തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിന്റെ (എം) മുന്നണിമാറ്റം വീണ്ടും ചര്‍ച്ചയാകുന്നു. പാര്‍ട്ടിയിലെ ഭൂരിഭാഗം നേതാക്കളും യു.ഡി.എഫിലേക്ക്് മടങ്ങണമെന്ന അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ ചില മുതിര്‍ന്ന നേതാക്കള്‍ മാത്രമാണ് എല്‍.ഡി.എഫിനൊപ്പം തുടരാന്‍ താല്‍പര്യപ്പെടുന്നത്. യു.ഡി.എഫിലേക്ക് മടങ്ങുന്നതാണ് പാര്‍ട്ടിക്ക് നല്ലതെന്ന് കേരള കോണ്‍ഗ്രസിന്റെ (എം) യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് (എം). പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായത്തിന് എപ്പോഴും അംഗീകാരം കൊടുത്തിരുന്ന തന്ത്രശാലിയായിരുന്ന രാഷ്ട്രീയക്കാരന്‍ കെ.എം മാണിയുടെ മകന്‍ ജോസ് കെ മാണി തെരഞ്ഞെടുപ്പിന് മുന്‍പ് എന്തു നിലപാട് കൈക്കൊള്ളുമെന്ന് ഉറ്റുനോക്കുകയാണ് എല്‍.ഡി.എഫും യു.ഡി.എഫും.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് പരസ്യമായി ക്ഷണിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ മുന്നണിമാറ്റ ചര്‍ച്ചകള്‍ സജീവമായത്. മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസിന്‍െ്റ സഹകരണം ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്‍െ്റ ചുവടു പിടിച്ചാണ് അടൂര്‍ പ്രകാശ് ജോസ് കെ മാണിയെ പരസ്യമായി മുന്നണിയിലേക്ക് ക്ഷണിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനോടൊപ്പം 12 സീറ്റുകളില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് അഞ്ചിടത്ത് വിജയിച്ചിരുന്നു.

അഞ്ച് എം.എല്‍.എമാരെ നിയമസഭയിലേക്ക് അയക്കാന്‍ കഴിഞ്ഞത് പാര്‍ട്ടിയുടെ വലിയ വിജയമായാണ് കണക്കാക്കിയിരുന്നത്. അഞ്ചുപേരുമായി സര്‍ക്കാരിലെത്തിയെങ്കിലും എല്‍.ഡി.എഫുമായി ചില അസ്വാരസ്യങ്ങള്‍ തുടരുന്നതാണ് ഇപ്പോള്‍ പ്രശ്നമാകുന്നത്. നല്ല വകുപ്പ് ലഭിച്ചില്ലെന്ന പരാതി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ മുതല്‍ കേരള കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ കെ.എം. മാണിക്ക് ധനവകുപ്പ് പോലുള്ള തന്ത്രപ്രധാനമായ വകുപ്പാണ് ലഭിച്ചിരുന്നത്. എന്നാല്‍, എല്‍ഡിഎഫ് മന്ത്രിസഭയില്‍ ജോസ് കെ. മാണിയുടെ കേരളാ കോണ്‍ഗ്രസിന് ലഭിച്ചത് റോഷി അഗസ്റ്റിനിലൂടെ ഇറിഗേഷന്‍ വകുപ്പ് മാത്രമാണ്.

കേരള കോണ്‍ഗ്രസിനെതിരെയുള്ള സി.പി.ഐയുടെ വിമര്‍ശനങ്ങളാണ് യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിനെ ചൊടിപ്പിച്ചത്. സി.പി.ഐ കടലാസ് പുലി പോലുമല്ലെന്നും പ്രസ്താവന കൊണ്ട് മാത്രം ജീവിക്കുന്ന പാര്‍ട്ടിയാണെന്നും യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ പ്രസിഡന്റ് ഡിനു ചാക്കോ വിമര്‍ശിച്ചിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പേരില്‍ കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന സി.പി.ഐ തങ്ങള്‍ മത്സരിച്ച എല്ലാ സീറ്റിലും തോറ്റുവെന്നത് ഓര്‍ക്കണം. കേരള കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന സി.പി.ഐ മൂഢസ്വര്‍ഗത്തിലാണ് കഴിയുന്നത്. സ്വന്തമായി പത്ത് വോട്ട് തികച്ചെടുക്കാനില്ലാത്ത, പത്ത് നേതാക്കളെ കൂട്ടാനില്ലാത്ത സി.പി.ഐ എല്‍ഡിഎഫ് നേതൃത്വം ആവശ്യപ്പെടുന്നത് എലി മല ചുമക്കുമെന്നു പറയുന്നതിന് തുല്യമാണെന്നും യൂത്ത് ഫ്രണ്ട് പരിഹസിച്ചിരുന്നു.

കൂടാതെ, കേരള കോണ്‍ഗ്രസിന്‍െ്റ ഈറ്റില്ലമായ കോട്ടയത്ത് ജോസ് കെ മാണിയും പിണറായി വിജയന്റെ വിശ്വസ്തനും ദേവസ്വം മന്ത്രിയുമായ വി.എന്‍. വാസവനും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളും നിലനില്‍ക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ ജോസ് കെ. മാണിയുടെ സ്വാധീനം കുറയ്ക്കാന്‍ വാസവന്‍ ശ്രമിക്കുകയാണെന്ന ആക്ഷേപമാണ് ചര്‍ച്ചയാകുന്നത്. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ കെ.എം. മാണിക്ക് കോട്ടയം രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടി സമ്പൂര്‍ണ്ണ മേധാവിത്വമാണ് നല്‍കിയിരുന്നത്. ക്രൈസ്തവ സഭയുടെ ശക്തമായ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമാകണമെന്ന ആഗ്രഹം ചില ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമുണ്ട്. തുടര്‍ ഭരണം ലഭിക്കില്ലെന്ന സംശയവും എല്‍ഡിഎഫ് വിടാന്‍ ജോസ് കെ. മാണിയെ പ്രേരിപ്പിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ അടക്കം കളത്തില്‍ ഇറക്കി ജോസിന്റെ മനംമാറ്റാന്‍ യുഡിഎഫ് നീക്കം അണിയറയില്‍ ശക്തം.