തിരുവനന്തപുരം: നടുറോഡില്‍ കോണ്‍ഗ്രസ് നേതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രി 11-ഓടെ തിരുവനന്തപുരം ശാസ്തമംഗലം ജങ്ഷന് സമീപത്തായിരുന്നു സംഭവം. ശാസ്തമംഗലത്തെ വീട്ടില്‍നിന്ന് വെള്ളയമ്പലത്തേക്ക് പോവുകയായിരുന്നു നടന്‍ മാധവ് സുരേഷ്. ഇവിടെവെച്ചാണ് കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയുമായി താരം തർക്കത്തിലേർപ്പെട്ടത്. സിനിമ സ്റ്റൈലിൽ റോഡിൽ മാധവ് ഷോ കാണിക്കുകയായിരുന്നുവെന്നും അതിനാലാണ് പരാതി നൽകാത്തതെന്നും വിനോദ് കൃഷ്ണ മറുനാടനോട് പറഞ്ഞു.

വിനോദ് കൃഷ്ണ മറുനാടനോട് പറഞ്ഞതിങ്ങനെ:

ശാസ്തമംഗലം ഭാഗത്ത് നിന്നും വാഹനം യൂ ടേൺ എടുക്കുന്നതിനിടെ വളരെ ദൂരെ നിന്ന് മറ്റൊരു വാഹനം വേഗത്തിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ടു. യൂ ടേൺ എടുത്ത ശേഷം വേഗത കുറഞ്ഞ ട്രാക്കിലൂടെ വണ്ടി ഓടിക്കുമ്പോൾ അടുത്ത ട്രാക്കിലൂടെ മറ്റൊരു വാഹനത്തിന് പോകാം. പക്ഷെ ആ ട്രാക്കിലൂടെ പോകുന്ന വാഹനത്തിൽ നിന്നും ആരോ ഉച്ചയെടുത്ത് സംസാരിക്കുന്നത് കേട്ടു. ആ സമയത്താണ് ഞാൻ വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തി നോക്കുന്നത്. ട്രാക്ക് നോക്കി വണ്ടി ഓടിക്കടാ എന്നായിരുന്നു വാഹനം ഓടിച്ചിരുന്ന മാധവ് പറഞ്ഞത്. നിന്റെ കാര്യം നോക്കി പോടായെന്ന് ഞാനും മറുപടി നൽകി. അയാൾ വീണ്ടും ഒച്ചയെടുത്തപ്പോൾ ക്രമസമാധാനം നോക്കാൻ പോലീസുണ്ടെന്ന് ഞാൻ പറഞ്ഞു. എന്നാൽ പിന്നെ പോലീസ് വന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞ് അയാൾ വാഹനം എന്റെ കാറിന്റെ കുറുകെ ഇട്ടു. എന്റെ വാഹനത്തിന് വേഗത കുറവായത് കൊണ്ട് അപകടം ഒഴിവായി.

മറ്റ് വണ്ടികൾക്കും പോകാനാവാത്ത സാഹചര്യമുണ്ടായി. തുടർന്ന് വണ്ടിയെടുത്ത് മാറ്റാൻ ഞാൻ ആവശ്യപ്പെട്ടു. മറ്റ് വാഹനത്തിലുണ്ടായിരുന്നവരും വണ്ടി മാറ്റാൻ ആവശ്യപ്പെട്ടിട്ടും അയാൾ വാഹനം മാറ്റാൻ തയ്യാറായില്ല. രാത്രി ആയിരുന്നതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. ഇതിനിടെ വാഹത്തിന്റെ പിറകിൽ ഒരു ബൈക്കിടിച്ച് അപകടമുണ്ടായി. പിന്നീട് നാട്ടുകാർ ഇടപെട്ടതോടെയാണ് അയാൾ വാഹനം മാറ്റിയത്. പക്ഷെ എന്നെ പോകാൻ അനുവദിക്കാതെ വാഹനത്തിന്റെ മുന്നിൽ കയറി നിന്ന് ബോണറ്റിൽ അടിക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ മകനാണെന്ന് മനസ്സിലാക്കിയപ്പോൾ അച്ഛന് പേരു ദോഷമുണ്ടാക്കാതെ എടുത്തോണ്ട് പോടാ എന്ന് പറഞ്ഞു. സംഭവം അറിഞ്ഞ് സുഹൃത്തുകളും എത്തി. ഇതോടെ വിനോദ് കൃഷ്ണ പോലീസിനെ വിളിച്ചു. മദ്യപിച്ചിരുന്നതായി സംശയം തോന്നിയതിനാൽ മാധവിനെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. എന്നാൽ അതിവേഗതയില്‍ വണ്ടി ഓടിച്ചുവെന്ന് കുറ്റപ്പെടുത്തി. ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ മദ്യപാനം തെളിഞ്ഞില്ല. എനിക്ക് പരാതി ഇല്ലാത്തതിനാൽ മറ്റ് പരിശോധനകൾ ഉണ്ടായില്ല. സിനിമ സ്റ്റൈലിൽ റോഡിൽ ഒരു ഷോ കാണിക്കുകയായിരുന്നു മാധവ്. അതുകൊണ്ട് തന്നെ പരാതിയുമായി മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിച്ചു.

അതേസമയം, സംഭവത്തിന് പിന്നാലെ മാധവ് സുരേഷ് ഇൻസ്റ്റഗ്രാമിൽ പ്രതികരണവുമായി രംഗത്തെത്തി. വിനോദ് കൃഷ്ണയ്‌ക്കെതിരെ പരാതിയില്ലെന്നും ഇരുവർക്കും തെറ്റ് മനസ്സിലായെന്നും അദ്ദേഹം കുറിച്ചു. 'വിനോദ് സാറിന് പരാതി ഇല്ലാതിരുന്നിട്ടും, പൊലീസുകാരിൽ ഒരാൾ ഞാൻ ജീപ്പിൽ കയറുന്നത് വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. നമ്മുടെ പൊലീസ് സേനയിലും മോശം ആളുകളുണ്ട്,' മാധവ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആരോപിച്ചു.