കൊച്ചി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്നത് എന്ന അവകാശവാദവുമായി എത്തുന്ന 'മാ വന്ദേ' എന്ന ചിത്രത്തെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍. മോദിയുടേയോ പ്രധാനമന്ത്രിയുടേയോ അനുമതിയില്ലാതെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍. പ്രധാനമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്റര്‍ പുറത്തു വന്ന സാഹചര്യത്തിലാണ് അന്വേഷണം. ഉണ്ണി മുകുന്ദനാണ് നായകന്‍. ചിത്രത്തിന്റെ പ്രമോഷന്‍ പോസ്റ്റര്‍ പുറത്തു വന്നിരുന്നു. ചിത്രത്തില്‍ നരേന്ദ്ര മോദി ആയി വേഷമിടുന്ന ഉണ്ണി മുകുന്ദന്റെ ജന്മദിനം പ്രമാണിച്ചാണ് പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തത്. സ്‌പെഷ്യല്‍ പോസ്റ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ വീര്‍ റെഡ്ഡി എം ആണ് പാന്‍ ഇന്ത്യന്‍ ചിത്രമായ 'മാ വന്ദേ' നിര്‍മിക്കുന്നതെന്നാണ് അവകാശ വാദം, ക്രാന്തി കുമാര്‍ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. എന്നാല്‍ ക്രാന്തികുമാറിന്റെ പേരില്‍ മികച്ച ചിത്രങ്ങളൊന്നും മുമ്പ് ഉണ്ടായിട്ടില്ല. ഇത്തരമൊരു പ്രോജക്ടിനെ സംശയത്തോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസും കാണുന്നത്.

പ്രധാനമന്ത്രിയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് എല്ല അവകാശവും ഡല്‍ഹിയിലെ ഒരു കമ്പനിയാണ് നോക്കുന്നത്. അവര്‍ക്കും ഇത്തരമൊരു ചിത്രത്തെ കുറിച്ച് അറിയില്ല. അനുമതിയില്ലാതെ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി വിവര ശേഖരണം തുടങ്ങിയത്. സിനിമയുടെ സാമ്പത്തിക സ്‌ത്രോതസ് അടക്കം ഐബി പരിശോധിക്കും.

ഇതിന്റെ പേരില്‍ സാമ്പത്തിക സമാഹരണം നടക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. തെലുങ്ക് സംവിധായകനാണ് ക്രാന്തികുമാര്‍. സി ഗ്രേഡ് സിനിമകളാണ് ഇയാള്‍ എടുത്തിട്ടുള്ളത്. ഇത്തരത്തിലൊരാള്‍ മോദിയുടെ ആത്മകഥാംശമുള്ള സിനിമ സംവിധാനം ചെയ്യുന്നതും പ്രധാനമന്ത്രിയുടെ ഓഫീസിനെ അലോസരപ്പെടുത്തുന്നുണ്ട്. മോദിയുടെ അനുമതിയില്ലാതെ ഈ സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന തിരിച്ചറിവിലാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.

ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ സൂപ്പര്‍ ഹിറ്റായിരുന്നു. അതിന് ശേഷം സിനിമകളിലൊന്നും സജീവമല്ല ഉണ്ണി മുകന്ദന്‍. ജോഷിയുടെ ചിത്രം ഉടനുണ്ടെന്നാണ് സൂചന. ഇതിനിടെയാണ് മോദിയുടെ ചിത്രവുമായി ബന്ധപ്പെട്ട പ്രചരണം ഉണ്ടാകുന്നത്.

ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട വിശദ വീഡിയോ സ്‌റ്റോറി ചുവടെ:

നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിയുമായുള്ള ആഴത്തിലുള്ള ബന്ധവും ചിത്രത്തില്‍ പ്രതിപാദിക്കും. അന്താരാഷ്ട്ര നിലവാരത്തില്‍ അത്യാധുനിക വിഎഫ്എക്‌സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ധ്യം എന്നിവ ഉപയോഗിച്ചാണ് ചിത്രം ഒരുക്കുന്നത്. പാന്‍ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം നിര്‍മിക്കുന്നുണ്ട്. ഛായാഗ്രഹണം - കെ.കെ. സെന്തില്‍ കുമാര്‍ ഐ.എസ്.സി, സംഗീതം- രവി ബസ്രൂര്‍, എഡിറ്റിങ്- ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സാബു സിറില്‍, ആക്ഷന്‍- കിങ് സോളമന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ഗംഗാധര്‍ എന്‍എസ്, വാണിശ്രീ ബി, ലൈന്‍ പ്രൊഡ്യൂസേഴ്‌സ്- ടിവിഎന്‍ രാജേഷ്, കോ-ഡയറക്ടര്‍- നരസിംഹ റാവു എം, മാര്‍ക്കറ്റിങ് - വാള്‍സ് ആന്‍ഡ് ട്രെന്‍ഡ്‌സ്, പിആര്‍ഒ- ശബരി-ഇങ്ങനെയാണ് 'മാ വന്ദേ' എന്ന ചിത്രത്തിന്റെ പ്രഖ്യാപനം പുറത്തേു വന്നത്.

ഒരാഴ്ച മുമ്പാണ് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ഇതോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍ വിഷയമെത്തിയത്. പാന്‍ ഇന്ത്യന്‍ ചിത്രം ഹിന്ദി, ഗുജറാത്തി, മലയാളം ഭാഷകളില്‍ ഉള്‍പ്പെടെ റിലീസ് ചെയ്യുമെന്നും അവകാശമെത്തി. നിര്‍മ്മാതാക്കളുടെ അഭിപ്രായത്തില്‍, പ്രധാനമന്ത്രി മോദിയുടെ 'ബാല്യം മുതല്‍ രാഷ്ട്രനേതാവാകുന്നതുവരെയുള്ള' യാത്രയാണ് ഈ ജീവചരിത്രത്തില്‍ ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ അന്തരിച്ച അമ്മ ഹീരാബെന്‍ മോദിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. 'അദ്ദേഹത്തിന്റെ യാത്രയിലുടനീളം പ്രചോദനത്തിന്റെ സമാനതകളില്ലാത്ത ഉറവിടം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹീരാബെന്‍ മോദിയെയാണ് ഇതുകൊണ്ട് വിശേഷിപ്പിക്കുന്നത്. തന്റെ കുട്ടിക്കാലത്ത് നരേന്ദ്ര മോദിക്കൊപ്പം പട്ടംപറത്തി കളിച്ചിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു.

കുട്ടിക്കാലത്ത് ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഉണ്ണി വളര്‍ന്നത്. അങ്ങനെയാണ് മോദിയെ കണ്ടു പരിചയം. മകരസംക്രാന്തി ഉത്സവത്തിന്റെ ഭാഗമായായിരുന്നു പട്ടം പറത്തല്‍. കുട്ടികളുടെ മത്സരത്തില്‍ ഒപ്പം ചേരാനായിരുന്നു മോദിയുടെ വരവ്. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് ഏറെനേരം പട്ടം പറത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കൊപ്പം ചെലവിടാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. മോദിയുമായി ഉണ്ണിമുകുന്ദന്‍ നേരത്തെ ഏറെ നേരം സംസാരിക്കുകയും ചെയ്തിരുന്നു. അഹമ്മദബാദില്‍ ജനിച്ചു വളര്‍ന്ന താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായാണ് നരേന്ദ്ര മോദിയെ ആദ്യം അറിയുന്നതെന്നും പിന്നീട് 2023ല്‍ അദ്ദേഹത്തെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചത് ജീവിതത്തിലെ മറകക്കാനാകാത്ത അനുഭവമാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.