- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയതമ പറന്നകന്നത് താങ്ങാനായില്ല; സുഹൃത്തുക്കള്‍ കാവലിരുന്നിട്ടും വിധി മാറ്റാനായില്ല; യുകെ മലയാളിയ്ക്ക് റോണിയും സോണിയയും വേദനയാകുമ്പോള്‍
ലണ്ടന്‍: പ്രണയത്തിനും സ്നേഹത്തിനും ബന്ധങ്ങള്‍ക്കും ഒക്കെ അര്‍ത്ഥം നഷ്ടമായി എന്ന് പറഞ്ഞു വിലപിക്കുന്നവര്‍ക്ക് മുന്നിലേക്ക് യുകെ മലയാളികള്‍ക്ക് വേദനയിലും പറയാവുന്ന ഉത്തരമായി മാറുകയാണ് സോണിയയും റോണിയും. നീണ്ട 12 വര്‍ഷത്തെ പ്രണയ ശേഷം വിവാഹിതരായ ഇരുവരും അവസാന ശ്വാസം വരെ ആ പ്രണയത്തിന്റെ തീവ്രതയ്ക്ക് തരിപോലും കുറവ് വരുത്തിയിരുന്നില്ല എന്നാണ് സോണിയയുടെ മരണ ശേഷം തന്റെ അവസാന ശ്വാസം വരെ അനില്‍ ചെറിയാന് എന്ന റോണി തെളിയിച്ചിരിക്കുന്നത്. സോണിയയുടെ ആകസ്മിക മരണം അറിഞ്ഞ ഇരുവരുടെയും പരിചയക്കാര് റോണിയെ […]
ലണ്ടന്‍: പ്രണയത്തിനും സ്നേഹത്തിനും ബന്ധങ്ങള്‍ക്കും ഒക്കെ അര്‍ത്ഥം നഷ്ടമായി എന്ന് പറഞ്ഞു വിലപിക്കുന്നവര്‍ക്ക് മുന്നിലേക്ക് യുകെ മലയാളികള്‍ക്ക് വേദനയിലും പറയാവുന്ന ഉത്തരമായി മാറുകയാണ് സോണിയയും റോണിയും. നീണ്ട 12 വര്‍ഷത്തെ പ്രണയ ശേഷം വിവാഹിതരായ ഇരുവരും അവസാന ശ്വാസം വരെ ആ പ്രണയത്തിന്റെ തീവ്രതയ്ക്ക് തരിപോലും കുറവ് വരുത്തിയിരുന്നില്ല എന്നാണ് സോണിയയുടെ മരണ ശേഷം തന്റെ അവസാന ശ്വാസം വരെ അനില്‍ ചെറിയാന് എന്ന റോണി തെളിയിച്ചിരിക്കുന്നത്. സോണിയയുടെ ആകസ്മിക മരണം അറിഞ്ഞ ഇരുവരുടെയും പരിചയക്കാര് റോണിയെ കുറിച്ച് ഭയപ്പെട്ട കാര്യമാണ് ഒരു ഇടിമിന്നല്‍ നല്കുന്ന പ്രഹരം പോലെ ഇന്നലെ രാവിലെ യുകെ മലയാളികളെ തേടി എത്തിയത്. അവന് ശുദ്ധ ഹൃദയനാണ്, അവനെ കരുതലോടെ നോക്കണേ എന്ന ഉറ്റ മിത്രങ്ങളുടെ മുന്നറിയിപ്പിന് അതേ കരുതല്‍ നല്‍കിയാണ് റെഡിച്ച് മലയാളികള്‍ തിങ്കളാഴ്ച പകലും രാവും റോണിക്കൊപ്പം കഴിച്ചു കൂട്ടിയത്. ഒടുവില്‍ സ്നേഹ സാന്ത്വനങ്ങളുടെ കുത്തൊഴുക്കില്‍ താനിപ്പോള്‍ ഓക്കെയാണ്, വിധി നിശ്ചയം ഏറ്റെടുക്കുകയാണ് എന്നൊക്കെ റോണി കൂടെക്കൂടെ പറഞ്ഞപ്പോള്‍ ഏവരും കരുതിയത് അവന് സമനില വീണ്ടെക്കുകയാണ് എന്നാണ്.
ഭാര്യ കൈവിട്ടു പോയ വേദനയില്‍ സ്വയം നീറി ഇല്ലാതായി
മൂത്ത മകള്‍ ലിയാ സങ്കടം ഉള്ളില്‍ ഒതുക്കി അമ്മയില്ലാതായ സാഹചര്യത്തോടു പൊരുത്തപ്പെടുന്നത് വല്ലാത്ത വേദനയോടെയാണ് കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയവര്‍ സാക്ഷികളായത്. എല്ലാവരും കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ നല്കിയപ്പോള് റോണി കൂടുതല്‍ മനക്കരുത്തു കാട്ടും എന്ന ചിന്തയിലായിരുന്നു. എന്നാല്‍ ഓരോ ആശ്വാസ വാക്കുകളും അവന്റെ മനസ്സില്‍ കയറാതെ വെറും പാഴ് വാക്കുകളായി മാറുക ആയിരുന്നു എന്ന് ഏവര്‍ക്കും മനസിലായത് ഇന്നലെ രാവിലെ എത്തിയ അശുഭ വാര്‍ത്തയോടെയാണ്. കാരണം പ്രിയതമയുടെ മരണം സ്വന്തം കൈകളില്‍ കൂടി കടന്നു പോയ വിധിയുടെ ക്രൂരതയില്‍ ഉമിത്തീയില്‍ വീണ പ്രാണിയെപോലെ നീറുകയായിരുന്നു ഓരോ സെക്കന്റിലും റോണി. ഇക്കാര്യം നന്നായി അറിയുന്ന സുഹൃത്തുക്കളാണ് റെഡിച്ചില്‍ കൂടെ ഉണ്ടായിരുന്നവരോട് മുന്നറിയിപ്പായി നല്കിയതും.
യുകെയില്‍ എത്താന്‍ സോണിയ എടുത്ത കഠിന ശ്രമം പോലും വെറുതെ ആയല്ലോ എന്നാണ് സുഹൃത്തുക്കള്‍ സങ്കടപ്പെടുന്നത്. 11 തവണ ഇംഗ്ലീഷ് യോഗ്യത പരീക്ഷ എഴുതിയാണ് ഒടുവില്‍ യുകെയിലേക്കുള്ള സെലക്ഷന് സ്വന്തമാക്കിയത്. എങ്ങനെയും യുകെയില്‍ എത്തണം, രക്ഷപ്പെടണം എന്ന ദൃഢ നിശ്ചയമായിരുന്നു സോണിയയില്‍ എന്ന് റെഡിച്ച് ഹോസ്പിറ്റലിലേക്ക് റിക്രൂട്മെന്റ് നടത്തിയ മലയാളി ഉടമസ്ഥതയില്‍ ഉള്ള സ്വകാര്യ ഏജന്‍സിയും വ്യക്തമാക്കി. നിരന്തരം ശ്രമം നടത്തിയ സോണിയ ഒടുവില്‍ യോഗ്യത കണ്ടെത്തിയത് ഏവര്‍ക്കും സന്തോഷമായി മാറുക ആയിരുന്നു. മോട്ടോര്‍ വാഹന ഡീലര്‍ഷിപ്പില്‍ ജീവനക്കാരന് ആയിരുന്ന റോണിയും യുകെയില്‍ എത്തിയതോടെ ജീവിതം നേരായ ട്രാക്കില്‍ ഓടി തുടങ്ങി എന്ന വിശ്വാസത്തില്‍ എത്തിയപ്പോഴാണ് വിധി ആരോടും കാട്ടാത്ത ക്രൂരത ഇരുവരോടും കാട്ടിയത് എന്നതും പ്രിയപ്പെട്ടവരുടെ സങ്കടം വര്‍ധിപ്പിക്കുകയാണ്.
സഹപാഠികളെ തേടി എത്തുന്നത് വേര്‍പാടുകളുടെ നൊമ്പരക്കാറ്റ്
ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും മരണ തീരം തേടി യാത്രയായി എന്ന യുകെ മലയാളികള്‍ ഒരിക്കലും കേള്‍ക്കാത്ത വാര്‍ത്തയ്ക്ക് ഇന്നലെ സാക്ഷികള്‍ ആകേണ്ടി വന്നപ്പോള്‍ ബ്രിട്ടീഷ് മലയാളിയെ തേടി എത്തിയ അനവധി കോളുകള്‍ എന്തിനാണ് റോണി പാവം കുട്ടികളെ അനാഥമാക്കി കടന്നു പോയത് എന്നായിരുന്നു. എന്നാല്‍ റോണിയെ അടുത്തറിയുന്ന ഒരാളും സോണിയ ഇല്ലാതെ അവനില്ല എന്ന സത്യം മറച്ചു വയ്ക്കില്ല. അത്ര ആഴത്തിലും ദൃഢതയിലും കൊരുത്തെടുത്ത സ്നേഹബന്ധമായിരുന്നു ഇരുവരുടെയും. പ്രണയിച്ചു വിവാഹം കഴിക്കുന്നവര്‍ക്കിടയില്‍ വിവാഹ ശേഷം സ്നേഹബന്ധത്തിന്റെ ആഴത്തിനു കുറവുണ്ടാകും എന്ന പൊതു ധാരണയ്ക്കും വിരുദ്ധമായി മാറിയവരാണ് സോണിയയും അനിലും.
അടുത്തിടെ തങ്ങളുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു മലയാളി നഴ്സ് മാള്‍ട്ടയില്‍ മരിച്ചതിന്റെ വേദന മായും മുന്‍പേ എത്തിയ സോണിയയുടെയും റോണിയുടെയും മരണങ്ങള് ഇപ്പോള്‍ സഹപാഠികള്‍ക്കിടയില്‍ ഒരു നൊമ്പരക്കാറ്റായി ആഞ്ഞടിക്കുകയാണ്. നമ്മളില്‍ ആരാകും ഇനി ഇല്ലാതാകുകയെന്ന വേദനയാണ് അടുത്തറിയുന്ന കൂട്ടുകാര്‍ക്കിടയില്‍ പടരുന്നത്. യുകെയില്‍ ഉള്ള സുഹൃത്തുക്കളില്‍ പലരും ഇന്നും നാളെയും ഒക്കെയായി ജോലി സ്ഥലത്തു നിന്നും അവധി എടുത്തു റോണിക്ക് താങ്ങായി എത്താനിരിക്കെയാണ് ആരെയും കാണാനുള്ള കരുത്തില്ലാതെ അവന് സ്വയം ഇല്ലാതായത്.
ഞാന്‍ സോണിയയയുടെ അടുത്തേക്ക് യാത്രയാകുന്നു എന്ന സന്ദേശം സുഹൃത്തക്കള്‍ക്ക് അയച്ച ശേഷമാണു റോണി മരണത്തെ പുണരുന്നത്. മക്കള്‍ക്ക് യുകെയില്‍ ജീവിക്കാന്‍ അവസരം ഒരുക്കണമെന്നും അവസാന ആഗ്രഹമായി റോണിയുടെ സന്ദേശം ഇപ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് മുന്നിലുണ്ട്. തന്റെയും സോണിയയുടെയും സംസ്കാരം സംബന്ധിച്ച ആഗ്രഹവും റോണി പങ്കുവച്ചിട്ടുണ്ട് എന്നാണ് സൂചനകള്‍. എന്നാല്‍ റോണിയെ സോണിയ ഇല്ലാത്ത ലോകത്തില്‍ ധീരതയോടെ പിടിച്ചു നിര്‍ത്താനുള്ള എല്ലാ ശ്രമവും റെഡിച്ചിലെ മലയാളികള്‍ ഞായറും തിങ്കളും ആയുള്ള ഒന്നര ദിവസത്തെ സമയം കൊണ്ട് ചെയ്തിരുന്നതാണ് എന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. സാമ്പത്തിക സഹായം അടക്കമുള്ള വാഗ്ദാനങ്ങള്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് അടക്കമുള്ള കേന്ദ്രങ്ങളില്‍ നിന്നും എത്തിയിരുന്നതുമാണ്.
റെഡിച്ച് മലയാളികളുടേത് സമാനതകള്‍ ഇല്ലാത്ത സാമൂഹ്യ പ്രതിബദ്ധത
റോണിക്ക് ജോലി കണ്ടെത്താനുള്ള സഹായം ചെയ്യാമെന്ന വാഗ്ദാനവും മുന്നില്‍ ഉണ്ടായിരുന്നു. ഒപ്പം ഓരോ ദിവസവും ഇടവിട്ട് റോണിക്കും മക്കള്‍ക്കും ആശ്രയമായി മാറാന്‍ ഓരോ കുടുംബത്തെ വരെ ചുമതലപ്പെടുത്തുന്ന വിധത്തില്‍ ഏറ്റവും മാതൃകാപരമായ കാര്യങ്ങളാണ് റെഡിച്ചിലെ മലയാളി സമൂഹം ചെയ്തത്. ഒരു പക്ഷെ മറ്റു പല സ്ഥലത്തും യുകെയില്‍ കാണാനാകാത്ത വിധം സൗഹൃദവും ഇഴയടുപ്പവും ഉള്ള മലയാളി കൂട്ടായ്മയാണ് റെഡിച്ചിലേത് എന്നും പറയാന്‍ രണ്ടു വട്ടം ആലോചിക്കേണ്ടതില്ല. ഏതാനും വര്‍ഷം മുന്‍പ് മലയാളി നഴ്സ് ആത്മഹത്യ സന്ദര്‍ഭത്തിലും കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തുന്ന കാര്യത്തില്‍ റെഡിച്ച് മലയാളി സമൂഹം അസാധാരണമായ സാമൂഹ്യ പ്രതിബദ്ധതയാണ് കാട്ടിയത്. അതിനാല്‍ തന്നെ ഒരു കുടുംബം പ്രയാസം നേരിടുമ്പോള്‍ എങ്ങനെ സഹായവുമായി കൂടെ നില്‍ക്കണം എന്ന കാര്യം ഇവിടെ ഓരോ കുടുംബത്തിനും കൃത്യമായ ധാരണയുണ്ട്.
അത്തരത്തില്‍ ഉള്ള നന്മയും സ്നേഹവുമാണ് ഇപ്പോള്‍ റോണിയുടെയും സോണിയയുടെയും കുഞ്ഞുങ്ങള്‍ക്ക് കരുതലും കാവലുമായി മാറുന്നത്. കുട്ടികളുടെ കാര്യത്തില്‍ എന്ത് സഹായത്തിനും തയ്യാറാണ് എന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ ഒട്ടേറെയാളുകള്‍ ഇന്നലെ ബ്രിട്ടീഷ് മലയാളിയെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ റോണിയുടെ കുടുംബത്തില്‍ തന്നെയുള്ള ബന്ധുക്കള്‍ ഇതിനകം റെഡിച്ചില്‍ എത്തിയത് ഏറെ ആശ്വാസമായി മാറിയിട്ടുണ്ട്. സോണിയയുടെ വിദേശത്തുള്ള സഹോദരനും എല്ലാക്കാര്യത്തിലും അടിക്കടി ബന്ധപ്പെടുന്നതും മുന്നോട്ടുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ സഹായകമായി മാറും. പൊതു പ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനങ്ങളും ഒക്കെ എന്ത് സഹായത്തിനും സന്നദ്ധമാണ് എന്നും ഇതിനകം വ്യക്തമാക്കിയതും റെഡിച്ചിലെ മലയാളി സമൂഹത്തിനു നല്കുന്ന ആശ്വാസം ചെറുതല്ല.
അതിനിടെ സോണിയയുടെ കുടുംബത്തില്‍ അടിക്കടി ഉണ്ടാകുന്ന ദുരന്തത്തെ ഓര്‍ത്തു വിലപിക്കുകയാണ് നാട്ടുകാര്‍. ഏതാനും വര്‍ഷം മുന്‍പ് അപകടത്തില്‍ സോണിയയുടെ സഹോദരി മരിച്ചതിന്റെ ആഘാതത്തില്‍ നിന്നും ഇനിയും കുടുംബം മോചിതമായിട്ടില്ല. പ്രിയ മകളുടെ വേര്‍പാടില്‍ രോഗബാധിതനായ സോണിയയുടെ പിതാവ് ഇപ്പോള്‍ രണ്ടാമത്തെ മകളുടെ വേര്‍പാടും എങ്ങനെ ഉള്‍ക്കൊള്ളും എന്നാര്‍ക്കും നിശ്ചയമില്ല. സോണിയയുടെ അമ്മ മകളുടെ വേര്‍പാട് അറിഞ്ഞിട്ടുണ്ടെങ്കിലും റോണിയും മകള്‍ക്കൊപ്പം യാത്രയായി എന്ന വിവരം അറിഞ്ഞിട്ടില്ല. തുടര്‍ച്ചയായി ദുരന്ത വാര്‍ത്തകള്‍ എങ്ങനെ കുടുംബത്തെ അറിയിക്കും എന്ന പ്രയാസമാണ് പൊതു പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്. റോണിയുടെയും സോണിയയുടെയും നാടുകള്‍ തമ്മില്‍ വലിയ അന്തരം ഇല്ലാത്തതിനാല്‍ ഇരുവരുടെയും മരണങ്ങള് നാടിന്റെയും തീരാവേദനയായി മാറുകയാണ്.