ലണ്ടൻ: മൂന്ന് വർഷം മുൻപ് ജൂലൈ 13നു യുകെ മലയാളികളെ ഞെട്ടിച്ചു ബോൾട്ടണിലെ കൗമാരക്കാരി എവ്‌ലിൻ ചാക്കോ മരിച്ച വാർത്ത പുറത്തു വരുമ്പോൾ എന്താണ് കാരണം എന്നത് തികച്ചും അവ്യക്തം ആയിരുന്നു. ബോൾട്ടൻ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്ന പെൺകുട്ടി ഡിസ്ചാർജ് ചെയ്യാനിരിക്കെ ഹോസ്പിറ്റലിന് വെളിയിൽ ഉള്ള മരക്കൂട്ടം നിറഞ്ഞ കുറ്റിക്കാടിനു അടുത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുക ആയിരുന്നു. മുൻപും എവ്‌ലിൻ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു എന്നാണ് തുടർന്ന് പുറത്തു വന്ന വിവരം. ഇപ്പോൾ കോവിഡ് ലോക് ഡൗണിൽ മുടങ്ങിപ്പോയ എവ്‌ലിന്റെ മരണ കാരണം തേടിയുള്ള അന്വേഷണം കൊറോണർ കോടതിയിൽ പുനരാരംഭിക്കുമ്പോൾ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗൗരവമുള്ള തരത്തിൽ വീഴ്ചകൾ സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ പുറത്തു വരുന്നതെന്ന് മാഞ്ചസ്റ്റർ ഈവനിങ് പത്രത്തെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന പെൺകുട്ടിയിൽ വൈരുദ്ധ്യമുള്ള സ്വഭാവ വിശേഷങ്ങൾ കാണപെട്ടതിനെ തുടർന്ന് മാതാപിതാക്കൾ ചികിത്സാ അടക്കമുള്ള സഹായങ്ങൾ തേടിയിരുന്നതാണ്. എന്നാൽ കൂട്ടുകാരുടെയും മറ്റും കൂട്ടത്തിൽ എവ്‌ലിൻ തികച്ചും സന്തോഷവതി ആയാണ് സദാ സമയം കാണപ്പെട്ടത് എന്നും പറയപ്പെടുന്നു. പക്ഷെ മരണത്തെ തുടർന്ന് പൊലീസ് ഏറ്റെടുത്ത എവ്‌ലിന്റെ ഫോണിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി മരണത്തെ കുറിച്ചുള്ള ഒട്ടേറെ അന്വേഷണങ്ങൾ ഗൂഗിളിൽ സേർച്ച് ചെയ്തതായി കണ്ടെത്താനായിട്ടുണ്ട്. മാത്രമല്ല, മനസ്സിൽ സംഘർഷം ഉടലെടുക്കുമ്പോഴും പ്രസന്നതയോടെ മറ്റുള്ളവരോട് ഇടപഴകുന്നത് എങ്ങനെ എന്ന കാര്യവും എവ്‌ലിൻ സേർച്ച് ചെയ്തിരുന്നു. ഇത് സംബന്ധിച്ചുള്ള യു ട്യൂബ് വിഡിയോയും പെൺകുട്ടി കണ്ടിരുന്നതായി ഫോണിലെ സേർച്ച് ഹിസ്റ്ററിയിൽ വ്യക്തമാണെന്നു പൊലീസ് കൊറോണർ കോടതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ഒരു അസ്വാഭാവിക മരണം നടന്നാൽ ഇൻക്വസ്റ്റിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങൾ പലപ്പോഴും പിന്നീട് അത്തരം തുടർ സംഭവങ്ങൾ തടയാനുള്ള മുൻ കരുതൽ മാർഗം ആയാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ചും കൗമാരക്കാരുടെയും മറ്റും പെരുമാറ്റ രീതികൾ വളരെ ആശയക്കുഴപ്പം നിറഞ്ഞതായതിനാൽ ഭാവിയിൽ എങ്കിലും ആരോഗ്യ വിദഗ്ദ്ധർക്കും മാനസിക നില കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ നൽകുന്നവർക്കും പൊലീസിനും എല്ലാം ഇത്തരം കണ്ടെത്തലുകൾ മാർഗനിർദ്ദേശമായി മാറും. അതിനാൽ കൊറോണർ കോടതിയിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ കേസ് ഡയറിയായിട്ടാകും ഭാവിയിൽ അന്വേഷണ ഏജൻസികളും ബന്ധപ്പെട്ട അധികൃതരും കൈകാര്യം ചെയ്യുക.

അമിതമായി ഗുളിക കഴിച്ചതിനെ തുടർന്ന് അവശ നിലയിലായ എവ്‌ലിൻ അടിയന്തിര വിഭാഗത്തിൽ പ്രവേശിക്കപ്പെടുകയും തുടർന്ന് ആരോഗ്യ നില മെച്ചപ്പെട്ടപ്പോൾ അത്ര സുരക്ഷിതം അല്ലാത്ത വാർഡിലേക്ക് മാറ്റുക ആയിരുന്നു എന്നുമാണ് ഇപ്പോൾ പ്രധാനമായും കണ്ടെത്തിയിരിക്കുന്ന വീഴ്ച. ഒരു ടീനേജുകാരിക്ക് ലഭിക്കേണ്ട പരിഗണന എവ്‌ലിന്റെ കാര്യത്തിൽ ഉണ്ടായോ എന്നതാണ് ഇപ്പോൾ പ്രധാനമായും ഉയരുന്ന ആശങ്ക. ആശുപത്രിയിൽ കഴിഞ്ഞ സമയത്തു കാര്യമായ നിരീക്ഷണം ഇല്ലാതെ പോയതാണ് ഒടുവിൽ എവ്ലിന്റെ മരണത്തിലേക്ക് എത്തിച്ചതെന്ന് കരുതപ്പെടുന്നു.

സിഗരറ്റ് വലിക്കാൻ പുറത്തു പോകാൻ അനുവാദം ഉണ്ടായിരുന്ന എവ്‌ലിൻ ആ കാരണം പറഞ്ഞാണ് പലപ്പോഴും പുറത്തിറങ്ങിയിരുന്നത്. മരണ ദിവസവും ആശുപത്രി വാർഡിൽ നിന്നും എവ്‌ലിൻ പുറത്തിറങ്ങുന്നതും അതേ കാരണം പറഞ്ഞു തന്നെയാണ്. ഏകദേശം രണ്ടു മണിയോടെ പുറത്തിറങ്ങിയ പെൺകുട്ടി തനിയെ നടന്നു നീങ്ങുന്നത് 2.11 നുള്ള സിസിടിവി ദൃശ്യങ്ങളിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഒരു മണിക്കൂറിനു ശേഷം എവ്‌ലിൻ മരിച്ച നിലയിൽ കണ്ടെത്തിയതായി വിവരമാണ് പുറത്തു വന്നത്.

എവ്‌ലിന്റെ ചികിത്സയും തുടർന്നുള്ള സംരക്ഷണവും അടക്കമുള്ള കാര്യങ്ങളിൽ പൂർണമായും വീഴ്ച പറ്റിയിട്ടുണ്ട് എന്ന ചിന്തയാണ് എവ്‌ലിന്റെ മാതാപിതാക്കൾ കൊറോണർ കോടതിയിൽ ഉയർത്തിയിരിക്കുന്നത്. പലപ്പോഴും ജീവൻ സ്വയം ഇല്ലാതാക്കും എന്ന് എവ്‌ലിൻ പറഞ്ഞിട്ടുള്ളതും കൊറോണർ കോടതി നടപടികളുടെ ഭാഗമായി വിലയിരുത്തിയിട്ടുണ്ട്. ഓഡിഡി എന്നറിയപ്പെടുന്ന ഒപോസിഷനാൽ ഡിഫൈന്റ് ഡിസോർഡർ എന്ന അസുഖമാണ് എവ്‌ലിൻ നേരിട്ടിരുന്നത് എന്നാണ് കോർണർ കണ്ടെത്തിയിരിക്കുന്നത്. മുതിർന്ന രോഗികളെ പരിചരിക്കുന്ന വാർഡിലാണ് കൗമാരക്കാരിയായ എവ്‌ലിൻ കഴിഞ്ഞത് എന്നത് ആശുപത്രി അധികൃതരുടെ വീഴ്ചയായാണ് കുടുംബം വിലയിരുത്തുന്നതും.

എവ്‌ലിൻ നേരിട്ടിരുന്ന പ്രശ്നങ്ങളുടെ ആഴം പൂർണമായും തനിക്ക് ലഭ്യമായിരുന്നില്ല എന്നാണ് കൊറോണർക്ക് നൽകിയ മൊഴിയിൽ ആശുപത്രി വാർഡിലെ കൺസൽട്ടന്റ് ഡോ. ജെറാൾഡിൻ ഡോൺലി വ്യക്തമാക്കിയത്. കുട്ടികൾക്ക് വേണ്ടിയുള്ള മാനസിക വിദഗ്ധരെ ലഭിക്കാൻ ഡോ. ജെറാൾഡിൻ തുടർച്ചയായ ശ്രമം നടത്തിയെങ്കിലും അത് വിജയത്തിലെത്തിയതുമില്ല. വാർഡിൽ പരിചരിക്കേണ്ടവരെ കുറിച്ചുള്ള വ്യക്തമായ ധാരണ അവിടെ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ അവ്യക്തത ഉണ്ടെന്നും അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാർഡിൽ അഡ്‌മിറ്റ് ആയപ്പോഴേക്കും പ്രസന്ന വേദനയായാണ് പെൺകുട്ടി പെരുമാറിയിരുന്നത്. ആത്മഹത്യയിലേക്ക് നീങ്ങുന്ന മാനസിക നിലയുള്ള ഒരു വ്യക്തിയുടെ ലാഞ്ചന പോലും പെരുമാറ്റത്തിൽ ലഭ്യമായിരുന്നില്ല. എവ്ലിനെ പൂർണ സ്വതന്ത്രയാക്കി വീട്ടിലേക്ക് മടക്കി അയക്കാനുള്ള തീരുമാനത്തിൽ താൻ ആശങ്കപ്പെട്ടിരുന്നതായും ഡോക്ടർ ജെറാൾഡിൻ കൂട്ടിച്ചേർക്കുന്നു.

മരണ ദിവസം പോലും വീട്ടിലേക്കും കൂട്ടുകാരികളിൽ ഒരാളുമായും എവ്‌ലിൻ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. വളരെ സാധാരണമായ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതും. എന്നാൽ പൊലീസ് നടത്തിയ ഫോൺ പരിശോധനയിൽ എവ്‌ലിൻ തുടർച്ചയായി മരണത്തെ കുറിച്ചുള്ള തിരച്ചിലുകളാണ് നടത്തിയിരുന്നതെന്നു കണ്ടെത്തുക ആയിരുന്നു. എങ്ങനെ ആത്മഹത്യ ചെയ്യാം, ഈ ചിന്തകൾ എങ്ങനെ മറ്റുള്ളവരിൽ നിന്നും മറച്ചു പിടിക്കാം എന്നതൊക്കെയായിരുന്നു എവ്‌ലിന്റെ ഗൂഗിൾ തിരച്ചിലുകളിൽ ഇടം പിടിച്ചിരുന്നത്. ആത്മഹത്യ കുറിപ്പ് എങ്ങനെ എഴുതണം എന്നും എവ്‌ലിൻ തിരഞ്ഞിരുന്നതായി പൊലീസ് പറയുന്നു. എവ്‌ലിനെ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കാൻ ഉള്ള ശ്രമത്തിൽ ''സിസ്റ്റം'' പരാജയപെട്ടു എന്നാണ് കുടുംബത്തിന് വേണ്ടി കൊറോണർക്ക് മുന്നിൽ എത്തിയ സാറ സണ്ടർലൻഡ് വാദിച്ചത്. എന്നാൽ എവ്‌ലിൻ മുൻപും ജീവനെടുക്കാനുള്ള ശ്രമം നടത്തിയിരുന്നതായി കൊറോണർ കണ്ടെത്തി. മരിക്കുന്നതിന് ഒരു മാസം മുൻപ് പൊലീസ് എവ്‌ലിൻ മോട്ടോർവേയിൽ ഉള്ള പാലത്തിൽ നിൽക്കുന്നതിൽ നിന്നും രക്ഷപ്പെടുത്തിയ വിവരവും കൊറോണർക്ക് മുന്നിൽ എത്തിയിരുന്നു. കേസിൽ അന്തിമ വിധി പറയുന്നതിന് മുന്നോടിയായി കൊറോണർ വാദം കേൾക്കുന്നത് തുടരും എന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

എന്തിനും എതിർപ്പ് കാട്ടുകയാണോ കുട്ടി? കരുതലോടെ ചേർത്ത് നിർത്താം, സ്നേഹത്തോടെ നിരീക്ഷിക്കാം, അവരിൽ ഒരാളായി മാറുക

ഈ മനോനിലയുള്ള കുട്ടികൾ മാതാപിതാക്കളെയും അദ്ധ്യാപകരെയും പൊതുവിൽ മുതിർന്നവരെയും എതിർക്കാനുള്ള പ്രവണതയാണ് കാട്ടുക. പലപ്പോഴും ജീവിത സാഹചര്യങ്ങളും ബാഹ്യ ഇടപെടലുകളും ഒക്കെ ഈ മനോനിലയിലേക്ക് കുട്ടികളെ എത്തിക്കാൻ സാധ്യതയുണ്ട്. കുട്ടികളെ അവരോടൊപ്പം ചേർന്ന് നിന്ന് കരുതലോടെ നിരീക്ഷിക്കുന്നവർക്കു മാത്രമാണ് ഇക്കാര്യം വേഗത്തിൽ ബോധ്യപ്പെടുക. എന്നാൽ കൃത്യമായ ചികിത്സയിലൂടെ കുട്ടിയെ ഈ സ്വഭാവത്തിൽ നിന്നും വിമുക്തരാക്കാനും കഴിയും. വലിയ കാരണമൊന്നും കൂടാതെ കുട്ടി ദേഷ്യപ്പെടുക, ശിക്ഷ ലഭിക്കണം എന്ന ആഗ്രഹത്തോടെ തന്നെ ക്ഷമിക്കാവുന്നതിലും വലിയ തെറ്റുകൾ ചെയ്യുക, വീട്ടിൽ നിന്നും മാറി നിൽക്കാൻ ഉള്ള പ്രവണത കാട്ടുക, രാത്രി വീട്ടിൽ എത്താതിരിക്കുക, ക്ലൈസിൽ പോകാതിരിക്കുക, എന്തിനും ഏതിനും എതിർപ്പ് കാട്ടുക, വീട്ടു മൃഗങ്ങളെ പോലും ദ്രോഹിക്കുക, കളവു പറയുകയും കളവ് ചെയ്യുകയും ആവർത്തിക്കുക, വീട്ടു സാധനങ്ങൾ കാരണം കൂടാതെ കേടു വരുത്തുക എന്നതൊക്കെ ഓ ഡി ഡി അസുഖമുള്ള കുട്ടികൾ ചെയുന്ന കാര്യങ്ങളാണ്.

ഇത്തരം സ്വഭാവ വ്യത്യാസം കണ്ടെത്തിയാൽ കഴിവതും വേഗത്തിൽ കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടത്. ശിക്ഷാ നടപടികൾ കൊണ്ടോ ദേഷ്യപ്പെടുന്നതുകൊണ്ടോ മാറ്റിയെടുക്കാവുന്നതല്ല ഓ ഡി ഡി. പലപ്പോഴും വീട്ടിലെ സാഹചര്യങ്ങളും ഒരു കുട്ടിയെ ഓ ഡി ഡി രോഗിയാക്കി മാറ്റം. എന്നാൽ പീഡനത്തിന് ഇരയാകുന്നതും തുടർച്ചയായി അവഹേളിക്കപ്പെടുന്നതും വീട്ടിലെ മറ്റു കുട്ടികൾക്ക് ലാളന കൂടുതൽ കിട്ടുന്നതും ഒക്കെ ഓ ഡി ഡി ക്കാരെ സൃഷ്ടിക്കുന്ന ഘടകങ്ങളാണ്.