തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോത്സ്യന്‍ കസ്റ്റഡിലാകുമ്പോള്‍ പുറത്തു വരുന്നത് അന്വേഷണം ശരിയായ ട്രാക്കില്‍ എന്ന സൂചന.. കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കുടുംബത്തിന് പല ഉപദേശങ്ങളും നല്‍കിയത് ജോത്സ്യനാണെന്നാണ് വിവരം. ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസം കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ കുടുംബത്തിന് വലിയ തോതില്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുടുംബം പലരില്‍നിന്നായി ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയിരുന്നു. ഇക്കാര്യം പോലീസ് സ്ഥരീകരിക്കുന്നുണ്ട്. ഇത് സാധൂകരിക്കുന്ന മൊഴികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ തുക ദേവീദാസന് കൊടുത്തതായി അമ്മ പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്.

ആദ്യം പ്രദീപ് കുമാറെന്ന അധ്യാപകനായിരുന്നു ശംഖുമുഖം ദേവീദാസന്‍. പിന്നീട് കാഥികന്‍ എസ്പി കുമാറായി മാറിയ ഇയാള്‍ അതിന് ശേഷം ദേവീദേവസനെന്ന മന്ത്രവാദിയായി മാറുകയായിരുന്നു. ഇയാളുടെ കൂടെ മന്ത്രവാദങ്ങളില്‍ സഹായിയായി ശ്രീതു പോയിരുന്നു. ആചാര്യന്‍ ശംഖുമുഖം ദേവിദാസന്‍ എന്നാണ് അറിയപ്പെടുന്നത്. തിരുവനന്തപുരത്ത് മൂകാംബിക അസ്‌ട്രൊ റിസര്‍ച്ച് സെന്റര്‍ എന്ന സ്ഥാപനവും ഉണ്ട്. കരിക്കകത്തിന് അടുത്ത് മൂകാംബിക മഠം സ്ഥാപിച്ചാണ് പ്രവര്‍ത്തനം. ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട പ്രതികരണം നടത്തിയ രണ്ട് സിനിമാക്കാര്‍ക്ക് അടക്കം ഇദ്ദേഹം മറുപടി നല്‍കിയിട്ടുണ്ട് യു ട്യൂബില്‍. ഇതിനൊപ്പം ചില വിവാദങ്ങളിലും പ്രതികരിച്ചിട്ടുണ്ട്. ആണും പെണ്ണും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ട സമയത്തില്‍ ഉള്‍പ്പെടെ യൂട്യൂബില്‍ വീഡിയോകള്‍ ഉണ്ടായിരുന്നു. പല ആത്മീയ യുട്യൂബ് ചാനലുകള്‍ ഇയാളുടെ വീഡിയോകള്‍ കൊടുത്തിട്ടുണ്ട്. കര്‍ക്കിടകം തീരുന്നു.. 24 മുതല്‍ 29 വരെ ഗ്രഹയുദ്ധം..കുജനും വ്യാഴവും.. ഈ 6 കൂറുകാരെ ചവുട്ടി താഴ്ത്തിയവര്‍ കൈകൂപ്പുമായി കരഞ്ഞു നില്‍ക്കും..ഈ 6 കൂറുകാര്‍ക്ക് ചക്രവര്‍ത്തി യോഗം.. ജ്യോതിഷ്യ ശിരോമണി.. ശ്രീ ശംഖുമുഖം ദേവീദാസന്‍.. മൂകാംബികാ മഠം...-എന്നിങ്ങനെ ചെയ്ത വീഡിയോയും ഉണ്ട്. കര്‍ക്കിടകത്തിലെ ഗൃഹയുദ്ധത്തില്‍ സ്‌പെഷ്യലിസ്റ്റാണ് ഇയാള്‍. കസ്റ്റഡിയില്‍ ആയതോടെ വിവാദ വീഡിയോകളെല്ലാം യുട്യൂബില്‍ നിന്നും അപ്രത്യക്ഷവുമായി.

ഇയാള്‍ പണ്ട് ഒരു പാരലല്‍ കോളേജ് അദ്ധ്യാപകനായിരുന്നു. പ്രദീപ് കുമാറെന്നായിരുന്നു പേര്. പിന്നീട് എസ് പി കുമാര്‍ എന്ന പേരില്‍ കാഥികനായി. മുട്ടക്കച്ചവടം അടക്കം പല ജോലികള്‍ ചെയ്ത്, ഒടുവില്‍ ദേവീദാസന്‍ എന്ന് പേര് മാറ്റി മന്ത്രവാദിയായി. മുട്ട സ്വാമിയെന്ന പേരിലും അറിയപ്പെടുന്നു. പ്രദീപിന്റെ ഭാര്യയുടെ വീട് ബാലരാമപുരത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേവീദാസന്‍ സ്ഥലം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 30 ലക്ഷം രൂപ തന്നില്‍ നിന്ന് വാങ്ങിയെന്ന് ശ്രീതു നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു. പൂജാരിയുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ഇടപാടുകളടക്കം പരിശോധിക്കും. അടുത്തിടെ ശ്രീതുവും ഹരികുമാറും തല മുണ്ഡനം ചെയ്തിരുന്നു. ഇത് പൂജാരിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് കരുതുന്നത്. ആലപ്പുഴയിലെ ഒരു മന്ത്രവാദിയുടെ സഹായിയായും ഹരികുമാര്‍ പ്രവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകത്തില്‍ മന്ത്രവാദിക്ക് ബന്ധമുണ്ടോയെന്നടക്കം പരിശോധിച്ചുവരികയാണ്.




കുട്ടിയുടെ കൊലയില്‍ കുട്ടിയുടെ അമ്മ ശ്രീതുവിന് കൃത്യത്തില്‍ പങ്കുണ്ടോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയെ നിലവില്‍ പോലീസ് പ്രതി ചേര്‍ത്തിട്ടില്ല. ശ്രീതുവിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും നിലവില്‍ പോലീസിന്റെ കയ്യിലില്ല. ഇന്നത്തെ ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കുട്ടിയുടെ മുത്തശ്ശിയില്‍ നിന്നും സഹോദരി പൂര്‍ണേന്ദുവില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുകയാണ്. മൊഴി വൈരുധ്യങ്ങളുള്ളത് കൊണ്ട് തന്നെ ബന്ധുക്കളില്‍ ആര്‍ക്കൊക്കെ കൃത്യത്തില്‍ പങ്കുണ്ട് എന്ന കാര്യത്തില്‍ പോലീസിന് സ്ഥിരീകരണമില്ല. സഹോദരനുമായി ശ്രീതുവിന്റെ വാട്‌സ്ആപ്പ് ചാറ്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ശ്രീതുവിന്റെ മൊഴികളിലെ വൈരുധ്യമാണ് പോലീസിനെ കുഴയ്ക്കുന്നത്. നിലവിവില്‍ മഹിളാകേന്ദ്രത്തിലുള്ള ശ്രീതുവിനെ കൂടുതല്‍ ചോദ്യം ചെയ്യാനും പോലീസ് നീക്കമുണ്ട്. അതേസമയം കൃത്യത്തില്‍ ശ്രീതുവിനും പങ്കുണ്ടെന്ന നിലപാടിലാണ് നാട്ടുകാര്‍. ഹരികുമാര്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നും ശ്രീതു അറിയാതെ കുഞ്ഞിനെ എടുക്കാന്‍ ഹരികുമാറിന് സാധിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.





ബാലരാമപുരം കോട്ടുകാല്‍ക്കോണം വാറുവിളാകത്തുവീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ശ്രീതു-ശ്രീജിത്ത് ദമ്പതിമാരുടെ മകളെ വ്യാഴാഴ്ച കാലത്താണ് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വെളുപ്പിനാണ് ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാനില്ലെന്ന് അമ്മ ശ്രീതു അതിരാവിലെ അയല്‍ക്കാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് മണിക്കൂറുകളോളം പ്രദേശത്താകെ തിരഞ്ഞു. ഒടുവില്‍ അഗ്നിരക്ഷാസേനയെത്തി വീട്ടുമുറ്റത്തെ കിണര്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. ബന്ധുക്കളെ സ്റ്റേഷനില്‍ വിളിപ്പിച്ചു ചോദ്യംചെയ്തപ്പോള്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു.