- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനുവരി ഒന്ന് മുതൽ നടപ്പാക്കേണ്ട വിദ്യാർത്ഥികളുടെ ആശ്രിത വിസ നിരോധനത്തിന് ബ്രിട്ടണിൽ വിജ്ഞാപനമായി; നോട്ടു നിരോധനം പോലെയായെന്നു സോഷ്യൽ മീഡിയ; ഏജൻസികളുടെ ആർത്തി മലയാളികളുടെ വഴി അടയാൻ കാരണമായി; നഷ്ടം വിസ കച്ചവടക്കാർക്കും സോളിസിറ്റർമാർക്കും; സ്റ്റുഡന്റ് വിസക്കാരുടെ യുകെ ഒഴുക്കിന് താത്കാലിക ശമനമാകും
ലണ്ടൻ: ഒരു കാര്യം തിരിച്ചറിഞ്ഞാൽ അത് നടപ്പാക്കാൻ പ്രയാസമില്ലാത്ത രാജ്യമാണ് ബ്രിട്ടൻ. നാടിനു ഗുണമുണ്ടെന്നു തോന്നിയാൽ അവിടെ ഭരണ പക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണ്. ഇത്തരം കാര്യങ്ങളിൽ പാർലമെന്റിൽ പോലും ഇഴ കീറിയുള്ള ദിവസങ്ങൾ നീണ്ട ചർച്ചയില്ല. മന്ത്രിമാർ നടത്തുന്ന വിശദീകരണങ്ങൾ പഴുതില്ലാത്തത് ആകുന്നതോടെ നിയമം പ്രാബല്യത്തിലാക്കാൻ ഉള്ള നടപടികളും ആരംഭിക്കും.
ഇക്കഴിഞ്ഞ മെയ് 23നു പാർലമെന്റിൽ ചർച്ച ചെയ്ത വിഷയമാണ് ഇപ്പോൾ സർക്കാർ വിജ്ഞാപനത്തിന്റെ രൂപത്തിൽ പുറത്തു വന്നിരിക്കുന്നത്. രണ്ടു മാസം മുൻപ് കുടിയേറ്റ വിദ്യാർത്ഥികളുടെ ആശ്രിത വിസ നിർത്തലാക്കാൻ പോകുകയാണ് എന്ന വിവരം ടൈംസ് പത്രം സൂചനകളോടെ പുറത്തു വിട്ടപ്പോൾ അതിവേഗം നടപ്പാക്കാൻ സാധ്യതയുള്ള കാര്യം എന്ന സൂചന പോലും ഇല്ലായിരുന്നു. വാർത്തയുടെ ഉറവിടം ആരെന്നു പോലും ചൂണ്ടിക്കാട്ടാതെയാണ് ടൈംസ് വിവരം പുറത്താക്കിയത്. തുടർന്ന് മറ്റു പത്രങ്ങളും വിഷയം ഏറ്റെടുത്തു.
ഉറച്ച തീരുമാനത്തോടെ ഋഷിയും സ്യുവേലയും
മന്ത്രിസഭയിൽ മുതിർന്ന മന്ത്രിമാർ പോലും വിഷയത്തിൽ ഭിന്നാഭിപ്രായക്കാരാണ് എന്ന സൂചനകളും പുറത്തായി. മന്ത്രിമാരെ സ്വാധീനിക്കാൻ യൂണിവേഴ്സിറ്റീസ് യുകെ സകല അടവുകളും പയറ്റുകയും ചെയ്തു. എന്നാൽ ഋഷി സുനക്കും ആഭ്യന്തര സെക്രട്ടറി സ്യുവേല ബ്രെവർമാനും എംപിമാരിൽ നല്ല പങ്കിനെയും കുടിയേറ്റ നിരക്ക് കുറയ്ക്കാൻ വേറെ വഴിയിലെന്നും മുന്നിലെത്തിയ തിരഞ്ഞെടുപ്പിൽ ഇതാകും പ്രതിപക്ഷത്തിന്റെ തുറുപ്പ് ചീട്ടെന്നും ബോധ്യപ്പെടുത്തിയതോടെ മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാരുടെ യുകെ മോഹത്തിന്റെ ചീട്ടാണ് കീറിയെറിഞ്ഞത്. ഇതോടൊപ്പം വിദ്യാർത്ഥികൾ പോലും വരുന്നത് കുറയ്ക്കാൻ ഉള്ള പദ്ധതികളും പ്രധാനമന്ത്രി സുനക് പ്ലാൻ ചെയ്യുകയാണ്.
ഇതിന്റെ ഭാഗമായി പഠിച്ചിട്ട് വലിയ ഗുണമില്ലാത്ത കോഴ്‌സുകളും നിർത്തലാക്കും. ഇതും മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാരുടെ വരവ് തടയാൻ എന്ന ഉദ്ദേശത്തോടെ തന്നെയാണ് എന്നുറപ്പ്. ഇക്കാര്യം യൂണിവേഴ്സിറ്റികൾക്ക് മുന്നറിയിപ്പായി എത്തിക്കഴിഞ്ഞു. ഇതോടെ നടക്കാനിരിക്കുന്ന പ്രവേശനം അവസാനിച്ചാൽ സ്റ്റുഡന്റ് വിസക്കാരുടെയും ആശ്രിതരുടെയും ഒഴുക്കിനു താത്കാലിക ശമനം ആകുമെന്ന് ഉറപ്പാവുകയാണ്. ഇത്തവണത്തെ പ്രവേശനത്തെ ഈ നിയമം പ്രതികൂലമായി ബാധിക്കില്ല എന്ന ഉറപ്പും സർക്കാർ നൽകിയിട്ടുണ്ട്.
സ്റ്റുഡന്റ് വിസക്കാരുടെ ''ലാസ്റ്റ് ബസ്'' ഉടൻ പുറപ്പെടും
ഈ വർഷത്തെ പ്രവേശന നടപടികൾ ഏറെക്കുറെ തുടങ്ങിക്കഴിഞ്ഞതിനാലാണ് ജനുവരി ഇൻ ടെക്ക് എന്ന ലക്ഷ്യം സർക്കാരിന് എടുക്കേണ്ടി വന്നത്. സർക്കാർ കാര്യം വ്യക്തമാക്കി കഴിഞ്ഞത്തോടെ തിക്കും തിരക്കുമായി എത്തുന്ന വിദ്യാർത്ഥി വിസക്കാരുടെയും ആശ്രിതരുടെയും ''ലാസ്റ്റ് ബസാണ്'' ഇപ്പോൾ പുറപ്പെടാൻ ഒരുങ്ങി നിൽക്കുന്നത്. സർക്കാർ നടപടികൾ എന്തൊക്കെയാണ് എന്ന വിശദ വിവരങ്ങൾ ഇന്നലെ ഉച്ചകഴിഞ്ഞതോടെയാണ് വിജ്ഞാപനമായി പുറത്തു വന്നത്.
108 പേജുകളായി ഓരോ കാര്യവും അക്കമിട്ട് നിരത്തിയാണ് സർക്കാരിന്റെ വിജ്ഞാപനം എത്തിയിരിക്കുന്നത്. ഗവേഷണം അടക്കമുള്ള കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നവർക്ക് മാത്രം കുടുംബത്തെ കൊണ്ടുവരാനാകൂ എന്ന നിബന്ധന കർശനമായി പാലിക്കുന്നതോടെ ഇപ്പോഴത്തെ അപേക്ഷകരിൽ നല്ല പങ്കും പുറത്താകും എന്നുറപ്പ്. എന്നാൽ ഇത് യൂണിവേഴ്‌സിറ്റി പ്രവേശനത്തെ കാര്യമായി ബാധിക്കില്ല എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇപ്പോൾ ഇന്ത്യയും നൈജീരിയയുമാണ് സ്റ്റുഡന്റ് വിസയെ കുടിയേറ്റ വിസയുടെ രൂപത്തിൽ ദുരുപയോഗം ചെയ്ത രണ്ടു രാജ്യങ്ങൾ എന്ന വിലയിരുത്തലാണ് ഹോം ഓഫിസ് കണക്കുകൾ ഉദ്ധരിച്ചു നൽകിയിരിക്കുന്നത്.
സ്വിച്ച് കാരും കുഴപ്പത്തിലാകും, ലക്ഷ്യം പഠനം മാത്രമാകണം
കേരളത്തിലും മറ്റും വിദ്യാർത്ഥി ഏജൻസികൾ നൽകുന്ന വിവരമാണ് സാധാരണ ഗ്രാജുവേറ്റ് കോഴ്‌സുകൾ ചെയ്യാൻ എത്തുന്ന മിക്ക വിദ്യാർത്ഥികളുടെയും തുറുപ്പ് ചീട്ട്. എങ്ങനെയും യുകെയിൽ എത്തിക്കഴിഞ്ഞാൽ കെയർ ജോലിക്കുള്ള വിസ സംഘടിപ്പിച്ചാൽ പിന്നെ ഒന്നും ആലോചിക്കണ്ടല്ലോ എന്ന വാക്കിൽ കുടുങ്ങിയവരാണ് നല്ല പങ്കു മലയാളി വിദ്യാർത്ഥികൾ. യൂണിവേഴ്‌സിറ്റിക്ക് നൽകിയ ലക്ഷങ്ങളും കെയർ ഏജൻസിക്ക് കൊടുത്ത ലക്ഷങ്ങളും തിരികെ പിടിക്കാൻ കാളയെ പോലെ പണിയെടുക്കേണ്ട ഗതികേടിൽ ചെന്ന് ചാടിയ മലയാളി വിദ്യാർത്ഥി വിസകരിൽ മിക്കവാറും പേർക്കും ചെയ്തത് അബദ്ധമായി എന്ന ധാരണയുണ്ട്.
എന്നാൽ ചിലന്തി വലയിൽ കുടുങ്ങിയ അനുഭവം ആയതിനാൽ ഇനിയൊന്നും ചെയ്യാനില്ല എന്ന നിലയിലാണ് കാര്യങ്ങൾ. ഇതിനിടെ കെയർ വിസക്ക് നൽകിയ പണം അടിമക്കച്ചവടത്തിനു വേണ്ടി ഉപയോഗിക്കപ്പെട്ടതാണ് എന്ന് പൊലീസിലും ഹോം ഓഫിസിലും അറിയിക്കും എന്ന വിവരം എജൻസികൾക്ക് കൈമാറി പണം തിരിച്ചു പിടിച്ചു തുടങ്ങിയ വിദ്യാർത്ഥികളും കുറവല്ല. കിട്ടിയ പണവുമായി തിരികെ കേരളത്തിലേക്ക് മടങ്ങാനും അവർ തയ്യാറാണ്.
ഏതായാലും പഠിക്കാൻ എത്തുന്നവർക്ക് ഇനി പഠനം പൂർത്തിയാക്കുക മാത്രമാണ് മാർഗം. പഠന കാലം കഴിഞ്ഞ ശേഷം മാത്രം ജോലിക്കായുള്ള വിസ എന്ന നിലയിലേക്ക് കൂടിയാണ് ഇന്നലെ ഉച്ച മുതൽ കാര്യങ്ങൾ എത്തി നിൽക്കുന്നത്. സർക്കാർ കാര്യങ്ങൾ മുറ പോലെ നടക്കുമെങ്കിലും മാധ്യമ വാർത്തകൾ മാത്രം കേട്ടറിഞ്ഞ മലയാളി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇന്നലെ ഉണ്ടായ തീരുമാനത്തെ ഇന്ത്യയിൽ നടന്ന നോട്ടു നിരോധനത്തോടാണ് ഉപമിച്ചതു, എന്നാൽ എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചാണ് ബ്രിട്ടീഷ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരിക്കുന്നത്.
എന്നാൽ സർക്കാർ നടപടി യുകെയിൽ വേരുറപ്പിച്ച വിസ കച്ചവട ലോബിക്കും ഇവരുടെ കച്ചവടം വഴി നേട്ടം ലഭിക്കുന്ന സോളിസിറ്റർമാർക്കും കനത്ത തിരിച്ചടിയായി. പണം കുമിഞ്ഞു കൂടുന്ന ഒരു വഴിയാണ് അടഞ്ഞു പോകുന്നത്. ഒരു കെയർ വിസ പ്രോസസിംഗിന് 1500 മുതൽ രണ്ടായിരം പൗണ്ട് വരെ ഫീസ് വാങ്ങുന്നവരാണ് മിക്ക സോളിസിറ്റർമാരും. ഒരു കെയർ ജോലിയിൽ നിന്നും അയ്യായിരം പൗണ്ട് വരെ നിസാരമായി കണ്ടെത്തുന്നവരാണ് റിക്രൂട്ടിങ് ഏജൻസികൾ എന്നതും പകൽ പോലെ വ്യക്തമാണ്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.