- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴ് 'വിസ്മയങ്ങളും' പൊട്ടും; ജി സുധാകരന് 5000ത്തോളം വോട്ടിന് തോല്‍ക്കും; ഐഷാപോറ്റിയും, ശശിയും, അന്വറുമെന്നും പച്ച തൊടില്ല; എ സുരേഷ് മൂന്നാംസ്ഥാനത്താവും; 58 സീറ്റുകള്‍ ഉറപ്പ്; 75 സീറ്റുകളെങ്കിലും നേടി ഭരണത്തുടര്‍ച്ച; സിപിഎമ്മിന്റെ ബൂത്തുതല പ്രാഥമിക വിലയിരുത്തല്‍ ഇങ്ങനെ
സിപിഎമ്മിന്റെ ബൂത്തുതല പ്രാഥമിക വിലയിരുത്തല്‍ ഇങ്ങനെ

കോഴിക്കോട്: കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞതോടെ മുന്നണികള്‍ക്ക് ഇത് കണക്കുകൂട്ടലിന്റെ കാലമാണ്. ഉയര്‍ന്ന പോളിങ് ശതമാനത്തിന്റെ കണക്കുവെച്ച്, ഭരണവിരുദ്ധ വികാരം ഉണ്ടായെന്നും, നൂറുസീറ്റുവരെ എത്തുന്ന ഒരു തരംഗമായി അതുമാറുമെന്നുമാണ് പ്രതിപക്ഷ നേതാവ്, വി ഡി സതീശനടക്കമുള്ളവര്‍ പറയുന്നത്. എല്‍ഡിഎഫിന്റെ ബൂത്ത് തല കണക്കുകള്‍ അവര്‍ ശേഖരിച്ച് വരികയാണ്. പക്ഷേ, പ്രാഥമിക കണക്കുകള്‍ വെച്ചുനോക്കുമ്പോള്‍ ഇടതുപക്ഷവും ആത്മവിശ്വാസം കൈവിട്ടിട്ടില്ല.
എസ്ഐആറിനെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ശുദ്ധികലശം നടത്തിനാലാണ് പോളിങ്് ശതമാനം വലിയ രീതിയില്‍ കൂടിയത് എന്നാണ്് സിപിഎമ്മിന്റെ വിലയിരുത്തല്‍. തിരുവനന്തപുരം ജില്ല മാത്രം എടുത്ത് നടത്തിയ പരിശോധനയില്‍, ആകെ രണ്ടിടത്ത് മാത്രമാണ്, കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ എണ്ണം ആളുകള്‍ വോട്ട് ചെയ്തത്. ബാക്കി 12 മണ്ഡലങ്ങളിലും വോട്ട് ചെയ്തവരുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണ്. മൊത്തം കണക്കുനോക്കുമ്പോള്‍, പുതിയ വോട്ടര്‍മാരുടെ എണ്ണവും പരിഗണിക്കുമ്പോള്‍, പോളിങ്് ശതമാനത്തിലുണ്ടായ വര്‍ധനവിന് ആനുപാതികമായി വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പോളിങ്് ശതമാനംവെച്ചുള്ള ജയ പരാജയ വിലയിരുത്തലുകള്‍ അശാസ്ത്രീയമാണ് എന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. മാത്രമല്ല പോളിങ്് ശതമാനം കൂടിയപ്പോഴും തങ്ങള്‍ വിജയിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
യുഡിഎഫിനേക്കാള്‍ കൂടുതല്‍ ഷുവര്‍ സീറ്റുകള്‍ ഉള്ളത് എല്‍ഡിഎഫിനാണെന്നും, 58 സീറ്റുകളില്‍ ഏത് കാലാവസ്ഥയിലും തങ്ങള്‍ തോല്‍ക്കില്ല എന്നും സിപിഎം നേതൃത്വത്തിന് കിട്ടിയ വിവരം. കടുത്ത പേരാട്ടം നടക്കുന്ന 30 മണ്ഡലങ്ങളില്‍ 12 എണ്ണം അനുകൂലായാല്‍ ഭരണം പിടിക്കാം. 75 സീറ്റുകളിലധികം നേടി മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന സ്വപ്നത്തില്‍നിന്ന് ഇപ്പോഴും, സിപിഎം നേതാക്കള്‍ പിന്‍മാറിയിട്ടില്ല.
പക്ഷേ ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്, യുഡിഎഫ് 'വിസ്മയങ്ങള്‍' എന്ന് വിശേഷിപ്പിച്ച, ഇടതുപക്ഷത്തുനിന്ന് കാലുമാറിവന്ന 7 നേതാക്കളും തോല്‍ക്കുമെന്ന ബൂത്തുതല റിപ്പോര്‍ട്ടാണ്. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍, മൂന്ന് തവണ എംഎല്‍എ ആയിരുന്ന ഐഷ പോറ്റി, നിലമ്പൂര്‍ എംഎല്‍എ ആയിരുന്ന പി.വി. അന്‍വര്‍, മുന്‍ എംഎല്‍എ ആയിരുന്ന പി.കെ. ശശി, തളിപ്പറമ്പിലെ മുതിര്‍ന്ന സിപിഎം നേതാവായിരുന്ന ടി.കെ. ഗോവിന്ദന്‍, പയ്യന്നൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായിരുന്ന വി. കുഞ്ഞികൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷ് എന്നിവരാണ് ഇക്കുറി യുഡിഎഫ് പക്ഷേത്ത് കാലുമാറി മത്സരിക്കാനെത്തിയത്. ഇവര്‍ ഒക്കെതന്നെ തോല്‍ക്കുമെന്നാണ് സിപിഎമ്മിന്റെ ബൂത്തുതല കണക്ക്. അത്കൂടി അറിഞ്ഞതിനുശേഷമാണ്, മന്ത്രി സജി ചെറിയാനൊക്കെ ജി സുധാകരനെതിരെ ആഞ്ഞടിച്ചത്.
അമ്പലപ്പുഴയില്‍ 5000 വോട്ടിനെങ്കിലും ജയിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. സ്വന്തം സഹോദരനെ കെഎസ്യുക്കാര്‍ കൊന്നതാണെന്ന് കഴിഞ്ഞ അരനൂറ്റാണ്ടുകാലം പറഞ്ഞ സുധാകരന്‍ അതുപോലും എസ്എഫ്ഐയുടെ മുകളില്‍ ചാര്‍ത്തിയതും, വനിതാ നേതാക്കളുടെ നേര്‍ക്കടക്കം മോശമായ പ്രസ്താവന നടത്തിയതും, തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍. മുസ്ലീം ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗത്തിന്റെ വോട്ടും എച്ച് സലാമിനാണ് വീണത്. അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി, ആറുവാര്‍ഡുകളില്‍ എസ്ഡിപിഐ ജയിച്ചിട്ടുണ്ട്. ഈ വോട്ടും സുധാകരന് എതിരാണ്.
അതുപോലെ ബേപ്പൂരില്‍ മുഹമ്മദ് റിയാസിനെതിരെ പി വി അന്‍വറിന് ഒന്നും ചെയ്യാനായിട്ടില്ല എന്നാണ് സിപിഎം വിലയിരുത്തല്‍. ഒറ്റപ്പാലത്ത് പി.കെ. ശശിയും നനഞ്ഞ പടക്കമാണ്. കൊട്ടാരക്കരയില്‍ ഐഷാപോറ്റിക്കെതിരെ കെ എം ബാലഗോപാലും സുരക്ഷിതനാണ്. അതുപോലെ പാര്‍ട്ടി കോട്ടയായ തളിപ്പറമ്പിലും, പയ്യന്നൂരിലും, ഭൂരിപക്ഷം കുറഞ്ഞാലും ജയം തങ്ങള്‍ക്കുതന്നെയാണ് എന്നാണ് സിപിഎം വിലയിരുത്തല്‍ എ. സുരേഷ് മലമ്പുഴയില്‍ മൂന്നാം സ്ഥാനത്തേക്ക് നിലം പതിക്കുമെന്നാണ് സിപിഎം കണക്ക്. ഇവിടെ രണ്ടാം സ്ഥാനത്ത് എത്തുന്നത് ബിജെപിയാണ്.
തെക്കന്‍ കേരളത്തിലും, മധ്യകേരളത്തിലും, ഹിന്ദു- ക്രിസ്ത്യന്‍ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായി എന്നാണ് സിപിഎം കരുതുന്നത്. എന്‍.എസ്.എസ് - എസ്എന്‍ഡിപി വോട്ടുകളും അനുകുലമായി. കാന്തപുരം വിഭാഗം സുന്നികളുടെ വോട്ടും ഇടതിന് അനുകൂലമായാണ് വീണത്. കഴിഞ്ഞ പാര്‍ലമെന്റ്-തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തുപോലെ മൊത്തം മുസ്ലീം വോട്ടുകള്‍ എതിരായിട്ടില്ലെന്നും സിപിഎം നേതാക്കള്‍ പറയുന്നു.
അതേസമയം, ഭരണവിരുദ്ധ വികാരങ്ങളുണ്ടെന്ന പ്രചാരണത്തെ എല്‍.ഡി.എഫ് തള്ളിക്കളയുന്നു. സര്‍ക്കാരിന്റെ വികസന നയങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ലഭിച്ച വലിയ ജനപിന്തുണ ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്ന് ഇടത് നേതാക്കള്‍ വിശ്വസിക്കുന്നു. സി.പി.എമ്മിന്റെ ശക്തമായ സംഘടനാ സംവിധാനത്തിലൂടെ ഓരോ വോട്ടും ബൂത്തിലെത്തിക്കാന്‍ സാധിച്ചുവെന്നും 75 സീറ്റോടെയെങ്കിലും വീണ്ടും അധികാരത്തിലെത്തുമെന്നുമാണ് ഇടത് ക്യാമ്പിലെ ഉറച്ച കണക്കുകൂട്ടല്‍.


