കൊച്ചി: വിദേശത്ത് ജോലി വാഗ്‌ദാനം നൽകി പണം തട്ടിയ കേസിൽ പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പോലീസ്. ഏഷ്യ ഓറിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങളാണ് പ്രതികൾ തട്ടിയെടുത്തത്. ലിനു പോൾ, ആദം ജോൺ, അരുൺ പി ആന്റണി, ലിബിന പോൾ എന്നിവരാണ് കേസിലെ പ്രതികൾ. വിവിധ സ്റ്റേഷനുകളിലാണ് നിരവധി കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് മാസങ്ങൾ പിന്നിടുമ്പോഴും പ്രതികളെ പിടികൂടാൻ പോലീസിനായിട്ടില്ല.

ഉദ്യോഗാർഥികളിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപയാണ് പല തവണകളായി പ്രതികൾ കൈപ്പറ്റിയത്. പോളണ്ട്, അസർബൈജാൻ എന്നീ രാജ്യങ്ങളിലേക്കാണ് ജോലി വാഗ്‌ദാനം നൽകിയിരുന്നത്. അസർബൈജാനിലെ ഒരു പ്രമുഖ കമ്പനിയുമായി ഏഷ്യ ഓറിയയ്ക്ക് കാരാറുണ്ടെന്നായിരുന്നു അരുൺ ഉദ്യോഗാർത്ഥികളോട് പറഞ്ഞിരുന്നത്. ഓയിൽ ആൻഡ് ഗ്യാസ് റിഗ്ഗിലെ ഒരു പ്രോജക്ടിന്റെ കരാറുണ്ടെന്നും ഇതിനായി 75ഓളം ജീവനക്കാരെ ജോലി നൽകുന്നതായും ഇയാൾ പറഞ്ഞിരുന്നു. 6 മാസത്തെ ശമ്പളത്തോടൊപ്പമുള്ള പരിശീലനവും ജോലിയുമായിരുന്നു വാഗ്‌ദാനം. പ്രതികളിൽ ഒരാളായ അരുൺ പി ആന്റണിയും ഭാര്യ ലിബിന പോളുമാണ് വാഗ്ദാനങ്ങളുമായി ഉദ്യോഗാർത്ഥികളെ സമീപിച്ചത്.

കമ്പനിയുടെ ആദ്യത്തെ പ്രൊജക്ടായതിനാൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഇല്ലാത്തവരെയും കമ്പനി വിദേശത്തേക്ക് കൊണ്ട് പോകുന്നതായും അരുൺ പറഞ്ഞിരുന്നതായാണ് തട്ടിപ്പിനിരയായവർ പറയുന്നത്. പ്രോസസിങ് ഫീസായി 10,000 രൂപയാണ് ആദ്യം കൈപ്പറ്റിയത്. ശേഷം പല ഘട്ടങ്ങളിലായാണ് അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റി. ശേഷം ഉദ്യോഗാർത്ഥികളെ അസർബൈജാനിലെത്തിച്ചു. ഇവിടെ അഷ്യോറിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു ഓഫീസുണ്ടായിരുന്നു. എന്നാൽ അരുൺ പി ആന്റണിയല്ലാതെ മറ്റാരും ഇവിടെ ജീവനക്കാരായി ഇല്ലായിരുന്നു. 6 മാസം പരിശീലനം നല്കുമെന്നതായിരുന്നു വാഗ്‌ദാനം.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ജോലി സംബന്ധമായ പരിശീലനം ലഭിക്കാതായതോടെയാണ് ഉദ്യോഗാർത്ഥികൾ തട്ടിപ്പ് തിരിച്ചറിയുന്നത്. ഒരു മാസത്തോളം ഉദ്യോഗാർത്ഥികളെ അസർബൈജാനിൽ പരിശീലനത്തിന്റെ പേരിൽ താമസിപ്പിച്ചു. 45 പേരോളം ഉദ്യോഗാർത്ഥികൾ അസർബൈജാനിൽ ഉണ്ടായിരുന്നതായാണ് സൂചന. സമാനമായ രീതിയിൽ കാനഡയിൽ വിസ വാഗ്‌ദാനം നൽകി നിരവധി പേരെ തട്ടിപ്പിനിഹ്‌റയാക്കിയതായും സൂചനയുണ്ട്.

എന്നാൽ വിവിധ സ്റ്റേഷനുകളിലാണ് നിരവധി കേസുകൾ പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടും ആരെയും പിടികൂടാൻ പോലീസിനായിട്ടില്ല. വിദേശത്ത് ജോലി വാഗ്‌ദാനം നൽകി ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിക്കുന്ന കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കുകയാണ്.

മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് തട്ടിപ്പിനിരയാകുന്നവരിൽ ഭൂരിപക്ഷവും. മെച്ചപ്പെട്ട വേതനവും, ജീവിത സാഹചര്യങ്ങളും വാഗ്‌ദാനം നൽകിയാണ് ഉദ്യോഗാർത്ഥികളെ തട്ടിപ്പിനിരയാക്കുന്നത്. സമാനമായ തട്ടിപ്പായിരുന്നു അഷ്യോറിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മറവിലും നടന്നത്.