തിരുവനന്തപുരം: മലയാള സിനിമയെ മാഫിയ സംഘം എന്ന് വിളിച്ച നടനെ ഒതുക്കിയെന്ന ഹേമാ കമ്മറ്റിയിലെ പരമാര്‍ശം വലിയ ചര്‍ച്ചയായിരുന്നു. ആ നടന്‍ കമ്മറ്റിക്ക് മുമ്പില്‍ മൊഴി നല്‍കിയില്ല. എന്നാല്‍ മൊഴി കൊടുത്തവരെല്ലാം ഈ മഹാനടനെ കുറിച്ച് പറഞ്ഞു. തിലകന് മലയാള സിനിമ നല്‍കിയ ദുര്‍ഗതിയായിരുന്നു ആ മൊഴികളിലുണ്ടായിരുന്നത്. പേര് പറയാതെ ഹേമാ കമ്മറ്റി ചര്‍ച്ചയാക്കുന്നതും ആ മഹാനടനെയാണ്.

സിനിമയില്‍നിന്ന് തഴയപ്പെട്ട ആ പ്രശസ്ത നടന്‍ സീരിയലിലേക്ക് പോയപ്പോള്‍ അവിടെയും പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ തയ്യാറായവരെ എല്ലാ വിധത്തിലും ദ്രോഹിക്കും. പീഡനം മൂലം സിനിമ വിട്ട് ടെലിവിഷന്‍ സീരിയലില്‍ അഭിനയിക്കാന്‍ ശ്രമിച്ച് നടന് അവിടെയും വിലക്കുണ്ടായി. ടെലിവിഷന്‍ മിനി സ്‌ക്രീന്‍ പ്രവര്‍ത്തകരുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റ് ഇതിനായി ശ്രമിച്ചു-എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിലകനായിരുന്നു ആ നടന്‍. മറുനാടന്‍ അന്വേഷണത്തില്‍ മൊഴി നല്‍കിയ പലരും തിലകന് വേണ്ടി സംസാരിച്ചെന്ന് വ്യക്തമാക്കിയിരുന്നു.

മന്ത്രി കെ ബി ഗണേഷ് കുമാറായിരുന്നു ഒരു ഘട്ടത്തില്‍ ആത്മ പ്രസിഡന്റ്. ഗണേഷ് കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫിലുള്ള ഒരാളാണ് ഈ സംഘടനയെ പരോക്ഷമായി എന്നും നിയന്ത്രിച്ചിരുന്നത്. അതുകൊണ്ട് തന്നെ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഈ പരാമര്‍ശം അതീവ ഗൗരവ സ്വഭാവമുള്ളതാണ്. ഇതിനോട് ഗണേഷ് ഇനിയും പ്രതികരിച്ചിട്ടില്ല. താര സംഘടനയായ അമ്മയുടെ രൂപീകരണത്തിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ഗണേഷ്. രണ്ടു ടേമായാണ് അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്നും മാറി നില്‍ക്കുന്നത്. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും ഗണേഷ് കൃത്യമായ പ്രതികരണം നടത്തിയില്ല. മഹാനടനെ ആത്മാ അധ്യക്ഷന്‍ തകര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മാധ്യമങ്ങള്‍ ഗണേഷിനോട് ചോദ്യവും ഉയര്‍ത്തിയില്ല.

തങ്ങള്‍ ആഗ്രഹിക്കുന്നതെന്തോ അത് ഇവിടെ ചെയ്യാന്‍ സാധിക്കുന്ന ഒരു മാഫിയ സംഘമായിരിക്കുന്നു മലയാള സിനിമ എന്ന് പറഞ്ഞ ഒരു നടനുണ്ടായിരുന്നു. ആ നടനായിരുന്നു തിലകന്‍. പേരു പറയാതെയാണ് തിലകനെ കുറിച്ചുള്ള സൂചനകള്‍ ഹേമാ കമ്മറ്റി നല്‍കുന്നത്. അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിലുകള്‍ പലര്‍ക്കും ഇഷ്ടമായില്ല. മലയാളത്തിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയ പ്രതിഭയില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ സിനിമയില്‍നിന്ന് മാറ്റിനിറുത്താന്‍ കഴിഞ്ഞു. പത്തോ പതിനഞ്ചോ പേര്‍ ചേര്‍ന്ന് അദ്ദേഹത്തെ സിനിമയില്‍നിന്ന് പുറത്താക്കി-ഇതാണ് ആ പരാമര്‍ശം.

ഈ നടന്‍ പിന്നീട് സിനിമ വിട്ട് സീരിയലില്‍ എത്തി. എന്നാല്‍ അവിടെയും ശക്തമായ ഈ ലോബിയുടെ പിടിയില്‍നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. സീരിയല്‍ താരങ്ങളുടെ ആത്മ എന്ന സംഘടനയെയാണ് ഇവര്‍ ഇതിനായി ഉപയോഗിച്ചത്. ആ സമയത്ത് ആത്മയുടെ അധ്യക്ഷന്‍ ഒരു സിനിമാ നടന്‍ കൂടിയായിരുന്നു. പത്തോ പതിനഞ്ചോ വ്യക്തികള്‍ തീരുമാനിച്ചാല്‍ ആരെയും സിനിമയില്‍നിന്ന് മാറ്റി നിര്‍ത്താം. ചെറിയ കാരണങ്ങള്‍ മതി അതിന്- റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. അവസരങ്ങള്‍ക്കായി വിട്ടുവീഴ്ചയ്ക്ക് തയാറാവാത്തരെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ വലിയ മാഫിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹേമാ കമ്മറ്റി വിശദീകരിക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തിലകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മകന്‍ ഷമ്മി തിലകന്‍ രംഗത്ത് വന്നിരുന്നു. 'ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളന്‍. ചിരിക്കണ ചിരി കണ്ടാ', എന്ന ക്യാപ്ഷനൊപ്പമാണ് നടന്‍ ചിത്രം പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ഷമ്മി തിലകന്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. അതിലും ഷമ്മി ഒന്നും വ്യക്തമായി പറഞ്ഞിരുന്നില്ല. താരസംഘടനയായ 'അമ്മ'യുടെ പല നിലപാടുകളിലും അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ള നടനാണ് തിലകന്‍. സംഘടനയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തിരുന്നു.