തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ അതിലൂടെ വ്യക്തമാകുന്നത് മലയാള സിനിമയിലെ സ്ത്രീകളോടുള്ള ക്രൂരമായ മനോഭാവമാണ്. സിനിമയില്‍ അഭിനയിക്കാനും സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കാനും എത്തുന്ന സ്ത്രീകളെ ക്രൂരമായി മുതലെടുക്കുന്ന നരാധമന്‍മാര്‍ മലയാള സിനിമയില്‍ ഇപ്പോള്‍ മാത്രമല്ല പണ്ടും ഉണ്ടായിരുന്നു.

ഇക്കാര്യം ഹേമ കമ്മിറ്റി അംഗമായ നടി ശാരദ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. സിനിമാ നിര്‍മ്മാതാക്കളെ മുതലാളി എന്ന് മാത്രം വിധിക്കപ്പെട്ട സിനിമാക്കാര്‍ ഉണ്ടായിരുന്ന ആ കാലഘട്ടത്തില്‍ ജീവനൊടുക്കിയ നടിമാരെ ഇന്ന് എത്ര പേര്‍ ഓര്‍ക്കുന്നു. മലയാള സിനിമയിലില്‍ ആദ്യമായി ആത്മഹത്യ ചെയ്ത നടി വിജയശ്രീ ആയിരുന്നു. 1970കളുടെ ആദ്യം അഭിനയ സിദ്ധിയേക്കാള്‍ സൗന്ദര്യം കൊണ്ട് മലയാള സിനിമയെ കീഴടക്കിയ നടിയായിരുന്നു തിരുവനന്തപുരം സ്വദേശിനിയായ വിജയശ്രീ.

അന്നത്തെ പല സിനിമാ നിര്‍മ്മാതാക്കളും ഇവരുടെ മേനിയഴക് മുതലെടുത്ത് പല സിനിമകളും ഹിറ്റാക്കി മാറ്റിയിട്ടുണ്ട്. പിന്നീട് കേരളത്തിലെ അന്നത്തെ ഏറ്റവും പ്രമുഖമായ ഒരു സിനിമാ നിര്‍മ്മാണ കമ്പനിയുമായി അവര്‍ക്കുണ്ടായ പിണക്കം ഒടുവില്‍ അന്നത്തെ സിനിമാ പ്രസിദ്ധീകരണങ്ങള്‍ ഏറ്റെടുത്തിരുന്നു. ഒടുവില്‍ മദിരാശിയിലെ വസതിയില്‍ വിജയശ്രീയെ വിഷം ഉളളില്‍ ചെന്ന നിലയില്‍ വീട്ടുകാര്‍ കണ്ടെത്തി.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ മരിച്ചു. ഈ മരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് പോലീസ് മലയാള സിനിമയിലെ പല പ്രമുഖരേയും ചോദ്യം ചെയ്തിരുന്നു എങ്കിലും ആ കേസ് അവിടെ അവസാനിച്ചു. വിജയശ്രീക്ക് ആദരാഞ്ജലി അര്‍പ്പിക്കാനും അവരുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാനും മലയാള സിനിമാ താരങ്ങളില്‍ ആകെ എത്തിയത് നടന്‍ രാഘവന്‍ മാത്രമായിരുന്നു.

അന്ന് മദിരാശിയില്‍ നടന്ന മലയാള സിനിമകളുടെ ചിത്രീകരണം പോലും നിര്‍ത്തിവെച്ചില്ല എന്ന കാര്യം മലയാള സിനിമ എത്ര ക്രൂരമായിട്ടാണ് ഇന്നലെ വരെ തങ്ങളുടെ സഹപ്രവര്‍ത്തക ആയിരുന്ന ഈ കലാകാരിയോട് കാട്ടിയത് എന്ന് മനസിലാക്കാം. പിന്നീട് ഒരു മലയാള നടി ആത്മഹത്യ ചെയ്തത് ശോഭ ആയിരുന്നു. പ്രശസ്ത നടിയായിരുന്ന പ്രേമയുടെ മകളായിരുന്ന ശോഭ ആദ്യം ബാലതാരമായും പതിനാലാമത്തെ വയസില്‍ ജി.എസ്. പണിക്കര്‍ സംവിധാനം ചെയ്ത ഏകാകിനിയില്‍ നായിക ആയും സിനിമാ രംഗത്ത് എത്തുക ആയിരുന്നു. തന്നേക്കാള്‍ വളരെ പ്രായമുള്ള ഛായാഗ്രാഹകനും സംവിധായകനും ആയിരുന്ന ബാലുമഹേന്ദ്രയെ ശോഭ വിവാഹം് കഴിച്ചത് അന്ന് വലിയ വിവാദമായിരുന്നു.

തമിഴ് സിനിമയായ പശിയിലെ അഭിയത്തിന് പതിനെട്ടാമത്തെ വയസില്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ശോഭയെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. എന്നാല്‍ ഈ ദുരൂഹ മരണത്തെ കുറിച്ചും വലിയ അന്വേഷണമൊന്നും നടന്നില്ല എന്ന് മാത്രമല്ല പില്‍ക്കാലത്ത് മലയാള സിനിമയെ ആസ്പദമാക്കി നിര്‍മ്മിച്ച ഒരു ചിത്രത്തില്‍ ശോഭയുടെ ജീവിതം ഇതിവൃത്തമാക്കി അവരെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരിച്ചിട്ടും ആരും പരാതിയുമായി എത്തിയില്ല.

പിന്നീട് മലയാള സിനിമയായ ഇണയെത്തേടിയിലൂടെ രംഗത്തെത്തി തെന്നിന്ത്യന്‍ സിനിമയെ തന്നെ കീഴടക്കിയ സില്‍ക്ക് സ്മിതയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടും സിനിമാക്കാര്‍ ആരും അന്വഷണം ആവശ്യപ്പെട്ട വന്നില്ല എന്നുള്ളതും മലയാള സിനിമയിലെം സ്ത്രീവിരുദ്ധത തന്നെയാണ് കാട്ടുന്നത്. മറ്റൊരു മലയാള നടിയായ റാണിപത്മിനിയും അവരുടെ അമ്മയും കൊല്ലപ്പെട്ട സംഭവവും ഇത് പോലെ ഒടുവില്‍ വെറും ഓര്‍മ്മയായി മാറുക ആയിരുന്നു.

ആ കൊലപാതകത്തെ കുറിച്ചും ശരിയായ അന്വേഷണം നടന്നോ എന്ന് അന്ന് പല മലയാള മാധ്യമങ്ങളും സംശയം പ്രകടിപ്പിച്ചിരുന്നു. പക്ഷെ ആരും ഇതിനായി മുന്‍കൈ എടുത്തില്ല എന്നതാണ് സത്യം.