കവന്‍ട്രി: നാട്ടില്‍ നിന്നും മടങ്ങി എത്തുന്ന ഭാര്യയെ സ്വീകരിക്കാന്‍ അനിലും അമ്മ ചികിത്സ കഴിഞ്ഞെത്തി വേദനയില്ലാതെ നടക്കുന്നത് കാണാന്‍ കാത്തിരുന്ന മക്കളെയും ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത കാഴ്ച സമ്മാനിച്ചാണ് സോണിയ രണ്ടു നാള്‍ മുന്‍പ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചത്. നാട്ടില്‍ നിന്നുള്ള നീണ്ട യാത്ര കഴിഞ്ഞ് എത്തിയതിനാല്‍ കുളിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് സോണിയ കുഴഞ്ഞു വീഴുന്നത്. മുകളില്‍ നിന്നും ശബ്ദം കേട്ട് അനില്‍ ഓടി എത്തി കൈകളില്‍ കോരിയെടുത്ത സങ്കടമാണ് ഇന്നലെ മുഴുവന്‍ ഹതഭാഗ്യനായ ഭര്‍ത്താവിന് തന്നെ ആശ്വസിപ്പിക്കാന്‍ എത്തിയവരോട് പറയാനുണ്ടായിരുന്നത്.

മക്കളും ആ കരള്‍ പിടയുന്ന കാഴ്ചയ്ക്ക് ദൃക്സാക്ഷികള്‍ ആയിരുന്നു. പൊടുന്നന്നെ എത്തിയ പാരാമെഡിക്‌സ് സിപിആര്‍ നല്‍കി സോണിയയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതിനിടയില്‍ തന്നെ മരണം സംഭവിച്ചിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിലൊക്കെ വലുതാണ് തനിക്ക് നേരിട്ട നഷ്ടം എന്ന് തിരിച്ചറിഞ്ഞ അനില്‍ ഒരുപോള കണ്ണടയ്ക്കാതെ ഇന്നലെ രാത്രി കഴിച്ചു കൂട്ടുക ആയിരുന്നു.

അനിലിനെ ഒറ്റയ്ക്ക് വിടാതെ കൂട്ടിരിക്കാന്‍ അകന്ന ബന്ധുക്കള്‍ അടക്കം ഇന്നലെ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവരംാക്കെ ഒന്ന് കണ്ണടച്ച നിമിഷത്തില്‍ അനില്‍ പുറത്തിറങ്ങി വീട് പൂട്ടി പുറകില്‍ ഉള്ള വിജനമായ സ്ഥലത്തെത്തി ജീവനൊടുക്കി എന്ന അത്യന്തം ദുഃഖകരമായ വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. യുകെ മലയാളികള്‍ക്കിടയില്‍ പങ്കാളിയുടെ മരണത്തെ തുടര്‍ന്ന് ഒരാള്‍ ജീവനൊടുക്കുന്നത് ആദ്യ സംഭവമാണ്.

സാധാരണ ഇത്തരം സംഭവങ്ങളില്‍ വേദനയില്‍ കഴിയുന്ന കുടുംബത്തിന് ആശ്വാസവും പ്രയാസ ഘട്ടം തരണം ചെയ്യുവാനും പ്രത്യേക പരിശീലനം നേടിയ ഓഫിസര്‍മാര്‍ കൗണ്‍സിലിംഗ് അടക്കമുള്ള സഹായം ചെയ്യുന്നതാണെങ്കിലും മുന്‍പിലും പിന്‍പിലും ഇരുള്‍ നിറഞ്ഞ അവസ്ഥയില്‍ എങ്ങനെ നാട്ടിലേക്ക് മടങ്ങും എന്ന ഭയാനകമായ ചോദ്യം ആയിരം വട്ടം മനസ്സില്‍ എത്തിയതോടെയാകും അനില്‍ ഒടുവില്‍ കടുംകൈക്ക് ചെയ്തതെന്ന് വിലയിരുത്തപ്പെടുകയുമാണ്.

അനില്‍ ആശ്രിത വിസയില്‍ ആയതിനാല്‍ സോണിയയുടെ വിസ ഉടനെ കാലാവധി പൂര്‍ത്തിയാകും എന്നതിനാല്‍ യുകെയില്‍ തുടരാനുള്ള നിയമ സഹായം തേടി അനിലിന്റെ സുഹൃത്തുക്കള്‍ ഇന്നലെ ബ്രിട്ടീഷ് മലയാളിയേയും ബന്ധപ്പെട്ടിരുന്നു. സമാനമായ സാഹചര്യം അടുത്തിടെ നോര്‍വിച്ചില്‍ ഉണ്ടായപ്പോഴും വലിയ പ്രതീക്ഷകള്‍ ബാക്കിയില്ല എന്ന നിയമ ഉപദേശത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുക ആയിരുന്നു.

മുന്‍ കാലങ്ങളില്‍ യുകെയില്‍ സംസ്‌കാരം നടത്തിയാല്‍ മാനുഷിക പരിഗണനയില്‍ ആശ്രിത വിസയില്‍ ഉള്ളവര്‍ക്ക് തുടര്‍ന്ന് യുകെയില്‍ കഴിയാന്‍ അനുവാദം നല്‍കുന്ന രീതി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പ് നല്‍കാന്‍ കടുത്ത കുടിയേറ്റ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ സോളിസിറ്റര്‍ സ്ഥാപനങ്ങളും തയ്യാറാകുന്നില്ല എന്ന സൂചനകള്‍ ഒരു പക്ഷെ അനിലിന്റെ കാതുകളിലും എത്തിയിരിക്കും എന്നാണ് ഇപ്പോള്‍ സംശയിക്കപ്പെടുന്നത്.

കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് ഇന്നലെ വൈകുന്നേരത്തോടെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനില്‍ നിന്നും റെഡ്ഡിച്ചിലെ മലയാളി കൂട്ടായ്മ ഭാരവാഹികളെ ബന്ധപ്പെട്ടു സഹായം ചെയ്യാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തതാണ്. സാധാരണ നിലയില്‍ കുടുംബം ഏറെ വിഷമിച്ചിരിക്കുന്ന പാശ്ചാത്തലത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ വിവരങ്ങള്‍ കൈമാറാനും സഹായ വാഗ്ദാനം നല്‍കാനും പ്രദേശത്തെ പൊതു പ്രവര്‍ത്തകരെയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ബന്ധപ്പെടുന്നത്. ആവശ്യമായ കാര്യങ്ങള്‍ ചെയ്യാം എന്ന് പൊതു പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിരുന്നതുമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ അനില്‍ അറിഞ്ഞിരുന്നോ എന്നും വ്യക്തമല്ല. പ്രാദേശികമായ എല്ലാ പിന്തുണയും സഹായവും ചെയ്യാമെന്ന് പ്രദേശത്തെ മലയാളികള്‍ പലവട്ടം അനിലിനെ ഇന്നലെ തന്നെ ധരിപ്പിച്ചിരുന്നതുമാണ്.

എന്നാല്‍ അത്തരം സഹായങ്ങള്‍ക്കും തന്റെ നഷ്ടങ്ങള്‍ നികത്താനാകില്ലെന്നും ഭാര്യ ഇല്ലാത്ത ലോകത്തു കുറച്ചു പണം കൊണ്ട് എന്ത് ചെയ്യാനാകും എന്ന ചിന്തകള്‍ ആയിരിക്കാം അനിലിനെ കൊണ്ട് ഇപ്പോള്‍ കടുംകൈ ചെയ്യിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നും കരുതപ്പെടുന്നു. തനിക്ക് മരണ ശേഷം ഭാര്യയുടെ ശവക്കല്ലറയില്‍ യുകെയില്‍ തന്നെ അന്ത്യ വിശ്രമം ഒരുക്കണമെന്ന സന്ദേശം മൊബൈല്‍ ഫോണില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

മക്കള്‍ക്ക് അങ്ങനെയെങ്കിലും യുകെയില്‍ തുടരാന്‍ സാധിക്കുമായിരിക്കും എന്നാകും നെഞ്ചു നീറിയ ആ പിതൃഹൃദയം അശുഭ തീരുമാനത്തിലേക്ക് എത്തും മുന്‍പേ തീരുമാനിച്ചിരിക്കുക. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ വിവരമറിഞ്ഞെത്തിയ പാരാമെഡിക്സും തുടര്‍ന്ന് ആശുപത്രി ജീവനക്കാരും അനിലിന്റെ ജീവന്‍ തിരിച്ചു പിടിക്കാന്‍ തീവ്ര ശ്രമം നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു.

അനിലിനെയും സോണിയയെയും പരിചയമുള്ള യുകെ മലയാളികള്‍ പലരും റെഡ്ഡിച്ചിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഉറ്റബന്ധുക്കള്‍ യുകെയില്‍ ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തിലും ഇപ്പോള്‍ സ്ഥിരീകരണമായിട്ടില്ല. അത്യധികം വേദനിപ്പിക്കുന്ന സംഭവ വികാസങ്ങള്‍ എങ്ങനെ അനിലിന്റേയും സോണിയയുടെയും കുടുംബങ്ങളെ അറിയിക്കും എന്ന പ്രയാസമാണ് ഇപ്പോള്‍ സുഹൃത്തുക്കളും പ്രാദേശിക മലയാളി സമൂഹവും നേരിടുന്നത്. കുട്ടികള്‍ രണ്ടു പേരും പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ എന്തണ് തുടര്‍ നടപടികള്‍ എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്.