്നിരിക്കെയാണ് 'രണ്ട് , നാല് ദിനം കൊണ്ടൊരുത്തനെ പാസ്റ്ററാക്കിയിരുത്തുന്നതും ഭവാന്‍ 'എന്ന രീതിയില്‍ സജിത്തിന്റെ പിതാവ് പാസ്റ്ററായത്. പാസ്റ്ററായി ഉദ്യോഗം കിട്ടിയ സജിത്തിന്റെ പിതാവ് കവല പ്രസംഗങ്ങള്‍ക്കായി മലയിറങ്ങി തുടങ്ങി. അങ്ങനെ തയ്യലിനെക്കാളും വരുമാനം സുവിശേഷ കച്ചവടത്തിനുണ്ട് എന്ന സത്യം അദ്ദേഹം മനസ്സിലാക്കി. അയല്‍വാസികളുമായുള്ള പ്രശ്നങ്ങളും, ജോസഫ് പാസ്റ്ററുടെ കവല പ്രസംഗത്തിന് യാത്രാ സൗകര്യത്തിനുള്ള ബുദ്ധിമുട്ടും ഒരു പ്രശ്നമായതിനാല്‍ 1992-ല്‍ കാപ്പിമല ഊറ്റുകുഴിയിലെ ജീവിതം അവസാനിപ്പിച്ച് താഴ്വാരത്തുള്ള വായാട്ട് പറമ്പിനടുത്ത ബാലപുരത്തേയ്ക്ക് മാറുവാന്‍ ഇവര്‍ നിര്‍ബന്ധിതരായി. അന്ന് സജിത് ജോസഫ് ഒറ്റത്തെ ഗവ. യു.പി. സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയായിരുന്നു.

ബാലപുരത്തെത്തിയ പാസ്റ്റര്‍ ജോസഫ് തന്റെ കവലപ്രസംഗവും, പാസ്റ്റര്‍ ജോലിയുമായി സാമ്പത്തിക നേട്ടം കൈവരിച്ച് തുടങ്ങി. അദ്ദേഹം അന്നാണ് വെള്ളമുണ്ട് ഉപേക്ഷിച്ച് പാന്റ് ധരിക്കുവാന്‍ തുടങ്ങിയത്. മക്കളായ അജിത് ജോസഫും , സജിത് ജോസഫും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എറണാകുളം ജില്ലയിലുള്ള പെന്തക്കോസ്ത് സഭയുടെ ബൈബിള്‍ കോളേജില്‍ പഠനം തുടങ്ങി. ഈ സമയത്ത് പാസ്റ്റര്‍ ജോസഫിന് സുവിശേഷ വേലക്കായി കുടുംബ സമേതം അമേരിക്കയില്‍ പോകുവാന്‍ അവസരം ലഭിച്ചു. അങ്ങനെ സജിത്തിന്റെ കുടുംബം ലക്ഷപ്രഭുവില്‍ നിന്ന് കോടീശ്വരനിലേയ്ക്കുള്ള യാത്ര തുടങ്ങിയെന്നതാണ് വസ്തുത. ഇന്ന് ശത കോടികളുടെ ആസ്തി ഇവര്‍ക്കുണ്ട്.