- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
പി ആര്‍ കിട്ടാന്‍ പത്ത് വര്‍ഷം എന്നത് നിലവില്‍ യുകെയില്‍ ഉള്ളവര്‍ക്കും ബാധകമാക്കുമെന്ന് ബിബിസി; ആശങ്കയോടെ പതിനായിരങ്ങള്‍; അനേകം നഴ്സുമാര്‍ യുകെ വിടാന്‍ ഒരുങ്ങുന്നു; എന്‍എച്ച്എസ് നേരിടാന്‍ പോകുന്നത് വന്‍പ്രതിസന്ധി
പി ആര്‍ കിട്ടാന്‍ പത്ത് വര്‍ഷം എന്നത് നിലവില്‍ യുകെയില്‍ ഉള്ളവര്‍ക്കും ബാധകമാക്കുമെന്ന് ബിബിസി;
ലണ്ടന്‍: കുടിയേറ്റക്കാര്‍ക്ക് പെര്‍മെനന്റ് റെസിഡന്റ് (പി ആര്‍) സ്റ്റാറ്റസ് ലഭിക്കാന്‍ പത്ത് വര്‍ഷം വരെ കാത്തിരിക്കണമെന്ന പുതിയ നിയമം, നിലവില്‍ ബ്രിട്ടനില്‍ ഉള്ളവര്‍ക്കും ബാധമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടനിലെത്തുന്ന വിദേശികള്‍, പത്ത് വര്‍ഷക്കാലം ഇവിടെ താമസിച്ചതിന് ശേഷം മാത്രമെ പി ആറിന് അപേക്ഷിക്കാന്‍ അര്‍ഹത നേടുകയുള്ളു എന്ന് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഇത് അഞ്ച് വര്‍ഷമാണ്.
ഈ പുതിയ നിയമം, 2020 മുതല്‍ യു കെയില്‍ താമസിക്കുന്ന 15 ലക്ഷത്തോളം വിദേശ തൊഴിലാളികള്‍ക്ക് ബാധകമാവുമോ എന്ന കാര്യത്തില്‍ നേരത്തെ വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍, ഈ നിയമം നിലവില്‍ യു കെ യില്‍ ഉള്ളവര്‍ക്കും ബാധകമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള രേഖകള്‍ വരുന്ന ആഴ്ചകളില്‍ പ്രസിദ്ധപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, കണ്‍സള്‍ട്ടേഷന്‍ നടത്തി പൊതുജനാഭിപ്രായം സ്വരൂപിച്ചതിനുശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം എടുക്കുക.
അതേസമയം, ബ്രിട്ടീഷ് പൗരന്മാരുടെ ആശ്രിതരായ, ബ്രിട്ടീഷ് പൗരന്മാര്‍ അല്ലാത്തവര്‍ക്ക് പി ആര്‍ സ്റ്റാറ്റസ് ലഭിക്കാന്‍ അഞ്ച് വര്‍ഷം മാത്രം യു കെയില്‍ തുടര്‍ന്നാല്‍ മതിയാകും.മാത്രമല്ല, ബ്രിട്ടീഷ് സമൂഹത്തിനും സംബദ്വ്യവസ്ഥയ്ക്കുംകാര്യമായ സംഭാവനകള്‍ ചെയ്യാന്‍ കഴിയും എന്ന് തെളിയിക്കാന്‍ കഴിയുന്നവര്‍ക്ക് ഈ സമയ പരിധിയില്‍ വീണ്ടും ഇളവുകള്‍ ലഭിക്കും. നിയമപരമായ കുടിയേറ്റം കുറച്ചു കൊണ്ടുവരുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിയമം നിലവില്‍ വരുന്നത്.
എന്നാല്‍, സര്‍ക്കാരിന്റെ ഈ നീക്കം നിരവധി പേരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഐ ടി മേഖലയില്‍ ഉള്‍പ്പടെയുള്ള പല പ്രൊഫഷണലുകളും ഇതിനെ ഒരു ചതിയായി കാണുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ പി ആര്‍ സ്റ്റാറ്റസ് വാഗ്ദാനം ചെയ്തിട്ടാണ് ബ്രിട്ടനിലേക്ക് പോന്നതെന്നും ഇനി മറ്റിടങ്ങള്‍ നോക്കേണ്ടി വരുമെന്നും അവരില്‍ പലരും പറയുന്നു. പല പ്രൊഫഷണലുകളും, അമേരിക്കയിലേക്കും ആസ്‌ട്രേലിയയിലേക്കുമൊക്കെ ചുവട് മാറ്റാനുള്ള ഒരുക്കത്തിലാണ്.
അതേസമയം ലേബര്‍ സര്‍ക്കാരിന്റെ പുതിയ കുടിയേറ്റ നയം ആയിരക്കണക്കിന് നഴ്സുമാര്‍ നാടുവിട്ട് പോകുന്നതിന് ഇടയാക്കിയേക്കുമെന്ന് പഠന റിപ്പോര്‍ട്ടും പുറത്തുവന്നു. റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍) നടത്തിയ സര്‍വ്വെയില്‍ പങ്കെടുത്ത വിദേശ നഴ്സുമാരില്‍ 42 ശതമാനം പേര്‍ പറഞ്ഞത് അവര്‍ ബ്രിട്ടന്‍ വിടുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് എന്നാണ്.അതില്‍ 70 ശതമാനം പേര്‍ കാരണമായി പറഞ്ഞത് വേതനത്തെയാണെങ്കിലും 40 ശതമാനം പേര്‍ പറഞ്ഞത് സര്‍ക്കാരിന്റെ കുടിയേറ്റ നയവും തങ്ങള്‍ക്ക് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമായിട്ടുണ്ട് എന്നാണ്.
ഇത്തരത്തില്‍ ബ്രിട്ടന്‍ വിട്ട് പോകാന്‍ ആലോചിക്കുന്നവരില്‍ മൂന്നില്‍ രണ്ട് പേരും അവരുടെ ജന്മനാട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നില്ല എന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിരക്കണക്കിന് വിദേശ നഴ്സുമാര്‍ നാടുവിടുന്നത് പക്ഷെ എന്‍ എച്ച് എസ്സിന് മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദം അത്ര ചെറുതായിരിക്കില്ല. സര്‍ക്കാരിന്റെ നയം ബ്രിട്ടീഷ് ആരോഗ്യ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ഈ രംഗത്തെ പ്രമുഖരും മുന്നറിയിപ്പ് നല്‍കുന്നു.