ലണ്ടൻ: റബറെല്ലാം വിറ്റു മലയാളികൾ യുകെയിലേക്കു ചേക്കേറുകയാണോ? ജനുവരി ആദ്യ ഞായറാഴ്ച ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ആകെ ചുരുക്കം ഈ ചോദ്യമാണ്. കേരളത്തിലെ തകരുന്ന കാർഷിക രംഗത്തിന്റെയും നിരാശ ബാധിച്ച കാർഷിക ജനവിഭാഗത്തിന്റെയും മുഴുവൻ കാഴ്ചയും ആ ലേഖനത്തിൽ പ്രതിഫലിക്കുന്നുണ്ട്. റബറിന്റെ നല്ല കാലം ആയിരുന്ന രണ്ടായിരം കാലഘട്ടത്തിൽ പാലായിൽ ഏറ്റവും കൂടുതൽ കാറുകളും ജീപ്പുകളും വിറ്റുപോകുന്നതിന്റെ രഹസ്യം കണ്ടുപിടിക്കാൻ ഓട്ടോ മൊബൈൽ കമ്പനികൾ നടത്തിയ സർവെയിൽ കണ്ടെത്തിയ ഏക കാര്യം കിലോയ്ക്ക് 200 രൂപ കടന്ന റബർ വില മാത്രമായിരുന്നു.

എന്നാൽ അതൊക്കെ ഒരു കാലം എന്ന് നെടുവീർപ്പിടാൻ മാത്രമേ ഇപ്പോൾ കേരളത്തിലെ റബർ കർഷകർക്ക് കഴിയൂ. റബർ മാത്രമല്ല അവശേഷിക്കുന്ന കൃഷിയായ ഏലവും ജാതിയും തേയിലയും കുരുമുളകും അടക്കമുള്ള നാണ്യ വിളകളും ഇനിയാരും കൃഷിയെന്ന പേരുമായി ഇറങ്ങിത്തിരിക്കില്ലെന്ന സൂചനയാണ് നൽകുന്നത്. നെല്ലും തെങ്ങും മരച്ചീനിയും പച്ചക്കറിയും ഒക്കെ പണ്ടേ നഷ്ടം മാത്രം തന്നിരുന്നതിനാൽ സ്വന്തം ആവശ്യത്തിന് മാത്രം കൃഷി ചെയ്യുന്നവരായി മാറുകയാണ് കേരളത്തിലെ നല്ല ശതമാനം കർഷകരും ഇപ്പോൾ എന്നും ഈ രംഗത്തെ മാറുന്ന പ്രവണതകൾ നിരീക്ഷിക്കുന്നവർക്കറിയാം.

കോവിഡിനെ തുടർന്നുള്ള ആദ്യ വർഷം റബർ കർഷകർ ഉൽപാദിപ്പിച്ച അഞ്ചര ലക്ഷം ടൺ പ്രകൃതിദത്ത റബറിൽ 45,000 ടണ്ണും വാങ്ങാൻ ആളില്ലാതെ കെട്ടിക്കിടക്കുക ആയിരുന്നു. ഇതുവഴി കർഷകർക്ക് ഉണ്ടായതു 563 കോടി രൂപയുടെ നഷ്ടം. റബർ തൊഴിലാളികൾക്ക് ജോലി ചെയ്യാൻ പറ്റാതെ വന്നതോടെ 110 കോടിയുടെ മറ്റൊരു നഷ്ടക്കണക്കും ഇപ്പോൾ ലഭ്യമാണ്. ഒരു ലക്ഷത്തോളം റബർ ടാപ്പിങ് തൊഴിലാളികൾക്കാണ് ഒരു മാസത്തിലേറെ തൊഴിലും വേതനവും നഷ്ടമായത്. ഈ സാഹചര്യം ലക്ഷക്കണക്കിന് ചെറുതും വലുതുമായ റബർ കർഷകരെയും തൊഴിലാളികളെയും നിരാശയിലാക്കിയത്. ഇനിയൊരിക്കലും റബറിന്റെ നല്ല കാലം തിരിച്ചു വരില്ലെന്ന് കരുതുന്നവരാണ് റബർ കർഷകർ എല്ലാം തന്നെ. ഇതോടെയാണ് എല്ലാം വിറ്റുകളഞ്ഞേക്കാം എന്ന ചിന്ത കാട്ടുതീ പോലെ പടർന്നു കയറിയത്. കേരളത്തിലെ കാർഷിക രംഗം മൊത്തം തളർന്നു നിൽക്കുന്ന കാഴ്ചയാണ് കോവിഡാനന്തര കണക്കുകൾ സമ്മാനിക്കുന്നത്.

റബറും യുകെ മലയാളിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളോ?

റബറിൽ മിന്നിത്തിളങ്ങിയ നാലു ജില്ലകളാണ് കേരളത്തിൽ ഉള്ളത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നിവയാണവ. തികച്ചും സാന്ദർഭികം എന്ന വിധം യുകെ മലയാളികളിൽ നല്ല പങ്കും ഈ ജില്ലകളിൽ നിന്നും ഉളവരുമാണ്. ഇതോടെ റബറും യുകെ മലയാളികളും തമ്മിൽ വലിച്ചു നീട്ടാവുന്ന ഒരു അദൃശ്യ ബന്ധമാണ് കാണാനാകുന്നത്.

ഇതേക്കുറിച്ചു പത്തു വർഷം മുൻപ് ലെസ്റ്ററിൽ നിന്നും ഓസ്‌ട്രേലിയക്കു കുടിയേറിയ ജോയ് എന്ന ലെസ്റ്റർ കേരള കമ്മ്യുണിറ്റിയുടെയും യുക്മക്ക് ആലോചന യോഗത്തിനു മുൻകൈ എടുത്ത സ്ഥാപക അംഗമായ ജോയ് ജേക്കബ് പറഞ്ഞ തമാശ കലർന്ന വാചകം ഇന്നും പ്രസക്തമാണ്. റബർ പാൽ കുടിച്ചു വളർന്ന മലയാളിയാണ് യുകെയിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞത് സാമൂഹ്യ വിഷയങ്ങളിൽ പ്രതികരണം ഇല്ലാതെ നിസ്സംഗരായി നിന്ന യുകെ മലയാളികളെ കുറിച്ചാണ്. ഇന്നും ആ അവസ്ഥയ്ക്കു കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ലെന്നും അടുത്തിടെ ആത്മഹത്യ ചെയ്യേണ്ടി വന്ന യുകെ മലയാളി വിദ്യാർത്ഥിയുടെ അവസ്ഥ ഓർമ്മപ്പെടുത്തുന്നതുമാണ്.

റബർ മുതലാളിമാരെ മാത്രമല്ല സാധാരണ കർഷകരെ പോലും നല്ല നിലയിൽ ജീവിപ്പിക്കാൻ സഹായിച്ച വാണിജ്യ വിളയായി മാറിയത് അതി വേഗത്തിലാണ്. ഇന്നും യുകെയിൽ രണ്ടു പതിറ്റാണ്ട് മുൻപ് എത്തിത്തുടങ്ങിയ മലയാളി നഴ്‌സുമാർ അഭിമാനത്തോടെ പറയും, അപ്പച്ചൻ റബർ വിറ്റ കാശുകൊണ്ടാണ് തന്നെ നഴ്‌സിങ് പഠിപ്പിച്ചതെന്ന്. ലക്ഷക്കണക്കിന് രൂപ മുടക്കി പെണ്മക്കളെ നഴ്‌സിങ് പഠിപ്പിക്കാൻ അന്നാർക്കും ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. നല്ല ജോലി പോലും വേണ്ടെന്നു വച്ച് വീട്ടിലെ റബർ കൃഷിയിൽ സജീവമാകുക ആയിരുന്നു യുവാക്കളിൽ നല്ലപങ്കും.

എന്നാൽ കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഈ പ്രതാപമൊക്കെ മങ്ങിപ്പോയ റബറിന് പകരം ഇപ്പോൾ റബർ കൃഷി ചെയ്തിരുന്ന ഭൂമി തന്നെ വിറ്റു മക്കളെ യുകെയിലും യൂറോപ്പിലും അയക്കുന്ന പ്രവണതയാണ് വളരുന്നതെന്ന നിരീക്ഷണമാണ് ടൈംസ് ഓഫ് ഇന്ത്യ നടത്തിയിരിക്കുന്നത്. റബർ തോട്ടം വിറ്റ് ആദ്യം മക്കളെ യുകെയിലും യൂറോപ്പിലും എത്തിച്ച പല കുടുംബങ്ങളിലും പ്രായം ചെന്ന മാതാപിതാക്കളും സാവധാനം മക്കൾക്കൊപ്പം വിദേശത്തേക്ക് കുടിയേറുന്ന പ്രവണതയും കേരളം കൺതുറന്നു കാണുകയാണ്. ഇങ്ങനെ ചേക്കേറിയ മുഴുവൻ കുടുംബങ്ങളും കൃഷി തോട്ടങ്ങൾ ഒന്നാകെ വിറ്റു രക്ഷപ്പെടുക ആയിരുന്നു. ഇപ്പോൾ അവശേഷിച്ച കുടുംബങ്ങൾ കൂടി ആ പാത സ്വീകരിക്കുന്നത് കേരളത്തിലെ കാർഷിക രംഗത്തിന്റെ നട്ടെല്ലൊടിച്ചാണ് എന്നും വ്യക്തം.

കോവിഡ് പടർന്ന 2019ൽ മാത്രം കേരളത്തിലെ കർഷകർക്ക് സമ്മാനിച്ചത് 8000 കോടി രൂപയുടെ നഷ്ടമാണ് എന്ന് കണക്കുകൾ പറയുമ്പോൾ തുടർന്ന് വന്ന വർഷങ്ങളിലെ നഷ്ടവും ഊഹിക്കാനാകും. ഈ നഷ്ടക്കണക്കിന്റെ മുന്നിൽ നിന്നാണ് കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി കൂണ് മുളച്ച പോലെ വിദേശ റിക്രൂട്ടിങ് കമ്പനികൾ പൊങ്ങി വന്നത്. കേരളത്തിൽ ഇപ്പോൾ ഏറ്റവും സജീവമായ കയറ്റുമതി മനുഷ്യരാണെന്നാണ് പകൽ വെളിച്ചം പോലെ സത്യമായ വസ്തുത. ഈ റിക്രൂട്ടിങ്ങിൽ മിക്കവാറും പേരെ ആകർഷിച്ചും യുകെയിലേക്ക് എത്താം എന്ന മോഹന വാഗ്ദാനവുമാണ്. കണ്ടതും കേട്ടതും വിളിച്ചു കൂകിയ യൂട്ഊബർമാരുടെ സഹായത്തോടെ കെയർ വിസക്ക് മാത്രമല്ല ട്രക്ക് ഓടിക്കാനും ഇറച്ചി വെട്ടാനും ആപ്പിൾ പറിക്കാനും അടക്കം പതിനായിരങ്ങൾ വാരി വിതറിയ മലയാളി പൈലറ്റാകാൻ വരെ യുകെയിൽ അവസരം കാത്തുകിടക്കുകയാണ് എന്ന് ധരിച്ചു വച്ചിരിക്കുകയാണ്.

റിക്രൂട്ടിംഗിന് ചൂട്ടു പിടിക്കാൻ സർക്കാരും

സ്വകാര്യ വ്യാജ ഏജൻസികൾ മുഖ്യ ധാര പത്ര പരസ്യം വഴി ഇതിനു ചൂട്ടു കത്തിച്ചപ്പോൾ ഒക്ടോബറിൽ യുകെയിൽ വന്നു പോയ മുഖ്യമന്ത്രി പിണറായി വിജയനും പരിവാരങ്ങളും തിരികെയെത്തി നോർക്കയെ കൊണ്ട് റിക്രൂട്ടിങ് മേള വരെ നടത്തിച്ചതോടെ ബ്രിട്ടൻ എന്ന രാജ്യം മലയാളികളെ കാത്തു ജോലികൾ തുറന്നു വച്ചിരിക്കുകയാണ് എന്നും സാധാരണ ജനം കരുതി. ഇതോടെ എങ്ങനെയും യുകെയിൽ എത്താം, അൽപം കഷ്ടപ്പാട് ആണെങ്കിലും കേരളത്തിനേക്കാൾ എത്രയോ നല്ലത് ആയിരിക്കും എന്ന ചിന്തയും വേര് പിടിച്ചു തുടങ്ങി.

മുൻപേ തന്നെ സ്വകാര്യ ഏജൻസികൾ ഉഴുതു മറിച്ച് ഇട്ടിരുന്ന റിക്രൂട്ടിങ് കൃഷിപ്പാടത്തേക്കു സർക്കാർ കൂടി വിള ഇറക്കാൻ ഇറങ്ങിയതോടെ ഇപ്പോൾ കിട്ടുന്ന തുച്ഛമായ വിലക്ക് ഭൂമിയെല്ലാം വിറ്റു യുകെയിലേക്കു ഓടി വരുന്നവരുടെ കുത്തൊഴുക്കാണ് ദൃശ്യമാകുന്നത്. ഒരു കെയറർ ജോലിക്കെത്തിയാൽ പരമാവധി ലഭിക്കുന്ന 1500 - 1600 പൗണ്ട് കൊണ്ട് വാടകയും ഇന്ധന ബില്ലും ഭക്ഷണ ചിലവും കഴിഞ്ഞാൽ ഒരാൾക്ക് മാത്രം ജീവിച്ചു പോകാനേ സാധിക്കൂ എന്ന സത്യമാണ് വ്യാജ / സർക്കാർ റിക്രൂട്ടിങ് ഏജൻസികൾ അപേക്ഷകരിൽ നിന്നും മറച്ചു വയ്ക്കുന്നത്. ഈ കണക്കിലേക്ക് എങ്ങനെയാണു രണ്ടോ മൂന്നോ മക്കളുമായി ഒരു കുടുംബം എത്തുമ്പോൾ യുകെയെന്ന ധനിക രാജ്യത്തു ചുരുക്കി പിടിച്ചു പോലും ജീവിക്കാനാകില്ലായെന്ന സത്യവും വളരെ വിദഗ്ധമായി മറച്ചു വയ്ക്കുന്നത്.

റിക്രൂട്ടിങ് രംഗം പതിറ്റാണ്ടുകളായി മാഫിയ സമാനമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് സർക്കാർ സംവിധാനങ്ങൾക്ക് എല്ലാം അറിയാമെങ്കിലും അതിനെതിരെ ചെറു വിരൽ അനക്കാൻ ഇതുവരെ മാറിമാറി ഭരിച്ച സർക്കാരുകൾക്ക് കഴിയാത്തതും സാധാരണക്കാരുടെ കോടികൾ തട്ടിപ്പുകാരുടെ പോക്കറ്റിൽ ചെന്ന് വീഴാൻ കാരണമായി. യുകെയിലെക്കും മറ്റും നേരിട്ട് റിക്രൂട്ട്മെന്റ് നടത്താൻ ലൈസൻസുള്ള ഏജൻസികൾ പേരിനു പോലും ഇല്ലെന്നു പറയാവുന്ന വിധം നോർക്കയും കേരള പൊലീസും ഒക്കെ ആവർത്തിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഇവരുടെ മൂക്കിന് താഴെ ആയിരകണക്കിന് വ്യാജ ഏജൻസികൾ കേരളത്തിൽ പ്രവർത്തിക്കുന്നത്. തുടർച്ചയായ പരാതികളെ തുടർന്ന് വെറും സാമ്പത്തിക കുറ്റത്തിന് ഏതാനും ആഴ്ചത്തേക്ക് റിമാൻഡിൽ ആകുന്ന തട്ടിപ്പുകാർ ജയിൽ വാസം കഴിഞ്ഞിറങ്ങി നേരെ മറ്റൊരു പേരിൽ അടുത്ത സ്ഥാപനം തുടങ്ങുന്ന കാഴ്ചയും ഈ രംഗത്തെ മാഫിയ സമാനമായ പ്രവർത്തന രീതിക്ക് ഉദാഹരണമാണ്.

യൂണിവേഴ്‌സിറ്റി പഠനത്തിന് എത്തുന്നത് കുടുംബമായി യുകെയിൽ ചേക്കേറാൻ ഉള്ള കുറുക്കുവഴിയോ? നൈജീരിയക്ക് സംഭവിച്ചത് കേരളത്തെ തേടിയെത്തുമോ?
യൂണിവേഴ്‌സിറ്റികളിൽ പഠിക്കാൻ എന്ന പേരിൽ മുപ്പതും നാൽപതും പിന്നിട്ടവരൊക്കെ മൂന്നും നാലും മക്കളുമായി എത്തികൊണ്ടിരിക്കുന്നതിന്റെ പിന്നാമ്പുറ കഥകളും മറ്റൊന്നുമല്ല. ഈ ട്രെന്റിൽ കഴിഞ്ഞ വർഷം പരിധി വിട്ടു നൈജീരിയയിൽ നിന്നും ആളുകൾ എത്തിയതോടെ ആ രാജ്യത്തു നിന്നും ഉള്ള ഡിപെൻഡന്റ് വിസയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ആഭ്യന്തര സെക്രട്ടറി ബ്രെവർമാൻ നിർദ്ദേശം നൽകിക്കഴിഞ്ഞിരിക്കുകയാണ്.

ഇതേ വിധിയാണ് കേരളത്തിൽ നിന്നുള്ളവരെയും കാത്തിരിക്കുന്നതെങ്കിൽ അർഹത ഉള്ളവരുടെ പോലും വിസ അപേക്ഷകളും നഷ്ടമായേക്കും. ഇന്ത്യയിൽ നിന്നുള്ള ഡിപെൻഡ് വിസക്കാരുടെ എണ്ണത്തിലും ക്രമാതീതമായ വർധന ഉണ്ടായതു ഹോം ഓഫിസിന്റെ ശ്രദ്ധയിൽ ഇതിനകം എത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ കടുത്ത നടപടികൾ എപ്പോൾ വേണമെങ്കിലും മലയാളികളെ തേടിയും എത്താനിടയുണ്ട്.

ജനുവരിയിലും സെപ്റ്റംബറിലും നടക്കുന്ന രണ്ടു അഡ്‌മിഷൻ സമയങ്ങളിലായി എത്തുന്നതിനു വേണ്ടി കാശു സ്വരൂപിക്കാൻ ഉള്ള കിടപ്പാടവും കൃഷിയിടവും വിറ്റുതുലയ്ക്കുന്ന മലയാളികൾ യുകെയിൽ എത്തി രക്ഷപ്പെടാതെ തിരിച്ചു മടങ്ങേണ്ടി വന്നാൽ ആത്മഹത്യയിൽ അഭയം പ്രാപിക്കും എന്നത് വെറും ആശങ്ക മാത്രമല്ല, അത്തരം സംഭവങ്ങളും പലയിടത്തുമായി റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാൽ യുകെയിൽ നിന്നും മടങ്ങി മാസങ്ങൾ കഴിഞ്ഞുള്ള ജീവഹാനിയൊന്നും സർക്കാർ കണക്കിലോ സമൂഹത്തിന്റെ മുന്നിലോ വിദേശ റിക്രൂട്ടിങ്ങിന്റെ ഇരകളാണ് നല്ല പ്രായത്തിൽ കൊഴിഞ്ഞു പോയത് എന്നും വിലയിരുത്താൻ തയ്യാറാകുന്നുമില്ല. ഇതേക്കുറിച്ചു പഠിക്കാനോ റിപ്പോർട്ടുകൾ തയ്യാറാക്കാനോ പോലും ഒരു സൗകര്യവും താൽപ്പര്യവും ഇല്ലാത്ത വിധം അഴിഞ്ഞുലഞ്ഞു നിൽക്കുകയാണ് കേരളത്തിലെ വിദേശ റിക്രൂട്ടിങ് മേഖല.

യുകെയിൽ പോയിട്ടെന്തിന് (സോഷ്യൽ മീഡിയയിൽ എത്തിയ ഒരു കുറിപ്പ്)

യൂറോപ്പ് ഇനി പഴയ യൂറോപ്പ് ആകുമെന്ന് തോന്നുന്നില്ല. ഇംഗ്ലണ്ടിൽ സർവമാന ട്രെയിഡ് യൂണിയനുകളും സമരത്തിനൊരുങ്ങുന്നു. സമരം നടന്നാലും ഇല്ലെങ്കിലും യൂറോപ്പിലാകെ സാമ്പത്തിക പ്രശ്നങ്ങൾ തല പൊക്കുകയാണ്. ജർമനിയും ഫ്രാൻസും മാത്രമാണ് കുറച്ചെങ്കിലും പിടിച്ചു നിൽക്കുന്നത്. അവിടങ്ങളിൽ പോലും ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ പഴയ പോലെ നടക്കുമോ എന്നുള്ള കാര്യം സംശയമാണ്. ഇംഗ്ലണ്ടിലെ നഴ്‌സുമാർ 19 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെടുമ്പോൾ, ബ്രിട്ടീഷ് ഗവൺമെന്റ്‌റ് 4.8 ശതമാനം ശമ്പള വർദ്ധനവ് മാത്രമേ കൊടുക്കാൻ തയാറുള്ളൂ. കോവിഡിന് ശേഷം അനാവശ്യമായി സ്വന്തം രാജ്യമെന്ന് അവകാശമുന്നയിച്ച് റഷ്യ യുക്രൈനെ ആക്രമിച്ചതും, അതിനെ തുടർന്നുള്ള പെട്രോൾ-ഡീസൽ-പാചക വാതകം - ഇവയുടെ സപ്ലൈ ലൈനിൽ വന്ന പ്രശ്നങ്ങളുമാണ് കാര്യങ്ങൾ ഇത്ര വഷളാക്കിയത്. സാമ്പത്തിക ഉപരോധം ഡിക്ലയർ ചെയ്‌തെങ്കിലും, യൂറോപ്പിലെ പല രാജ്യങ്ങളും ഇപ്പോഴും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നുണ്ട്. പക്ഷെ സപ്ലൈ ലൈനിൽ കണ്ടമാനം പ്രശ്നങ്ങളുണ്ട്. അമേരിക്കയാണെങ്കിൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുന്നു. റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഡിക്ലയർ ചെയ്തുകൊണ്ട് അമേരിക്ക സ്വന്തം ഓയിൽ വിപണി വലുതാക്കാൻ നോക്കുകയാണെന്നാണ് പല നിരീക്ഷകരും പറയുന്നത്. ഇന്ത്യക്ക് ഈ റഷ്യ-യുക്രൈൻ യുദ്ധം ലോട്ടറി അടിച്ചപോലെയാണെന്നും പല നിരീക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്. ഒരുവശത്ത് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ കുറഞ്ഞ നിരക്കിൽ കിട്ടുന്നൂ; പ്രതിഫലമായി റഷ്യ ആവശ്യപ്പെട്ടതുപോലെ അനേകം ഇൻഡസ്ട്രിയൽ പ്രോഡക്റ്റ്സ് കൊടുക്കാനും സാധിക്കുന്നു. ഇൻഡസ്ട്രിയൽ പ്രോഡക്റ്റ്സ് കൊടുക്കാൻ സാധിക്കുന്നതുകൊണ്ട് ഇന്ത്യൻ ഇൻഡസ്ട്രിക്ക് മെച്ചം; അതുകൂടാതെ ഇന്ത്യൻ രൂപയിൽ കച്ചവടം നടക്കുന്നതുകൊണ്ട് 'ഫോറിൻ എക്സ്ചേൻജ് ക്രൈസിസ്' ഇന്ത്യയിൽ രൂപപ്പെടുന്നില്ലാ. ഇതൊക്കെയാണെങ്കിലും പാചക വാതകത്തിനും, പലവ്യഞ്ജനങ്ങൾക്കും ഇന്ത്യയിൽ വില ഈയടുത്ത് വളരെ കൂടിയിരിക്കുകയാണ്. മൊത്തത്തിൽ പല രാജ്യങ്ങളേയും പോലെ തന്നെ ഇന്ത്യയിലും വൻ വിലക്കയറ്റം തന്നെയാണ് നടക്കുന്നത്. അയൽ രാജ്യങ്ങളായ പാക്കിസ്ഥാനിലും ശ്രീലങ്കയിലും ഉള്ളതുപോലെ ഒരു സാമ്പത്തിക 'ക്രൈസിസ്' ഇല്ലെന്നു മാത്രം.

കേരളത്തിൽ 12 ലക്ഷത്തോളം വരുന്ന റബർ കർഷകർ റബർ റീ-പ്ളാന്റ്‌റ് ചെയ്യുന്നില്ലാ; പലരും റബറുള്ള ഭൂമി വിറ്റോ പണയപ്പെടുത്തിയോ പിള്ളേരെയൊക്കെ വിദേശത്തു വിടുന്നൂ എന്നും പറഞ്ഞു കഴിഞ്ഞ ഞായറാഴ്ച ടൈമ്സ് ഓഫ് ഇന്ത്യയിൽ ദീർഘമേറിയ റിപ്പോർട്ട് വന്നിരുന്നൂ. കേരളത്തിലെ റബർ കൃഷിയെ കുറിച്ച് ഒട്ടുമേ പ്രതീക്ഷാനിർഭരമായ റിപ്പോർട്ട് അല്ലായിരുന്നു അത്. പിള്ളേരെ വിദേശ രാജ്യങ്ങളിലൊക്കെ വിടുന്നത് ഓരോരുത്തരുടെയും ഇഷ്ടം. പക്ഷെ ഉള്ള ഭൂമിയൊക്കെ വിറ്റ് സാമ്പത്തിക പ്രശ്നങ്ങളുള്ള യൂറോപ്യൻ രാഷ്ട്രങ്ങളിൽ വിടുന്നത് അത്ര നല്ല ബുദ്ധിയാണെന്ന് തോന്നുന്നില്ലാ. എനിക്കറിയാവുന്ന പലരും ഭൂമിയും വീടുമൊക്കെ പണയപ്പെടുത്തി ലക്ഷങ്ങൾ മുടക്കി കേരളത്തിൽ നിന്ന് സാമ്പത്തിക പ്രതിസന്ധിയുള്ള ഇംഗ്ലണ്ടിലേക്കൊക്കെ പിള്ളേരെ വിടുകയാണ്. അവസാനം പിള്ളേർക്ക് നല്ല ജോലിയൊന്നും കിട്ടിയില്ലെങ്കിൽ ലോൺ തിരിച്ചടക്കാൻ സാധിക്കുകയില്ലാ. ഉള്ള ഭൂമിയും കിടപ്പാടവും പോകുന്നത് മാത്രമായിരിക്കും ഇത്തരത്തിലുള്ള പലരേയും ഭാവിയിൽ കാത്തിരിക്കുന്നത്.

എഴുതിയത് വെള്ളാശേരി ജോസഫ്