ലണ്ടന്‍: ഒരു യൂത്ത് മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ മൂന്ന് വര്‍ഷം വരെ താമസിച്ച് ജോലി ചെയ്യുന്നതിനുള്ള അനുവാദം നല്‍കിയേക്കുമെന്ന് സീനിയര്‍ മിനിസ്റ്റര്‍ നിക്ക് തോമസ് സിമ്മണ്ട്‌സ് സൂചിപ്പിച്ചു. ഇപ്പോള്‍ തന്നെ ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ബ്രിട്ടനുള്ള പദ്ധതിക്ക് സമാനമായിട്ടായിരിക്കും യൂറോപ്യന്‍ യൂണിയനുമായുള്ള പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുക. 18 വയസ്സിനും 30 വയസ്സിനും ഇടയിലുള്ളവര്‍ക്ക് രണ്ട് വര്‍ഷം വരെ ബ്രിട്ടനില്‍ താമസിച്ച് ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്നതാണ് ഇത്.

എന്നാല്‍, ഈ പദ്ധതി 12 മാസത്തേക്കാക്കി നിജപ്പെടുത്തണം എന്നായിരുന്നു ഹോം സെക്രട്ടറി യുവറ്റ് കൂപ്പറുടെ ആവശ്യം. കൂടുതല്‍ കാലം ഇവിടെ താമസിക്കുന്നവര്‍ കുടിയേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടും എന്നതിനാലായിരുന്നു. ഇത്. എന്നാല്‍, ഈ പദ്ധതി പ്രകാരം ഇവിടെ താമസിക്കാന്‍ അനുവാദം ലഭിക്കുന്നവര്‍ക്ക് താമസിക്കാനുള്ള കാലാവധി നീട്ടാനുള്ള തോമസ് സിമണ്ട്‌സിന്റെ നീക്കം, യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്ക് ബ്രെക്സിറ്റിന് മുന്‍പ് ബ്രിട്ടനിലേക്കുണ്ടായിരുന്ന സഞ്ചാര സ്വാതന്ത്ര്യം തിരികെ കൊണ്ടുവരുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

എന്നാല്‍, ഇത്തരത്തിലുള്ള ഒരു നീക്കം മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യയില്‍ നിന്നുള്ളവരുടെ ജോലി സാധ്യത കുറയ്ക്കും എന്ന ആശങ്കയും ഉയരുന്നുണ്ട്. ആരോഗ്യ മേഖലയിലും സോഷ്യല്‍ കെയര്‍ മേഖലയിലുമൊക്കെ പോളണ്ട് പോലുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആധിപത്യം സ്ഥാപിച്ചാല്‍ അത് പ്രതികൂലമായി ബാധിക്കുക ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ തൊഴിലവസരങ്ങളെയായിരിക്കും.

യൂറോപ്യന്‍ യൂണിയന്റെ പുതിയ എന്‍ട്രി - എക്സിറ്റ് സംവിധാനത്തെ കുറിച്ച് അറിയാം

ഏറെ വൈകിയാണെങ്കിലും യൂറോപ്യന്‍ യൂണിയന്റെ പുതിയ എന്‍ട്രി എക്സിറ്റ് സിസ്റ്റം പ്രവര്‍ത്തനക്ഷമമാകുകയാണ്. ബ്രിട്ടനില്‍ നിന്നും യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ചില യാത്രക്കാര്‍ക്ക് ഈ വര്‍ഷം ഒക്ടോബര്‍ 12 മുതല്‍ ഇത് ബാധകമാവും. ഷെന്‍കാന്‍ ഏരിയ അതിര്‍ത്തികളെ ഒരു കേന്ദ്രീകൃത ഡാറ്റാബേസുമായി ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം. യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളിലെ പൗരന്മാരുടെ അതിര്‍ത്തി കടന്നുള്ള വരവും പോക്കും കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാണ് ഈ സംവിധാനം ഉപയോഗപ്പെടുന്നത്.

അതിനുപുറമെ, ക്രിമിനലുകള്‍ എന്ന് സംശയിക്കപ്പെടുന്നവരെ കണ്ടെത്തുന്നതിനും വിദേശികളുടെ താമസം ഏതൊരു 180 ദിവസങ്ങളിലും 90 ദിവസങ്ങളായി കുറയ്ക്കാനും ഇത് സഹായിക്കും. യു കെ പൗരന്മാര്‍ക്കും മറ്റ് യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇത് ബാധകമാണ്. പുതുതായി നിലവില്‍ വരുന്ന മാറ്റങ്ങള്‍ അനുസരിച്ച്, ഒക്ടോബര്‍ മിഡ് ടേം ഹോളിഡേക്ക് പോകുന്ന ബ്രിട്ടീഷ് പൗരന്മാരില്‍ ചിലര്‍ക്ക് അവരുടെ വിരലടയാളവും ബയോമെട്രിക്കും രേഖപ്പെടുത്തേണ്ടതായി വരും.

ആര്‍ട്ടിക് മുതല്‍ കാനറി ദ്വീപുവരെ വ്യാപകമായി ഇത് നടപ്പിലാക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, ഇതിനായി നിശ്ചയിച്ച 2024 നവംബര്‍ 10 എന്ന തീയതിയില്‍ പണി പൂര്‍ത്തിയാക്കുന്നതില്‍ ഉണ്ടായ പരാജയം അധികൃതരെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. ആദ്യ ആറ് മാസക്കാലം ഇത് ചില ക്രോസ്സിംഗ് പോയിന്റുകളില്‍ മാത്രമായി നിജപ്പെടുത്തും. മറ്റുള്ളിടങ്ങളീല്‍ സാധാരണ പരിശോധനകള്‍ ശക്തമായി നടത്തും. ഇ ഇ എസ് ഉള്ള അതിര്‍ത്തി പോസ്റ്റുകളില്‍ ബയോമെട്രിക്കുകള്‍ രേഖപ്പെടുത്തുമെങ്കിലും, പിന്നെയൊരു 180 ദിവസത്തില്‍ ഈ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കുന്നത് വരെ പാസ്സ്‌പോര്‍ട്ട് പരിശോധിക്കുകയും സ്റ്റാമ്പ് ചെയ്യുകയും ചെയ്യും.