- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ ലെവൽ റിസൾട്ടിൽ മിടുമിടുക്കരുടെ നിലയ്ക്കാത്ത വിജയാഘോഷം; മികച്ച ഗ്രേഡ് കണ്ടെത്താൻ ബ്രിട്ടീഷുകാർ പ്രയാസപ്പെട്ടപ്പോൾ മിക്ക സ്കൂളിലും ''ടോപ്പർ'' ലിസ്റ്റിൽ മലയാളി പേരുകൾ; ഭാവി തലമുറയ്ക്ക് മെഡിസിൻ ഉൾപ്പെടെ പരമ്പരാഗത കോഴ്സുകളോട് പ്രിയം പോരാ; മാറുന്ന ലോകത്തിന്റെ മുഖവുമായി യുകെയിലെ മലയാളി യുവതീ യുവാക്കൾ
ലണ്ടൻ: നന്നായി പഠിക്കുന്നവർ ഒരു കാലത്തു തിരഞ്ഞെടുത്തിരുന്ന മെഡിസിനും എഞ്ചിനിയറിങ്ങിനും പകരം ഇപ്പോൾ അവസരങ്ങളുടെ അനന്ത വിഹായസുമായി അനവധി കോഴ്‌സുകളാണ് ഓരോ സമയത്തും എത്തുന്നത്. മാറുന്ന ലോകത്തിന്റെ, മാറ്റത്തിന്റെ ട്രെൻഡ് അനുസരിച്ചു ജീവിതം ക്രമപ്പെടുത്തുന്ന യുവ തലമുറയ്ക്ക് കൃത്യമായി അറിയാം എന്ത് പഠിക്കണം എങ്ങനെ ജീവിക്കണമെന്ന്. ഇതിനായി പഴയ തലമുറയിലെ പോലെ മുതിർന്നവരുടെ ഉപദേശമൊന്നും ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ആവശ്യമില്ല. ജോലിയുടെ പകിട്ടിൽ ഗമ കാട്ടിയുള്ള ജീവിതമൊന്നും പുതു തലമുറയുടെ ചിന്തകളിലേയില്ല. ഈ ട്രെൻഡ് കേരളത്തിൽ പോലും വേര് പിടിക്കുമ്പോൾ യുകെയിൽ വളരുന്ന കുട്ടികളിൽ അതിനേക്കാൾ വേഗത്തിൽ പടരുകയാണ് എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കിയാണ് എ ലെവൽ പരീക്ഷയിൽ ത്രസിപ്പിക്കുന്ന വിജയം നേടിയവർ തിരഞ്ഞെടുക്കുന്ന ഭാവി പഠനം നൽകുന്ന സൂചന.
കേരളത്തിൽ നഴ്‌സിങ് ഹോട്ട്, യുകെയിൽ ആർക്കും വേണ്ട
കേരളത്തിൽ എൻജിനിയറിങ് കോളേജ് പലതും കുട്ടികൾ ഇല്ലാതെ കാത്തിരിക്കുമ്പോൾ നഴ്സിങ്ങിന് എത്ര കോളേജുകൾ തുടങ്ങിയാലും കുട്ടികൾ നിറഞ്ഞു കവിയും എന്നതാണ് അവസ്ഥ. ഇതിനു സമാനമാണ് യുകെയിലെ സാഹചര്യവും. ഡോക്ടറുടെയും നഴ്‌സിന്റെയും അമിത ഭാരമുള്ള ജോലിയും കുറഞ്ഞ വേതനവും മാധ്യമ തലക്കെട്ടുകളും കേട്ടുകേൾവി ഇല്ലാത്ത സമരങ്ങൾ പതിവ് സംഭവങ്ങൾ ആയി മാറുമ്പോഴും ചെറുപ്പക്കാർക്ക് ആരോഗ്യ മേഖലയിലെ ജോലികൾ അത്ര പോരാ എന്ന ചിന്തയാണ്.
ഒരു ജൂനിയർ ഡോക്ടർ നേടുന്നത് വെറും 14 പൗണ്ട് ആണെന്ന വിവരം പുറത്തു വരുമ്പോൾ ഏതൊരു ചെറുപ്പക്കാരും ചിന്തിക്കും ഇതിനാണോ അഞ്ചു വര്ഷം പഠനവും പരീക്ഷയുമായി ജീവിതം കെട്ടിയിടേണ്ടതെന്ന്. എന്നാൽ മറ്റു തൊഴിൽ മേഖലയിലെ ചെറുപ്പകകർ പലരും ഏതാനും വർഷം കൊണ്ട് ജൂനിയർ ഡോക്ടറേക്കാൾ ഇരട്ടി ശമ്പളവും ടെൻഷനിലാത്ത ജീവിതവും ആസ്വദിക്കുമ്പോൾ ഷിഫ്റ്റുകളിൽ നിന്നും ഷിഫ്റ്റുകളിലേക്കു ഓവർ ലോഡ് എടുക്കുകയാകും പഠിച്ചിറങ്ങി പണി തുടങ്ങിയ ഓരോ ഡോക്ടറും.
അമിത ജോലിഭാരത്തിൽ വേണ്ടത്ര വിശ്രമം ഇല്ലാതെ ഡ്രൈവിങിനിടയിൽ ഉറക്കം തൂങ്ങിയുള്ള അപകടത്തിൽ മലയാളി ഡോക്ടർ മരിച്ചതും മലയാളി പെൺകുട്ടി ചികിത്സയ്ക്കിടയിൽ ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഡോക്ടർമാരും നഴ്‌സും ഒക്കെ കോടതി കയറി ഇറങ്ങുന്നതും കണ്ടുകൊണ്ടാണ് യുകെ മലയാളി ചെറുപ്പക്കാർ വളരുന്നത്. അതിനാൽ കൂലിയുമില്ല, ആവശ്യത്തിലേറെ ടെൻഷനും സമ്മർദ്ദവും നൽകുന്ന തൊഴിലായി മാറിക്കൊണ്ടിരിക്കുന്ന മെഡിസിനോടും നഴ്‌സിംഗിനോടും പൊതുവെ നോ എന്ന് പറയുകയാണ് ചെറുപ്പക്കാർ. എന്നാൽ പണം നോക്കി ചെയ്യേണ്ട ജോലിയാണോ ഡോക്ടറുടേതും നഴ്‌സിന്റേതും എന്ന മറുവാദം ഉയരുമ്പോൾ മാറുന്ന ലോകത്തു പണമില്ലാത്തവർ വെറും പിണമാണെന്ന ചൊല്ല് ഏറ്റുപറയുകയാണ് മിക്കവരും.
പണം തരുന്ന ജോലിക്കായി എന്ത് പഠിക്കണം, യുവ തലമുറ തേടുന്നത് സ്വപ്നലോകമല്ല, യാഥാർഥ്യ ജീവിതം മാത്രം
മാത്രമല്ല പുത്തൻ ലോകത്തിൽ പണത്തിന് ഏറ്റവും ആവശ്യം ഉള്ള വിഭാഗം ചെറുപ്പക്കാർ ആണെന്നതും വിസ്മരിക്കാനാകില്ല. അതിനാൽ ഏതു പ്രൊഫഷനിലാണ് ഏറ്റവും അധികം വേതനം എന്ന ചിന്തയിലാണ് ഓരോ കുട്ടിയും വളരുന്നത്. യുകെയിൽ ഫുടബോൾ കളിക്കാരും സംഗീത ലോകത്തെ പ്രതിഭകളുമാണ് ഏറ്റവും അധികം പണം ഉണ്ടാക്കുന്നത് എന്ന തിരിച്ചറിവുള്ള യുവ തലമുറയ്ക്ക് ഈ രണ്ടു പ്രൊഫഷനിലും എത്താൻ കഠിന അധ്വാനം മാത്രം പോരാ ജന്മ സിദ്ധമായ കഴിവുകൾ കൂടി വേണം എന്ന ബോധ്യവുമുണ്ട്. അതിനാൽ ഭാഗ്യത്തിന്റെ തണൽ ചൂടി അത്തരം സ്വപ്നങ്ങൾ നെയ്തുകൂട്ടാൻ ഒരു ചെറുപ്പക്കാരും തയ്യാറല്ല. അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ പഠിക്കാം, ഭാഗ്യമുണ്ടെങ്കിൽ ജോലി കിട്ടട്ടെ എന്ന മനോഭാവവും അല്ല ഇന്നത്തെ ചെറുപ്പക്കാർക്ക്.
മാത്രമല്ല വേഗത്തിൽ ഔട്ട് ഡേറ്റഡ് ആകാനിടയുള്ള കോഴ്‌സുകളും ജോലികളും ഒക്കെ കണ്മുന്നിൽ ഓടിക്കളിക്കുമ്പോൾ പഠനമെന്ന തിരഞ്ഞെടുപ്പിൽ വലിയ ശ്രദ്ധയും ജാഗ്രതയുമാണ് ചെറുപ്പക്കാർ നൽകുന്നതും. പോസ്റ്റ് കോവിഡിന് ശേഷം ലോക ജീവിത ക്രമം തന്നെ മാറിയ സാഹചര്യത്തിൽ പല തൊഴിലുകളും അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ നൽകി യുകെയിൽ എത്തി പല കോഴ്‌സുകളും പഠിക്കുന്ന മലയാളി ചെറുപ്പക്കാർക്ക് കോഴ്സ് അവസാനിക്കുമ്പോൾ മാത്രമാണ് ഈ പഠിച്ചതുകൊണ്ട് വലിയ പ്രയോജനമില്ല എന്ന തിരിച്ചറിവ് ഉണ്ടാകുന്നത്.
എന്നാൽ യുകെയിലെ ഒരു വിദ്യാർത്ഥിക്ക് ഇത്തരം അബദ്ധങ്ങൾ സംഭവിക്കുന്നില്ല എന്നത് പ്രത്യേകതയുമാണ്. കാരണം യൂണിവേഴ്‌സിറ്റിയിൽ പോകാറാകുമ്പോഴല്ല യുകെയിൽ ഒരു വിദ്യാർത്ഥി പഠന വിഷയം തിരഞ്ഞെടുക്കുന്നത്. അത് പലപ്പോഴും വർഷങ്ങൾക്ക് മുന്നേ സംഭവിക്കുന്ന കാര്യമാണ്. മാതാപിതാക്കളേക്കാൾ സ്‌കൂൾ തലത്തിൽ തന്നെ അദ്ധ്യാപകരാണ് കുട്ടികൾക്ക് അവരുടെ അഭിരുചി തിരിച്ചറിഞ്ഞു ഭാവി ജീവിതത്തിലെക്ക് വഴി കാട്ടികൾ ആയി മാറുന്നതും.
പ്രവേശനം കടുകട്ടി, നാച്ചുറൽ സയൻസ് പോലെ വെല്ലുവിളികൾ നിറഞ്ഞ കോഴ്‌സുകൾ പ്രതിഭകൾക്ക് മാത്രം
ഇന്നലെ പുറത്തു വന്ന എ ലെവൽ റിസൾട്ടിൽ മലയാളി വിദ്യാർത്ഥികളുടെ മിന്നും വിജയം വിലയിരുത്തുമ്പോൾ ഇത്തരം ഒട്ടേറെ ഘടകങ്ങൾ ഒളിഞ്ഞിരിക്കുന്നത് കാണാം. കഴിഞ്ഞ വർഷങ്ങളിൽ മുഴുവൻ വിഷയങ്ങളിലും എ സ്റ്റാർ നേടിയ ഒന്നിലേറെ മിടുമിടുക്കരായ വിദ്യാർത്ഥികൾ കേംബ്രിഡ്ജിലെ ഏറ്റവും പ്രസ്റ്റീജ് വിഷയമായ നാച്ചുറൽ സയൻസ് പഠിക്കാൻ തിരഞ്ഞെടുത്തപ്പോൾ ഇത്തവണ അത്തരം ഒരു ട്രെൻഡ് കാര്യമായി കാണാനായിട്ടില്ല. യുകെയിലെ തന്നെ ഏറ്റവും ടഫ് എന്ന് വിശേഷിപ്പിക്കാവുന്ന പ്രവേശന കടമ്പ കടന്നു വേണം ഈ കോഴ്‌സിലേക്ക് യോഗ്യത നേടാൻ. നാസ എന്നറിയപ്പെടുന്ന നാഷണൽ സയൻസ് അഡ്‌മിഷൻ അസസ്മെന്റ് എന്ന പ്രത്യേക പ്രവേശനപ്പരീക്ഷയുടെ നൂൽപ്പഴുതിലൂടെ മാത്രമേ ഈ കോഴ്‌സിലേക്ക് എത്തിച്ചേരാനാകൂ.
എന്നാൽ ചിലപ്പോഴെങ്കിലും ശരാശരിക്കും അൽപം മുകളിൽ നിന്നാലും മെഡിസിൻ പ്രവേശനം സാധ്യമാകുന്ന പല യൂണിവേഴ്സിറ്റികളുമുണ്ട്. ഇന്നലെ ബ്രിട്ടീഷ് മലയാളി പുറത്തു വിട്ട ആദ്യ ഫുൾ സ്‌കോർ വിജയികളായ കവൻട്രിയിലെ തോംസൺ ജോയി സാമ്പത്തിക ശാസ്ത്ര പഠനത്തിന് തിരിയുമ്പോൾ ഈസ്റ്റ് ഹാമിലെ എഡ് സജി കംപ്യുട്ടർ സയൻസിൽ തന്റെ വഴി കണ്ടെത്താനുള്ള ശ്രമമാണ്. ഇന്നലെ നൽകിയ റിപ്പോർട്ടിൽ ഇടം കണ്ടെത്തിയ പെൺകുട്ടികളായ സാമന്ത ബിജുവും അലീന ബെൻസണും മെഡിസിൻ തന്നെയാണ് കർമ്മ മേഖലയായി തിരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റോക് ഓൺ ട്രെന്റിൽ നിന്നും രണ്ടു എ സ്റ്റാർ നേടിയ ലിസ് ജോസും കീൽ യൂണിവേഴ്‌സിറ്റിയിൽ മെഡിസിൻ പഠനത്തിന് ചേരുകയാണ്.
എ സ്റ്റാർ നേട്ടത്തിൽ ലൂട്ടനിലെ ഹാരി ഡെറിക് മാത്യൂസ് നേടിയതും പൊൻതിളക്കം തന്നെയാണ്. മാത്സ്, ഫർദാർ മാത്സ്, ഫിസിക്സ്, കംപ്യുട്ടർ സയൻസ് എന്നിവയിൽ ഫുൾ സ്റ്റാർ നേടിയ ഹാരിക്ക് മെഡിസിൻ പ്രവേശനം നൽകാൻ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും ഇഎംപീരിയൽ കോളേജും കാത്തിരിക്കുമ്പോൾ അത് വേണ്ടെന്നു വച്ചാണ് ഈ ബഹുമുഖ പ്രതിഭ കേംബ്രിഡ്ജിലെ കംപ്യുട്ടർ സയൻസ് തേടി എത്തുന്നത്. ഇതോടെ ഇന്നലെ റിപ്പോർട്ട് ചെയ്ത എഡ് സജിക്കൊപ്പം തന്നെയാകും ഹാരിയും പഠനം തുടരുക എന്നുറപ്പായി.
എ ലെവലിൽ കൂടുതൽ എ സ്റ്റാറുകൾ ഇന്ന് കണ്ടെത്തുമ്പോൾ രണ്ടു എ സ്റ്റാർ നേടിയ സൗത്താംപ്ടണിലെ സിബി മേപ്രത്തിന്റെ മകൾ റിമി ആർക്കിയോളജിയും ആന്ത്രോപ്പോളജിയും ലക്ഷ്യമിട്ടാണ് സൗത്താംപ്ടൺ യൂണിവേഴ്‌സിറ്റിയിൽ എത്തുന്നത്. ലെസ്റ്ററിൽ നിന്നും മൂന്നു എ സ്റ്റാറുകൾ നേടിയ ലിയോൺ ജോർജ് ആകട്ടെ ഷെഫീൽഡ് യൂണിവേഴ്‌സിറ്റിയിൽ മെക്കാനിക്കൽ എൻജിനിയറിങ് തേടിയാണ് എത്തുക.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.