പാലക്കാട്: സന്ദീപ് വാര്യരെ സിപിഎം ഏറെ മോഹിച്ചിരുന്നു. സംഘപരിവാറില്‍ നല്ല സ്വാധീനമുള്ള യുവ നേതാവിനെ എങ്ങനേയും അടുപ്പിക്കാനായിരുന്നു നീക്കം. സന്ദീപിന് രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് നിരവധി ബന്ധങ്ങളുണ്ട്. സിപിഎമ്മിലും സുഹൃത്തുക്കള്‍. ബിജെപിയുമായി സന്ദീപ് അകന്നപ്പോള്‍ തന്നെ സിപിഎം പദ്ധതി തുടങ്ങി. മൂന്ന് മന്ത്രിമാരെ മുന്‍നിര്‍ത്തിയായിരുന്നു നീക്കങ്ങള്‍. അതിലൊരു മന്ത്രി തെക്കന്‍ കേരളത്തില്‍ നിന്നുളള നേതാവാണ്. ഇവര്‍ പുറകില്‍ നിന്നും ചരടു വലിച്ചപ്പോള്‍ മന്ത്രി എംബി രാജേഷ് മുന്നില്‍ നിന്നു. മന്ത്രി പി രാജീവും ഒപ്പം കൂടി. എല്ലാം ഏകോപിപ്പിക്കേണ്ട ഉത്തരവാദിത്തം സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ ബാലന്‍ എല്ലാ വഴിയിലും സന്ദീപിനെ അടുപ്പിക്കാന്‍ ശ്രമിച്ചു. പാക്കേജുകള്‍ അടക്കം ചര്‍ച്ചയാക്കി. പക്ഷേ സന്ദീപ് കരുതലോടെ നീങ്ങി.

സോഷ്യല്‍ മീഡിയയിലെ പരിവാര്‍ മുഖമായിരുന്നു സന്ദീപ്. സിപിഎമ്മിനേയും പിണറായിയേയും എന്നും കടന്നാക്രമിച്ച നേതാവ്. അതുകൊണ്ട് തന്നെ സിപിഎം പക്ഷത്തേക്ക് പോയാല്‍ പല വിധ നെഗറ്റീവ് ചര്‍ച്ചകള്‍ ഉയരുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് സിപിഎമ്മിന് സന്ദീപ് കൈകൊടുക്കാത്തത്. ആര്‍എസ് എസ് നേതാവ് ജയകുമാര്‍ നേരിട്ടെത്തി സന്ദീപിനെ അനുനയിപ്പിച്ചു. സിപിഎമ്മിലേക്ക് പോയാലുള്ള പ്രശ്‌നം പലരും ചൂണ്ടിക്കാട്ടി. ഇതുകൊണ്ടാണ് സന്ദീപ് കാത്തിരുന്നത്. എങ്ങനേയും പരിവാറില്‍ തുടരാനും ആ ഘട്ടത്തില്‍ ആഗ്രഹിച്ചു. തന്നെ അപമാനിച്ച പി രഘുനാഥിനെ പാലക്കാട്ടെ തിരഞ്ഞെടുപ്പ് ചുമതലയില്‍ നിന്നും മാറ്റണമെന്ന് മാത്രമായിരുന്നു സന്ദീപിന്റെ ആവശ്യം. അതുപോലും അംഗീകരിക്കപ്പെട്ടില്ല. കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തുടങ്ങിയ തര്‍ക്കം എല്ലാ അര്‍ത്ഥത്തിലും പൊട്ടിത്തെറിയാക്കി മാറ്റിയത് രഘുനാഥാണ്. രഘുനാഥിനെ ചേര്‍ത്ത് പിടിച്ച ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എല്ലാ അര്‍ത്ഥത്തിലും സന്ദീപിനെ തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സന്ദീപിനെ ബിജെപിയില്‍ നിന്നും പുറത്താക്കാന്‍ കരുക്കള്‍ നീക്കി. ഇതിനിടെയാണ് കോണ്‍ഗ്രസ് ചരടു വലി തുടങ്ങിയത്.

ബിജെപിയില്‍ ഇനി സ്ഥാനം ഉണ്ടാകില്ലെന്ന് സന്ദേശം നല്‍കിയ സുരേന്ദ്രന്‍ പോലും ഈ ഘട്ടത്തില്‍ ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരിട്ടാണ് സന്ദീപുമായി സംസാരിച്ചത്. കല്‍പ്പാത്തി രഥോല്‍സവം എല്ലാത്തിനും കാരണമായി. അന്ന് എല്ലാ രാഷ്ട്രീയ നേതാക്കളുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞപ്പോള്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും

സതീശനും നിര്‍ണ്ണായക നീക്കം നടത്തി. ആര്‍ക്കും അത് മണത്തറിയാന്‍ കഴിഞ്ഞില്ല. ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനും സന്ദീപുമായി സംസാരിച്ചു. മാന്യമായ സ്ഥാനം ഉറപ്പു നല്‍കി. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും എല്ലാം മനസ്സിലാക്കി. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അനുകൂലമായി. മുസ്ലീം ലീഗിനും സന്ദീപിനെ യുഡിഎഫിലേക്ക് കൊണ്ടു വരുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. ഒരു ഘട്ടത്തില്‍ എകെ ബാലനെ ബാലേട്ടനെന്ന് വിളിച്ച സന്ദീപ് ഒടുവില്‍ കോണ്‍ഗ്രസ് ഷാള്‍ അണിതും. ബെന്നി ബെഹന്നാന്റെ തന്ത്രവും നീക്കവും സന്ദീപിനെ കോണ്‍ഗ്രസുകാരനാക്കിയെന്നതാണ് മറ്റൊരു വസ്തുത. ബെന്നിയാണ് ഈ നീക്കം തുടങ്ങിയതെന്നതാണ് വസ്തുത.

ബാലേട്ടനും രാജേഷും രാജീവും ഒത്തു പിടിച്ചിട്ടും സന്ദീപ് കോണ്‍ഗ്രസ് കാമ്പില്‍ പോയതില്‍ സിപിഎം കടുത്ത നിരാശയിലാണ്. മണ്ണാര്‍ക്കാട് കാട്ടി സിപിഐയും സന്ദീപിനെ മോഹിപ്പിച്ചു. എന്നാല്‍ അതിലും സന്ദീപ് വീണില്ല. ബിജെപിയിലെ നല്ല കുട്ടിയെ സ്വന്തമാക്കാന്‍ പതിനെട്ട് അടവും പറ്റിയ സിപിഎം ഞെട്ടലോടെയാണ് കോണ്‍ഗ്രസിന്റെ മിന്നല്‍ നീക്കം കാണുന്നത്. എല്ലാം തകര്‍ത്ത് സുധാകരന്റേയും സതീശന്റേയും പൂഴിക്കടകനാണെന്ന് സിപിഎം തിരിച്ചറിയുന്നു. ഷാഫിയും ശ്രീകണ്ഠനും കരുക്കള്‍ നീക്കിയതും കൂടെ നില്‍ക്കുന്നവര്‍ക്ക് പോലും ഒരു സൂചനകള്‍ നല്‍കിയാണ്. ആര്‍ എസ് എസിലെ ഏറ്റവും പ്രധാനപ്പെട്ട കെ ജയകുമാര്‍ സംസാരിച്ചിട്ട് പോലും വഴങ്ങാത്ത സന്ദീപ് ഇനി പരിവാറുകാരനല്ലെന്ന് ബിജെപിയും പ്രഖ്യാപിക്കും.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സന്ദീപിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. വന്‍ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോണ്‍ഗ്രസ് നേതാക്കളൊരുക്കിയത്. ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. പ്രചരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാര്‍ട്ടി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിനിടെയില്‍ പാലക്കാട് സ്ഥാനര്‍ഥി സി. കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതോടെ കാര്യങ്ങള്‍ പരസ്യമായി. സന്ദീപിനെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്ത് എ.കെ. ബാലന്‍ രംഗത്തെത്തിയിരുന്നു.

പാലക്കാട് സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിരന്തരം അപമാനിച്ചത് എണ്ണിപ്പറഞ്ഞുകൊണ്ട് വൈകാരികമായിട്ടായിരുന്നു സന്ദീപ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നതായിരുന്നു പാലക്കാട് തിരഞ്ഞെടുപ്പ് വേദിയില്‍ സീറ്റ് നിഷേധിച്ചതിനെ സൂചിപ്പിച്ച് സന്ദീപ് കുറിച്ചത്. ഇതിനിടയില്‍ സി.പി.ഐലേക്ക് പോകുന്നുവെന്നും വാര്‍ത്തകള്‍ വന്നു. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ തന്നെ ഇടപെട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സന്ദീപ് വഴങ്ങിയിരുന്നില്ല. ഇതോടെ ബി.ജെ.പി സന്ദീപിനെതിരെ നടപടിയിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങളും ശക്തമായി.

എന്നാല്‍ നടപടിയുണ്ടായാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നായിരുന്നു സന്ദീപിന്റെ മറുപടി. തന്നെ അപമാനിച്ച നേതാക്കള്‍ക്കെതിരേ നടപടി വേണമെന്ന നിലപാടില്‍ സന്ദീപ് ഉറച്ചു നിന്നു. അല്ലാതെ പാര്‍ട്ടി വേദികളിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ കോണ്‍ഗ്രസിലേക്കും പോയി.