- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയന്‍ പൗരന് ഹരിയാന വഴി കടല്‍ കടത്താന്‍ ആഗ്രഹിച്ചത് നൂറ്റാണ്ട് പഴക്കമുള്ള തീര്‍ത്ഥ ചട്ടിയെ; കൊണ്ടു പോയത് 'ഭഗവാന്റെ മുഖ്യ സേനാധിപന്റെ' പൂജാപാത്രം; വിഷ്വക്‌സേനന്റെ മുമ്പിലെ പാത്രം കട്ടെടുത്തത് തിരക്ക് മുതലാക്കി; കൊണ്ടു പോയത് ലക്ഷങ്ങള്‍ മൂല്യമുള്ള വസ്തു; പത്മനാഭസ്വാമി ക്ഷേത്രത്തിലെ കള്ളന് കുടുങ്ങുമ്പോള്‍
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയത് ഭഗവാന്റെ കാവല്‍കാരന്‍ എന്ന വിശ്വാസ പെരുമയില്‍ കുടിയിരിക്കുന്ന വിഷ്വക്‌സേനന്റെ തീര്‍ത്ഥ ചട്ടി. പത്മനാഭസ്വാമിയുടെ പൂജാ കാര്യങ്ങളെല്ലാം വ്യക്തമായും കൃത്യമായും ഉറപ്പിക്കുന്ന ദൗത്യമാണ് വിഷ്വക്‌സേനന്റേതെന്നാണ് ഐതിഹ്യം. പത്മനാഭ പ്രതിഷ്ഠയുടെ വശത്താണ് കാവല്‍ക്കാരന്റെ സ്ഥാനം. ഭഗവാന് നിവേദ്യം അര്‍പ്പിക്കുന്നത് പോലും വിഷ്വക്‌സേനന്റെ ദൃഷ്ടി വരുന്നിടത്താണ്. ഈ ഭഗവാന്റെ കാവല്‍ക്കാരന്റെ തീര്‍ത്ഥചട്ടിയാണ് ഹരിയാനയിലേക്ക് കൊണ്ടു പോയത്. തളിപ്പാത്രം മോഷണം പോയ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുഖ്യപ്രതിയായ രാജേഷ് ഝാ എന്നയാള്‍ ഓസ്‌ട്രേലിയന്‍ പൌരനായ ഡോക്ടറാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ സ്ത്രീകളാണ്.
ക്ഷേത്രത്തിനകത്തെ ഒറ്റക്കല്‍ മണ്ഡപത്തിന് ചുറ്റും എപ്പോഴും നല്ല തിരക്കാണ്. ഈ അവസ്ഥ മുതലാക്കിയാണ് മോഷണം നടന്നത്. കൈക്കുള്ളില്‍ നിര്‍ത്താവുന്ന വലുപ്പത്തിലുള്ളതാണ് ഈ തീര്‍ത്ഥ ചട്ടി. പോലീസിന്റെ കാര്യക്ഷ്മമായ ഇടപെടലാണ് കള്ളനെ കണ്ടെത്തിയത്. ഓരോ നടയിലേയും പൂജാരിമാര്‍ പുജയ്ക്ക് വേണ്ട സാമഗ്രികള്‍ ചുമതലയുള്ളവരില്‍ നിന്നും കൃത്യമായി വാങ്ങും. അത് ഡ്യൂട്ടി കഴിയുമ്പോള്‍ തിരിച്ചേല്‍പ്പിക്കണം. കണക്കെല്ലാം കൃത്യമാണ്. ഇങ്ങനെ വിഷ്വക്‌സേനന്റെ നടയിലേക്ക് എടുത്ത സാധനങ്ങള്‍ വ്യാഴാഴ്ച തിരികെ സമര്‍പ്പിക്കുമ്പോഴാണ് തീര്‍ത്ഥ ചട്ടിയില്ലെന്ന് മനസ്സിലായത്. സ്ഥലം മാറി വച്ചതാകാമെന്ന നിഗമനത്തില്‍ രണ്ടു ദിവസം അന്വേഷണം നടത്തി. അതിന് ശേഷമാണ് ജീവനക്കാര്‍ക്ക് മെമ്മോ നല്‍കിയത്. വിവാദം ഒഴിവാക്കാന്‍ പരാതിയും നല്‍കി. ചെമ്പിലെ ഈ പാത്രത്തിന്റെ വിലയായിരുന്നില്ല പ്രശ്‌നം. അതിന്റെ കാലപ്പഴക്കമാണ് പ്രധാനപ്പെട്ടത്. ഏതാണ്ട് 75 കൊല്ലത്തിന് മുകളില്‍ പഴക്കമുണ്ട്. പുരാവസ്തു മൂല്യമാണ് ഇതിനെ അമൂല്യമാക്കുന്നത്. നൂറു കൊല്ലത്തോളം പഴക്കമുണ്ടാകാം ഇതിനെന്ന വിലയിരുത്തലുമുണ്ട്.
ഇത് മനസ്സിലാക്കിയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. വ്യാഴാഴ്ചയാണ് ഈ പാത്രം നഷ്ടമായതെന്ന് ഉറപ്പാക്കി. അതിന് ശേഷം ക്ഷേത്രത്തിനുള്ളിലെ സിസിടിവി അരിച്ചു പെറുക്കി. ജീവനക്കാരുടെ നീക്കങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് നരസിംഹ പ്രതിഷ്ഠയ്ക്ക് മുന്നില്‍ നിന്ന വ്യക്തിയുടെ മുണ്ടിന്റെ തുമ്പില്‍ എന്തോ ഒരു സാധനം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. വിശദ പരിശോധനയില്‍ ഇത് കാണാതായ വസ്തുവാണെന്ന് വ്യക്തമായി. ഇതിന് ശേഷം ആളിന്റെ വിശദാംശങ്ങള്‍ തേടിയായി യാത്ര. ഒടുവില്‍ അത് ഹരിയനായില്‍ എത്തി. അങ്ങനെ പത്മനാഭ സ്വാമിയുടെ കാവല്‍ക്കാരന്റെ തീര്‍ത്ഥ ചട്ടി കൊണ്ടു പോയ ആളും പാത്രവുമെല്ലാം തിരികെ തിരുവനന്തപുരത്ത് എത്തി. ഹൈന്ദവവിശ്വാസപ്രകാരം വിഷ്ണുവിന്റെ സൈന്യത്തിലെ മുഖ്യസേനാധിപനും വൈകുണ്ഠത്തിലെ കാവല്‍ക്കാരിലൊരാളുമാണ് വിഷ്വക്‌സേനന്‍. പ്തമനാഭ വവിശ്വാസികള്‍ ഏത് ശുഭകാര്യവും വിഷ്വക്‌സേനനെ വന്ദിച്ചുകൊണ്ടാണ് തുടങ്ങുന്നത്.
ഒറ്റക്കല്‍ മണ്ഡപത്തിന് വടക്കുവശത്തായി ശ്രീപദ്മനാഭന്റെ പാദഭാഗത്താണ് വിഷ്ണുവിന്റെ അംശമായ വിഷ്വക്സേന പ്രതിഷ്ഠ. ശംഖ്, ചക്രം, ഗദ, അഭയമുദ്ര എന്നിവയോടെ പീഠത്തില്‍ ഇരിക്കുന്ന പ്രതിഷ്ഠ. വിഷ്ണുവിന് സമര്‍പ്പിക്കുന്ന എല്ലാ വസ്തുക്കളും വിഷ്വക്സേനനെ കാണിക്കണം. ക്ഷേത്രത്തിന്റെ നിത്യനിദാന കണക്കുകള്‍ ബോധിപ്പിക്കുന്നതും വിഷ്വക്സേനന് മുന്നിലാണ്. ഈ പ്രതിഷ്ഠയുള്ളിടത്ത് എപ്പോഴും വലിയ തിരക്കാണ്. ഈ തിരക്കിന്റെ മറവിലാണ് അവിടെയുണ്ടായിരുന്ന പൂജാ പാത്രം ഹരിയാനക്കാര്‍ കൊണ്ടു പോയത്. മോഷണം തടയാനായില്ലെങ്കിലും അത് കണ്ടെടുക്കാന്‍ പോലീസ് കാട്ടിയത് അസാധാരണ നിരീക്ഷണമാണ്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശാനുസരണം സ്ഥാപിച്ച അത്യാധുനിക ക്യാമറ കള്ളനെ തിരിച്ചറിയാന്‍ പോലീസ് സഹായകമായി.
തീവ്രവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒരു എസ്.പി, ഒരു ഡി.വൈ.എസ്.പി നാല് സിഐമാര്‍, 200 പോലീസുകാര്‍ എന്നവരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഈ സുരക്ഷാ വലയം ഭേദിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത് എന്നുള്ളത് ക്ഷേത്രത്തിന്റെ സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മെറ്റല്‍ ഡിക്റ്റക്റ്റര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചാണ് പ്രതികള്‍ പാത്രം പുറത്ത് കടത്തിയത്. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയില്‍ നിന്ന് പ്രതികള്‍ പിടിയിലാകുന്നത്. മോഷണ ശേഷം ഉടുപ്പിയിലെത്തിയ പ്രതികള്‍ അവിടെനിന്നും വിമാന മാര്‍ഗമാണ് ഹരിയാനയില്‍ എത്തിയത്.
മുഖ്യപ്രതി ഗണേഷ് ഝാ ഓസ്‌ട്രേലിയന്‍ പൗരനും ഡോക്ടറുമാണ്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേര്‍ സ്ത്രീകളാണ്. അതീവ സുരക്ഷ മേഖലയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനകത്ത് കടന്ന് ഇവര്‍ പൂജയ്ക്ക് ഉപയോഗിക്കുന്ന നിവേദ്യ ഉരുളി മോഷ്ടിച്ചത് ക്ഷേത്രത്തിലെ സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വഴിയൊരുക്കും. സംസ്ഥാനപോലീസിന്റേയും കേന്ദ്രസേനയുടേയും സുരക്ഷാവലയത്തിലുള്ള സ്ഥലത്തുനിന്നാണ് സംഭവം നടക്കുന്നത്. അതിനാല്‍ തന്നെ വളരെ ഗൗരവത്തോടെയാണ് പോലീസ് ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നത്. സാധാരണഗതിയില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഒരാള്‍ക്ക് ദര്‍ശനം നടത്തി മടങ്ങണമെങ്കില്‍ തന്നെ നിരവധി സുരക്ഷാപരിശോധനകള്‍ നേരിടേണ്ടതായിട്ടുണ്ട്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളുള്ള ക്ഷേത്രമാണിത്. അവിടെ ഇത്തരത്തിലൊരു മോഷണം നടന്നുവെന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്.
ഐശ്വര്യത്തിന് മോഷണമെന്ന് മൊഴി
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യത്തിന് വേണ്ടിയെന്ന് പിടിയിലായ പ്രതികള്‍. ദര്‍ശനത്തിന് വേണ്ടിയാണ് ക്ഷേത്രത്തില്‍ എത്തിയതെന്നും തളിപ്പാത്രം കണ്ടപ്പോള്‍ പൂജിക്കാനായി ഇത് മോഷ്ടിക്കുകയും ചെയ്തെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൂര്‍ണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മോഷണവുമായി ബന്ധപ്പെട്ട് നാല് പ്രതികളെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. മൂന്നുസ്ത്രീകള്‍ അടക്കമുള്ള പ്രതികള്‍ ഹരിയാനയില്‍ വെച്ചാണ് പിടിയിലായത്. ഇന്ത്യയില്‍ ജനിച്ച് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയയാളും പിടിയിലായവരിലുള്‍പ്പെടുന്നു. ദര്‍ശനത്തിന് വേണ്ടിയാണ് ക്ഷേത്രത്തിലെത്തിയതെന്നും പെട്ടെന്ന് തോന്നിയപ്പോള്‍ തളിപ്പാത്രം എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. അതീവ സുരക്ഷാ മേഖലയിലാണ് മോഷണം നടന്നത് എന്നത് സുരക്ഷാവീഴ്ച സംബന്ധിച്ചുമുള്ള ആശങ്കളും ഉയര്‍ത്തുന്നുണ്ട്.
ഫോര്‍ട്ട് പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. കേരള പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹരിയാണ പോലീസാണ് പ്രതികളെ പിടികൂടുന്നത്. പ്രതികളെക്കുറിച്ച് വിശദമായ അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്. ഇവര്‍ക്ക് മറ്റേതെങ്കിലും മോഷണസംഘവുമായി ബന്ധമുണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. കേരള പോലീസിന്റെ സംഘം ഹരിയാണയിലെത്തി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം കൂടുതല്‍ വ്യക്തത വരുത്താനുള്ള നീക്കത്തിലാണ് പോലീസ്.
പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നല്‍കിയിരുന്ന പാസ്പോര്‍ട്ടിലെ വിവരങ്ങളില്‍ നിന്നാണ് ഹരിയാന സ്വദേശികളാണ് ഇവരെന്ന വിവരം ലഭിച്ചത്. തുടര്‍ന്നാണ് ഹരിയാനയില്‍ നിന്ന് പ്രതികള്‍ പിടിയിലായത്. പിടിയിലായ ഗണേഷ് ഝാ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടറാണ്.