- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
വീട് വാടകക്ക് എടുക്കണമെങ്കിലും കൊടുക്കണമെങ്കിലും ഇന്ന് മുതല്‍ കുഴപ്പം പിടിച്ച ഒരു നിയമം കൂടി; മാസ്റ്റേഴ്സ് ഡിഗ്രി പഠിക്കാന്‍ ആരും തൊഴില്‍ കിട്ടാത്ത യുകെയിലേക്ക് വരരുത്; ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ ഇന്‍സ്റ്റാ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ ഇന്‍സ്റ്റാ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ലണ്ടന്‍: ഇന്ന് മുതല്‍ പുതിയ വാടക നിയമം നിലവില്‍ വരികയാണ്. ഇതനുസരിച്ച്, ഏജന്റുമാര്‍ വാടകക്കാരെയും വീട്ടുടമസ്ഥനെയുമൊക്കെ കുറിച്ച് നന്നായി പരിശോധിക്കണം. ഔദ്യോഗിക സാങ്ക്ഷന്‍ ലിസ്റ്റില്‍ ഉള്ളവരാണോ എന്നാണ് പരിശോധിക്കേണ്ടത്. എന്തെങ്കിലും വിധത്തിലുള്ള സംശയമുണ്ടായാല്‍ അവര്‍ ഉടന്‍ തന്നെ അക്കാര്യം ഓഫീസ് ഓഫ് ഫിനാന്‍ഷ്യല്‍ സാങ്ക്ഷന്‍സ് ഇംപ്ലിമെന്റേഷന് റിപ്പോര്‍ട്ട് ചെയ്യണം. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍, മനുഷ്യാവകാശ ലംഘനം, സംഘടിത കുറ്റകൃത്യങ്ങള്‍, തുടങ്ങി ദേശ സുരക്ഷക്ക് ഭീഷണിയാകുന്ന പല കാരണങ്ങളാലും വാടകക്കാരോ വീട്ടുടമകളോ ഈ ലിസ്റ്റില്‍ ഇടംപിടിച്ചേക്കാം.
വീടുകള്‍ വാടകക്ക് നല്‍കുന്ന മേഖലയില്‍ സമൂല പരിവര്‍ത്തനം വരുത്തുന്നതാണ് ഈ പുതിയ നിയമം എന്ന് അധികൃതര്‍ അവകാശപ്പെടുന്നു. അറിയാതെ കുഴിയില്‍ ചാടാതിരിക്കാന്‍ ഇത് ഏജന്റുമാരെ സഹായിക്കും. വാടക എത്രയായിരുന്നാലും, ഓരോ വീട്ടുടമയും വാടകക്കാരനും സാങ്ക്ഷന്‍ ചെക്കിന് വിധേയരാകണം. അഞ്ചില്‍ നാല് വീട്ടുടമകളും ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താത്ത സാഹചര്യത്തില്‍, നിയമവിധേയമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പുതിയ നിയമം ലംഘിച്ചതായി കണ്ടെത്തിയാല്‍ ഒരുപക്ഷെ 1 മില്യന്‍ പൗണ്ട് വരെ പിഴ ലഭിച്ചേക്കാം. ആവശ്യമായ ചെക്കിംഗ് നടത്താത്ത ഏജന്റുമാര്‍ക്കും ഏഴക്ക പിഴ പ്രതീക്ഷിക്കാം. മാത്രമല്ല, ക്രിമിനല്‍ പ്രോസിക്യൂഷനും വിധേയരാകേണ്ടതായി വന്നേക്കാം. വീട്ടുടമകള്‍ സാങ്ക്ഷന്‍ ലിസ്റ്റിലുണ്ടോ എന്ന് പരിശോധിക്കുന്നതിനു പുറമെ, വാടക കരാര്‍ എഴുതുന്നതിനു മുന്‍പ് തന്നെ വീട് വാടകക്ക് എടുക്കാന്‍ വന്ന വ്യക്തി ഈ ലിസ്റ്റിലുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഒട്ടുമിക്ക ഏജന്റുമാരും ഈ മാറ്റത്തിനായി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ല എന്നാണ് ഗുഡ്‌ലോര്‍ഡ് റിസര്‍ച്ചിന്റെ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.
മാസ്റ്റേഴ്സ് ഡിഗ്രി പഠനത്തിനായി ബ്രിട്ടനിലേക്ക് വരരുതെന്ന് ഇന്ത്യന്‍ വനിതയുടെ പോസ്റ്റ്
നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വിദേശ പഠനമെന്ന മോഹവും പേറി നടക്കുന്നത്. അവരില്‍ പലരും ലക്ഷ്യം വയ്ക്കുന്നത് യു കെ ആണ്. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട വിദ്യാഭ്യാസ ഹബ്ബാണ് ബ്രിട്ടന്‍. എന്തിനധികം, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ വിത്തുകള്‍ മുളച്ചതു തന്നെ കേംബ്രിഡ്ജിലെയും ഓക്സ്‌ഫോര്‍ഡിലെയും ക്യാമ്പസ്സുകളിലാണെന്ന് ചില ചരിത്രകാരന്മാര്‍ പോലും വാദിക്കുന്നുണ്ട്. അത്തരത്തില്‍, ഇന്ത്യയുമായി ഏറെ അടുത്തു നില്‍ക്കുന്ന ബ്രിട്ടനിലേക്ക് പോസ്റ്റ് ഗ്രാഡ്വേറ്റ് പഠനത്തിനായി ആരും വരരുതെന്നാണ് ലണ്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രൊഫഷണലായ ജാഹ്നവി ജെയിന്‍ അഭ്യര്‍ത്ഥിക്കുന്നത്.
മാര്‍ക്കറ്റിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന ജാഹ്നവി പറയുന്നത് തന്റെ കൂടെ പഠിച്ചിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 90 ശതമാനവും, ഒരു ജോലി സമ്പാദിക്കാന്‍ കഴിയാഞ്ഞതിനാല്‍ തിരികെ പോകാന്‍ നിര്‍ബന്ധിതരായി എന്നാണ്. പഠനത്തോടൊപ്പം പലവിധ ജോലികളും ചെയ്താണ് പൊതുവെ വിദേശ വിദ്യാര്‍ത്ഥികള്‍ പഠന ചെലവ് കണ്ടെത്തുന്നത്. അതിനു വഴിയില്ലാതെയായിരിക്കുന്നു എന്നും അവര്‍ പറയുന്നു.
ബ്രിട്ടനിലെ തൊഴില്‍ വിപണി ആകെ തകര്‍ന്ന അവസ്ഥയിലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ ഏറെ സാധ്യതയുള്ള ചില്ലറ വില്പന, അതിഥി സത്ക്കാര മേഖലകളില്‍ അടുത്തിടെയായി സ്ഥാപനങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടുകയാണ്. ഇതു തന്നെ തൊഴില്‍ ലഭ്യത വലിയൊരളവില്‍ തന്നെ കുറച്ചിരിക്കുന്നു. മാത്രമല്ല, സര്‍ക്കാരിന്റെ കര്‍ക്കശമായ പുതിയ കുടിയേറ്റ നയം ബ്രിട്ടനിലെ ജീവിതം പഴയതുപോലെ സുന്ദരമാക്കില്ലെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.