- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസുകളിൽ പ്രോസിക്യൂഷൻ എത്തുന്നത് കോടതിയിൽ എത്തുന്ന അവസാന ഘട്ടത്തിൽ; കേരളത്തിൽ നിയമ രംഗത്ത് മാറ്റത്തിന് ഇനിയും സമയമെടുക്കുമെന്ന് അഡ്വ പ്രേംനാഥ്; 370 വകുപ്പ് അനുസരിച്ചു പൊലീസ് കേസെടുത്താൽ തന്നെ വിസയിലെ വ്യാജന്മാർ അഴിയെണ്ണും
ലണ്ടൻ: കേരളത്തിൽ ശ്രദ്ധ നേടിയ പല കേസുകളും അവസാന വാദത്തിൽ നിരായുധരായി നിൽക്കുന്ന പ്രോസിക്യൂഷൻ അസാധാരണ സംഭവമല്ല. പലപ്പോഴും സമൂഹ മനസാക്ഷിയെ ഞെട്ടിക്കും വിധം കുറ്റവാളികൾ എന്ന് കരുതപ്പെട്ടവർ കൂളായി നിയമത്തിന്റെ കണ്ണിൽ നിന്നും രക്ഷപ്പെടുന്നതും അപൂർവ്വമല്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഈ ചോദ്യവുമായാണ് ഇന്നലെ ബ്രിട്ടീഷ് മലയാളി ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ ക്വീൻ എലിസബത്ത് സെന്ററിൽ നടക്കുന്ന ഇന്റർനാഷണൽ പ്രോസിക്യൂഷൻ അസോസിയേഷൻ വാർഷിക സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ ഇന്ത്യയിൽ നിന്നെത്തിയ ഏക പ്രതിനിധിയായ പാലക്കാട് ഡെപ്യുട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി പ്രേംനാഥിനെ സമീപിച്ചത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നിയമ രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം ഇക്കാര്യത്തിൽ കേരളത്തിൽ കാതലായ മാറ്റം ഉണ്ടായാലേ പ്രതീക്ഷയ്ക്ക് വകയുള്ളൂ എന്ന് പറയുമ്പോൾ നിയമ രംഗത്ത് കാലങ്ങളായി കേരളത്തിലെ സർക്കാരുകൾ എടുത്തിരിക്കുന്ന നയപരമായ കാര്യം കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും ഉണ്ടായ നിയമ രംഗത്തെ മാറ്റങ്ങൾ ഇന്നും സംഭവിക്കാത്തത് കേരളത്തിലാണ്. വിദേശ രാജ്യങ്ങളിൽ സംഭവിക്കുന്ന നിയമ രംഗത്തെ മാറ്റങ്ങൾ കേരളത്തിൽ ഉണ്ടാകാതിരിക്കാൻ ഓരോ മലയാളിയും നമ്മുടെ മനോഭാവവും കൂടി കാരണമാണ് എന്നും പി പ്രേംനാഥ് വിലയിരുത്തുമ്പോൾ കേരളത്തിലെ ജനങ്ങളുടെ അമിത രാഷ്ട്രീയ താൽപര്യങ്ങൾ കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ബ്രിട്ടനിൽ പൊലീസ് അല്ലല്ലോ കേസെടുക്കുന്നത്, ഈ മാറ്റം കേരളത്തിൽ ഉണ്ടാകുമോ?
ബ്രിട്ടനിൽ എത്ര വലിയ കേസിലും ചെറിയ കേസിലും പ്രാഥമിക തെളിവ് ശേഖരണം മാത്രമാണ് പൊലീസ് നടത്തുന്നത്. ലൈവ് റെക്കോർഡ് ബോഡി ക്യാമറ അടക്കമുള്ള വേഷം ധരിച്ചെത്തുന്ന പൊലീസിന് ക്രൈം സീനിൽ തന്നെ തെളിവ് ശേഖരണവും സാധ്യമാണ്. പിന്നീട് ഈ തെളിവുകൾ പരിശോധിച്ച് അതിന്റെ മെറിറ്റ് നോക്കി കോടതിയിൽ എത്തിയാൽ നിലനിൽക്കാനുള്ള സാധ്യത ഉണ്ടോ എന്ന് പരിശോധിക്കുന്നത് പ്രോസിക്യൂഷൻ വിഭാഗമാണ്. അതായതു കേസിന്റെ തുടക്കം മുതൽ പ്രോസിക്യൂഷന്റെ ഇടപെടൽ വ്യക്തമാണ്.
ബ്രിട്ടൻ ഉൾപ്പെടെ വിദേശങ്ങളിൽ പലയിടത്തും കേസുകളിൽ പൊലീസിന്റെ റോൾ കുറവും പ്രോസിക്യൂഷന്റെ റോൾ കൂടുതലുമാണ്. കേസ് തെളിയിക്കുക എന്നത് പൊലീസിനേക്കാൾ പ്രോസിക്യൂഷന്റെ ജോലിയാണ്. ഈ രാജ്യങ്ങളിൽ ഒക്കെ പ്രോസിക്യൂഷന് തെറ്റ് പറ്റിയാലും ചോദ്യം ചെയ്യാനും തിരുത്താനും സംവിധാനമുണ്ട്. പക്ഷെ കേരളത്തിലും മറ്റും പൊലീസിന്റെ വീഴ്ചകൾ ഇന്നും കാര്യമായി ചോദ്യം ചെയ്യപ്പെടുന്നില്ല എന്നതും വാസ്തവമാണ്. കേസുകൾ തോൽക്കുമ്പോൾ പ്രോസിക്യൂഷനും പൊലീസും പരസ്പരം പഴിചാരി മാറിപ്പോകുകയാണ്. ഇതിനു മാറ്റമുണ്ടാക്കാൻ സിസ്റ്റത്തിൽ കാര്യമായ, കാതലായ മാറ്റങ്ങൾ ഉണ്ടായാൽ മാത്രമേ സാധിക്കൂ.
ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ എങ്ങനെയാണു പ്രോസിക്യൂഷൻ പ്രവർത്തിക്കുന്നത്?
പല സംസ്ഥാനങ്ങളിലും കാതലായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. കൺകറന്റ് ലിസ്റ്റിൽ പെട്ട വിഷയം ആയതിനാൽ കേന്ദ്രവും സംസ്ഥാനവും തുല്യ റോളിൽ എന്നതാണ് കേരളത്തിലെ രീതി. സിആർപിസി 25 എ അനുസരിച്ചുള്ള മാറ്റങ്ങൾ പല സംസ്ഥാനത്തും നടപ്പാക്കി വരുകയാണ്. ഹിമാചൽ പ്രദേശാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. കർണാടകയും ഡൽഹിയും ഒക്കെ ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. ആന്ധ്രയിൽ നല്ല മാറ്റമുണ്ട്. ഈ രീതിയിൽ ആകുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനും സ്റ്റേഷൻ ഹൗസ് ഓഫീസറും പ്രോസിക്യൂഷൻ ഓഫീസും ചേർന്നു ഒപ്പിട്ടാൽ മാത്രമേ കോടതിയിൽ എത്തൂ. ഇതോടെ കേസിന്റെ തുടക്കം മുതൽ പ്രോസിക്യൂഷന് സാധ്യത ലഭിക്കുകയാണ്.
കേരളത്തിൽ ഒരു കേസുണ്ടായി മൂന്നോ നാലോ വർഷം കഴിഞ്ഞു കോടതിയിൽ എത്തുമ്പോൾ പ്രോസിക്യൂഷന്റെ കൈകളിൽ എത്തുകയും തെളിവുകൾ സംബന്ധിച്ച് പരിമിതികൾ ശ്രദ്ധയിൽ പെട്ടാൽ ഒന്നും ചെയ്യാനാകാത്ത നിലയിലേക്ക് കാര്യങ്ങൾ എത്തുകയുമാണ്. രാഷ്ട്രീയമായി നിയമിതരാകുന്ന പ്രോസിക്യൂട്ടർമാർ ഇല്ലാതാകുന്ന കാതലായ നിയമ മാറ്റം ഇന്ത്യയിൽ ഭാരതീയ നാഗരിക സുരക്ഷാ ബിൽ എന്ന പേരിലാണ് കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇനി അടുത്ത പാർലമെന്റിൽ മാത്രം ഇത് ബില്ലായി എത്തുന്നത് കരുതിയാൽ മതിയാകും. അതിനർത്ഥം പുതിയ ബിൽ അനുസരിച്ചുള്ള മാറ്റം നടപ്പാക്കാൻ പോലും കേരളത്തിൽ ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് തന്നെയാണ്.
യുകെയിൽ ശ്രദ്ധയിൽ പെട്ട പ്രധാന നിയമ വസ്തുത എന്താണ്?
കുറ്റകൃത്യങ്ങൾ ലോകത്തു എല്ലായിടത്തും ഉണ്ടാകും, അത് യുകെയിലും ഉണ്ട്. എന്നാൽ നിയമം അനുസരിക്കാനുള്ള പൗരന്റെ ടെന്റൻസി ആണ് പ്രധാനം. അത് ഏറ്റവും താഴെത്തട്ടിൽ ഉള്ള രാജ്യമാണ് യുകെ. ഈ ദിവസങ്ങളിൽ ഒരാൾ പോലും ട്രാഫിക് വയലേഷൻ നടത്തുന്നത് കാണാനായില്ല. ഒരു വാഹനവും റെഡ് സിഗ്നൽ ഭേദിച്ചു പോകുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകും, അതിവിടെയും ഉണ്ടാകും, എന്നാൽ പൊതുവെ ജനങ്ങൾ നിയമം അനുസരിക്കുന്നു, നിയമത്തെ ബഹുമാനിക്കുന്നു. അത്തരം ഒരു രാജ്യത്തു ജീവിക്കുക എന്നത് തന്നെ അഭിമാനമാണ്. ഈ നിയമം ഒക്കെ നമുക്കും ഉണ്ട്. പക്ഷെ അനുസരിക്കാനുള്ള മനോഭാവം ആണ് ഇല്ലാത്തത്. അത് മുകൾ തട്ട് മുതൽ സാധാരണക്കാർ വരെ ഒരുപോലെയാണ്. ഇക്കാര്യത്തിൽ കേരളത്തിൽ എല്ലാവരും ഒരു പോലെ തെറ്റുകാരാണ്. കേസുകളുടെ എണ്ണം കൂടുന്നത് പോലും നിയമത്തെ പേടി ഇല്ലാത്തതു കൊണ്ടാണ്. എന്തിനും ഏതിനും കോടതിയിൽ എത്തുക എന്നത് പോലും ഒരു ട്രെൻഡ് ആയി മാറുന്നു.
ഇപ്പോൾ കേരളത്തിൽ നിന്നും യുകെയിൽ എത്തുന്നതിൽ അനേകം പേര് അനധികൃത മാർഗത്തിൽ വരുന്നവരാണ്, തടയാൻ എന്ത് ചെയ്യാനാകും?
ഇക്കാര്യം ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. എറണാകുളത്തും പാലക്കാട്ടും ഒക്കെ പൊലീസ് മേധാവികളുടെ ശ്രദ്ധയിൽ വിഷയം ഉണ്ട്. മനുഷ്യക്കടത്ത് തടയുന്ന 370 വകുപ്പ് ഇത്തരം കേസുകളിൽ ഉപയോഗിച്ചാൽ തന്നെ ശിക്ഷിക്കപെടുന്നവരുടെ എണ്ണം കൂടും, ശിക്ഷാ കാലാവധിയും വർധിക്കും. ഇപ്പോഴത്തെ പോലെ നിസാരമായി കോടതികളിൽ നിന്നും ഊരിപ്പോരാനാകില്ല. മനുഷ്യക്കടത്തു തടയുന്ന വകുപ്പ് കൂടി ചേർത്ത് വേണം ഇത്തരം കേസുകൾ കോടതിയിൽ എത്തിക്കാൻ. ഇരയായ ആൾ ഒപ്പിട്ടു നൽകിയാൽ പോലും ഈ വകുപ്പ് ചേർത്താൽ കോടതിയിൽ എത്തുമ്പോൾ പ്രതിയാക്കപ്പെടുന്ന വ്യാജ വിസാ ലോബിയുടെ ഏജന്റിന് രക്ഷപ്പെടാനാകില്ല. ഇത് പൊലീസിന്റെ ഭാഗത്തു നിന്നും സംഭവിച്ചാൽ വ്യാജ വിസാ ലോബിക്ക് വലിയൊരു അളവിൽ പരിഹാരമാകും.
കേരളത്തിൽ ചില കേസുകൾ പരാജയപ്പെടുന്നത് പ്രോസിക്യൂഷന്റെ വീഴ്ചയായി വിലയിരുത്തപ്പെടുകയാണല്ലോ?
പല കേസുകളിലും കോടതി തെളിവുകൾ വിലയിരുത്തപ്പെടുമ്പോൾ പൊലീസ് വലിയ ധൈര്യത്തോടെ എത്തിച്ച തെളിവുകൾ പോലും നിലനിൽക്കണമെന്നില്ല. ഉദാഹരണമായി ഇപ്പോൾ സിസിടിവി ഇമേജുകൾ വലിയ തെളിവുകളായി അംഗീകരിക്കപ്പെടുന്ന കാലമാണ്. എന്നാൽ ഈ തെളിവുകൾ സർട്ടിഫൈ ചെയ്താണ് കോടതിയിൽ എത്തേണ്ടത്. എന്നാൽ പലപ്പോഴും പൊലീസ് തന്നെയാണ് ഈ തെളിവുകൾ ശേഖരിക്കുന്നതും കോടതിയിൽ എത്തിക്കുന്നതും. ഇതിൽ മാൽപ്രാക്റ്റിസ് നടന്നു എന്ന് മിടുക്കനായ പ്രതിഭാഗം വക്കീൽ ആരോപിച്ചാൽ പ്രോസിക്യൂഷൻ വെള്ളം കുടിക്കും. കാരണം തെളിവുകൾ സർട്ടിഫൈ ചെയ്ത ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം കോടതിക്ക് ആവശ്യമാണ്, അതില്ലാതെയാണ് പൊലീസ് ഈ തെളിവുകൾ കോടതിയിൽ എത്തിക്കുന്നത്. ഇക്കാര്യങ്ങൾ മുതിർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയതോടെ കാര്യമായ മാറ്റങ്ങൾ വരുന്നുണ്ട്.
ജനങ്ങളിൽ പ്രോസിക്യൂഷനിൽ വിശ്വാസമുണ്ടാകാനുള്ള റോൾ ഏറ്റെടുത്തു പ്രബന്ധാവതരണം
കമ്യൂണിറ്റി പ്രോസിക്യൂഷൻ ഇൻസിയേറ്റീവ് റ്റു മെയ്ന്റയ്ൻ പബ്ലിക് കോൺഫിഡൻസ് ഇൻ ദി ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം എന്ന വിഷയം അടിസ്ഥാനപ്പെടുത്തിയാണ് പ്രേംനാഥ് ലണ്ടനിൽ നടക്കുന്ന വാർഷിക കോൺഫ്രൻസിൽ പ്രബന്ധം അവതരിപ്പിക്കുന്നത്. കുറ്റകൃത്യം തടയാൻ പരമ്പരാഗത മാർഗങ്ങൾ ഉപേക്ഷിക്കുന്ന പ്രോസിക്യൂഷൻ രീതികളാണ് പ്രബന്ധത്തിൽ പ്രേംനാഥ് ഉയർത്തികാട്ടുന്നത്. ഇതിനായി പ്രോസിക്യൂഷൻ ഉദ്യോഗസ്ഥർ ജനങ്ങളുമായി കൂടുതൽ സംവദിക്കുന്ന കമ്യുണിറ്റി പ്രോസിക്യൂഷൻ എന്ന മാറ്റത്തെയാണ് ഇദ്ദേഹം ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നത്. നിരപരാധികൾ നിയമക്കുരുക്കിൽ അകപ്പെടുന്നത് തടയാൻ ഇതുവഴി സാധിക്കും എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. കുറ്റകൃത്യത്തെ കുറിച്ച് ജനങ്ങളിൽ കൂടുതൽ ബോധവത്കരണം സൃഷ്ടിക്കാനും ഇതുവഴി സാധിക്കും എന്ന് അദ്ദേഹം കരുതുന്നു.
ആഗോള രംഗത്ത് പ്രോസിക്യൂഷൻ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സംഘടനയാണ് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്രോസിക്യൂഷൻ എന്ന ഐപിഎ. യുഎൻ അംഗീകാരത്തോടെ നെതർലണ്ടിലെ ഹേഗ് ആസ്ഥാനമായാണ് ഈ സംഘടനാ പ്രവർത്തിക്കുന്നത്. സംഘടനയുടെ ആദ്യ കാല അംഗം കൂടിയാണ് പി പ്രേംനാഥ്. ഇപ്പോൾ ഇന്ത്യയിലും സംഘടനാ വളരെ സജീവമായ പ്രവർത്തനം ഏറ്റെടുക്കുകയാണ്. ഇന്ത്യയിലാകെ ആയിരത്തോളം അംഗങ്ങളും കേരളത്തിൽ 188 പേരുമാണ് അംഗങ്ങൾ. എല്ലാ വർഷവും ഓരോ ലോക രാജ്യങ്ങളിലാണ് സമ്മേളനം നടക്കുന്നത്. കൊറിയ, ദുബായ് തുടങ്ങി പല രാജ്യങ്ങളിലും സെമിനാർ അവതരണത്തിന് പ്രേംനാഥിന് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ സംഘടനയുടെ സബ് കമ്മിറ്റി കൺവീനർ സ്ഥാനമാണ് ഇദ്ദേഹം വഹിക്കുന്നത്. നിയമ രംഗത്ത് ബോധവത്കരണം നൽകാൻ ആയിരത്തിലേറെ നിയമ ക്ലാസുകൾ നയിച്ച അനുഭവവും പ്രേംനാഥിനൊപ്പമുണ്ട്.
പ്രോസിക്യൂട്ടറായി ജോലി ചെയ്യുന്ന പ്രേംനാഥിന് പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും ക്രിമിനോളജിയിലും പൊലീസ് അഡ്‌മിനിസ്‌ട്രേഷനിലും പിജി ഡിപ്ലോമയും നേടിയിട്ടുണ്ട്. നിലവിൽ എറണാകുളത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ (എച്ച്ക്യു) ആയി ജോലി ചെയ്യുകയാണ്. ലീഡർഷിപ്പ്, നിയമ വിഷയങ്ങളെ സംബന്ധിച്ച് സർക്കാർ, സർക്കാരിതര സ്ഥാനപനങ്ങളിലും ചീി ജൃീളശ േസംഘടനകൾക്കുമായി 1500ലധികം പരിശീലന പരിപാടികൾ അദ്ദേഹം നടത്തിയിട്ടുണ്ട്.
യുഎസിലെ ജെസിഐ സർവകലാശാലയുടെ ഇന്റർനാഷണൽ ഹെഡ് ട്രെയിനർ, ജുഡീഷ്യൽ അക്കാദമി, ബാർ കൗൺസിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി), കേരള, ആർപിഎഫ്, കേരള പൊലീസ്, നോർത്ത് ഈസ്റ്റേൺ പൊലീസ് അക്കാദമി ഇ & ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ ഗസ്റ്റ് ഫാക്കൽറ്റി, ആന്റി ഹ്യൂമൺ ട്രാഫിക്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ മാസ്റ്റർ ട്രെയിനർ എന്നിവയൊക്കെയായും പ്രേംനാഥ് പ്രവർത്തിക്കുന്നുണ്ട്.
ദുബായ്, ഹേഗ്, ജക്കാർത്ത, സിയോൾ, സൂറിച്ച്, തായ്‌പേയ് എന്നിവിടങ്ങളിലെ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്രോസിക്യൂട്ടർമാരുടെ കോൺഫറൻസിലും ബാങ്കോക്കിൽ നടന്ന യുഎൻഒഡിസി കോൺഫറൻസിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു, കൂടാതെ സിംഗപ്പൂർ, ശ്രീലങ്ക, ഹോങ്കോംഗ്, മലേഷ്യ എന്നിവിടങ്ങളും സന്ദർശിച്ച് പ്രോഗ്രാമുകൾ നടത്തി. ക്രിമിനൽ കേസുകളിലെ ഇരകളുടെ അവകാശങ്ങൾക്കായുള്ള ഒരു സംഘടനയായ വിശ്വാസ് ഇന്ത്യയുടെ സെക്രട്ടറി ജനറൽ കൂടിയാണ് പ്രേംനാഥ്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.