മെല്‍ബണ്‍: ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഭിന്നിക്കുമ്പോള്‍ തന്ത്രപൂര്‍വം ഡിപന്‍ഡന്റ് വിസയിലുള്ളയാളെ നാട്ടിലാക്കി മടങ്ങുന്ന പലരും നമുക്കിടയിലുണ്ട്. പാസ്സ്പോര്‍ട്ട് തന്ത്രപൂര്‍വം കൈക്കലാക്കി നശിപ്പിച്ചും പുതിയ വിസക്കുള്ള സഹായം ചെയ്തുകൊടുക്കാതെയുമൊക്കെയാണിങ്ങനെ ചെയ്യുന്നത്. എന്നാല്‍ അത് നിയമപരമായി എക്‌സിറ്റ് ട്രാഫിക്കിങ് എന്ന കുറ്റമാണെന്ന് നമ്മളില്‍ എത്രപേര്‍ക്കറിയാം. സുഡാനില്‍ നിന്നും ഉന്നത ജോലി കിട്ടി ഓസ്ട്രേലിയയില്‍ എത്തി ജീവിക്കുന്നതിനിടയില്‍ ഭാര്യയെ അവധിക്കു പോയപ്പോള്‍ നാട്ടിലാക്കി മടങ്ങിയയാള്‍ക്ക് നാലരവര്‍ഷം കോടതി ശിക്ഷിച്ച വാര്‍ത്ത എല്ലാവരും അതുകൊണ്ടാണ് അറിഞ്ഞിരിക്കേണ്ടത്.

നാട്ടില്‍ പോയ ഭാര്യയുടെ പാസ്സ്‌പോര്‍ട്ട് ഇയാള്‍ കൈക്കലാക്കുകയായിരുന്നു. സുഡാന്‍ വംശജനായ മൊഹമ്മദ് അഹമ്മദ് ഒമെര്‍ എന്ന 52 കാരനായ ഓസ്‌ട്രേലിയന്‍ പൗരന്‍ എക്സിറ്റ് ട്രാഫിക്കിംഗ് എന്ന കുറ്റം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് ശിക്ഷ നല്‍കിയത്. വിക്ടോറിയയിലെ ആദ്യത്തെ ഇത്തരത്തിലുള്ള കേസാണിത്. സ്വന്തം ഇഷ്ടത്തിനെതിരായി, കബളിപ്പിച്ചോ, നിര്‍ബന്ധിച്ചോ ഒരു വ്യക്തിയെ രാജ്യം വിടാന്‍ നിര്‍ബന്ധിതമാക്കുന്ന എക്സിറ്റ് ട്രാഫിക്കിംഗ് എന്ന കുറ്റം മനുഷ്യക്കടത്തിന് സമാനമായ കുറ്റമായാണ് പരിഗണിക്കുന്നത്.

ഒഴിവുകാലം എന്ന പേരില്‍ ഭാര്യയെ ജന്മനാടായ സുഡാനിലെക്ക് അയയ്ക്കുകയായിരുന്നു ഇയാള്‍. അവിടെ ഒരു വര്‍ഷത്തോളം ചെലവഴിക്കാന്‍ അവര്‍ നിര്‍ബന്ധിതയായി. താന്‍ നിരപരാധിയാണെന്നായിരുന്നു ഓസ്‌ട്രേലിയന്‍ പൗരന്മായ ഭര്‍ത്താവിന്റെ വാദം. 2014 ജൂണില്‍, ഭാര്യയുടെ വിസയില്‍ നിന്നും തന്റെ ആശ്രിത എന്നത് രഹസ്യമായി നീക്കം ചെയ്ത അയാള്‍, തങ്ങളുടെ രണ്ടു വയസ്സും ആറ് മാസവും പ്രായമുള്ള കുട്ടികളെ ഭാര്യ ദുരുപയോഗം ചെയ്യുന്നതായി അവകാശ്പപ്പെടുകയും ചെയ്തു.

മൂന്ന് മാസങ്ങള്‍ക്ക് ശേഷം തന്റെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം അയാള്‍ മെല്‍ബോണില്‍ നിന്നും സുഡാനിലേക്ക് ഒഴിവുകാല യാത്രപോയി. അവിടെവെച്ച്, അയാളുടെ ഭാര്യ അറിയാതെ, അവരുടെ പാസ്സ്‌പോര്‍ട്ട് മോഷ്ടിച്ചു കൊണ്ട് അയാളും മക്കളും ഓസ്‌ട്രേലിയയിലേക്ക് തിരികെ പറന്നു. ഭാര്യയുടെ തിരിച്ചറിയല്‍ രേഖകളും ഇയാള്‍ കൈക്കലാക്കിയിരുന്നു. ശരിക്കും ആസൂത്രണം ചെയ്തായിരുന്നു ഇയാള്‍ ഇത് ചെയ്തത് എന്നായിരുന്നു വിചാരണക്കിടയില്‍ കോടതി നിരീക്ഷിച്ചത്.

പെട്ടെന്ന് കൈയൊഴിയാവുന്ന ഒരു സ്വത്ത് ആയാണ് അയാള്‍ ഭാര്യയെ പരിഗണിച്ചതെന്ന് പറഞ്ഞ കോടതി, തന്റെ മക്കള്‍, ഭര്‍ത്താവിനൊപ്പം പോയപ്പോള്‍ ഏകാന്തതയിലേക്ക് വലിച്ചെറിയപ്പെട്ട ആ ഭാര്യ ഏറെ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചതായും വിലയിരുത്തി. പിന്നീട് വിസ ശരിയാക്കുന്നതിനും ഓസ്‌ട്രേലിയയിലേക്ക് തിരികെയെത്തുന്നതിനും അവൃക്ക് ഒരു വര്‍ഷത്തിലധികം സമയമെടുത്തതായും കോടതി നിരീക്ഷിച്ചു. അതിനുശേഷം മാത്രമാണ് അവര്‍ക്ക് സ്വന്തം മക്കള്‍ക്കൊപ്പം കഴിയാന്‍ കഴിഞ്ഞത്.

മുഹമ്മദ് അഹമ്മദ് ഒമറിന്റെ നീക്കം മനപ്പൂര്‍വ്വമായിരുന്നു എന്നും ആ ചതി, ഒരു വനിതയെ അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തു നിന്നും പുറത്താക്കുന്നതിലാണ് അവസാനിച്ചതെന്നും കോടതി വിലയിരുത്തി. ഓരോ തവണ അവര്‍ ആവശ്യപ്പെടുമ്പോഴും, ഓസ്‌ട്രേലിയയിലേക്ക് തിരികെ കൊണ്ടുവരാമെന്ന് അയാള്‍ പറയാറുണ്ടായിരുന്നു. എന്നാല്‍, അവര്‍ക്ക് അത് സാധ്യമാകാന്‍ 16 മാസം കാത്തിരിക്കേണ്ടി വന്നു. ഓസ്‌ട്രേലിയയില്‍ എത്തി മക്കള്‍ക്കൊപ്പം ചേര്‍ന്നതിന് ശേഷമായിരുന്നു അവര്‍ നിയമയുദ്ധം ആരംഭിച്ചത്.