ലണ്ടൻ: ബ്രിട്ടണിൽ സ്റ്റുഡന്റ് വിസയിൽ എത്തുന്ന വിദ്യാർത്ഥികളിൽ നൂറിൽ വെറും ഏഴു പേർക്ക് മാത്രമാണ് ജോലി കണ്ടെത്താനാകുന്നത് എന്ന കണക്കുകൾ പുറത്തു വന്നിരിക്കുന്നു. തീർത്തും നിരാശാജനകമായ കണക്കുകൾ ആണെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തം. കഴിഞ്ഞ വർഷം ജൂണിൽ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.

യുകെയിൽ എത്തിയാൽ പഠന ശേഷം ജോലി ലഭിക്കും എന്ന സാധാരണക്കാരുടെ ചിന്തകൾ അട്ടിമറിക്കുന്ന വിവരമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ''ഗെറ്റ് എ ജോബ് ഓർ ഗെറ്റ് ഔട്ട് ''എന്ന മന്ത്രം മനസ്സിൽ ഉറപ്പിച്ചെത്തുന്ന ഓരോ വിദേശ വിദ്യാർത്ഥിയും ലക്ഷക്കണക്കിന് രൂപ മുടക്കി പഠിച്ച ശേഷം ഒടുവിൽ ജോലി ലഭിക്കാതെ മടങ്ങേണ്ടി വരുന്നതാണ് നിലവിലെ സാഹചര്യം. യുകെയിൽ പഠിക്കാൻ തിരഞ്ഞെടുക്കുന്ന പല വിഷയങ്ങൾക്കും ഇന്ത്യയിലോ കേരളത്തിലോ ജോലി ലഭിക്കാൻ പാകത്തിൽ ഉള്ള അവസരവും ഇല്ലെന്നതാണ് വിദ്യാർത്ഥികളിൽ പലരും തിരിച്ചറിയുന്ന സത്യം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള കോഴ്‌സുകൾ പാസാകുന്നവർക്ക് യുകെയിൽ ജോലി ലഭിച്ചാൽ മികച്ച ആനുകൂല്യം ലഭിക്കുമ്പോൾ അതേ യോഗ്യതയുമായി ഇന്ത്യയിൽ മടങ്ങി എത്തുന്ന ഒരു ഉദ്യോഗാർഥിക്കു ജോലി കണ്ടെത്തുക എന്നത് പോലും പ്രയാസമായി തീരുകയാണ്.

പഠിച്ചത് ഒന്ന് , ശമ്പളത്തിൽ പല മടങ്ങ് വ്യത്യാസം

മറ്റേതൊരു എൻജിനിയറിങ് ശാഖയെക്കാളും മികച്ച ശമ്പളം ആർട്ടിഫിഷ്യൽ എഞ്ചിനിയറിങ്ങിൽ ഇന്ത്യയിലും ശമ്പളം ലഭിക്കുമെങ്കിലും നിലവിൽ തുടക്കക്കാർക്ക് ലഭിക്കുക പത്തു ലക്ഷം രൂപയിൽ താഴെയാണ്. ഏറ്റവും മികച്ച കമ്പനിയിൽ ജോലി കണ്ടെത്താനായാൽ മാത്രമേ ഈ അവസരം ഉള്ളൂ എന്നതും തിരിച്ചറിയേണ്ടതാണ്. നല്ല പങ്കിനും അഞ്ചു ലക്ഷത്തിനും ആറു ലക്ഷത്തിനും ഇടയിൽ ഉള്ള ശമ്പളം ലഭിക്കാനേ മിക്കവാറും അവസരം ലഭിക്കാറുള്ളൂ. ഉയരുന്ന ജീവിത ചെലവിൽ ഇന്ത്യയിലെ മഹാനഗരങ്ങളിൽ ഇതൊരു വലിയ മിച്ച ശമ്പളം അല്ലെന്നു വ്യക്തം. ഇതിനൊപ്പം യുകെയിൽ പഠിക്കാൻ വന്ന വകയിൽ നല്ലൊരു കടബാധ്യതയും ആയിട്ടാകും ഓരോ വിദ്യാർത്ഥിയും നാട്ടിലേക്ക് മടങ്ങി എത്തുക.

എന്നാൽ യുകെയിൽ ഒപ്പം പഠിച്ചു ജോലി നേടിയവർക്കാകട്ടെ തുടക്കം തന്നെ 35 ലക്ഷം രൂപക്ക് തുല്യമായ വേതനം നേടാൻ പ്രയാസമില്ല. ഒന്നോ രണ്ടോ വർഷത്തെ ജോലി പരിചയം കൊണ്ട് മറ്റൊരു ജോലി നേടാനായാൽ വീണ്ടും ഉയരുന്ന ശമ്പള സ്‌കെയിൽ മീറുവാനും യുകെയിൽ അവസരമുണ്ട്. ഈ സാദ്ധ്യതകൾ മുന്നിൽ കണ്ടാണ് പ്രൊഫഷണൽ കോഴ്‌സുകൾ തേടി മലയാളികൾ അടക്കം ഇന്ത്യൻ വിദ്യാർത്ഥികൾ ഒഴുകി എത്തുന്നതെങ്കിലും ജോലി ലഭിക്കുന്നവരുടെ ഏറ്റവും കുറഞ്ഞ എണ്ണം സൃഷ്ടിക്കുന്ന അമ്പരപ്പ് അമിത പ്രതീക്ഷയുമായി എത്തുന്ന വിദ്യാർത്ഥികൾ തിരിച്ചറിയേണ്ടതാണ്. പോസ്റ്റ് സ്റ്റഡി വിസയിലും ജോലി ലഭിക്കാതെ വെയർ ഹൗസിലും കെയർ ഹോമിലും ജോലി ചെയ്യേണ്ടി വരുന്നവരാണ് നല്ലപങ്കുമെന്നും ഈ കണക്കിൽ തന്നെ സൂചനയുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം ജോലിയിൽ ഉണ്ടായ സാദ്ധ്യതകൾ കുറഞ്ഞു തുടങ്ങിയത് ഏറ്റവും ദോഷകരമായി ബാധിക്കുന്നത് വിദേശ വിദ്യാർത്ഥികളെയാണ്.

പ്രധാന പ്രശ്നം ഒരുപാട് പേരെത്തിയതും അതിനൊപ്പം ഒഴിവുകൾ ഇല്ലാത്തതും

മനഃപൂർവം വിദേശ വിദ്യാർത്ഥികൾക്ക് അവസരം നിക്ഷേധിക്കുന്നു എന്ന പരാതിയിൽ യാതൊരു കഴമ്പും ഇല്ലെന്നാണ് ഈ രംഗത്തെ അക്കാദമിക് ചർച്ചകൾ തെളിയിക്കുന്നത്. ആയിരകണക്കിന് വിദ്യാർത്ഥികൾ ഓരോ പ്രവേശന വർഷത്തിലും എത്തി തുടങ്ങിയതോടെ അതിനൊപ്പം ജോലികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. സ്വാഭാവികമായും സ്‌പോൺസർഷിപ് വേണ്ടി വരും എന്ന് അഭിമുഖ ഘട്ടത്തിൽ വ്യക്തമായാൽ അതാവശ്യമില്ലാത്ത ഒരാളെ ലഭിച്ചാൽ തീർച്ചയായും തൊഴിൽ ഉടമ രണ്ടാമനെയേ തിരഞ്ഞെടുക്കൂ. സ്റ്റാർട്ട് അപ്പുകൾക്ക് അടക്കം ചെറുകിട കമ്പനികൾ വിദേശ വിദ്യാർത്ഥികൾക്ക് വേണ്ടി സ്പോൺസർ ഷിപ് ലൈസൻസിന് ശ്രമിക്കുന്നില്ല എന്നതാണ് വിദ്യാർത്ഥികളുടെ പരാതി.ഹോം ഓഫിസിനുള്ള ചെറിയ ഫീസും അൽപ നേരത്തെ ഓഫിസ് ജോലികളും മതിയെങ്കിലും പല തൊഴിൽ ഉടമകളും ഇതിനുള്ള ശ്രമം നടത്താത്തത് വിദേശ വിദ്യാർത്ഥികളുടെ വഴി അടക്കുന്ന പ്രധാന കാരണമാണ്.

യൂണിവേഴ്‌സിറ്റി നോക്കുന്നത് ഫീസ് അടച്ചോ എന്ന് മാത്രം

ഒട്ടുമിക്ക യൂണിവേഴ്സിറ്റികളും ഗ്രാജുവേറ്റ് ലെവൽ കോഴ്‌സുകൾ ചെയ്യാൻ എത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് വേണ്ട പരിഗണന നൽകുന്നില്ല എന്നത് അടുത്തിടെയായി ഉയരുന്ന പരാതിയാണ്. ബെഡ്ഫോർഡ്, ബാംഗൂർ യൂണിവേഴ്‌സിറ്റികളിൽ ഗവേഷണത്തിന് എത്തിയ മലയാളി വിദ്യാർത്ഥികൾക്ക് ഗൈഡായി ആരെയും കിട്ടാത്തതിനാൽ തിസീസ് വൈകി എന്നത് കഴിഞ്ഞ വർഷം ഉണ്ടായ പരാതിയാണ്. ലെസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഡാറ്റ സയൻസ് വിദ്യാർത്ഥികൾക്ക് കോഴ്‌സിന്റെ അവസാന ഘട്ടത്തിലും ഇന്റേൺഷിപ് സംബന്ധമായ ഒരു വിവരവും നൽകിയില്ല എന്നതും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ഇതിനർത്ഥം എല്ലാ യൂണിവേഴ്സിറ്റികളും സൗഹൃദ നിലപാട് ഉള്ളവയല്ല എന്ന് തന്നെയാണ്. കവൻട്രി യൂണിവേഴ്‌സിറ്റിയിൽ കംപ്യുട്ടർ സയൻസിൽ ചില വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായം അദ്ധ്യാപകർ മുൻകൈ എടുത്തു നൽകിയപ്പോൾ ക്‌ളാസിൽ വേണ്ടത്ര പെർഫോമൻസ് കാഴ്ചവയ്ക്കാതിരുന്ന മലയാളി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ് സ്വന്തം നിലയിൽ കണ്ടെത്തേണ്ടി വന്നതും യൂണിവേഴ്‌സിറ്റിയുടെ നിലപാടുകളിൽ ഉള്ള വ്യത്യാസമാണ് ചൂണ്ടികാട്ടുന്നത്.

ഒരേ കോഴ്‌സിൽ ഒരേ ഇൻ ടേക്കിൽ എത്തിയവരിൽ ചിലർ കോഴ്സ് തീരുംമുൻപേ തന്നെ ജോലി ഉറപ്പാക്കിയതും മറ്റു ചിലർ പരീക്ഷ എഴുതാൻ കഴിയാതെ നെട്ടോട്ടം ഓടിയതും കവൻട്രി യൂണിവേഴ്‌സിറ്റിയിൽ കഴിഞ്ഞ വർ്ഷം കേൾക്കാനിടയായ സംഭവമാണ്. ഇതിനർത്ഥം വേണമെങ്കിൽ ജോലി കണ്ടു പിടിക്കാൻ യൂണിവേഴ്‌സിറ്റികൾ സഹായിക്കും, പക്ഷെ എല്ലാ കോഴ്‌സിനും എല്ലാ വിദ്യാർത്ഥികൾക്കും ഒരേവിധത്തിൽ ഇത്തരം സഹായങ്ങൾ കിട്ടണമെന്നില്ല എന്ന് കൂടിയാണ്. മുടങ്ങാതെ ക്‌ളാസിൽ എത്തുന്നതും കോഴ്സ് വർക്കുകൾ ചെയ്യാൻ അദ്ധ്യാപകരുടെ സഹായം കൂടി തേടുന്നതും കാര്യങ്ങൾ തുറന്ന മനസ്സോടെ അദ്ധ്യാപകരുമായി ചർച്ച ചെയ്യുന്നതും ഒക്കെ സഹായമായി മാറുകയേയുള്ളൂ എന്ന് ഇത്തരത്തിൽ കാമ്പസ്സിൽ നിന്നും തന്നെ ജോലി സമ്പാദിച്ച വിദ്യാർത്ഥികൾ പറയുന്നു.

എന്നാൽ ചില യൂണിവേഴ്സിറ്റികളാകട്ടെ വിദേശ വിദ്യാർത്ഥികൾ ഫീസ് അടച്ചോ എന്നത് മാത്രമാണ് പരിശോധിക്കുക. കോഴ്സ് കഴിഞ്ഞു പുറത്തിറങ്ങുന്ന വിദ്യാർത്ഥികളെ ജോലി കണ്ടെത്താൻ സഹായിക്കുന്ന സംവിധാനം അപൂർവം യൂണിവേഴ്‌സിറ്റികളിൽ മാത്രമാണ് സജീവമായി നിലനില്കുനന്നത്. യൂണിവേഴ്‌സിറ്റി കരിയർ സർവീസ് വഴി ജോലി കണ്ടെത്തുന്നവർ വെറും രണ്ടു ശതമാനം മാത്രമാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതിനാൽ ഈ വഴികളിൽ ജോലി കണ്ടെത്തുന്നവർ ഏറ്റവും ഭാഗ്യശാലികൾ തന്നെയെന്ന് പറയാനാകും. കോഴ്സ് കഴിഞ്ഞു പുറത്തിറങ്ങുന്ന മിക്ക വിദ്യാർത്ഥികളാക്കും ഏതു ജോലിക്കു എപ്പോൾ എങ്ങനെ എവിടെ അപേക്ഷിക്കും എന്നൊക്കെയുയുള്ള ഉത്തരമില്ലാത്ത ചോദ്യങ്ങളാകും കൂട്ടിനുണ്ടാവുക. കോഴ്സ് കഴിഞ്ഞ നിലയ്ക്ക് ഇതൊക്കെ പുറത്തു പോയി ചോദിക്കാനും വിമുഖത സ്വാഭാവികവും .