ലണ്ടൻ: യുകെ മലയാളികൾക്കിടയിൽ സോളിസിറ്റർമാർ ആയി ജോലി ചെയ്യുന്നവർ അനേകമുണ്ട്. എന്നാൽ അവർക്കിടയിൽ വക്കീൽ ഗൗൺ അണിഞ്ഞു കോടതികളിൽ വാദത്തിന് എത്താൻ യോഗ്യതയുള്ളവർ എത്രയുണ്ട് എന്ന അന്വേഷണത്തിൽ അധികം പേരെ കണ്ടെത്താനാകില്ല. ഇപ്പോൾ ഇതാ ആ രംഗത്തേക്കും സ്വയം പ്രയത്നം കൊണ്ട് ഒരു യുകെ മലയാളി എത്തിച്ചേർന്നിരിക്കുന്നു, അതും വനിതയായ അഡ്വ ഷൈമ അമ്മാൾ. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തട്ടകമായ ഉക്സ്ബ്രിജിൽ തന്നെയാണ് ഷൈമയും ചുവടു ഉറപ്പിച്ചിരിക്കുന്നത്. ഒന്നര പതിറ്റാണ്ട് മുൻപ് ബർമിങ്ഹാം യൂണിവേഴ്‌സിറ്റിയിൽ നിയമ പഠനത്തിനു എത്തിയ പാലക്കാട്ടുകാരിയായ ഷൈമ ബിരുദം സ്വായത്തമാക്കിയ ശേഷം സ്വന്തം പേരിൽ തന്നെ ഓഫിസ് തുറന്നു നിയമ വഴികളിൽ സ്വന്തം പാത കണ്ടെത്തുക ആയിരുന്നു.

ഏറെക്കാലം കുടിയേറ്റ നിയമവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ഒരു നിയമ സഹായ സ്ഥാപനത്തിൽ ജോലി ചെയ്ത അനുഭവ സമ്പത്തും കൈപ്പിടിച്ചാണ് ഇപ്പോൾ ഷൈമ ഗൗൺ അണിഞ്ഞു ക്രൗൺ കോർട്ടിലും ഹൈക്കോടതിയിലും ഒക്കെ എത്താൻ കഴിയുന്ന സോളോസിറ്റർ അഡ്വക്കേറ്റ് ആയി മാറിയിരിക്കുന്നത്. ഇത്തരത്തിൽ യുകെയിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിക്കുന്ന ആദ്യ മലയാളി വനിത കൂടിയാണ് ഷൈമ അമ്മാൾ എന്ന് കരുതപ്പെടുന്നു. രാജ്യത്താകെയുള്ള രണ്ടേകാൽ ലക്ഷം സോളിസിറ്റർമാർക്കിടയിൽ വെറും 7200 പേരാണ് സോളിസിറ്റർ അഡ്വക്കേറ്റ് ആയി ജോലി ചെയ്യാൻ യോഗ്യത ഉള്ളത് എന്ന കണക്കിൽ നിന്നും തന്നെ ഇവരുടെ പ്രാധാന്യവും തിരിച്ചറിയാനാകും.

സോളിസിറ്റർ എല്ലാ കോടതിയിൽ എത്താറില്ല

സാധാരണ ഗതിയിൽ സോളിസിറ്റർ വഴിയാണ് ഓരോ കേസും കോടതികളിൽ എത്തുന്നത്. എന്നാൽ കേസുകളുടെ ഗൗരവം കൂടുമ്പോൾ സാധാരണ ഗതിയിൽ സോളിസിറ്റർക്കു മുതിർന്ന കോടതികളിൽ എത്താനാകില്ല. ഇത്തരം സന്ദർഭങ്ങളിലാണ് സോളിസിറ്ററിൽ നിന്നും കേസുകൾ ബാരിസ്റ്ററിലേക്ക് എത്തുക. സോളിസിറ്റർമാരിൽ നിന്നുള്ള വിവര ശേഖരം ക്രോഡീകരിച്ചു പരാതിക്കാരുടെ മൗത്ത് സ്പീക്കർ ആയി കോടതിയിൽ എത്തുകയാണ് ബാരിസ്റ്റർ ചെയ്യുക. എന്നാൽ സോളിസിറ്റർ അഡ്വക്കേറ്റ് കൈകാര്യം ചെയ്യുന്ന കേസുകളിൽ അവർ തന്നെയാണ് ബാരിസ്റ്ററുടെ ജോലിയും ചെയ്യുക. അതിനാൽ സാധാരണ വ്യവഹാരം നടക്കുന്ന കോടതികൾ മുതൽ ഗൗരവം ഉള്ള കേസുകൾ കൈകാര്യം ചെയ്യുന്ന ക്രൗൺ കോടതിയും ഹൈക്കോടതിയും ഒക്കെ സോളിസിറ്റർ അഡ്വക്കേറ്റിന്റെ വ്യവഹാര മേഖല കൂടിയാണ്.

പരമ്പരാഗത ശൈലിൽ ഗൗണും തലയിൽ വിഗും ഒക്കെ അണിഞ്ഞു ജഡ്ജി കോടതിയിൽ എത്തിയാൽ ബാരിസ്റ്ററും സോളിസിറ്റർ അഡ്വക്കേറ്റും അതെ ശൈലിയിൽ തന്നെയാണ് വാദത്തിനായി കോടതി മുറിയിൽ എത്തുക. ആ അർത്ഥത്തിലും വിഗ് ധരിക്കാൻ ഭാഗ്യം ലഭിക്കുന്ന ആദ്യ യുകെ മലയാളി വനിതയും ഷൈമ താന്നെയായേക്കും. സാധാരണ ഗതിയിൽ കേസിന്റെ ടിപ്സ് മാത്രമാണ് ബാരിസ്റ്ററുടെ കൈവശമെത്തുക. കേസിന്റെ മുഴുവൻ നാൾവഴികളും അറിയുക സോളിസിറ്റർമാർക്കായിരിക്കും. എന്നാൽ ഒരാൾ ഒരേ സമയം സോളിസിറ്ററും ബാരിസ്റ്റാർക്കു തുല്യമായ വാദവും നടത്തുന്നു എന്നതാണ് സോളിസിറ്റർ അഡ്വക്കേറ്റിനുള്ള അധിക മേന്മ. മാത്രമല്ല ചെറിയ കോടതികളിൽ നിന്നും മുതിർന്ന കോടതികളിലേക്കു പോകുമ്പോഴും സോളിസിറ്ററിൽ നിന്നും ബാരിസ്റ്ററിലേക്കു യാത്ര ചെയ്യണ്ട കാര്യവുമില്ല. കേസിന്റെ അവസാനം വരെ സോളിസിറ്റർ അഡ്വക്കേറ്റിന് കൈകാര്യം ചെയ്യാനാകും.

ഗൗൺ അണിയുന്ന വക്കീലിലേക്കു നടത്തിയത് വിശ്രമം ഇല്ലാത്ത നീണ്ട യാത്ര

20 വർഷം മുൻപ് എറണാകുളം ലോ കോളേജിൽ നിന്നും നിയമ പഠനം നടത്തിയ ശേഷം കേരള ഹൈക്കോടതിൽ പ്രാക്ടീസ് ചെയ്യാനുള്ള അവസരമാണ് ഷൈമയെ തേടിയെത്തിയത്. വീണ്ടും പഠിക്കണമെന്ന ആശയം ഉള്ളിൽ യുദ്ധം തുടങ്ങിയതോടെ നേരെ ബിർമിൻഹാമിലെത്തി. തുടർന്ന് കഴിഞ്ഞ പതിനഞ്ചു വർഷമായി കുടിയേറ്റം, കുടുംബ വഴക്കുകൾ തുടങ്ങിയ കേസുകൾ കൈകാര്യം ചെയുന്ന തിരക്കുള്ള സോളിസിറ്റർ ആയി മാറുക ആയിരുന്നു ഷൈമ. ഏതാനും വർഷം ബ്രിട്ടീഷ് നിയമ സഹായ സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം ഉക്സ്ബ്രിജിൽ അമ്മാൾ സോളിസിറ്റേഴ്സ് എന്ന പേരിൽ സ്വന്തം സ്ഥാപനം ആരംഭിക്കുക ആയിരുന്നു.

ഇതിനിടയിൽ മലയാളികളുടെയും ഗൾഫ്, ഈജിപ്ത്, അറബ്, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ ഉള്ളവരുടെയും കൂടുതൽ കുഴപ്പം പിടിച്ച കേസുകൾ ഷൈമയെ തേടി എത്തി തുടങ്ങി. പലതിലും ബാരിസ്റ്റർ സേവനവും ആവശ്യമാകുന്ന ഘട്ടമായി. ഇതോടെയാണ് കോടതിയിൽ പോയി സ്വയം കേസ് വാദിക്കാനുള്ള അവസരം തേടി ഷൈമ ഇറങ്ങുന്നത്. കഴിഞ്ഞ 12 വർഷമായി സോളിസിറ്റർ ആയി ജോലി ചെയ്യുന്ന ഷൈമ ഇമ്മിഗ്രേഷൻ, തൊഴിൽ തർക്കങ്ങൾ, കുടുംബ വഴക്കുകൾ എന്നിവയൊക്കെ കൈകാര്യം ചെയ്തു പ്രാഗൽഭ്യം തെളിയിച്ചാണ് ഇപ്പോൾ സോളിസിറ്റർ അഡ്വക്കേറ്റ് ആകുന്നത്. എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ സെക്യൂരിറ്റി ട്രിബ്യുണൽ, മജിസ്‌ട്രേറ്റ് കോടതികൾ, ഫാമിലി കോടതികൾ എന്നിവിടങ്ങളിൽ ഒക്കെ മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാരുടെ കേസുകൾ കൈകാര്യം ചെയ്യാൻ ഷൈമ എത്തിയിട്ടുണ്ട്.

മലയാളികൾ സൂക്ഷിക്കണം, സൗജന്യ നിയമ സഹായം ലഭിക്കാൻ വഴികൾ അടയുകയാണ്

സ്വാഭാവികമായും മലയാളികളുടെ എണ്ണം കൂടുന്നത് അനുസരിച്ചു കേസുകളും കൂടിക്കൊണ്ടിരിക്കുന്നു എന്നാണ് ഷൈമയും പറയുന്നത്. എന്നാൽ കുട്ടികൾ ഉൾപ്പെടുന്ന കുടുംബ വഴക്കുകളിൽ തർക്കമുണ്ടാകുമ്പോൾ എല്ലായ്‌പ്പോഴും സൗജന്യ നിയമ സഹായം ലഭിക്കണമെന്നില്ല എന്ന വ്യത്യാസമാണ് മലയാളികൾ അറിഞ്ഞിരിക്കേണ്ടത്. അതിനർത്ഥം ചെറിയ കുടുംബ വഴക്ക് പോലും ചിലവേറിയ നിയമ പോരാട്ടമായി മാറുമെന്ന് ചുരുക്കം. യുട്യൂബ് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ ഉപദേശങ്ങളിലും വീണു പോകാതിരിക്കാൻ ഓരോ യുകെ മലയാളികളും ശ്രദ്ധിക്കേണ്ടതാണ്.

കേസുകൾ കൂടുന്നത് വക്കീലിനും രോഗികൾ വർധിക്കുന്നത് ആശുപത്രിക്കും ഡോക്ടർമാർക്കും ഗുണം ആണെന്ന തമാശ സമൂഹത്തിൽ ഉണ്ടെങ്കിലും കേസുകൾ കൂടുന്നത് സമൂഹം എന്ന നിലയിൽ യുകെ മലയാളികൾക്ക് തിരിച്ചടി തന്നെയാകും എന്ന അഭിപ്രായമാണ് ഷൈമ വക്കീലിന്. തനിക്കു കുമിഞ്ഞു കൂടുന്ന കേസിനേക്കാൾ ഈ വക്കീലിന് സന്തോഷം കേസൊന്നും ഇല്ലാതെ സമാധാനമായി ജീവിക്കുന്ന കുടുംബങ്ങളെ കാണാനാണ്.

സാധ്യതകൾ അനേകം, ചെറുപ്പക്കാർക്ക് അവസരമേറെ

അൽപം പ്രയാസം നിറഞ്ഞ വഴികളിലൂടെയേ ഒരാൾക്ക് സോളിസിറ്റർ അഡ്വക്കേറ്റ് ആയി മാറാനാകൂ. എഴുത്തു പരീക്ഷയും വാചാ പരീക്ഷയും ട്രയലും മോക്കും ഒക്കെയായി പലവിധ കടമ്പകൾ കടക്കാനായാൽ ഒരാൾക്ക് സോളിസിറ്റർ അഡ്വക്കേറ്റ് ആയി മാറാനാകും. ഇപ്പോൾ യുകെയിൽ അനേകം മലയാളി വിദ്യാർത്ഥികൾ നിയമ പഠനം ഇഷ്ട വിഷയമായി തിരഞ്ഞെടുക്കുകയാണ്. ഇവർക്കൊക്കെ ധാരാളം അവസരങ്ങൾ ലഭിക്കുന്ന നാട് കൂടിയാണ് ബ്രിട്ടൻ എന്നതാണ് ഷൈമയുടെ വക്കീൽ ജീവിതം പഠിപ്പിക്കുന്നത്. എന്നാൽ അനവധി വർഷത്തെ പ്രായോഗിക പരിശീലനം കൂടി ആവശ്യമായ ശേഷമേ ഒരാൾക്ക് ബാരിസ്റ്റർ ആയി മാറാനാകൂ എന്നതും നിയമ വഴികളിലേക്ക് ഇറങ്ങുന്ന ഓരോ വിദ്യാർത്ഥിയും ഓർത്തിരിക്കേണ്ട കാര്യവുമാണ്. ഒരിക്കൽ ചുവടുറപ്പിച്ചാൽ പിന്നെ തിരിഞ്ഞു നോക്കേണ്ട കാര്യം ഇല്ലെന്നതാണ് നിയമത്തെ എന്നും വിദ്യാർത്ഥികളുടെ ഇഷ്ട വിഷയമാക്കുന്നതും.

എന്നും കൂടെയുണ്ട് ഈ വക്കീൽ

മറ്റു അഭിഭാഷകരിൽ നിന്നും അൽപം വ്യത്യസ്തമാണ് ഷൈമയുടെ വഴികൾ. സാമൂഹ്യ രംഗത്ത് ഷൈമ നടത്തുന്ന പ്രവർത്തനം തന്നെയാണ് ഇതിന് എടുത്തുകാട്ടാൻ കഴിയുന്ന ഉദാഹരണങ്ങൾ. അനവധി മലയാളി വിദ്യാർത്ഥികൾക്ക് സഹായവുമായി ഷൈമ എത്തിയിട്ടുണ്ട്. എന്നാൽ കോവിഡ് കാലത്തു സകല രാജ്യങ്ങളും വിമാനങ്ങൾ താഴെ ഇറക്കി സ്വയം പ്രതിരോധത്തിന് തയ്യാറായപ്പോൾ ഏറ്റവും വിഷമം നേരിട്ടവരിൽ യുകെ മലയാളികളുമുണ്ട്. ഇതിനിടയിൽ വിമാന സർവീസ് കോവിഡ് ബബിൾ പാക്കേജിൽ പുനരാരംഭിക്കാൻ യുകെയും ഇന്ത്യയും തീരുമാനിച്ചപ്പോൾ മലയാളികൾ മുംബൈ, ഡൽഹി വഴി കേരളത്തിൽ എത്തണം എന്ന ഗതികേടിലായി.

ഓരോ വിമാനത്താവളത്തിലും എത്തുമ്പോൾ ക്വാറന്റീൻ അടക്കമുള്ള തലവേദനകൾ സമയവും പണവും കൊയ്യാനുള്ള വഴി കൂടി ആവുന്ന നീതികേട് ആവർത്തിച്ചതോടെ ഷൈമ കേരള ഹൈക്കോടതിയുടെ സഹായം തേടിയെത്തി. ഇതിൽ ഉടനടി കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ കോടതി മറ്റു നടപടികളിലേക്ക് കടക്കും മുൻപേ ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപിക്കുക ആയിരുന്നു കേന്ദ്ര സർക്കാർ. ആ വിമാനമാണ് ഇപ്പോൾ ആഴ്ചയിൽ മൂന്നു സർവീസ് നടത്തികൊണ്ടിരിക്കുന്നത്. ഉച്ചക്ക് ലണ്ടനിൽ നിന്നും പറക്കുന്ന യുകെ മലയാളി വൈകിട്ട് കൊച്ചിയിൽ ഇറങ്ങാൻ കരണമായതിൽ ഒരു ചെറിയ പങ്കു ഷൈമയ്ക്കും കൂടി അവകാശപ്പെട്ടതാണ്.

ഇത് കൂടാതെ നൂറു കണക്കിന് യുകെ മലയാളി വനിതകളെ ഉൾപ്പെടുത്തിയ അമല യുകെ എന്ന സാമൂഹ്യ കൂട്ടായ്മയും ഷൈമ അമ്മാൾ അടക്കമുള്ള ഏതാനും വനിതകളുടെ പ്രവർത്തന ഫലമായി രൂപം കൊണ്ടതാണ്. വ്യക്തി വികസനത്തിനും സ്വയം സഹായത്തിനും വല്ലപ്പോഴും ഉള്ള കൂട്ടായ്മയും ഒക്കെയായി സജീവമാണ് അമേസിങ് മലയാളി ലേഡീസ് ഓഫ് യുകെ എന്ന അമല യുകെ. പൂർണ സമയ ജോലിയും കുടുംബവും ഒക്കെയായി ഷൈമയെ പോലെ തിരക്കുള്ളവരാണ് അമലയിലെ ഓരോ അംഗവുമെങ്കിലും സാധ്യമായ തലത്തിലൊക്കെ ഇടപെടൽ നടത്തിയാണ് ഇവരുടെ പ്രവർത്തനം വേര് പിടിക്കുന്നത്. ഭാര്യയുടെ കർമ്മ മണ്ഡലത്തിൽ പൂർണ പിന്തുണ നൽകുന്ന ബിസിനസുകാരൻ കൂടിയായ ഷിറാസ് ആണ് ഭർത്താവ്. എട്ടാം ക്ലാസിൽ പഠിക്കുന്ന നോറ ഏക മകളും.