- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ പോലെ യുകെയിലെ മലയാളികളേയും ലക്ഷ്യമിട്ട് വാട്സ്ആപ് ഹാക്കര്‍മാര്‍; സ്വകാര്യതക്കൊപ്പം സുരക്ഷയും അപകടത്തില്‍; കോഡ് ഷെയര്‍ പ്രശ്നമാകും
ലണ്ടന്‍: ഫേസ്ബുക്കില്‍ വ്യാജന്മാര് മറ്റുള്ളവരുടെ പേരും ചിത്രവും ഉപയോഗിച്ച് പ്രൊഫൈലുകള്‍ സൃഷ്ടിച്ചു തട്ടിപ്പുകള്‍ക്ക് കളം ഒരുക്കുന്നത് അറിയാത്തവരുണ്ടാകില്ല. താരതമ്യേനേ കുറച്ചു കൂടി സുരക്ഷിതം എന്ന് കരുതപ്പെട്ടിരുന്ന വാട്സാപ്പിലും ടെക് ക്രിമിനലുകള്‍ നുഴഞ്ഞു കയറി തുടങ്ങിയതോടെ ഹാക്കിങ് സാധാരണമാകുകയാണ്. കാനഡയിലും അമേരിക്കയിലും വ്യാപകമായി നടന്ന വാട്സാപ്പ് ഹാക്കിങ് അടുത്തകാലത്തായി യുകെയില്‍ പതിവായി മാറിയതോടെ അനേകം യുകെ മലയാളികളും ഇരകളാവുന്നതായി റിപ്പോര്‍ട്ട്. ഫേസ്ബുക്കില്‍ നിന്നും വ്യക്തിഗത വിവരങ്ങളാണ് സാധാരണ നഷ്ടമാകുന്നതെങ്കില്‍ വാട്സാപ്പില്‍ വ്യക്തി വിവരങ്ങള്‍ക്കൊപ്പം ആ വ്യക്തിയുമായി സമ്പര്‍ക്കം ഉള്ള […]
ലണ്ടന്‍: ഫേസ്ബുക്കില്‍ വ്യാജന്മാര് മറ്റുള്ളവരുടെ പേരും ചിത്രവും ഉപയോഗിച്ച് പ്രൊഫൈലുകള്‍ സൃഷ്ടിച്ചു തട്ടിപ്പുകള്‍ക്ക് കളം ഒരുക്കുന്നത് അറിയാത്തവരുണ്ടാകില്ല. താരതമ്യേനേ കുറച്ചു കൂടി സുരക്ഷിതം എന്ന് കരുതപ്പെട്ടിരുന്ന വാട്സാപ്പിലും ടെക് ക്രിമിനലുകള്‍ നുഴഞ്ഞു കയറി തുടങ്ങിയതോടെ ഹാക്കിങ് സാധാരണമാകുകയാണ്.
കാനഡയിലും അമേരിക്കയിലും വ്യാപകമായി നടന്ന വാട്സാപ്പ് ഹാക്കിങ് അടുത്തകാലത്തായി യുകെയില്‍ പതിവായി മാറിയതോടെ അനേകം യുകെ മലയാളികളും ഇരകളാവുന്നതായി റിപ്പോര്‍ട്ട്. ഫേസ്ബുക്കില്‍ നിന്നും വ്യക്തിഗത വിവരങ്ങളാണ് സാധാരണ നഷ്ടമാകുന്നതെങ്കില്‍ വാട്സാപ്പില്‍ വ്യക്തി വിവരങ്ങള്‍ക്കൊപ്പം ആ വ്യക്തിയുമായി സമ്പര്‍ക്കം ഉള്ള മറ്റു നമ്പറുകള്‍ കൂടി ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. മിഡ്ലാന്‍ഡ്സില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇത്തരം ഒരു സംഭവത്തില്‍ ഒട്ടേറെ മലയാളികളുടെ വാട്സാപ്പുകള് ഹാക്ക് ചെയ്യപ്പെട്ടതായി വിവരം ലഭിച്ചു. കേരളത്തിലും ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാണ്.
ഹാക്കര്‍ എത്തുന്നത് പരിചിതമുള്ള ഒരു നമ്പറില്‍ നിന്നും
ഓരോ വ്യക്തിയും സ്വന്തം ഫോണില്‍ സേവ് ചെയ്തിട്ടുള്ള ഒരു നമ്പറില്‍ കൂടിയാണ് ഹാക്കര്‍ എത്തുന്നത്. പരിചയമുള്ള നമ്പറില്‍ നിന്നും എത്തുന്ന മെസേജ് ആയതിനാല്‍ പലപ്പോഴും മുന്‍പിന്‍ നോക്കാതെ ഫോര്‍വേഡ് ചെയ്തു കൊടുക്കുന്നതിലൂടെയാണ് ഹാക്കിങ്ങിന് ഇരയാക്കപ്പെടുന്നത്. കുട്ടിയുടെ ട്യൂഷന് അധ്യാപകന്റെ നമ്പറില്‍ നിന്നും എത്തിയ ഹാക്കര്‍ താന്‍ അബദ്ധത്തില്‍ ഒരു മെസേജ് ഷെയര്‍ ചെയ്തെന്നും അത് തിരികെ അതിലെ സന്ദേശം തിരികെ അയക്കാന്‍ പറഞ്ഞതോടെ സംശയം തോന്നാഞ്ഞ മലയാളി വീട്ടമ്മ എസ്എംഎസ് ആയി കിട്ടിയ ഒടിപി നമ്പര്‍ വാട്സാപ്പിലൂടെ ഷെയര്‍ ചെയ്യുക ആയിരുന്നു. തത്സമയം തന്നെ ഇവരുടെ വാട്സാപ്പ് ഹാക്കറുടെ പിടിയിലായി. വിവര ചോരണമാകാം ഹാക്കറുടെ പ്രധാന ലക്ഷ്യം എന്ന് വക്തമാക്കുന്നതായിരുന്നു പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന സംഭവങ്ങള്‍.
ഹാക്ക് ചെയ്യപ്പെട്ട ഫോണില്‍ ഫീഡ് ചെയ്യപ്പെട്ടിരുന്ന ഒട്ടേറെ നമ്പറുകളിലേക്കാണ് പിന്നീട് ഹാക്കറുടെ സന്ദേശം എത്തിയത്. ഹാക്ക് ചെയ്യപ്പെട്ട വിവരം വീട്ടമ്മ തന്റെ പ്രധാന സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി ഉടന്‍ എല്ലാവരെയും അറിയിച്ചെങ്കിലും ഈ സന്ദേശം കാണാതെ പോയവര്‍ വീണ്ടും ഹാക്കറുടെ പിടിയിലായിരിക്കുകയാണ്. വീട്ടമ്മയുടെ നമ്പറില്‍ നിന്നാണ് ബാക്കിയുള്ളവരുടെ ഫോണുകള്‍ ഇപ്പോള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. വാട്സാപ്പ് വഴി കൈമാറിയ ചാറ്റുകളുടെ ഫില്‍റ്റര്‍ ശേഖരണം വരെ ഇത്തരം ഹാക്കര്‍മാരുടെ പിടിയിലാകാനുള്ള സാധ്യതയും തള്ളിക്കളയാനികില്ല.
എപ്പോഴെങ്കിലും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടെങ്കില്‍ അതിലേക്ക് എത്തുവാന്‍ വേണ്ടിയാകാം ഇത്രയും കഷ്ടപ്പെട്ട് ഹാക്കര്‍മാര്‍ ഫോണുകളിലേക്ക് നുഴഞ്ഞു കയറുന്നതെന്നും കരുതപ്പെടുന്നു. ഫോണ്‍ നമ്പറുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്തു പണം സമ്പാദിക്കുന്ന പഴയ കാല തട്ടിപ്പില്‍ നിന്നും കൂടുതല്‍ അഡ്വാന്‍സ്ഡ് ആയ തരത്തില്‍ പണ സമ്പാദനത്തിനുള്ള വഴികളാണ് ഹാക്കര്‍മാര്‍ തേടുന്നതെന്നു വ്യക്തം.
നോട്ടിംഗാമില്‍ മലയാളി വനിതയെ കുടുക്കിയത് പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ പേരില്‍ എത്തിയ ഹാക്കര്‍
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവരും തന്നെ ഓണ്‍ലൈന്‍ ബാങ്കിങ് നടത്തുന്നതിനാല്‍ ബാങ്ക് അക്കൗണ്ടിലേക്ക് ഹാക്കര്‍ക്ക് എത്തുക അത്ര പ്രയാസം ആയിരിക്കില്ല. ഓണ്‍ ലൈന്‍ ബാങ്കിംഗ് നടത്താത്തവരെ പോലും അതിനു നിര്‍ബന്ധിക്കുന്ന വിധത്തിലേക്ക് ബാങ്കിംഗ് സംവിധാനം മാറിയതോടെ ഹാക്കര്‍മാരുടെ ഇരകളാകാന്‍ ഏതൊരാളും വിധിക്കപ്പെട്ടിരിക്കുകയാണ് എന്നതാണ് വാസ്തവം. എത്ര സൂക്ഷ്മതയോടെ ഫോണുകള്‍ കൈകാര്യം ചെയ്താലും സ്പൂഫിങ് അടക്കമുള്ള സാങ്കേതിക വിദ്യകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഹാക്കിംഗ് നിത്യജീവിതത്തില്‍ എപ്പോള്‍ വേണമെകിലും സംഭവിക്കാം.
അമേരിക്കയില്‍ വാട്സാപ്പ് ഹാക്കിങ് ചെയ്യപ്പെട്ടതോടെ ഓരോ പൗരനും ഹാക്കിങ്ങിനു വിധേയരാകാനുള്ള സാധ്യതയാണ് എഫ് ബി ഐ - ഫെഡറല്‍ ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ - നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. യുകെയിലും ഇത്തരം സാധ്യത ഏറെയാണ് എന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നോട്ടിങ്ഹാം പൊലീസിന് കഴിഞ്ഞ വര്‍ഷം ലഭിച്ച പരാതികളില്‍ ഒന്ന് പ്രാര്‍ത്ഥന ഗ്രൂപ്പ് വഴി നടന്ന ഹാക്കിംഗാണ്. താന്‍ അംഗമായ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ നിന്നും മെസേജ് കിട്ടിയ മലയാളി വനിതാ ഓണ്‍ലൈന്‍ പ്രാര്തനയ്ക്കുള്ള ലിങ്ക് ആണെന്ന് പറഞ്ഞു ഷെയര്‍ ചെയ്തു കിട്ടിയ ലിങ്കില്‍ ഞെക്കിയതോടെയാണ് ഹാക്കിംഗിന് ഇരയായി മാറിയത്. കഴിഞ്ഞ വര്‍ഷം നടന്ന ഈ സംഭവത്തെ തുടര്‍ന്ന് നോട്ടിംഗാം പോലീസ് പരിധിയില്‍ ഉള്ളവര്‍ക്ക് പോലീസ് വെബ്സൈറ്റ് മുഖേനെ മുന്നറിയിപ്പ് നല്‍കാനും അധികൃതര്‍ തയ്യാറായിരുന്നു.
ഹാക്കിംഗിന് ഇരയാകാതിരിക്കാന്‍ പലവിധ മാര്‍ഗങ്ങള്‍
ഏറ്റവും പ്രധാനം സുരക്ഷിതമായും അതീവ ശ്രദ്ധയോടെയും ഫോണുകള്‍ ഉപയോഗിക്കുക എന്നതാണ്. പ്രത്യേകിച്ചും അപരിചതരായവരുടെ സന്ദേശങ്ങളോട് പ്രതികരിക്കുമ്പോള്‍. പക്ഷെ ഇപ്പോള്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന രീതിയില്‍ സ്വന്തം ഫോണില്‍ സേവ് ചെയ്തിരിക്കുന്ന ഫോണുകളില്‍ നിന്നും സന്ദേശങ്ങള്‍ എത്തിയാല്‍ ഏതൊരാളും ചതിക്ക് ഇരയാകാന്‍ നൂറു ശതമാനം സാധ്യതയാണ് നിലനില്‍ക്കുന്നത്.
അനാവശ്യ ആപുകളില്‍ കയറി നേരം കൊല്ലി ഗെയിമുകള്‍ കളിക്കുന്നവര്‍ ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ ഉള്ള സാധ്യതയാണ് ഏറെ വ്യാപകമായി ഇപ്പോള്‍ പ്രചാരത്തില്‍ ഉള്ളത്. ഇതോടൊപ്പം അധിക സുരക്ഷയ്ക്കായി ഫേസ്ബുക് ഉടമകളായ മെറ്റാ നല്‍കിയിട്ടുള്ള ഡബിള്‍ ഓതെന്റിഫിക്കേഷന് അടക്കമുള്ള സുരക്ഷാ വലയങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് മാനദണ്ഡം ആക്കുന്നതും ഹാക്ക് ചെയ്യപ്പെടാനുള്ള വഴികള്‍ ഇല്ലാതാക്കുകയാണ്. സോഷ്യല്‍ മീഡിയ പാസ്വേഡുകള് തുടര്‍ച്ചയായ ഇടവേളകളില്‍ മാറ്റി കൊണ്ടിരിക്കുക എന്നതാണ് മറ്റൊരു പ്രധാന പോംവഴി.
വാട്സാപ്പിലും മറ്റും ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ ഗ്രൂപ്പുകളില്‍ സജീവമാകാതിരിക്കുക എന്നതാണ് മറ്റൊരു വഴി. പ്രത്യേകിച്ചും മലയാളികള്‍ അംഗബലം കാട്ടാന്‍ ഗ്രൂപ് ലിങ്ക് ഷെയര്‍ ചെയ്തു പ്രചരിപ്പിക്കുമ്പോള്‍ അത്തരം ലിങ്കുകള്‍ എങ്ങോട്ടൊക്കെ പോകുമെന്ന് ആര്‍ക്കും പറയാനാകില്ല. ഇത്തരം ലിങ്കുകള്‍ കയ്യില്‍ കിട്ടുന്ന ഹാക്കര്‍മാര്‍ക്ക് ഒറ്റയടിക്ക് നൂറുകണക്കിന് ആളുകളുടെ ഫോണ്‍ നമ്പറിലേക്ക് എത്താനുള്ള സാധ്യതയാണ് തെളിയുന്നത്. യുകെ മലയാളികള്‍ക്കിടയില്‍ പ്രാദേശികമായി ഒട്ടേറെ ഗ്രൂപ്പുകള്‍ ഉള്ളതിനാല്‍ ആളെക്കൂട്ടാന്‍ ഗ്രൂപ്പില്‍ കയറാനുള്ള ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്ന പ്രവണത വ്യാപകമാണ്. ഇത്തരം ലിങ്ക് ഷെയര്‍ ചെയ്ത് ആളെ പിടിക്കുന്ന ഗ്രൂപ്പുകളില്‍ നിന്നും എത്രയും വേഗത്തില്‍ എക്സിറ്റ് ചെയ്താല്‍ അത്രയും തട്ടിപ്പില്‍ അകപ്പെടാനുള്ള സാധ്യതയില്‍ നിന്നും ഒഴിഞ്ഞു നില്ക്കാനാകും.
കീടം സിനിമ പറഞ്ഞത് ഹാക്കിങ്ങിന്റെ പുത്തന്‍ മേഖലകള്‍
ഹാക്കിംഗിന്റെ പുതു വഴികളും സാധ്യതകളും വെളിപ്പെടുത്തുന്ന മലയാള സിനിമയാണ് കീടം. രണ്ടു വര്‍ഷം മുന്‍പ് റിലീസ് ചെയ്ത ഈ സിനിമ ഹാക്കര്‍മാര്‍ ഫോണുകള്‍ ഫില്‍റ്റര്‍ ചെയ്തെടുത്തു ഫോണ്‍ ഉപയോഗിക്കുന്ന ആളുടെ ഓരോ നീക്കവും നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന രീതിയാണ് പുറത്തു വിട്ടിരിക്കുന്നത്. തപാല്‍ സംവിധാനം പോലും ഓണ്‍ലൈന്‍ മേഖലയിലേക്ക് മാറിയതോടെ ഫോണുകള്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങളുടെ വിശദാംശങ്ങള്‍ വരെ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തി അറിയാതെ ഹാക്കര്‍ക്ക് ലോകത്തെവിടെ നിന്നും മനസിലാക്കാന്‍ സാധിക്കും എന്നാണ് കീടം സിനിമ പറയുന്നത്.
പുതു ലോകത്തെ ജീവിത രീതികളില്‍ ഇത്തരത്തില്‍ ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ ഇടയുള്ളതിനാല്‍ ഒരു ഫോണ്‍ നമ്പര്‍ കയ്യില്‍ കിട്ടിയാല്‍ മാത്രം മതിയാകും ഏതൊരാളെയും കുടുക്കാനും അവരുമായി ബന്ധമുള്ളവരെയും നിരീക്ഷണ വലയിലാക്കാനും സാധിക്കും എന്നാണു സിനിമ പറയുന്നത്. ഇതിന് ഔദ്യോഗികമായി ധാര്‍മ്മികത ഇല്ലാത്തതിനാല്‍ പൊലീസോ മറ്റോ തയ്യാറാകില്ലെങ്കിലും മാഫിയ സംഘങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉള്ള സാധ്യതയാണ് സിനിമ പറഞ്ഞു വച്ചത്. അതാണ് ഇപ്പോള്‍ കാനഡ, അമേരിക്ക, ബ്രിട്ടന്, ഓസ്ട്രേലിയ, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ സംഭവിക്കുന്നതും.