ലണ്ടൻ: ചെറുപ്പക്കാർ നാട് വിടുന്നതാണ് ഇപ്പോൾ കേരളത്തിൽ ചൂട് പിടിച്ച ചർച്ച. അതും വിദ്യാർത്ഥി വിസ സംഘടിപ്പിച്ചു കുടുംബവുമായി യൂറോപ്യൻ രാജ്യങ്ങളിലേക്കും കാനഡയിലേക്കും ഒക്കെ കുടിയേറാൻ കാത്തു നിൽക്കുന്നവർക്ക് ഒരൊറ്റ ഉത്തരമേയുള്ളൂ. ''എങ്ങനെയും രക്ഷപ്പെടണം. ബുദ്ധിമുട്ടായാൽ പോലും സാരമില്ല. കേരളത്തിലെ കഷ്ടപ്പാട് എന്തായാലും യുകെയിലും യൂറോപ്പിലും ഉണ്ടാകില്ലലോ. ആദ്യ കുറച്ചു വർഷങ്ങൾ കഷ്ടപ്പെട്ടാലും പൗരത്വം ലഭിച്ചാൽ പിടിച്ചു നിൽക്കാനാകുമല്ലോ? നിങ്ങളൊക്കെ പലരും അങ്ങനെ പോയവരല്ലേ? '' അടുത്തകാലത്തായി ഈ ചോദ്യം കേൾക്കാത്ത യുകെ മലയാളികൾ കുറവായിരിക്കും.

പരിചയക്കാരും ബന്ധുക്കാരും അയൽവാസികളും ഒക്കെ ചോദിക്കുമ്പോൾ സ്വപ്ന സുന്ദരമായ ലോകമാണ് അവരുടെ മനസുകളിൽ. കയ്യിൽ കിട്ടുന്ന പണത്തേക്കാൾ അധികം ചിലവുള്ള രാജ്യമാണ് എന്ന് പറയുമ്പോൾ നിങ്ങളൊക്കെ കക്കാൻ പോകുകയാണോ എന്നാകും തിരിച്ചുള്ള മറുപടി. ഇതോടെ ആര് ചോദിച്ചാലും കുഴപ്പമില്ല, കേറിപ്പോര് എന്ന മറുപടിയാകും സാധാരണ യുകെ മലയാളികൾ നൽകുക.

ആശ്രിത വിസയിൽ എട്ടിരട്ടി വർധന

കോവിഡിന് തൊട്ടു മുൻപ് യുകെയിലേക്കു സ്റ്റുഡന്റ് വിസക്കാരുടെ ആശ്രിതരായി എത്തിയവർ വെറും 16,047 മാത്രമായിരുന്നു. ഇതാണ് ഒറ്റയടിക്ക് ഇപ്പോൾ ഒന്നരലക്ഷത്തിലേക്കു വളർന്നത്. എട്ടിരട്ടി വളർച്ച ആശ്രിത വിസയിൽ എത്തിയ സാഹചര്യം തടയണമെന്ന ഹോം സെക്രട്ടറി സുവേലയുടെ വാദം സാങ്കേതികമായി ഏവരും അംഗീകരിക്കുകയാണ്. സ്റ്റുഡന്റ് വിസക്കാർ വരട്ടെ, പക്ഷെ ആശ്രിത വിസയിൽ കർശന നിയന്ത്രണം ഉണ്ടായേ പറ്റൂ എന്ന ചിന്ത സർക്കാരിൽ പടരുകയാണ് എന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം എക്കണോമിക് ടൈംസ് പുറത്തു വിട്ടിരിക്കുന്നത്. പ്രധാനമായും നൈജീരിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സ്റ്റുഡന്റ് വിസയെ കുടിയേറ്റ മാർഗമായി ദുരുപയോഗം ചെയ്തതെന്ന് ഹോം ഓഫീസ് കുറ്റപ്പെടുത്തുന്നത്.

ഇത്രയും പേർ ഒന്നിച്ചെത്തിയതോടെ അവർക്കാവശ്യമായ ആശുപത്രികൾ, സ്‌കൂൾ, വീട് എന്നിവയ്ക്കൊക്കെ പ്രയാസം നേരിടുന്ന സാഹചര്യം കൂടി സൃഷ്ടിക്കപ്പെട്ടത് സർക്കാരിന്റെ ശ്രദ്ധയിലും എത്തിയിട്ടുണ്ട്. വീടുകളുടെ അപര്യാപ്തത കയ്യിൽ ഒതുങ്ങാത്ത വാടകയിലേക്കു മാറിയതോടെ ഈ രംഗത്തെ ചൂഷണവും അത്യന്തം ഉയർന്ന നിലയിലാണ്. അടുത്തിടെയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങളിൽ പുതുതായി എത്തുന്ന മലയാളി വിദ്യാർത്ഥികളെ ചൂഷണം ചെയ്യാൻ ഇടനിലക്കാരുടെ റോളുകളിൽ മുൻ വർഷങ്ങളിൽ എത്തിയ വിദ്യാർത്ഥി വിസക്കാർ തന്നെയാണ് വേഷം കെട്ടുന്നത്.

ചെയ്യുന്നത് നിയമ ലംഘനം ആണെന്ന് അറിഞ്ഞു തന്നെയാണ് കയ്യിൽ എത്തുന്ന കണക്കില്ലാത്ത പണം കണ്ടു കൂടുതൽ വിദ്യാർത്ഥികൾ സൈഡ് ബിസിനസിന് ഇറങ്ങിയിരിക്കുന്നത്. കേസായാൽ വിസ റദ്ദ് ചെയ്യപ്പെട്ടു കയ്യോടെ നാടുകടത്തപെടും എന്നറിയാവുന്നവർ തന്നെയാണ് ഒരു വീട് താമസത്തിനു ലഭ്യമാകുമ്പോൾ തലയെണ്ണി കമ്മീഷൻ കൈപ്പറ്റുന്നത്. ഇവിടെ തുടങ്ങുന്ന ചൂഷണം ഒരു വിദ്യാർത്ഥി വിസയിൽ എത്തുന്ന കുടുംബം പിന്നീട് ഓരോ രംഗത്തും അനുഭവിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യമാണ് ഇപ്പോൾ യുകെയിൽ നിലനിൽക്കുന്നത്.

എങ്ങനെയും വന്നാൽ മതി, കുറച്ചു ജോലി ചെയ്തു കാശുണ്ടാക്കി മടങ്ങിയാലും കുഴപ്പമില്ലെന്ന ചിന്താഗതിക്കാരും ഏറെ

ഏതു യൂണിവേഴ്‌സിറ്റിയിൽ പഠിച്ചാൽ ഭാവിയിൽ ജോലി കിട്ടും, ഏതു കോഴ്സ് പഠിച്ചാൽ ആണ് യുകെയിൽ കയ്യോടെ ജോലി കിട്ടുക, ഏതു തരം ജോലി കിട്ടിയാൽ മികച്ച ശമ്പളവും അതുവഴി കുടുംബത്തിന് മാന്യമായി ജീവിക്കാനുള്ള വരുമാനവും ലഭിക്കും, ഒരു ശരാശരി കുടുംബത്തിന് ജീവിച്ചു പോകാൻ മാത്രമായി ഒരു മാസം എത്ര രൂപ ചെലവ് വരും എന്നതൊന്നും ചിന്തിക്കാനോ അന്വേഷിച്ചു കണ്ടെത്താനോ തയ്യാറാകാതെ ആണ് നല്ല ശതമാനം വിദ്യാർത്ഥികളും യുകെയിലേക്ക് വരുമ്പോൾ ഒപ്പം കുടുംബത്തെ കൂടി കൂട്ടുന്നതും.

അണ്ടർ ഗ്രാജേറ്റ് സ്റ്റുഡന്റ് വിസയിൽ കുടുംബത്തെ കൂട്ടാൻ തയ്യാറാകുന്നവരുടെ എണ്ണം കൂടുകയാണ്. ജീവിത ചെലവ് മാത്രമല്ല കൊച്ചിയിൽ നിന്നോ തിരുവനന്തപുരത്തു നിന്നോ വിമാനം കയറുന്നതിനു മണിക്കൂറുകൾ മുൻപ് പരിചയക്കാരെ വിളിച്ചു ഒരു വാടക വീട് വേണം എന്ന് പറയുന്ന ലാഘവമാണ് അടുത്തിടെയായി പ്രകടമാകുന്നത്. ഇത്തരക്കാർക്ക് എങ്ങനെയും യുകെയിൽ എത്തണം, കുറച്ചുകാലം ജോലി ചെയ്യണം, കാശുണ്ടാക്കി നാട്ടിലേക്കു മടങ്ങണം.

ഇത്തരം ചിന്താഗതിയുമായി വരുന്നവരാണ് മുൻപിൻ നോക്കാതെ യുകെയിലെ നിയമങ്ങൾക്ക് പുല്ലുവില നൽകി മൊത്തം വിദ്യാർത്ഥി സമൂഹത്തിന്റെ മുന്നിൽ മാർഗ്ഗതടസമായി മാറുന്നത്. അഞ്ഞൂറ് പൗണ്ടിന്റെ കാർ വാങ്ങി സ്ഥിരമായി എയർ പോർട്ട് ഓട്ടം സംഘടിപ്പിച്ചു മാസം 2000 പൗണ്ട് വരെ നിസാരമായി കണ്ടെത്തുന്നത് ഇത്തരക്കാരാണ്. ഇതിനിടയിൽ അപകടം ഉണ്ടായാലോ, നഷ്ടപരിഹാരം നൽകേണ്ടി വരുന്ന സാഹചര്യമോ, ജയിലിൽ പോകാൻ സാധ്യതയുള്ളതോ ഒന്നും ഇവർ ഗൗനിക്കുന്നേയില്ല.

എങ്ങനെയും കുറച്ചു പണം ഉണ്ടാക്കുക, അതിനായി സ്റ്റുഡന്റ് ആകുക. പറ്റുന്നത്ര കാലം യുകെയിൽ തങ്ങുക. പഠിക്കാൻ വന്ന കോഴ്സ് പോലും മറന്നു മൊത്തവിൽപന ഗ്രോസറി കടകളിൽ ജോലി ചെയ്യുന്നതും റെസ്റ്റോറന്റുകളിൽ എത്തുന്നതും ഒക്കെ ഇത്തരക്കാരാണ്. ഇക്കൂട്ടരാണ് ഇടയ്ക്കിടെയുള്ള റെയ്ഡുകളിൽ പിടിക്കപ്പെടുന്നതും നാട് കടത്തപ്പെടുന്നതും.

നൈജീരിയക്കാർ തുടങ്ങിയത് ഏറ്റെടുത്ത മലയാളികൾ

ഇതൊരു ട്രെന്റ് ആയി തുടങ്ങിയത് ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലാണ്. കോവിഡ് പടർന്നതോടെ എല്ലാ മേഖലയിലും ജീവനക്കാരുടെ ക്ഷാമം ഉണ്ടായതോടെ വിദ്യാർത്ഥി വിസക്കാർ അനുവദനീയമായ 20 മണിക്കൂർ ജോലിക്ക് പകരം ആഴ്ചയിൽ ഏഴു ദിവസം ജോലി ചെയ്യാനും തയ്യാറായതു കണ്ണടച്ചു കണ്ടു നിന്ന ഹോം ഓഫിസ് തന്നെയാണ് ഇപ്പോഴത്തെ പ്രതിസന്ധിയിൽ മുഖ്യ പ്രതി.

മാത്രമല്ല അക്കാലത്ത് എത്തിയ വിദ്യാർത്ഥികൾ മാസം തോറും വീടുകളിലേക്ക് ലക്ഷക്കണക്കിന് രൂപ അയച്ചു കൊടുത്തതും തികച്ചും തെറ്റായ സന്ദേശമാണ് പ്രത്യേകിച്ചും കേരളത്തിലെ ഇടത്തരക്കാർക്കിടയിൽ പടർത്തിയത്. വിദ്യാർത്ഥികൾ മാത്രമല്ല, നഴ്‌സിങ് ഏജൻസി നടത്തിയ നൂറു കണക്കിന് യുകെ മലയാളികൾ കേരളത്തിൽ വമ്പൻ നിക്ഷേപത്തിന് തയ്യാറായതും ബ്രിട്ടനെ മലയാളികൾക്കിടയിൽ പൊന്നു വിളയുന്ന മണ്ണാക്കി മാറ്റി.

ഈ സാഹചര്യമാണ് കുടുംബ സ്വത്തുക്കൾ പോലും വിറ്റുകളഞ്ഞു യുകെയിലേക്ക് ഒരു സ്റ്റുഡന്റ് വിസ സ്വന്തമാക്കണം എന്ന ആഗ്രഹം വളർന്നു തുടങ്ങിയത്. ഇതിൽ പഠിക്കാനുള്ള കോഴ്‌സും യൂണിവേഴ്‌സിറ്റിയും പോലും തിരഞ്ഞെടുക്കുന്നത് സ്റ്റുഡന്റ് അഡൈ്വസ് ഏജൻസികൾ ആയതോടെ കഴിഞ്ഞ രണ്ടു വർഷമായി വന്നുകൊണ്ടിരിക്കുന്ന സ്റ്റുഡന്റ് വിസക്കാരുടെയും അവരുടെ ആശ്രിതരായി എത്തിയ കുടുംബങ്ങളുടെയും നില തികച്ചും പരിതാപകരമായി മാറുകയായിരുന്നു. നില കൂടുതൽ വഷളാക്കാൻ ബ്രക്സിറ്റ് പ്രതിസന്ധിയും യുക്രൈൻ യുദ്ധവും ഒന്നിച്ചു വന്നതോടെ കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ചിലവേറിയ ജീവിതത്തിലേക്കാണ് ബ്രിട്ടൻ എടുത്തെറിയപ്പെട്ടിരിക്കുന്നത്.

വഴിയടയുമോ എന്നതാണ് കണ്ടറിയേണ്ടത്

ഭക്ഷണ വിലയും ഇന്ധന വിലക്കയറ്റവും ചേർന്ന് കുടുംബത്തിലെ രണ്ടു പേരും മുഴുവൻ സമയം ജോലി ചെയ്താലും ചെലവിനുള്ളത് കഷ്ടിച്ച് ഒപ്പിക്കാം എന്ന സാഹചര്യത്തിൽ നിയന്ത്രണമുള്ള സ്റ്റുഡന്റ് വിസക്കാർ ജീവിത ചെലവിനുള്ള പണം എവിടെ കണ്ടെത്തും എന്ന ആർക്കും ഉത്തരമില്ലാത്ത ചോദ്യമാണ് അവരെ കയ്യിൽ പണം വാങ്ങി ജോലി ചെയ്യുന്ന അനധികൃത ഏർപ്പാടിലേക്കു എത്തിക്കുന്നതും ഒടുവിൽ നിർഭാഗ്യവശാൽ ഹോം ഓഫിസ് ഇപ്പോൾ തുടർച്ചയായി നടത്തുന്ന റെയ്ഡിൽ പിടിക്കപ്പെട്ടാൽ കയ്യോടെ നാടുകടത്തുന്നതും.

ഇത്തരം സാഹചര്യം സംജാതമാകുന്ന കുടുംബങ്ങൾക്ക് തിരിച്ചു നാട്ടിൽ എത്തിയാൽ തുറിച്ചു നോക്കുന്ന വൻകടബാധ്യതയുടെ മുന്നിൽ ഒരു കൈ സഹായത്തിനു ആരും മുന്നിൽ ഇല്ല എന്നതാണ് നഗ്ന സത്യം. ഇക്കാര്യങ്ങൾ കേരള സമൂഹത്തിൽ സുവ്യക്തമായി അവതരിപ്പിക്കാൻ ബാധ്യതയുള്ള കേരള സർക്കാർ നിയമം മൂലം വിദ്യാർത്ഥികളുടെ വരവിനു തടയിടാൻ നോക്കിയാൽ അത് മിടുക്കരായ വിദ്യാർത്ഥികൾക്ക് രക്ഷപെടാൻ ഉള്ള അവസര നിക്ഷേധമായി മാത്രമേ മാറുകയുള്ളൂ. മലയാളി സമൂഹത്തെക്കാൾ ഈ തിരിച്ചറിവ് ആദ്യം ഉണ്ടാകേണ്ടത് കേരള സർക്കാരിന് തന്നെയാണ് . അത് ഇനിയും വൈകിയാൽ യുകെയിലെത്തി കുടുംബവുമായി നരകിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുക മാത്രമല്ല, ഒറ്റയടിക്ക് അർഹരായവർക്ക് പോലും എത്താൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുക കൂടി ആയിരിക്കും.