- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാക്സി ടാക്സ് വേണ്ടെന്നു മുറവിളി; ടാക്സി യാത്ര ചിലവേറിയതാക്കാൻ കോടതി വിധി വന്നപ്പോൾ നികുതി എടുത്തുകളയാൻ ധനസെക്രട്ടറിയിൽ സമ്മർദ്ദം; ആയിരക്കണക്കിന് യുകെ മലയാളികളുടെ കഞ്ഞിയിൽ പാറ്റ വീഴുന്ന സാഹചര്യം; ഊബറിന്റെ നീക്കത്തിൽ തിരിച്ചടി സാധാരണക്കാർക്ക്
ലണ്ടൻ: യുകെയിൽ പുതിയൊരു നികുതി കൂടി എത്തുന്നു, ടാക്സി ടാക്സ്. ഇത് സർക്കാർ തീരുമാനമല്ല കോടതി വിധിയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ടാക്സി ഉപയോഗിക്കുന്ന യാത്രക്കാരിൽ നിന്നും തന്നെ ഈ നികുതി പിരിച്ചെടുക്കുമ്പോൾ കൂടുതൽ ചിലവേറിയ ടാക്സി യാത്രയാകും ബ്രിട്ടനിലേത്. ഈ സാഹചര്യം നടപ്പിലായാൽ ജനങ്ങൾ ടാക്സി കണ്ടാൽ തിരിഞ്ഞോടും എന്നാണ് ഈ മേഖലയിൽ ഉയരുന്ന ഭയം. അതിനാൽ കോടതി വിധി നടപ്പാക്കാൻ സർക്കാർ തയ്യാറാകരുത് എന്നാണ് പതിനായിരക്കണക്കിന് ടാക്സി ഡ്രൈവർമാർക്ക് വേണ്ടി യൂണിയനുകൾ ആവശ്യപ്പെടുന്നത്.
ഈ തീരുമാനം നടപ്പിലായാൽ ടാക്സി ഉപജീവനമാർഗം ആക്കിയ ആയിരക്കണക്കിന് മലയാളികളുടെ വരുമാനത്തെയും ബാധിക്കും. സാധാരണ ഒരാൾ ജോലി ചെയ്യുന്നതിനേക്കാൾ വരുമാനം ടാക്സി ഓടിച്ചു നേടുന്നവരാണ് മലയാളികൾ പലരും. ഉറക്കമൊഴിച്ചു ജോലി ചെയ്യാൻ മലയാളി ഡ്രൈവർമാർ തയ്യാറാകുന്നത് വഴി അവർക്കുള്ള വരുമാനവും കൂടുതലാണ്. ശരാശരി 3000 പൗണ്ട് ഈ മേഖലയിൽ ജോലി ചെയ്താൽ കയ്യിൽ കിട്ടും എന്നതാണ് മിക്ക ടാക്സി ഡ്രൈവർമാരും പറയുന്നത്.
ടാക്സി ഡ്രൈവർമാർ ഒന്നടങ്കം ആശങ്കയിൽ
സ്വന്തം കമ്പനി വഴിയുള്ള നാമമാത്ര നികുതി മാത്രം നൽകുന്നതിനാൽ മിക്കവർക്കും ടാക്സി വരുമാനം സാധാരണക്കാർ കാണുന്നതിലും വളരെ കൂടുതലുമാണ്. ഇതൊക്കെയാണ് പ്രൊഫഷണൽ യോഗ്യത ഉള്ളവർ പോലും ടാക്സി ജോലിയിലേക്ക് എത്താൻ കരണമാകുന്നതും. മാത്രമല്ല സ്വയം തൊഴിൽ എന്ന നിലയിൽ ഇഷ്ടമുള്ള സമയത്തു ജോലിക്ക് പോകാൻ പറ്റുന്നത് കുട്ടികളെ നോക്കാനും മറ്റും സഹായകമാകുന്നതും ടാക്സി മേഖലയിലേക്ക് ആകർഷിക്കുന്ന ഘടകമാണ്.
എന്നാൽ ഓരോ യാത്രയ്ക്കും നികുതി വാങ്ങണം എന്ന കോടതി വിധി നടപ്പാക്കപ്പെട്ടാൽ ഉപയോക്താക്കളെ നഷ്ടമായി തൊഴിൽ മേഖല നിശ്ചലമാകും എന്ന ഭീതിയാണ് ടാക്സി ഡ്രൈവർമാർ പങ്കിടുന്നത്. കോവിഡ് കാലത്ത് ഏറെക്കുറെ പട്ടിണിയിലേക്ക് വീഴുന്ന സാഹചര്യത്തിൽ എത്തിയ ടാക്സി രംഗം വീണ്ടും അടുത്തിടെയാണ് തിരികെ ലാഭകരമായ തൊഴിലിന്റെ ട്രാക്കിലേക്ക് കുതിച്ചു കയറിയത്. സാമ്പത്തിക പ്രയാസം നേരിട്ട് റീറ്റെയ്ൽ മേഖലയിലും മറ്റും ആയിരങ്ങൾക്ക് ജോലി നഷ്ടമാകുന്ന സാഹചര്യത്തിൽ അനേകർക്ക് ആശ്രയമായി കൂടെ നിന്നതും ടാക്സി ഡ്രൈവർ ജോലിയാണ്.
ടാക്സി യാത്ര നിരക്ക് ഭയാനകമായി ഉയരും
യുകെയിൽ ടാക്സി യാത്ര നിരക്ക് ഭയാനകമായി ഉയരും എന്നാണ് ഈ വാർത്തയോട് സാധാരണക്കാരുടെ പ്രതികാരണം. സർക്കാർ നടത്തിയ സർവേയിൽ നാലിൽ ഒന്ന് പേരും നികുതിയെ എതിർക്കുകയാണ്. അനേകം തൊഴിൽ മേഖല പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ കുഴപ്പം കൂടാതെ പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് ജീവിതമാകുന്ന മേഖലയുടെ പൂർണ തകർച്ചയ്ക്ക് മാത്രമാണ് കോടതി വിധി കാരണമാകുക എന്നതാണ് പൊതു പ്രതികരണം.
മിക്ക പട്ടണങ്ങളിലും ഏഷ്യൻ കുടിയേറ്റക്കാർ കൂടുതലായി ആശ്രയിക്കുന്ന തൊഴിൽ മേഖലയും ടാക്സിയാണ്. കാര്യമായ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ മാന്യമായ വേതനം കണ്ടെത്താനാകുന്ന തൊഴിൽ രംഗം എന്നതാണ് അനേകർക്കും ഇതിലേക്കുള്ള ആകർഷണം. എന്നാൽ വിദ്യാഭ്യാസം ഉള്ളവരും ഒരു പാഷൻ എന്ന നിലയിൽ ടാക്സി ജോലിയെ കാണുന്നുണ്ട് എന്നതും വാസ്തവമാണ്. നിലവിൽ ഉള്ള നിരക്കിനൊപ്പം 20 ശതമാനം നികുതി വാങ്ങാം എന്നതാണ് കോടതി നിർദ്ദേശം. അതിനർത്ഥം പത്തു പൗണ്ടിന്റെ ബിൽ ഈടാക്കുമ്പോൾ യാത്രക്കാർ 12 പൗണ്ട് നൽകേണ്ടി വരും എന്ന് തന്നെ.
ടാക്സിയില്ലാത്ത ബ്രിട്ടീഷ് ജീവിതം ആലോചിക്കാനാകില്ല
ഈ മാസം 22നു ശരത് കാല ബജറ്റ് അവതരണത്തിൽ നികുതി എടുത്തു കളയാൻ ധനസെക്രട്ടറി തയ്യാറാകണം എന്നാണ് ടാക്സി ഡ്രൈവർമാർ ആവശ്യപ്പെടുന്നത്. നികുതി ഏർപ്പെടുത്തിയുള്ള ടാക്സി യാത്രയെ സർക്കാർ നടത്തിയ അഭിപ്രായ സർവേയിൽ റിട്ടയർമെന്റ് ചെയ്ത 75 ശതമാനം പേരും താഴന്ന വരുമാനക്കാരായ 71 ശതമാനം പേരും എതിർക്കുകയാണ്. ചെറുപ്പക്കാരിൽ പത്തിൽ ഏഴു പേരും നിർദേശത്തെ എതിർക്കുകയാണ്. അത്യാവശ്യത്തിന് ആശുപത്രിയിൽ പോകേണ്ടി വരുമ്പോഴും ആഴ്ച അവസാനം തൊഴിൽ ക്ഷീണം തീർക്കാൻ പബ്ബിൽ പോയി അൽപം മദ്യം കഴിക്കുമ്പോഴും ടാക്സി ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണ് ബ്രിട്ടനിലെ ജീവിതത്തിൽ. മദ്യപിച്ചു വാഹനം ഓടിക്കുന്നത് സീറോ ടോളറൻസ് ആയി നിയമം കണക്കാക്കുകമ്പോൾ ടാക്സി ആശ്രയിക്കുകയാണ് നല്ല ശതമാനം മദ്യപരും.
ആശുപത്രികളിലെ കനത്ത പാർക്കിങ് ഫീയും മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പും കാറിൽ എത്തുന്നത് പോക്കറ്റ് കാലിയാകും എന്നതിനാലാണ് ഹോസ്പിറ്റൽ അപ്പോയ്ന്റ്മെന്റിൽ ടാക്സിയെ അഭയം പ്രാപിക്കാൻ ഇപ്പോൾ കൂടുതൽ ആളുകൾ തയ്യാറാകുന്നത്. ബസുകൾ അടിക്കടി ട്രിപ്പുകൾ ക്യാൻസൽ ചെയ്യുന്നതും ബസ് ഡ്രൈവർമാരുടെ അഭാവവും ടാക്സിയെ ആശ്രയിക്കാൻ ജനത്തെ നിർബന്ധിതർ ആക്കുന്ന സാഹചര്യമാണ്. ഹോസ്പിറ്റലുകളിൽ അടക്കം വൈകി ജോലി ചെയ്യുന്നവർക്കും ബസിനെ ആശ്രയിച്ചു വീടുകളിൽ എത്താനാകില്ല. അതിനാൽ ടാക്സി മേഖലയിൽ ഉണ്ടാകുന്ന ഏതു തിരിച്ചടിയും ഡ്രൈവർമാർക്കൊപ്പം സാധാരണക്കാരെയും ബാധിക്കും എന്നും വ്യക്തമാണ്.
പരാതിയുമായി ഊബർ, തുല്യ നീതി നടക്കട്ടെയെന്നു കോടതിയും
തങ്ങളുടെ ഡ്രൈവർമാർ നികുതി നൽകുകയും സാധാരണ ടാക്സി കമ്പനികൾ അത് ചെയ്യാതിരിക്കുന്നതും നീതിയല്ല എന്ന് ചൂണ്ടിക്കാട്ടി ആപ് ടാക്സി കമ്പനിയായ ഊബർ ഹൈക്കോടതിയെ സമീപിച്ചതാണ് ഇപ്പോൾ പ്രതിസന്ധിയായത്. കോടതി നിരീക്ഷണത്തിൽ ഊബർ പറയുന്നതിൽ കഴമ്പുണ്ട് എന്ന് കണ്ടെത്തുക ആയിരുന്നു. ഒരേ തൊഴിൽ മേഖലയിൽ ഇരട്ട നീതി എന്നത് ഒരു കോടതിക്കും അംഗീകരിക്കാനാകില്ല. തങ്ങൾ നികുതി നൽകുന്നതിനാൽ ഉയർന്ന നിരക്ക് പലപ്പോഴും ഈടാക്കേണ്ടി വരുന്നു എന്നതാണ് ഊബറിന്റെ പരാതി. എന്നാൽ നികുതി വേണ്ടാത്തതിനാൽ കുറഞ്ഞ വാടകക്ക് സ്വയം തൊഴിൽ ചെയുന്ന ഡ്രൈവർമാർക്ക് ഓട്ടം ഉറപ്പിക്കാനാകും.
എന്നാൽ അവർ കൂടി നികുതി നൽകിയാൽ ഊബർ തന്നെയാകും കൂടുതൽ നിരക്കിളവ് നൽകുക എന്നത് ജനത്തിന് ബോധ്യമാകും എന്നതാണ് പരാതിക്കായി കോടതിയിൽ എത്താൻ ആപ് കമ്പനിയെ പ്രേരിപ്പിച്ച ഘടകം. പല പ്രാദേശിക കൗൺസിലുകളും ഊബർ നിരോധനം ഏർപ്പെടുത്തിയതും കമ്പനിയെ പ്രകോപിപ്പിച്ച ഘടകമാണ്. ഇക്കഴിഞ്ഞ ജൂലൈയിൽ പുറത്തു വന്ന കോടതി വിധി ഇപ്പോൾ മാധ്യമങ്ങൾ കാമ്പയിൻ ആയി പുറത്തെടുത്തതോടെയാണ് സർക്കാരിൽ സമ്മർദ്ദം ഉയർന്നിരിക്കുന്നത്. സ്റ്റോപ്പ് ദി ടാക്സി ടാക്സ് കാമ്പയിൻ ഗ്രൂപ്പും സർക്കാരിനെ നിയമ ഭേദഗതിക്കായി പ്രേരിപ്പിക്കുകയാണ്.
മോഷണവും പിടിച്ചു പറിയും അക്രമവും വർധിക്കാനും കാരണമാകും
പാർട്ട് ടൈം ജോലി ചെയ്യുന്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും രാത്രികാല യാത്രകളിൽ ടാക്സിയെ ആശ്രയിക്കാതെ നിർവ്വാഹമില്ലാത്ത സാഹചര്യമാണ്. അതിനാൽ ഉയർന്ന നിരക്കിലേക്ക് എത്തുന്ന നികുതി കൂടിയാകുമ്പോൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വരുമാനത്തിൽ കയ്യിട്ട് വാരുന്ന അനുഭവമാണ് തങ്ങൾക്കെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഉയർന്ന ടാക്സി നിരക്ക് മിച്ചം പിടിക്കാൻ രാത്രികളിൽ യുവതികളും മറ്റും നടക്കാൻ തയ്യാറാകുന്നത് പിടിച്ചു പറിക്കാർക്കും മോഷണ സംഘത്തിനും കൂടുതൽ ഇരകളെ ഇട്ടു കൊടുക്കുന്നതിനു തുല്യം ആണെന്നും കാമ്പയിൻ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ ഈസ്റ്റ് ഹാമിൽ ജോലി കഴിഞ്ഞു രാത്രി പത്തുമണിക്ക് നടന്നു പോയ യുവാവിനെ കാറിൽ എത്തിയ ആക്രമികൾ മാരകമായി ആക്രമിച്ചു പണവും പേഴ്സും ഫോണും ഒക്കെ തട്ടിയെടുത്ത സംഭവം ദേശീയ മാധ്യമങ്ങളിൽ വരെ വലിയ തലക്കെട്ടുകളായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഉയർന്ന ടാക്സി നിരക്ക് ഒരു പ്രധാന കാരണമായി മാറും എന്ന ഭയമാണ് കാമ്പയിൻ ഗ്രൂപ് ഉയർത്തിക്കാട്ടുന്നത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.