- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റുമാനൂരപ്പനെ വീണ്ടും കണ്ടെത്തിയ രമണിയ്ക്ക് ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ച വീട് നിര്‍മ്മിച്ചതും ഉണ്ണികൃഷ്ണന്‍ പോറ്റി! 15 ലക്ഷം വീടിന് ചെലവായപ്പോള്‍ 'സ്വപ്‌ന ദര്ശകന്' അഞ്ചു ലക്ഷവും കൊടുക്കേണ്ടി വന്നു; ആനയറയിലെ ക്ഷേത്രത്തിലെ നവീകരണത്തിലും ആ സ്‌പോണ്‍സര്‍ പണം മുടക്കി; ആ 'ത്രിമൂര്‍ത്തി'കളെ ശബരിമലയില്‍ വളര്‍ത്തിയത് ആര്‍?
തിരുവനന്തപുരം: ഏറ്റുമാനൂര്‍ വിഗ്രഹ കവര്‍ച്ച തെളിയിക്കാന്‍ പൊലീസിനു വഴികാട്ടിയായ വെള്ളറട സ്വദേശിനി രമണിക്കു ദേവസ്വം ബോര്‍ഡ് വീട് വച്ചു നല്‍കിയതും സ്‌പോണസര്‍ഷിപ്പില്‍. അതിന് മുന്നില്‍ നിന്നതും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. 15 ലക്ഷം രൂപയാണ് വീട് വയ്ക്കാന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പിരിച്ചത്. ഇതിനൊപ്പം അഞ്ചു ലക്ഷം രൂപ മറ്റൊരു ദേവസ്വം ഉന്നതനും വാങ്ങിയെന്നാണ് സൂചന. ഈ ഉന്നതനാണ് ദ്വാരപാലക ശില്‍പ്പത്തിലെ പാളി സ്വര്‍ണ്ണം പൂശണമെന്ന സ്വപ്‌ന ദര്‍ശനം ഉണ്ടായതെന്നും സൂചനയുണ്ട്. സ്വപ്‌നത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗ്ലൂരുവിലേക്ക് പാളി എത്തിയതെന്ന വാര്‍ത്തകള്‍ 2019ലെ ഇംഗ്ലീഷ് പത്രങ്ങളിലുണ്ട്. തിരുവനന്തപുരം ആനയറയിലുള്ള ഒരു ക്ഷേത്ര നവീകരണത്തിനും ഉണ്ണികൃഷ്ണന്‍ പോറ്റി ഇതേ കാലയളവില്‍ സ്‌പോണ്‍സറായി.
വീട് വയ്ക്കാന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ അനുവദിച്ചതിനാണ് ഇത്. ഈ കാലത്താണ് ശബരിമലയിലെ രണ്ടു ദ്വാരപാലക ശില്‍പ്പങ്ങള്‍ സന്നിധാനത്തു നിന്നും ചെന്നൈയിലേക്ക് ഒരു മാസത്തില്‍ അധികം എടുത്ത് എത്തിയത്. ആ കാലത്ത് ദേവസ്വം ബോര്‍ഡിലെ ഉന്നതരുമായി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് വലിയ ബന്ധം ഉണ്ടായിരുന്നു. അത് പിന്നീടും തുടര്‍ന്നു. ദേവസ്വം ബോര്‍ഡിന്റെ ശരണാശ്രയം പദ്ധതിയുമായി സഹകരിച്ച് അയ്യപ്പ ഭക്തരായ ഉണ്ണികൃഷ്ണന്‍ പോറ്റി, അനില്‍, രമേശ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണു രമണിയുടെ വീടിന്റെ നിര്‍മാണച്ചിലവ് വഹിച്ചതെന്ന് 2019ല്‍ മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതായത് അനിലും രമേശും ഉണ്ണികൃഷ്ണന്‍ പോറ്റിയും ചേരുന്ന സംഘം. ഈ മൂന്ന് പേരിലേക്കും നിലവിലെ വിവാദത്തിലെ അന്വേഷണം നീണ്ടേക്കും.
ഏറ്റുമാനൂര്‍ വിഗ്രഹ കവര്‍ച്ച തെളിയിക്കാന്‍ പൊലീസിനു വഴികാട്ടിയായ വെള്ളറട സ്വദേശിനി രമണിക്കു വീടുവച്ചു നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത് 2018ലാണ്. 650 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട് ദേവസ്വം ബോര്‍ഡിന്റെ 'ശരണാശ്രയം' കാരുണ്യ സഹായപദ്ധതിയില്‍ പെടുത്തിയാണു നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനം. 2018ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറും അംഗം കെ.പി.ശങ്കരദാസും രമണിയുടെ താമസസ്ഥലം സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷമായിരുന്നു വീട് വയ്ക്കാന്‍ തീരുമാനിച്ചത്. ഈ നിര്‍്മ്മാണ ചുമതല ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്കും വന്നു.
ശബരിമലയിലെ ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശാന്‍ 2019ല്‍ ചെന്നൈയില്‍ എത്തിച്ചത് ചെമ്പ് പാളിയെന്ന് കണ്ടെത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. തിരുവാഭരണം കമ്മീഷണറുടെ മഹസറിന്റെ പകര്‍പ്പ് പുറത്തുവന്നു. ഇതോടെ സര്‍വ്വത്ര ദുരൂഹതയാകുകയാണ് ശബരിമലയിലെ പീഠ വിവാദം. മഹസറില്‍ സ്പോണ്‍സറായി ഒപ്പിട്ടത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. സ്വര്‍ണം പൂശാന്‍ കൊടുക്കുന്നതിന് മുമ്പ് 38,258 ഗ്രാം ചെമ്പാണ് രേഖപ്പെടുത്തിയത്. 1999ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയ പാളിയാണിത്. സ്വര്‍ണപാളി എങ്ങനെ ചെമ്പായി മാറി എന്നതിലാണ് ദുരൂഹത. 1999ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയപ്പോള്‍ ശ്രീകോവിലിനൊപ്പം ദ്വാരപാലകരെയും സ്വര്‍ണം പൂശിയെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞിരുന്നു. ഇതെങ്ങനെ ചെമ്പായി മാറി എന്നതിലാണ് ദുരൂഹത. ഇതിന് പിന്നിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. ഇതിനിടെയാണ് ഈ ചെമ്പു പാളി കൊണ്ടു പോയ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂടുതല്‍ സ്വാധീന കഥ പുറത്തു വരുന്നത്.
ശബരിമലയിലെ സ്വര്‍ണപ്പാളി, താങ്ങുപീഠം എന്നീ വിവാദങ്ങളില്‍പ്പെട്ട ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവിലെ ബ്ലേഡ് പലിശക്കാരനെന്ന് സൂചനയുണ്ട്. ചെറിയ പലിശയ്ക്ക് പണം വായ്പയെടുത്ത് അതിന്റെ പതിന്മടങ്ങ് പലിശയ്ക്ക് വായ്പനല്‍കി സാമ്പത്തികനേട്ടം ഉണ്ടാക്കിയാണ് തുടക്കമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശബരിമല ക്ഷേത്രവുമായി വലിയ ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് കര്‍ണാടകയിലെ ധനികരായ അയ്യപ്പഭക്തരെ ചൂഷണം ചെയ്തതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ബെംഗളൂരു കോറമംഗലയ്ക്കടുത്ത് ശ്രീരാമപുരം അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായിട്ടാണ് തിരുവനന്തപുരം പുളിമാത്ത് സ്വദേശിയായ ഉണ്ണികൃഷ്ണന്‍ പോറ്റി കര്‍ണാടകയിലെത്തിയത്. എട്ടുവര്‍ഷംമുന്‍പ് മണ്ഡലകാലത്ത് കീഴ്ശാന്തിയുടെ സഹായികളായ പരികര്‍മികളില്‍ ഒരാളായിട്ടാണ് സന്നിധാനത്തെത്തിയത്. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവടങ്ങളില്‍നിന്നുള്ള ധനികരായ അയ്യപ്പന്മാരെ വിശ്വാസത്തിലെടുക്കുന്ന തന്ത്രം ഇങ്ങനെ സൃഷ്ടിച്ചെടുക്കുകയായിരുന്നു.
ഇത് ഏറ്റുമാനൂരിലേയും രമണിയുടേയും കഥ
നാലു പതിറ്റാണ്ടു മുമ്പു കേരളാ പൊലീസിനെയും അന്നത്തെ നായനാര്‍ സര്‍ക്കാരിനേയും ഒരു പോലെ വട്ടംചുറ്റിച്ച പ്രമാദമായ ഏറ്റുമാനൂര്‍ വിഗ്രഹമോഷണക്കേസിന് വഴികാട്ടിയായത് രമണിയായിരുന്നു. രമണിയെ 37 വര്‍ഷത്തിനു ശേഷം 2018ല്‍ മാധ്യമങ്ങള്‍ കണ്ടെത്തിയിരുന്നു. തലസ്ഥാന ജില്ലയിലെ വെള്ളറടയിലാണ് രമണി അന്നുണ്ടായിരുന്നത്. വെള്ളറട കിളിയൂര്‍ ജംക്ഷനിലാണു താമസം. ഏറ്റുമാനൂര്‍ വിഗ്രഹക്കവര്‍ച്ച നടന്ന വര്‍ഷം എട്ടാം ക്ലാസിലായിരുന്ന രമണിക്ക് ഇപ്പോള്‍ പ്രായം അന്ന് 48 ആയിരുന്നു. രണ്ടു മക്കള്‍. ഭര്‍ത്താവ് മരിച്ചു. തൊഴിലുറപ്പു പദ്ധതിയിലൂടെ ലഭിക്കുന്ന ജോലി മാത്രമായിരുന്നു വരുമാന മാര്‍ഗം. താമസിക്കുന്നതു ശോചനീയമായ അവസ്ഥയിലാണെന്നും വ്യക്തമായി.
കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളില്‍ ഒന്നായ കോട്ടയം ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോകുന്നത് 1981 മേയ് 24 ന്. ക്ഷേത്രം കുത്തിത്തുറക്കുന്നതിനു മോഷ്ടാവായ സ്റ്റീഫന്‍ ഉപയോഗിച്ച പാര പൊതിഞ്ഞ പേപ്പറാണ് കേസില്‍ നിര്‍ണായക തെളിവായത്. പൊലീസ് കണ്ടെടുത്ത പുസ്തക കടലാസില്‍ രമണിയുടെ പേരും സ്‌കൂളിന്റെ വിലാസവുമുണ്ടായിരുന്നു. കേരളത്തിന്റെ തെക്കേ അതിര്‍ത്തിയായ പാറശാലയിലെ വിദ്യാര്‍ഥിനിയുടെ പുസ്തകം ഏറ്റുമാനൂര്‍ അമ്പലത്തില്‍ എങ്ങനെ എത്തിയെന്ന അന്വേഷണമാണു രമണി പുസ്തകം വിറ്റ കടക്കാരനിലേക്കും അതിലൂടെ സ്റ്റീഫനിലേക്കുമെത്തിയത്. മോഷ്ടാവിനെ പിടൂകൂടിയതോടെ രമണി ഭക്തര്‍ക്കിടയില്‍ താരമായി. ക്ഷേത്ര ഭാരവാഹികള്‍ രമണിയെ ഏറ്റുമാനൂരിലേക്ക് കൊണ്ടുവന്ന് ആദരിച്ചു. ഭക്തര്‍ നിരവധി സമ്മാനങ്ങള്‍ നല്‍കി. വെള്ളിക്കൊലുസും മിഠായി പാക്കറ്റുകളും വസ്ത്രങ്ങളുമെല്ലാം രമണിയെത്തേടിയെത്തി. വിദ്യാഭ്യാസത്തിനുള്ള ചെലവായി പതിനായിരം രൂപ ക്ഷേത്രസമിതി നല്‍കി.
പിന്നീട് എല്ലാ വാര്‍ത്തകളിലും സംഭവിക്കുന്നതുപോലെ എല്ലാവരും രമണിയെ മറന്നു. ജയില്‍ശിക്ഷ കഴിഞ്ഞ് സ്റ്റീഫന്‍ ഭക്തിമാര്‍ഗത്തിലേക്ക് തിരിഞ്ഞ് പിന്നെയും വാര്‍ത്തകളില്‍ ഇടം പിടിച്ചപ്പോഴും രമണി കാണാമറയത്തു നിന്നു. 'അന്ന് കേസ് തെളിഞ്ഞപ്പോള്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. ഒന്നും നടന്നില്ല. ആരോടും പരിഭവവുമില്ല.' - ഇതായിരുന്നു അന്ന് രമണിയുടെ പ്രതികരണം.
രമണിയെ വെള്ളറട കിളിയൂര്‍ സ്വദേശി ശശിയാണ് വിവാഹംചെയ്തത്. സ്വന്തമായുണ്ടായിരുന്ന എണ്ണയാട്ടു മില്‍ പ്രവര്‍ത്തിപ്പിച്ചാണു കുടുംബം കഴിഞ്ഞിരുന്നത്. ശശി മരിച്ചതോടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായി. തുടര്‍ന്ന് സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ വിഷയം ഏറ്റുമാനൂര്‍ ക്ഷേത്രകമ്മിറ്റിയുടെയും ദേവസ്വം ബോര്‍ഡിന്റെയും ശ്രദ്ധയില്‍പെടുത്തി. ഉടന്‍തന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറും അംഗം കെ.പി.ശങ്കരദാസും രമണിയുടെ വീട്ടിലെത്തി സഹായം ഉറപ്പ് നല്‍കി. വീടും ജോലിയുമായിരുന്നു വാഗ്ദാനം. പണം മുടക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും സുഹൃത്തുക്കളും തയാറായതോടെ വീടു നിര്‍മാണവും തുടങ്ങി. 680 ചതുരശ്ര അടി വിസ്തൃതിയിലാണ് വീട് നിര്‍മിച്ചത്.
1981 മേയ് 23നാണ് സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ ഏറ്റുമാനൂര്‍ ക്ഷേത്ര കവര്‍ച്ച നടക്കുന്നത്. ഏഴു പേരുടെ കാവലുള്ളപ്പോഴാണ് ക്ഷേത്രത്തിന്റെ രണ്ടു കൂറ്റന്‍ മതില്‍ക്കെട്ടുകള്‍ കമ്പിപ്പാര കടിച്ചു പിടിച്ചു ചാടിക്കടന്ന സ്റ്റീഫന്‍ എന്ന 23 വയസുകാരന്‍ വാതിലുകള്‍ കുത്തിത്തുറന്നു വിഗ്രഹം കവര്‍ന്നത്. വെള്ളിപ്പീഠത്തില്‍ സ്വര്‍ണ ആണികള്‍ ഇട്ടുറപ്പിച്ച നാലു കിലോ 540 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ വിഗ്രഹം, പീഠം, സ്വര്‍ണ അങ്കിക്കു ചുറ്റുമുള്ള സ്വര്‍ണപ്രഭ, ലക്ഷ്മീരൂപത്തിന്റെ കൈയിലെ താമരമൊട്ട് എന്നിവയെല്ലാം കവര്‍ന്നു.
കമ്പിപ്പാര ക്ഷേത്രത്തിലെ കിണറ്റില്‍ സ്റ്റീഫന്‍ ഉപേക്ഷിച്ചു. അതു പൊതിഞ്ഞ കടലാസ് പക്ഷേ പൊന്തിക്കിടന്നു. ആ കടലാസില്‍ പാറശാല ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി എഴുതിയ രചനാ പാഠം 'എ ലെറ്റര്‍ ടു ദി ക്ലാസ് ടീച്ചര്‍.' തെളിഞ്ഞുകിടന്നു. രമണിയുടെ വിലാസവും.അന്വേഷണം രമണിയിലേക്ക്. വീട്ടില്‍ മണ്ണെണ്ണ വാങ്ങാന്‍ രമണി പഴയ കടലാസുകള്‍ തൂക്കി വിറ്റ ഇരുമ്പുകടയിലേക്ക്. ആ ഇരുമ്പു കടയില്‍ നിന്നു പാര വാങ്ങിയ സ്റ്റീഫനിലേക്ക്. അങ്ങനെയാണ് രമണി ചരിത്രത്തിന്റെ ഭാഗമാകുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ ദുരൂഹത മാത്രം
2019 ആഗസ്റ്റ് 29നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലെ സ്മാര്‍ട്ട്സ് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ ദ്വാരപാലക ശില്‍പ പാളികള്‍ എത്തിക്കുന്നത്. ഇതിന് മുന്‍പ് ഒരു മാസത്തോളം ഇയാള്‍ അനധികൃതമായി സ്വര്‍ണപാളി കയ്യില്‍ സൂക്ഷിച്ചു. ഇതും ദുരൂഹമാണ്. സ്വര്‍ണം പൂശുന്നതിന് മുമ്പായി 38,258 ഗ്രാം ചെമ്പ് പാളികള്‍ കണ്ടിട്ടുണ്ടെന്ന് അന്നത്തെ തിരുവാഭരണം കമ്മീഷണര്‍ ആര്‍.ജി. രാധാകൃഷ്ണന്‍ തയ്യാറാക്കിയ മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അതിവിശ്വസ്തനായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി. 26 വര്‍ഷം മുമ്പ് വിജയ് മല്യ സ്വര്‍ണം പൂശിയ ദ്വരപാലകശില്‍പ പാളിയില്‍ നിന്ന് നഷ്ടമായത് നാല് കിലോ സ്വര്‍ണമാണ്. സ്വര്‍ണം പൂശിയ പാളി ചെമ്പ് പാളിയായി മാറിയതറിഞ്ഞിട്ടും മറച്ചുവെച്ചത് ദേവസ്വം ബോര്‍ഡാണ്.
2019 ആഗസ്റ്റ് 29നാണ് ദ്വാരപാലകശില്‍പ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലെ സ്മാര്‍ട്ട്സ് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ എത്തിക്കുന്നത്. ഒരു മാസം ഇവ അനധികൃതമായി ഇയാള്‍ കൈയ്യില്‍ സൂക്ഷിച്ചിരുന്നു. സ്വര്‍ണം പൂശുന്നതിന് മുന്പ് 38,258 ഗ്രാം ചെമ്പ് പാളികളാണ് നേരില്‍ കണ്ടതെന്ന് അന്നത്തെ തിരുവാഭരണം കമ്മീഷണര്‍ ആര്‍.ജി രാധാകൃഷ്ണന്‍ തയ്യാറാക്കിയ മഹസറില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ദ്വാരപാലകശില്‍പ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കണമെന്ന് കാണിച്ചിറക്കിയ ദേവസ്വം ബോര്‍ഡ് ഉത്തരവിലും ചെമ്പ് പാളിയെന്നാണ് എഴുതിയിരുന്നത്. ഈ വര്‍ഷം വീണ്ടും ദ്വാരപാലക ശില്‍പ പാളി സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതും വിവാദമായതാണ്. തിരികെ എത്തിച്ചപ്പോള്‍ തൂക്കം കുറഞ്ഞതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ദേവസ്വം വിജിലന്‍സ് ഉടന്‍ അന്വേഷണം തുടങ്ങും.
സ്വര്‍ണം പൂശാനായി സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി കോടികള്‍ പിരിച്ചെടുത്തുവെന്നും, വിദേശരാജ്യങ്ങളില്‍ നിന്നുള്ള മലയാളികളായ അയ്യപ്പ ഭക്തരില്‍ നിന്നും പണം പിരിച്ചുവെന്നും ദേവസ്വം ബോര്‍ഡ് വിജിലന്‍സ് കണ്ടെത്തി. ഇതര സംസ്ഥാനങ്ങളിലെ വ്യവസായികളില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. വിവാദം ഒഴിവാക്കാന്‍ പിരിച്ച പണത്തില്‍ നിന്നും ഏഴ് പവന്റെ മാല മാളികപ്പുറം ക്ഷേത്രത്തിന് നല്‍കി. മാല ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കാതെ ശാന്തിമാര്‍ക്ക് നേരിട്ട് നല്‍കുകയാണ് ചെയ്തതെന്നും പരിശോധനയില്‍ നിന്നും വ്യക്തമായി. ശബരിമലയില്‍ വിലകൂടിയ സമര്‍പ്പണങ്ങള്‍ നടത്താനുള്ള ഇടനിലക്കാരനായിമാറിയതോടെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സര്‍ എന്നപേരില്‍ ഇതരസംസ്ഥാനത്തുള്ളവര്‍ക്കിടയില്‍ അറിയപ്പെട്ടുതുടങ്ങിയിരുന്നു. ഇത്തരത്തില്‍ വിവിധ ധനികരില്‍നിന്ന് പണം സമാഹരിച്ചുള്ള ഒരു സ്‌പോണ്‍സര്‍ഷിപ്പായിരുന്നു ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണംപൂശലെന്നും വിവരം കിട്ടിയിട്ടുണ്ട്.
സന്നിധാനത്ത് ഒരു ദിവസത്തെ അന്നദാനത്തിന്റെ ചെലവ് മുഴുവനായി വഹിക്കുന്നതരത്തിലുള്ള സ്‌പോണ്‍സര്‍ഷിപ്പും ഉണ്ണികൃഷ്ണന്‍ പോറ്റി ഏറ്റെടുത്തിട്ടുണ്ട്. ഇതിന് ദേവസ്വത്തില്‍ അടയ്ക്കേണ്ട തുക ആറുലക്ഷം രൂപയാണ്. എന്നാല്‍, ഇതിന്റെ നാലും അഞ്ചും ഇരട്ടി തുകയാണ് ഇയാള്‍ പിരിച്ചിരുന്നത്. സാധുക്കളായവര്‍ക്ക് അയ്യപ്പഭക്തരുടെ സഹായത്താല്‍ വീടുവെച്ചുകൊടുക്കുന്ന പദ്ധതിയും ഉണ്ണികൃഷ്ണന്‍ പോറ്റി ഏറ്റെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കായംകുളം കണ്ണമ്പള്ളിയിലാണ് രണ്ട് നിര്‍ധനര്‍ക്ക് വീടുവെച്ചുകൊടുത്തത്. ബെംഗളൂരുവിലെ പേര് വെളിപ്പെടുത്താത്ത രണ്ട് അയ്യപ്പഭക്തരായിരുന്നു സാമ്പത്തികസഹായം നല്‍കിയത്.