ലണ്ടൻ: ഒരു വശത്തു സ്റ്റുഡന്റ് വിസക്കാരെ അകറ്റി നിർത്തണമെന്ന വാശിയോടെ ബ്രിട്ടീഷ് ഹോം സെക്രട്ടറി സ്യുവേല ബ്രേവർമൻ. മറുവശത്തു ജീവിതം തേടിയെത്തുന്ന സ്റ്റുഡന്റ് വിസക്കാരെയും വരുമാനം കണ്ടെത്താനുള്ള മാർഗം ആയി കാണണമെന്ന ഗൂഢ തന്ത്രവുമായി പെൻഷൻ സെക്രട്ടറി മെൽ സ്‌ട്രേഡ്. ഇവർക്കിടയിൽ പക്ഷം പിടിക്കാതെ എങ്ങനെയാണ് മെച്ചം ഉണ്ടാക്കാനാകുക എന്ന ചർച്ചകളുമായി പ്രധാനമന്ത്രി ഋഷി സുനകും ചാൻസലർ ജെറമി ഹണ്ടും.

ഇവർക്കിടയിൽ രൂപം കൊള്ളുന്ന ഫോർമുലയാകും ഇന്ത്യയിൽ നിന്നും എത്തുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ എങ്ങനെ ബ്രിട്ടന് പ്രയോജനപ്പെടുത്താം എന്ന തന്ത്രത്തിലേക്ക് എത്തിക്കുക. പ്രത്യക്ഷത്തിൽ വിദ്യാർത്ഥികൾക്ക് ഗുണമായി മാറും എന്ന് പ്രചരിപ്പിക്കപ്പെടുന്ന തന്ത്രത്തിൽ അവസാന നേട്ടം എത്തുക ബ്രിട്ടീഷ് സർക്കാരിലേക്ക് തന്നെയാകും. അതിനുള്ള നീക്കങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത് എന്നും വ്യക്തം.

ചൈനക്കാർ കൈവിട്ടപ്പോൾ മറുതന്ത്രവുമായി ബ്രിട്ടൻ

ഏതാനും വർഷം മുൻപ് വരെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ ചൈനീസ് വിദ്യാർത്ഥികളുടെ നിയന്ത്രണത്തിൽ ആയിരുന്നു എന്നതാണ് വാസ്തവം. ചൈനയിലെ ധനാഢ്യരായവരുടെ മക്കൾ പഠിക്കാൻ എന്ന പേരിൽ യുകെയിൽ എത്തി ആഡംബര കാറുകളിൽ ചെത്തി നടന്നും വീക്കെൻഡ് പാർട്ടികൾ ആഘോഷമാക്കിയപ്പോഴും ബ്രിട്ടന്റെ പോക്കറ്റിലേക്ക് കുത്തിയൊഴുകിയതു മില്യണുകളാണ്. എന്നാൽ കഴിഞ്ഞ ഏതാനും വർഷമായി പല കാരണങ്ങളാൽ ചൈനക്കാർക്കു ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളോടുള്ള കമ്പം കുറഞ്ഞു. അവരുടെ വരവിനും ഒഴുക്ക് കുറഞ്ഞു.

ചൈനയെ പിടിമുറുക്കുന്ന സാമ്പത്തിക പാപ്പരത്തം മുതൽ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിൽ മികച്ചതല്ലാത്ത പലതും നൽകുന്ന യോഗ്യതക്ക് അന്താരാഷ്ട്ര തൊഴിൽ വിപണിയിൽ വലിയ പ്രയോജനം ഒന്നും ഇല്ലെന്ന തിരിച്ചറിവും അവരെ പുറകോട്ട് പിടിച്ചു വലിച്ച കാര്യങ്ങളാണ്. ഈ ഗ്യാപ് നികത്താൻ സാന്ദർഭികമായി ഇന്ത്യൻ വിദ്യാർത്ഥികൾ എത്തിയെങ്കിലും അവരിൽ നല്ല പങ്കും പട്ടിണി പാവങ്ങളാണ് എന്ന തിരിച്ചറിവാണ് ഇപ്പോൾ ബ്രിട്ടനെ അവരിൽ നിന്നും നേട്ടമെടുക്കാൻ മറുവഴി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

നൈജീരിയക്കാർക്ക് പിന്നിൽ നിലയുറപ്പിച്ച് ഇന്ത്യൻ വിദ്യാർത്ഥികളും

യുകെ വിദ്യാർത്ഥി വിസ എന്നത് കുടിയേറ്റത്തിനുള്ള ഷോർട്ട് റൂട്ടായി മാറുന്നു എന്ന് ബ്രിട്ടനെ ധരിപ്പിച്ചത് നൈജീരിയക്കാരാണ്. ഇവിടെ നിന്നും എത്തിയ വിദ്യാർത്ഥികളിൽ 3100 ശതമാനം വർധന ഡിപെൻഡന്റ് വിസയുടെ കാര്യത്തിൽ ഉണ്ടായതോടെ സർക്കാരിന്റെ കണ്ണുകളിൽ സംശയ മുന തെളിഞ്ഞത്. ഏറ്റവും പുതിയ കണക്കുകളിൽ ആശ്രിത വിസയിൽ 51,648 നൈജീരിയക്കാരാണ് കഴിഞ്ഞ വർഷം യുകെയിൽ എത്തിയത്. ഇതോടെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിസ അപേക്ഷയിൽ സർക്കാരിന്റെ കണ്ണ് പതിഞ്ഞു. ഇതോടെ പലർക്കും അബദ്ധം പറ്റിയതെന്ന നിലയിൽ മനഃപൂർവം തന്നെ നോ ജോബ്, നോ ബിസിനസ് എന്ന നിലയിലാണ് ബിആർപി കാർഡുകൾ നൽകിയത്.

ഇത്തരക്കാർക്ക് സ്വന്തം നാട്ടിൽ നിന്നും പണം എത്തിച്ചു ചെലവ് നടത്തേണ്ട ഗതികേടും സംജാതമായി. ഇപ്പോൾ നൈജീരിയക്ക് തൊട്ടുപിന്നിലായിട്ടാണ് ഇന്ത്യക്കാരുടെ സ്ഥാനം. കഴിഞ്ഞ വർഷം 33,240 ആശ്രിത വിസക്കാർ ഇന്ത്യൻ വിദ്യാർത്ഥികൾക്കൊപ്പം യുകെയിൽ എത്തി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ന്യായമായും ആയിരക്കണക്കിന് മലയാളികളും ഇടം പിടിച്ചിട്ടുണ്ടാകും. ഈ കണക്കുകൾ പരിശോധനയ്ക്കു വിധേയമാക്കിയാണ് കഴിഞ്ഞ ദിവസം ഡിപെൻഡന്റ് വിസ ഗവേഷണ വിദ്യാർത്ഥികൾക്കും രണ്ടു വർഷത്തെ പഠനത്തിന് വരുന്നവർക്കും മാത്രമായി ചുരുക്കുന്ന കാര്യം പരിഗണിക്കും എന്ന് ഹോം ഓഫിസ് നിർദ്ദേശം മാധ്യമ വാർത്തയായത്.

പണമില്ലാതെ എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ വഴി പണമുണ്ടാക്കാൻ ബ്രിട്ടൻ

ഇന്ത്യൻ വിദ്യാർത്ഥികൾ കഴിഞ്ഞ രണ്ടു വർഷമായി കൂടുതൽ എത്തി തുടങ്ങിയെങ്കിലും അവർ ചെലവാക്കുന്ന പണത്തിനു കണക്ക് ഉണ്ടെന്നതുകൊണ്ട് ബ്രിട്ടീഷ് ധന വ്യവസ്ഥയിൽ അവരെകൊണ്ട് കാര്യമായ നേട്ടം ഇല്ലെന്നാണ് ഇപ്പോൾ സർക്കാരിന് മുന്നിൽ എത്തിയിരിക്കുന്ന നിർദ്ദേശങ്ങളിൽ ഒന്ന്. എങ്കിൽ ഇവരെക്കൊണ്ട് എങ്ങനെ നേട്ടം ഉണ്ടാക്കാം എന്ന ചിന്തയാണ് സ്യുവല്ല ബ്രേവർമാൻ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാം എന്ന് പറഞ്ഞപ്പോൾ പാർട്ടിയിൽ സീനിയർ ആയ മുൻ ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റ് കൂടിയായ പെൻഷൻ സെക്രട്ടറി മേൽ സ്ട്രെഡിന്റെ തലയിൽ പുത്തൻ ആശയം ഉദിക്കുന്നത്.

യുകെയിലെ ജീവിതഭാരം ലഘൂകരിക്കാൻ എന്ന പേരിൽ ഇപ്പോൾ വിദേശ വിദ്യാർത്ഥികൾക്ക് അനുവദിച്ച ആഴ്ചയിൽ 20 മണിക്കൂർ ജോലിയെന്നത് 30 മണിക്കൂർ ആക്കിയാൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ കൂടി നികുതി ഘടനയിൽ എത്തിക്കാനാകും. നിലവിൽ ആഴ്ചയിൽ 190 പൗണ്ട് വരെ ശമ്പളം നേടുന്നവർ നികുതി നൽകേണ്ടതില്ലാത്തതിൽ 30 മണിക്കൂർ മിനിമം ശമ്പളത്തിൽ ജോലി ചെയ്താലും നികുതി നൽകാതിരിക്കാനാകില്ല. ഇങ്ങനെയാകുമ്പോൾ പ്രതിമാസ വേതനം ഉയരുകയും ചുരുങ്ങിയത് ഒരു വിദ്യാർത്ഥിയിൽ നിന്നും നൂറു പൗണ്ടിലേറെ നികുതിയായി ലഭിക്കുകയും ചെയ്യും.

മാർച്ചിൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഓരോ വഴിയിലും നികുതി കൂട്ടി സർക്കാരിന്റെ ഭാരം കുറഞ്ഞെന്നു കണക്കിൽ എങ്കിലും കാണിക്കാൻ തയ്യാറായി നിൽക്കുന്ന ജെറമി ഹണ്ടിനും ഋഷി സുനകിനും ഈ നിർദ്ദേശം പ്രായോഗികമായി തോന്നിയതിനാൽ തന്നെയാണ് നിർദ്ദേശം മാധ്യമ വാർത്തയായി ആദ്യം എത്തിയതും. സർക്കാർ തന്നെ വാർത്ത ചോർത്താൻ സഹായിച്ചിരിക്കണം എന്നാണ് നിഗമനം. പ്രതിപക്ഷത്തിന്റെയും പൊതു സമൂഹത്തിന്റെയും വിലയിരുത്തൽ എന്താണ് എന്നറിയാൻ സർക്കാരിനുള്ള എളുപ്പ വഴി കൂടിയാണ് 'ചോർന്ന' വാർത്ത. എന്നാൽ പൊതു ഖജനാവിന് കാര്യമായ നേട്ടം ഒന്നും ഉണ്ടാകാത്ത നിർദ്ദേശം എന്ന നിലയിൽ പ്രതിപക്ഷം സർക്കാർ നീക്കത്തോട് അനുകൂലമായോ പ്രതികൂലമായോ കാര്യമായ പ്രതികരണം നടത്തിയിട്ടുമില്ല.

ജീവിതഭാരം കുറയുമെങ്കിലും പഠന ഭാരം കൂടുന്നത് വിദ്യാർത്ഥികൾക്ക് തന്നെ പാരയാകും

അതിനിടെ ഒറ്റ നോട്ടത്തിൽ ഗുണകരമായ കാര്യം എന്ന തോന്നൽ ഉണ്ടെങ്കിലും വിദ്യാർത്ഥികൾ പഠിക്കേണ്ട സമയത്തു പണിക്കിറങ്ങിയാൽ അവരുടെ റിസൾട്ടിനെ ബാധിക്കില്ലേ എന്ന ആശങ്ക ഹോം ഓഫിസും യൂണിവേഴ്‌സിറ്റിസ് യുകെയും ഉയർത്തിയിട്ടുണ്ട്. എന്നാൽ വിദേശത്തു നിന്നും വരുന്നവരുടെ കാര്യത്തിൽ അത്ര വൈകാരികമായ ആശങ്ക ഒന്നും വേണ്ടെന്ന നിലപാടാണ് സർക്കാരിൽ പൊതുവെ രൂപപ്പെടുന്നത്. പണ്ട് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ എത്തിയപ്പോൾ ഉപ്പിനു പോലും നികുതി ഏർപ്പെടുത്തി ജനത്തെ പിഴിഞ്ഞ നിലയിൽ ഋഷി കമ്പനി കളി തുടങ്ങിയിട്ടേയുള്ളൂ എന്നോർമ്മപ്പെടുത്തുകയാണ് ഈ നീക്കം വഴി.

ബോറിസ് ജോൺസൺ പ്രധാനമന്ത്രി ആയിരുന്നപ്പോൾ ''ബ്രൈറ്റ് ആൻഡ് ബ്രില്യന്റ്'' എന്ന മുദ്രാവാക്യം ഉയർത്തി മിടുമിടുക്കരായ വിദ്യാർത്ഥികൾ മാത്രം യുകെയിൽ എത്തട്ടെ എന്ന നയമാണ് സാന്ദർഭികമായി അട്ടിമറിക്കപ്പെട്ടത്. വ്യാജ പ്ലസ് ടു ബിരുദ സർട്ടിഫിക്കറ്റുമായി നെടുമ്പാശേരി എയർപോർട്ടിൽ പോലും വിദ്യാർത്ഥി വിസയെന്ന പേരിൽ ചെറുപ്പക്കാർ അറസ്റ്റിൽ ആയതിൽ നിന്നും വ്യക്തമാണ് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ പഠിക്കാൻ വരുന്നവരുടെ അക്കാദമിക് യോഗ്യതകളിൽ വ്യാകുലർ അല്ലെന്നതും ഫീസും എൻഎച്ച്എസ് സർചാർജും ബ്രിട്ടനിൽ ഓരോ വിദ്യാർത്ഥിയും ചെലവാക്കുന്ന പണവും മാത്രമാണ് ഈ വിദ്യാഭ്യാസ കച്ചവടത്തിൽ യൂണിവേഴ്സിറ്റിയും ബ്രിട്ടീഷ് സർക്കാരും ആഗ്രഹിക്കുന്നത് എന്നും പകൽ പോലെ വ്യക്തമാകുകയാണ്.

ഇതിനു ഒരു ചുവടു കൂടി നീട്ടി ചവിട്ടുകയാണ് 30 മണിക്കൂർ ജോലി ചെയ്യാം എന്ന വാഗ്ദാനം. എന്നാൽ വിദ്യാർത്ഥികളിൽ നിന്നും നികുതി ഈടാക്കാതിരിക്കാമോ എന്ന ചോദ്യം സർക്കാരിന് മുന്നിൽ ഉയർത്താൻ ആരും തയ്യാറുമല്ല. ഇവിടെയാണ് ബ്രിട്ടനിലെ രാഷ്ട്രീയ പാർട്ടികൾ രാജ്യതാൽപര്യത്തിനു മുൻതൂക്കം കൊടുക്കുന്നത് വ്യക്തമാകുന്നതും. ജീവിതഭാരം കുറയ്ക്കാൻ മറ്റു മാർഗം ഇല്ലാതെ ഇപ്പോൾ തന്നെ കൂടുതൽ സമയം അനധികൃതമായി ജോലി ചെയ്യേണ്ടി വരുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ പലരും കോഴ്സുകൾ കൃത്യസമയത്തിനുള്ളിൽ പാസാകുവാൻ പ്രയാസപ്പെടുകയാണ്.

കോഴ്സുകൾ ഉപേക്ഷിക്കുന്നവരുടെ എണ്ണവും കുറവല്ല. പക്ഷെ ഇതൊന്നും യൂണിവേഴ്സിറ്റിയുടെ ആശങ്ക പോലുമല്ല. കാരണം അത്ര മികച്ച റാങ്കിങ് നിലവിൽ ഇല്ലാത്ത പല യൂണിവേഴ്‌സിറ്റികൾക്കും പരീക്ഷ എഴുതുന്നവരുടെയോ പാസാകുന്നവരുടെയോ എണ്ണമോ പ്രശ്നമല്ല എന്നത് തന്നെ. ചുരുക്കത്തിൽ ഇരയിട്ട് മീൻ പിടിക്കുന്ന തന്ത്രം തന്നെയാണ് ഋഷിയുടെയും സംഘത്തിന്റെയും മനസ്സിൽ ഉള്ളത്. ആ ചൂണ്ടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ കൊത്തുമെന്ന് ഇന്ത്യൻ മനസ്സറിയുന്ന ബ്രിട്ടീഷുകാർക്ക് നന്നായറിയാം.