ലണ്ടന്‍: ബ്രിട്ടനില്‍ ഒരാഴ്ചയായി ഊഴമിട്ട് തുടരുന്ന കലാപം ശമനമില്ലാതെ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. ആദ്യ ഘട്ടങ്ങളില്‍ വംശീയ റാലികള്‍ നടക്കാതിരുന്ന രണ്ടു ഡസനോളം നഗരങ്ങളില്‍ ഇന്ന് റാലികള്‍ നടക്കാനിരിക്കെ മലയാളി ചെറുപ്പക്കാര്‍ എന്ന് സംശയിക്കപ്പെടുന്ന ചിലര്‍ അത്യന്തം അപകടകരമായ ചില പ്രവണതകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. യുകെ മലയാളി യൂണിയന്‍ എന്ന അക്കൗണ്ട് വഴി ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ ചില വിഡിയോ ദൃശ്യങ്ങള്‍ അത്യന്തം അമ്പരപ്പ് സൃഷ്ടിക്കുന്നതാണ്.

മലയാളികളോ അതോ ഇന്ത്യക്കാര്‍ എന്നോ സംശയിക്കത്ത വിധം യുവതികളും കുട്ടികളും അടക്കമുള്ളവര്‍ മൊബൈലില്‍ അക്രമ ദൃശ്യങ്ങളും പോലീസ് നടപടികളും ചിത്രീകരിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു കലാപം നടക്കുമ്പോള്‍ ലോകത്തെവിടെ ആയാലും അതത്ര സുരക്ഷിത ഇടം ആയിരിക്കില്ല എന്നിരിക്കെയാണ് വിഡിയോ ദൃശ്യങ്ങള്‍ക്കായുള്ള ഈ പരക്കംപാച്ചില്‍. എന്നാല്‍ ബ്രിട്ടീഷുകാരോ മറ്റു വംശജരോ വിഡിയോ ചിത്രീകരിക്കാന്‍ ഇത്രയും വ്യഗ്രത കാട്ടുന്നില്ല എന്നത് ശ്രദ്ധേയമാണ്.

അക്രമികള്‍ അഴിഞ്ഞാടുന്നു, സര്‍ക്കാര്‍ നോക്കുകുത്തിയായും

കേവലം ഒരു മാസം മാത്രം പ്രായമായ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ അഗ്നിപരീക്ഷയാണ് ഇപ്പോള്‍ നേരിടുന്നത്. ബ്രിട്ടന് പൊതുവില്‍ കണ്ടുപരിചയം ഇല്ലാത്ത രാഷ്ട്രീയ സാഹചര്യം ഭരണ വൈദഗ്ധ്യം ഇല്ലാത്ത പ്രധാനമന്ത്രിയുടെ കൈകളില്‍ എത്രത്തോളം സുഭദ്രമാണ് എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്ക് നീങ്ങുന്നു എന്ന് പറയുമ്പോഴും അക്രമികള്‍ തെരുവുകളില്‍ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 400 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവര്‍ക്കായുള്ള കോടതി നടപടികള്‍ പുരോഗമിക്കുകയാണ്.

ഇപ്പോള്‍ രാവും പകലും തുറന്നാണ് കോടതി അറസ്റ്റില്‍ ആകുന്നവരെ കൈകാര്യം ചെയ്യുന്നത്. അറസ്റ്റില്‍ ആകുന്ന വംശീയ വാദികളെ ഒരാഴ്ചക്കകം ശിക്ഷിക്കും എന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സ്റ്റര്‍മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ വിരട്ടല്‍ ഒന്നും കലിയിളകിയ അക്രമികള്‍ ചെവിക്കൊള്ളുന്നില്ല എന്നതാണ് മാധ്യമങ്ങളില്‍ തുടര്‍ച്ചയായി നിറയുന്ന അക്രമ സംഭവങ്ങള്‍ തെളിയിക്കുന്നത്. സര്‍ക്കാരിന് എത്ര പേരെ അറസ്റ് ചെയ്തു ജയില്‍ നിറയ്ക്കാനാകും എന്ന ചോദ്യവും മറുവശത്തു ഉയരുന്നുണ്ട്.

ഭയപ്പെടും വിധമുള്ള സാഹചര്യത്തെ മലയാളികള്‍ നേരിടുന്നില്ല, പക്ഷെ കരുതലെടുത്തില്ലെങ്കില്‍ അപകടം അരികെ

അതിനിടെ ലക്ഷക്കണക്കിന് യുകെ മലയാളികള്‍ സുരക്ഷിതരാണോ എന്ന ആശങ്കയാണ് ഇപ്പോള്‍ നാട്ടില്‍ ഉള്ള ബന്ധുക്കള്‍ക്ക്. യുകെയില്‍ തികഞ്ഞ അരക്ഷിതാവസ്ഥയാണ് എന്ന പ്രചാരണമാണ് ഇപ്പോള്‍ നാട്ടിലെ ബന്ധുക്കളെയും അസ്വസ്ഥരാക്കിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബെല്‍ഫാസ്റ്റില്‍ നടന്ന ഒറ്റപ്പെട്ട സംഭവം ഒഴികെ ഇതുവരെ മലയാളികള്‍ ആരെയും ഇപ്പോള്‍ നടക്കുന്ന കലാപം ബ്വാധിച്ചിട്ടില്ല എന്നാണ് വിവിധ നാടുകളില്‍ നിന്നും പ്രാദേശികമായി ബ്രിട്ടീഷ് മലയാളിക്ക് ലഭിക്കുന്ന വിവരം. പ്രത്യേകിച്ചും വംശീയ ലഹളയ്ക്ക് കുപ്രസിദ്ധമായ ചില ഇടങ്ങളില്‍ നിന്നും പോലും മലയാളികള്‍ സുരക്ഷിതമാണ് എന്ന സന്ദേശമാണ് ലഭിക്കുന്നത്. പക്ഷെ സാഹചര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കൈവിടാവുന്നതാണ് എന്നതാണ് നിലവിലെ സാഹചര്യം.

പ്രത്യേകിച്ചും വംശ വെറിയര്‍ നോട്ടമിടുന്ന കുടിയേറ്റക്കാരുടെ ബിസിനസും സ്ഥാപനങ്ങളും നിറഞ്ഞ സ്ട്രീറ്റുകള്‍ അടക്കം ഉള്ള സ്ഥലങ്ങളില്‍ ഷോപ്പിങ് അടക്കമുള്ള കാര്യങ്ങളില്‍ നിന്നും ഇപ്പോള്‍ മലയാളികള്‍ വിട്ടു നില്‍ക്കേണ്ടതാണ്. വേനല്‍ക്കാലത്തു പതിവായ ഒരു ബാര്‍ബിക്യൂ പാര്‍ട്ടി പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ വെറുപ്പ് വിളിച്ചു വരുത്തുന്ന കാര്യമായി മാറിയേക്കാന്‍ വലിയ സാധ്യതകളുണ്ട്. വര്‍ഷങ്ങളായി അറിയുന്നവര്‍ ആണെങ്കില്‍ പോലും വംശീയ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ സൗഹൃദവും പരിചയവും ഒക്കെ പിന്നിലേക്ക് മാറിനില്‍ക്കും എന്ന സാമാന്യ തത്വമാണ് ഇപ്പോള്‍ യുകെ മലയാളികള്‍ ഓര്‍ത്തിരിക്കേണ്ടതും.

ഇന്നും നാളെയും നിര്‍ണായകം, വ്യാജ പ്രചാരണവും സജീവം

ഇന്നും നാളെയും ഒക്കെയായി അനേകം ഇടങ്ങളിലാണ് വംശീയ റാലികള്‍ നടക്കാനിരിക്കുന്നത്. ഇത് മുഴുവന്‍ തടയാന്‍ ആവശ്യമായ പോലീസ് സംവിധാനം ലഭ്യമല്ല എന്നിരിക്കെ അശുഭ വാര്‍ത്തകളും ധാരാളം കേള്‍ക്കേണ്ടി വന്നേക്കാം. ബ്രിട്ടന്‍ ഇന്നുവരെ കാണാത്ത വിധമുള്ള വംശീയ ആക്രമണമാണ് ഇപ്പോള്‍ തെരുവുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വംശീയ വാദികള്‍ കരുത്തുകാട്ടി എന്ന് കരുതപ്പെടുന്ന ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് ശേഷം വേണ്ടി വന്നാല്‍ തങ്ങള്‍ക്ക് ഭാവിയില്‍ മൃഗീയ ഭൂരിപക്ഷം പോലും കണ്ടെത്താനാകും എന്ന ചിന്തയിലാണ് ഇപ്പോള്‍ വംശീയതക്ക് തുറന്നാടാന്‍ വേദി ഒരുങ്ങിയിരിക്കുന്നത്.

ഡെര്‍ബിയിലെ നോര്‍മാന്റണ്‍ റോഡില്‍ ഇന്ന് കലാപകാരികള്‍ ഒത്തുകൂടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനികള്‍ അടക്കമുള്ളവരുടെ ഏഷ്യന്‍ ഷോപ്പുകള്‍ ഈ ഭാഗത്ത് കൂടുതലായി ഉള്ളതിനാല്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുസ്ലീം ജനവിഭാഗത്തിനിടയില്‍ വലിയ ഭയം പടര്‍ന്നിരിക്കുന്നതിനാല്‍ ഇന്ന് നടക്കാനിരുന്ന ഡ്രൈവിംഗ് ക്ലാസുകള്‍ നിരവധി പേരാണ് കാന്‍സല്‍ ചെയ്തിരിക്കുന്നത്.

ലീഡ്‌സില്‍ കുട്ടികളെ പോലീസ് പിടിച്ചെടുത്തതും മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ പോലീസും യാത്രക്കാരും തമ്മില്‍ ഉണ്ടായ സംഘര്‍ഷവും ഒടുവില്‍ സൗത്ത്പോര്‍ട്ടില്‍ കുഞ്ഞുങ്ങള്‍ മൃഗീയമായി കത്തിക്കിരയായതും എല്ലാം ഒത്തുവന്നപ്പോള്‍ വംശീയ ആക്രമണത്തിനും എങ്ങും ലഭിക്കാത്ത കരുത്തും ഊര്‍ജ്ജവും കിട്ടുകയായിരുന്നു എന്നതാണ് വാസ്തവം.

വംശീയ റാലികള്‍ പ്രഖ്യാപിക്കാത്ത സ്ഥലങ്ങളില്‍ റാലികള്‍ നടക്കുന്നു എന്നും പള്ളികളും കടകളും ആക്രമിക്കപ്പെടുന്നു എന്നുമൊക്കെയുള്ള അനേകം വ്യാജ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങളെ കണ്ണടച്ച് വിശ്വസിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അടുത്ത മൂന്നു ദിവസത്തേക്ക് യാത്രകളിലും മറ്റും കൂടുതല്‍ ശ്രദ്ധ വേണം എന്നാണ് മിക്കയിടത്തും തൊഴില്‍ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അപകട മേഖലകള്‍ ഒഴിവാക്കി അക്രമികളുടെ കണ്ണില്‍ പെടാതിരിക്കുക, കൂടുതല്‍ വെറുപ്പ് വാങ്ങിക്കൂട്ടുന്ന പെരുമാറ്റത്തിന് സ്വയം വിലക്കേര്‍പ്പെടുത്തുക, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ ദുസ്സഹമാക്കുന്ന ബ്രിട്ടീഷ് ജീവിതം

അടുത്തിടെ എത്തിയ മലയാളികള്‍ക്ക് ഇത്തരം അപകടം നിറഞ്ഞ പ്രാദേശിക സ്ഥലങ്ങള്‍ അറിയില്ലെങ്കില്‍ വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്ന മലയാളികളുടെ സഹായം തേടേണ്ടതാണ്. കഴിവതും പ്രാദേശികമായി തോന്നാവുന്ന വസ്ത്ര ധാരണം വരെ പൊതു ഇടങ്ങളില്‍ ഒഴിവാക്കേണ്ടതുമാണ്. ബ്രിട്ടീഷ് സംസ്‌കാരത്തിന് ഇടിവ് തട്ടിക്കുന്നു എന്ന് തോന്നാവുന്ന ഏതു കാഴ്ചയും പ്രകോപനം ആയേക്കും എന്നതിനാലാണ് വേഷത്തിലും ഭാഷയിലും പെരുമാറ്റത്തിലും ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് പറയേണ്ടി വരുന്നത്. ബ്രിട്ടീഷുകാര്‍ പൊതു ഇടങ്ങളില്‍ പുലര്‍ത്തുന്ന മര്യാദകള്‍ മലയാളികള്‍ കൂടുതലായി ലംഘിക്കുന്നു എന്ന വിലയിരുത്തലിലാണ്. സോഷ്യല്‍ മീഡിയയില്‍ തിളങ്ങാന്‍ പൊതു ഇടങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ മറ്റാരേക്കാളും മുന്നില്‍ നില്‍ക്കുന്ന മലയാളികള്‍ ഇതെല്ലം അരോചകമായി കാണുന്ന പാശ്ചാത്യരുടെ വെറുപ്പ് വാങ്ങിക്കൂട്ടുന്നതിലും മുന്‍പില്‍ തന്നെയാണ്.

അക്രമികളായ കുടിയേറ്റക്കാരെ തേടുന്ന വംശവെറിയരുടെ മുന്നിലെത്തുമ്പോള്‍ മലയാളിക്കും ആ ഭാവവും രൂപവും ഒക്കെ കൂടെയുള്ളതിനാല്‍ വെറുപ്പിന്റെ ഇരകളാകേണ്ടി വരുന്നതില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ എന്ന് പേര് വീണിരിക്കുന്ന പൊതു ജീവിതത്തെ മലീമസമാകുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നവരുടെ റോള്‍ ഏറെ വലുതാണ്. കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടെ പോലും ദൃശ്യങ്ങള്‍ അനുവാദമില്ലാത്ത വിഡിയോ ദൃശ്യങ്ങളില്‍ കാണേണ്ടി വരുമ്പോള്‍ അതില്‍ സ്വകാര്യത ലംഘനം കാണുന്നവര്‍ തിരിച്ചടിക്ക് അവസരം ഒരുങ്ങുമ്പോള്‍ അടഞ്ഞിരിക്കില്ല എന്ന സൂചനയാണ് ഇപ്പോള്‍ യുകെ മലയാളികളുടെ സോഷ്യല്‍ മീഡിയയില്‍ തലങ്ങും വിലങ്ങും ഓടി നടക്കുന്നത്.

ഇപ്പോള്‍ യുകെ മലയാളികള്‍ക്ക് ഉപദേശം ആയി എത്തുന്നതിലും ഇതേ ഇന്‍ഫ്ളുവന്‍സര്‍മാര്‍ തന്നെയെന്നതാണ് കൂടുതല്‍ രസകരം. യുകെയില്‍ അസാധാരണമായ വിധം തൊഴില്‍ അവസരം ഉണ്ടെന്നും മാസം ആറു ലക്ഷം രൂപ സമ്പാദിക്കാം എന്നും ഒക്കെ തള്ളിവിട്ട ഇത്തരക്കാര്‍ റിക്രൂട്മെന്റ് ഏജന്‍സികളുടെ പിണിയാളുകള്‍ ആണെന്ന ആരോപണവും ഒരിക്കല്‍ ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. എന്നാല്‍; ഇപ്പോള്‍ കാശ് വാങ്ങി ചെയ്യുന്ന അത്തരം വിഡിയോകള്‍ ജോലിയുടെ ഭാഗം ആണെന്നാണ് ഒരു സങ്കോചവും ഇല്ലാതെ കഴിഞ്ഞ ദിവസം ഒരു വനിതാ വിഡിയോ ഹാന്‍ഡില്‍ വെളിപ്പെടുത്തിയത്.

Ajith Thomons

I live nearly 20 years in London . Wherever I go I behave myself. I don't push others from the back ( while in a queue ) . I don't jump queue. I don't stare at people. I don't drink and show off money . I don't throw rubbish on the road . I don't piss on the road . I drive my car carefully. I don't do noisy parties to be a nuisance to others . I speak in English while there is others who don't understand my mother tongue. I respect others. I walk in confidence. I do everything in low profile. I never had issues .