- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്വേഷണം അവസാനിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ വിവരാവകാശ നിയമ പ്രകാരം രേഖകള്‍ നല്‍കേണ്ടതായി വരുന്ന സാഹചര്യം കേസ് അന്വേഷണത്തെ ഗുരുതരമായി ബാധിക്കും; 'സത്യം പുറത്തു വരാതിരിക്കാന്‍' വിജിലന്‍സില്‍ വിവരാവകാശ അട്ടിമറി നീക്കം; അഴിമതിക്കാര്‍ക്ക് ആശ്വാസമാകാന്‍ വീണ്ടും അണിയറക്കളി; ആ നിര്‍ണ്ണായക കത്ത് മറുനാടന്
തിരുവനന്തപുരം: അഴിമതിക്കേസുകളിലെ വിവരങ്ങള്‍ പുറത്ത് എത്താതിരിക്കാന്‍ തന്ത്രപരമായ നീക്കം. അഴിമതി അന്വേഷിക്കുന്ന സംസ്ഥാന വിജിലന്‍സ് വിഭാഗത്തെ പൂര്‍ണമായും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയേക്കും. ഇതിന് വേണ്ടി വിജിലന്‍സ് വകുപ്പ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. ഇതിന്റെ കുറിപ്പ് മറുനാടന് ലഭിച്ചു. ജനുവരിയിലാണ് ഈ കത്ത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള വിജിലന്‍സ് സെക്രട്ടറിയ്ക്ക് കൈമാറിയത്. ഈ ആവശ്യത്തിലെ ഫയല്‍ നീക്കം സെക്രട്ടറിയേറ്റില്‍ വേഗത്തിലായി.
എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പരാതി അടക്കം, വിവാദമായ ഒട്ടേറെ കേസുകളുടെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അത് കൊടുക്കാന്‍ വിജിലന്‍സ് ബാധ്യസ്ഥരാണ്. ഈ സാചര്യത്തിലാണ് വിവരാവകാശത്തെ ഇല്ലായ്മ ചെയ്യാനുള്ള നീക്കം. വിജിലന്‍സ് അന്വേഷിക്കുന്ന കേസുകളുടെ വിവരങ്ങള്‍ പുറത്തുപോകുന്നതില്‍ ചില മന്ത്രിമാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ടൂറിസം വകുപ്പുമായി ബന്ധപ്പെട്ടും ചില അന്വേഷണം നടക്കുന്നുണ്ട്.
ജനുവരി 11ന് ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറിക്കു വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു നീക്കങ്ങള്‍. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയെ വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 24 പ്രകാരം വിവരം നല്‍കുന്നതില്‍നിന്ന് ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നായിരുന്നു ആവശ്യം. നിലവില്‍ ഈ ആവശ്യം നിയമവകുപ്പിന്റെ പരിശോധനയിലാണ്. ഇത്തരം തീരുമാനങ്ങള്‍ക്കു വിവരാവകാശ കമ്മിഷന്റെ അഭിപ്രായം തേടണമെന്നുണ്ട്. എന്നാല്‍ കമ്മീഷനോട് ചോദിക്കാതെ തന്നെ തീരുമാനത്തില്‍ എത്താനാണ് നീക്കം.
ജിഎസ്ടി ഇന്റലിജന്‍സ്, ഇന്റലിജന്‍സ് ബ്യൂറോ, ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ, എന്‍ഐഎ, നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, സ്‌പെഷല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച്, ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച്, ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, ആഭ്യന്തര വകുപ്പ് എന്നിവയെ വിവരാവകാശത്തില്‍ നിന്നും മാറ്റിയിട്ടുണ്ട്. ഇതേ രീതിയില്‍ വിജിലന്‍സിനേയും ഒഴിവാക്കണമെന്നാണ് ആവശ്യം. വിജിലന്‍സ് വകുപ്പിന് നല്‍കിയ കത്തില്‍ ഐജി കാര്‍ത്തിക്കാണ് ഒപ്പിട്ടിട്ടുള്ളത്.
2016ല്‍ വിജിലന്‍സ് വകുപ്പിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തില്‍ നിന്നും ഒഴിവാക്കി. എന്നാല്‍ നിലവില്‍ ടോപ് സീക്രട്ട് സെക്ഷന്‍ വിജിലന്‍സില്‍ ഇല്ല. ഈ സാഹചര്യത്തില്‍ വിവിധ സെക്ഷനുകളിലായാണ് ഈ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. അതില്‍ രഹസ്യ സ്വഭാവമുള്ള രേഖകളും പെടുന്നു. അതുകൊണ്ട് വിജിലന്‍സിനെ ആകെ വിവരാവകാശ നിയമ പരിധിയില്‍ നിന്നും മാറ്റണമെ്ന്നാണ് ആവശ്യം. ജാഗ്രതയോടെ സംരക്ഷിക്കേണ്ട രേഖകളാണ് പുറത്തു പോകുന്നത് തടയണമെന്നതാണ് ആവശ്യം.
വിജിലന്‍സ് കേസിന് ആസ്പദമായി നടത്തിയിരുന്ന അന്വേഷണം അവസാനിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ വിവരാവകാശ നിയമ പ്രകാരം രേഖകള്‍ നല്‍കേണ്ടതായി വരുന്ന സാഹചര്യം കേസ് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും ഈ കുറിപ്പിലുണ്ട്. ഇതാണ് ഏറ്റവും പ്രധാനമായത്. അന്വേഷണം അവസാനിപ്പിച്ച കേസിലെ രേഖകള്‍ നല്‍കുന്നത് എങ്ങനെ അന്വേഷണത്തെ ബാധിക്കുമെന്നത് അതിവിചിത്രമായ കാര്യമാണ്.
പോലീസില്‍ പോലും ടോപ് സീക്രട്ട് വിഭാഗത്തിലെ വിവരം മാത്രമേ പുറത്തു കൊടുക്കാതെയുള്ളൂ. ബാക്കിയെല്ലാം കിട്ടും. എന്നാല്‍ ഒന്നും പുറത്തു പോകാത്ത തരത്തിലെ സുരക്ഷിതത്വമാണ് വിജിലന്‍സ് ആഗ്രഹിക്കുന്നത് എന്ന് സാരം. യോഗേഷ് ഗുപ്ത വിജിലന്‍സ് മേധാവിയായിരുന്നപ്പോഴാണ് ഇത്തരമൊരു കത്ത് ആഭ്യന്തര മന്ത്രലായത്തില്‍ എത്തിയത്. പുതിയ സാഹചര്യത്തില്‍ ഇതില്‍ വലിയ സാധ്യതകള്‍ കാണുകയാണ് പിണറായി സര്‍ക്കാര്‍.