കൊച്ചി: അമ്മയുടെ അടുത്ത പ്രസിഡന്റായി വിമത വിഭാഗം മുന്നില്‍ കാണുന്നത് നടി ഉര്‍വ്വശിയെ. ജഗദീഷിനെ ജനറല്‍ സെക്രട്ടറിയുമാകും. ഈ മാറ്റം സാധ്യമായാല്‍ ഡബ്ല്യൂസിസിയിലെ പാര്‍വ്വതി അടക്കമുളളവര്‍ വീണ്ടും അമ്മയില്‍ അംഗങ്ങളാകും. മലയാള സിനിമയിലെ കരുത്തുള്ള നടിയാണ് ഇന്ന് ഉര്‍വ്വശി. സൂപ്പര്‍താരങ്ങളെ അടക്കം ചോദ്യം ചെയ്യാന്‍ കരുത്തുള്ള വ്യക്തിത്വം. ഈ സാഹചര്യത്തിലാണ് ഡബ്ല്യുസിസിയിലെ ഉള്ളൊഴുക്ക് ഉര്‍വ്വശിക്ക് അനുകൂലമാകുന്നത്. ഉര്‍വ്വശി മത്സരിക്കാന്‍ തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. എല്ലാവരും അംഗീകരിക്കുന്ന വനിത അമ്മയെ നയിക്കണമെന്ന പൊതു വികാരമാണ് ഉയരുന്നത്. ഉര്‍വ്വശിയെ പൃഥ്വിരാജ് അടക്കം പിന്തുണയ്ക്കും. എന്നാല്‍ പൊതു സമ്മതയെന്ന നിലയിലേ ഉര്‍വ്വശി മത്സരിക്കാന്‍ എത്തുവെന്നാണ് സൂചന.

ബംഗാളി നടിയുടെ മീ ടൂ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആദ്യം ആവശ്യപ്പെട്ട വ്യക്തികളില്‍ ഒരാളാണ് ഉര്‍വശി. അല്ലാത്തപക്ഷം അത് നടിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഉര്‍വശി പറഞ്ഞു. രഞ്ജിത്ത് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്നും, ദുരനുഭവം നേരിട്ട നടിക്കൊപ്പം സര്‍ക്കാര്‍ നല്‍കണമെന്നും രഞ്ജിത്തിനെതിരായുള്ള നടിയുടെ ആരോപണം തള്ളിക്കളയാനാകില്ലെന്നും ഉര്‍വ്വശി വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മ തെന്നി മാറരുതെന്നും ശക്തമായ നിലപാട് വേണമെന്നും ഉര്‍വ്വശി വിശദീകരിച്ചിരുന്നു. ഇത്രയും ശക്തമായ നിലപാട് എടുത്ത മറ്റൊരു മുഖ്യധാരാ നടിയും അമ്മയില്‍ ഇല്ല. അഭിനയ തികവില്‍ ഏറെ അംഗീകാരങ്ങള്‍ വാങ്ങിയ ഉര്‍വ്വശിക്ക് സംഘടനയെ നയിക്കാനുള്ള കരുത്തുണ്ടെന്നാണ് വിലയിരുത്തല്‍.

അമ്മയുടെ താക്കോല്‍ സ്ഥാനം പ്രസിഡന്റ് പദമാണെന്നാണ് വയ്പ്പ്. അതുകൊണ്ടാണ് ഉര്‍വ്വശിയെ ഈ പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. ജഗദീഷ് ജനറല്‍ സെക്രട്ടറിയായാല്‍ അമ്മയിലെ ദൈനംദിന പ്രവര്‍ത്തനവും സുഗമമായി നടക്കും. ഈ ഫോര്‍മുലയാണ് അമ്മയില്‍ മാറ്റങ്ങള്‍ സാധ്യമാക്കിയ കൂട്ടര്‍ക്കുള്ളത്. അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചതോടെ ജഗദീഷിനെ ആ സ്ഥാനത്ത് എത്തി കാണാനായിരുന്നു ഒരു വിഭാഗം ആഗ്രഹിച്ചത്. എന്നാല്‍ ജോയിന്റെ സെക്രട്ടറിയായ ബാബുരാജിലേക്കാണ് പദവി താല്‍കാലികമായി എത്തിയത്. സംഘടനയുടെ ബൈലോ പ്രകാരം എക്സിക്യൂട്ടീവ് അംഗത്തിന് മാത്രമേ പിന്നേയും ജനറല്‍ സെക്രട്ടറിയായി ഈ ഭരണസമിതിയില്‍ എത്താന്‍ കഴിയുമായിരുന്നുള്ളൂ. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റുന്ന വനിതകളും എക്സിക്യൂട്ടീവില്‍ ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ബാബുരാജിനെ വെട്ടിലാക്കി പീഡനാരോപണം എത്തിയത്.

ഈ പീഡന പരാതിയില്‍ എസ് പി ശശിധരന്റെ സ്ഥിരീകരണം കൂടി എത്തിയതോടെ വെല്ലുവിളി കൂടി. അമ്മയുടെ താക്കോല്‍ സ്ഥാനത്ത് ജഗദീഷ് തന്നെ വേണമെന്ന ചിലരുടെ ആഗ്രഹ പ്രതിഫലനം കൂടിയാണ് അമ്മയിലെ കൂട്ടരാജി. ഇതോടെ ഭാവിയില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഏത് പദവിയില്‍ വേണമെങ്കിലും എത്താന്‍ ജഗദീഷിന് കഴിയും. എന്നാല്‍ ജഗദീഷാണ് എല്ലാ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ചില കേന്ദ്രങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഇനി ജഗദീഷ് ഒരു പദവിയില്‍ എത്തരുതെന്ന ചര്‍ച്ചയും ഇവര്‍ തുടങ്ങി കഴിഞ്ഞു. വിശാല ചര്‍ച്ചകള്‍ക്ക് ശേഷമേ ജഗദീഷ് അമ്മയിലെ ഭാവി ഭാരവാഹിത്വത്തില്‍ തീരുമാനം എടുക്കൂ. മമ്മൂട്ടിയും മോഹന്‍ലാലും ഇനി ഒരു ചര്‍ച്ചയിലും ഭാഗഭാക്കാകില്ല.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടന്‍ പൃഥ്വിരാജ് മുന്നോട്ടു വച്ച 'വനിത നേതൃത്വം' എന്ന ആശയത്തിനൊപ്പമാണ് ജഗദീഷും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് താരസംഘടനയായ അമ്മയില്‍ കൂട്ടരാജി ഉണ്ടാകുന്നത്. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവയ്ക്കുകയും അമ്മയുടെ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തതിന് പിന്നില്‍ പുതിയ നേതൃത്വം വരട്ടേ എന്ന ലാലിന്റെ നിര്‍ദ്ദേശത്തിന് പ്രസക്തി കിട്ടുകയും ചെയ്തു.

നടിയുടെ ലൈംഗിക ആരോപണങ്ങളില്‍ കുരുങ്ങി നടന്‍ സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെ സംഘടനയെ നയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്ന ബാബുരാജും കഴിഞ്ഞ ദിവസം ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങി. ഇതോടെ അമ്മയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം പ്രതിസന്ധിയിലായി എന്നതാണ് വസ്തുത.