ലണ്ടൻ: ആദ്യ സെമസ്റ്റർ ഫീസ് മാത്രം അടച്ചു യുകെയിൽ പഠിക്കാൻ എത്തിയ അനേകം സാധാരണക്കാരായ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. പഠിക്കാൻ എത്തുന്ന മലയാളി വിദ്യാർത്ഥികൾ അടക്കം ഉള്ളവർ കോഴ്‌സുകളിൽ നിന്നും കൊഴിഞ്ഞു പോകുന്നതും പഠനം പാതി വഴിയിൽ നിർത്തി കെയർ വിസ തേടി സ്വിച്ചിങ് നടത്തുന്നതും ഒക്കെ ക്രമം വിട്ടു ഉയർന്നതോടെയാണ് യുകെ യൂണിവേഴ്‌സിറ്റികൾ വടിയെടുക്കാൻ തയ്യാറായത്.

അതിന്റെ പ്രഹരം നന്നായി തിരിച്ചറിയുകയാണ് ഇപ്പോൾ ഒട്ടേറെ മലയാളി വിദ്യാർത്ഥികൾ. നിന്ന നിൽപിൽ പലർക്കും 12000 പൗണ്ട് വരെ കണ്ടെത്തണം എന്നതാണ് അവസ്ഥ. സാവകാശം എടുത്തു മൂന്നു സെമസ്റ്റർ കൊണ്ട് അടയ്‌ക്കേണ്ട പണം മുഴുവൻ ഒറ്റയടിക്ക് അടയ്ക്കാനുള്ള നിർദ്ദേശമാണ് ഇപ്പോൾ യൂണിവേഴ്‌സിറ്റി അധികൃതർ വിദ്യാർത്ഥികൾക്ക് നൽകിയിരിക്കുന്നത്.

ഫീസ് പിടിച്ചു വാങ്ങാൻ യൂണിവേഴ്‌സിറ്റി, എങ്ങനെയും സഹായിക്കണമെന്ന് മലയാളി വിദ്യാർത്ഥികൾ ഇത് കർശനമായി നടപ്പാക്കാനുള്ള ഒരുക്കമാണ് യൂണിവേഴ്‌സിറ്റികൾ നടത്തുന്നത്. ഫീസ് അടയ്ക്കാൻ സാധിക്കാത്തവരുടെ കാര്യം ഹോം ഓഫിസിനെ അറിയിക്കുമെന്നും ഇവരെ യഥാസമയം നാട് കടത്താൻ ഉള്ള സാധ്യത ഉണ്ടെന്നും ആണ് കത്ത് വായിച്ചാൽ മനസിലാകുക. കവൻട്രി യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന അനേകം മലയാളി വിദ്യാർത്ഥികൾക്ക് ഈ കത്ത് ലഭിച്ചു കഴിഞ്ഞു.

ഏതെങ്കിലും നിയമ വിദഗ്ധരുടെ സഹായത്തോടെ ഫീസ് അടയ്ക്കാനുള്ള സാവകാശം പഴയതു പോലെ നിലനിർത്തണം എന്ന് ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് വിദ്യാർത്ഥികൾ. എന്നാൽ യൂണിവേഴ്‌സിറ്റി ഇത് അംഗീകരിക്കാൻ ഉള്ള സാധ്യത വളരെ വിദൂരവുമാണ്. വിദേശ വിദ്യാർത്ഥികൾക്ക് മാത്രം ബാധകമാകുന്ന കാര്യം എന്ന നിലയിൽ സർക്കാർ തലത്തിലും യൂണിവേഴ്‌സിറ്റിയിൽ സമ്മർദം ഉണ്ടാകില്ല എന്ന് ഉറപ്പാണ്.

വിദ്യാർത്ഥികൾ കൊഴിയുന്ന കാര്യം ചൂണ്ടിക്കാട്ടി തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ യൂണിവേഴ്സിറ്റികൾക്കും സാധിക്കും. ഇത് സ്ഥിരമായി നടപ്പാക്കാൻ സാധ്യത തെളിഞ്ഞാൽ വരുന്ന ഇൻ ടേക്കുകളിൽ വരാനിരിക്കുന്ന അനേകം സാധാരണക്കാരായ മലയാളി വിദ്യാർത്ഥികളുടെ യുകെ മോഹങ്ങൾക്കും തിരിച്ചടി സമ്മാനിക്കും. സാധാരണ കോഴ്‌സുകൾ പഠിക്കാൻ വരുന്നവരുടെ ഒഴുക്ക് നിലയ്ക്ക് നിർത്താൻ ഈ പരിഷ്‌കാരം കൊണ്ട് കാരണമാകും എന്നും കരുതപ്പെടുകയാണ്.

ഇപ്പോൾ ഫീസ് ഒറ്റയടിക്ക് നൽകണം എന്ന കത്ത് ലഭിച്ച വിദ്യാർത്ഥികൾ പലിശ നൽകി എങ്കിലും പണം സംഘടിപ്പിക്കാൻ ഉള്ള നെട്ടോട്ടത്തിലാണ്. എന്നാൽ ഇത്രയും വലിയ തുക സഹായമായി നൽകാൻ സാധാരണക്കാർ തയ്യാറാകില്ല എന്ന കാര്യവും തർക്കമില്ലാത്തതാണ്. മുൻ വർഷങ്ങളിൽ സാമ്പത്തിക സഹായം തേടിയ വിദ്യാർത്ഥികൾ പലരും പിന്നീട് പൊടി പോലും കണ്ടുപിടിക്കാൻ വയ്യാത്ത വിധം മുങ്ങിയതും അനേകം യുകെ മലയാളികളുടെ ജീവിതാനുഭവം കൂടിയാണ്.

ചെയ്യുന്നത് തെറ്റാണ് എന്നറിഞ്ഞു തന്നെ മുന്നോട്ടു നീങ്ങി, വിവരമറിഞ്ഞ യൂണിവേഴ്‌സിറ്റി വടിയെടുത്തു തങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് തിരിച്ചറിഞ്ഞു തന്നെയാണ് വിദ്യാർത്ഥികളിൽ ഒരു വിഭാഗം കോഴ്സ് മുഴുമിപ്പിക്കാതെ സ്വിച്ചിങ് എന്ന വഴി തേടിയത്. ഇവരെ സംബന്ധിച്ച് കോഴ്സ് മുഴുമിപ്പിക്കുക എന്നത് നഷ്ടക്കച്ചവടമാണ്. അതായതു 16 ലക്ഷം രൂപ യൂണിവേഴ്‌സിറ്റിക്ക് ഫീസ് നൽകി പഠിച്ചിട്ട് ആ കോഴ്സ് കൊണ്ട് തനിക്ക് ഒരു ഗുണവും ഇല്ലെന്ന് അറിയുന്ന വിദ്യാർത്ഥികൾ യുകെയിൽ എങ്ങനെയും എത്തിപ്പെടുക എന്ന മാർഗത്തിനാണ് സ്റ്റുഡന്റ് വിസ റൂട്ട് തിരഞ്ഞെടുത്തത്. പേരിന് അൽപകാലം ക്ലാസിൽ പോയ ശേഷം മുങ്ങിയ ഇത്തരം വിദ്യാർത്ഥികളെ പിന്നെ തപ്പി ഇറങ്ങിയാൽ ഏതെങ്കിലും കെയർ ഹോമിൽ സ്പോൺസർഷിപ് വിസയിൽ ജോലി ചെയ്യുന്നതാകും കാണാൻ കഴിയുക.

ചുരുക്കത്തിൽ നൈസായി യൂണിവേഴ്സിറ്റികൾക്ക് പണികൊടുക്കുക എന്ന മാർഗം സ്വീകരിച്ച മുൻഗാമികളായ വിദ്യാർത്ഥികൾ ചെയ്ത മര്യാദയില്ലായ്മക്ക് പിന്നീട് വന്ന വിദ്യാർത്ഥികളാണ് ഇപ്പോൾ നക്ഷത്രം എണ്ണേണ്ടി വന്നിരിക്കുന്നത്. മുൻ കാലങ്ങളിൽ വീടുകൾ ഷെയർ ചെയ്യാൻ തയ്യാറായ യുകെ മലയാളികൾ പലരും വിദ്യാർത്ഥികൾക്ക് വീടില്ല എന്ന നിലപാടിലേക്ക് നീങ്ങിയതും മുൻ വർഷങ്ങളിൽ എത്തിയ ഏതാനും പേരുടെ കയ്യിലിരിപ്പ് കൊണ്ടാണ്. ഇതോടെ വാടക വീടുകൾ കിട്ടാൻ അലഞ്ഞു തിരിയേണ്ടി വന്ന സാഹചര്യം ഇപ്പോൾ യൂണിവേഴ്‌സിറ്റി ഫീസിന്റെ കാര്യത്തിലും സംഭവിക്കുകയാണ്.

യുകെയിൽ പഠിക്കാൻ മിടുക്കരും കഴിവുള്ളവരും യോഗ്യത ഉള്ളവരും മാത്രമല്ല മോഹം മാത്രം കൈമുതൽ ആയവരുമാണ് കഴിഞ്ഞ ഏതാനും വർഷമായി എത്തുന്ന അനേകായിരങ്ങളിൽ കുറെയധികം പേരെങ്കിലും. വിദ്യാർത്ഥികളെ യൂണിവേഴ്സിറ്റികൾക്ക് എത്തിച്ചു നൽകുന്ന ഏജൻസികളാണ് ഈ മോഹം സാധാരണക്കാരായ വിദ്യാർത്ഥികളിൽ കുത്തിനിറച്ചത്. ഇക്കൂട്ടത്തിൽ പഠിക്കാൻ അതി സമർത്ഥർ അല്ലാത്തവർ പോലും യുകെ യൂണിവേഴ്‌സിറ്റി പഠന മോഹത്തിൽ വീഴുകയും കേരളത്തിലെ സാധാരണക്കാർക്ക് അത്ര വേഗത്തിൽ താങ്ങാനാകാത്ത ഉയർന്ന ഫീസ് നൽകാൻ നിർബന്ധിതർ ആകുകയും ചെയ്യുന്ന നാളുകളാണിപ്പോൾ. ''എന്റെ കൂടെ പഠിച്ചവരെല്ലാം യുകെയിലും കാനഡയിലും പോയി, ഞാൻ മാത്രം ഇവിടെ''... എന്ന് മാതാപിതാക്കളോട് പറയുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടിക്കൊണ്ടുമിരിക്കുന്നു. ഇതിൽ നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾ പോലും ഉണ്ടെന്നതാണ് വാസ്തവം.

ഇത്തരക്കാരാണ് അധികവും റിക്രൂട്ടിങ് ഏജൻസികളുടെ ചതിക്ക് ഇരയാകുന്നതും. പെരുപ്പിച്ചു കാട്ടുന്നതും യുകെയെ സ്വർഗ്ഗ തുല്യമായി വർണിക്കുന്നതും ഒക്കെ ഇത്തരം ഏജൻസികളുടെ ഹോബിയായാണ്. അവരുടെ നോട്ടം യൂണിവേഴ്‌സിറ്റികളിൽ നിന്നും കിട്ടുന്ന കമ്മീഷൻ മാത്രമാണ്. അധികം പോപ്പുലർ അല്ലാത്തതും കാലഹരണപ്പെട്ടതും ആയ കോഴ്‌സുകളും റാങ്കിങ്ങിൽ പിന്നോക്കം നിൽക്കുന്ന യൂണിവേഴ്സിറ്റികളിലും ആണ് ഇത്തരം വിദ്യാർത്ഥികൾ ഇടിച്ചു കയറുന്നത്. കാരണം ഏജൻസികൾക്ക് ലഭിക്കുന്ന കമ്മീഷനും ഉയർന്നതായിരിക്കും. ആദ്യ സെമസ്റ്റർ ഫീസ് മാത്രം അടച്ചാൽ മതിയെന്നും ബാക്കി പണമൊക്കെ യുകെയിൽ എത്തിയ ശേഷം ജോലി ചെയ്തു അടയ്ക്കാം എന്ന മോഹ വാഗ്ദാനവും കേട്ട് യുകെയിലേക്ക് ഇറങ്ങിപ്പെട്ടവർ കുറച്ചൊന്നുമല്ല, മറിച്ച് അനേകായിരങ്ങളാണ്. ഇത്തരക്കാരാണ് ഇപ്പോൾ യൂണിവേഴ്‌സിറ്റിയുടെ കണ്ണുരുട്ടലിൽ ഭയവിഹ്വലരായി കഴിയുന്നത്.