ലണ്ടന്‍: യുകെയില്‍ കാണാതായ മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ബ്രിട്ടീഷ് പോലീസ് അന്വേ,ണം സജീവമാക്കി. യുകെയിലെ ഇപ്‌സ്വിച്ചില്‍ കുടുംബമായി താമസിച്ചു വന്നിരുന്ന മലയാളി ഡോക്ടര്‍ രാമസ്വാമി ജയറാമിനെയാണ് (56) മരിച്ച നിലയില്‍ കണ്ടെത്തി. ജൂണ്‍ 30 ഞായറാഴ്ച പുലര്‍ച്ചെ 5.45 ന് വീട്ടില്‍ നിന്നിറങ്ങിയ രാമസ്വാമിയെ പിന്നീട് കാണാതാകുകയായിരുന്നു.

കണ്ടെത്താന്‍ ജൂലൈ 1 മുതല്‍ സഫോള്‍ക്ക് പൊലീസ് സഹായം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ തിരച്ചിലുകള്‍ക്ക് ഒടുവില്‍ നൊമ്പരമായി രാമസ്വാമിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നിലവില്‍ മരണത്തില്‍ ദൂരുഹതയില്ലെന്ന് കരുതുന്നതായി പൊലീസ് ഔദ്യോഗികമായി അറിയിച്ചു. പൊലീസ് മരണ വിവരം രാമസ്വാമിയുടെ അടുത്ത ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. എങ്കിലും വിശദ അന്വേഷണം നടത്തും. തിരുവനന്തപുരം സൈനിക സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് രാസ്വാമി ജയറാം.

രാമസ്വാമിയുടെ ചാരനിറത്തിലുള്ള സിട്രോണ്‍ സി1 കാര്‍ ഇപ്‌സ്വിച്ചിലെ റാവന്‍സ്വുഡ് പ്രദേശത്ത് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സഫോക്ക് ലോലാന്‍ഡ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ, കോസ്റ്റ്ഗാര്‍ഡ് എന്നിവയുടെ സഹായത്തോടെ ഓര്‍വെല്‍ കണ്‍ട്രി പാര്‍ക്കിലും പരിസരത്തും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. പൊലീസ് തിരച്ചില്‍ നോട്ടീസ് പുറത്ത് ഇറക്കുകയും ചെയ്തു. നടക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

ജയറാമിനെ കാണാതായതോടെ കേരളത്തിലെ സുഹൃത്തുക്കള്‍ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കത്ത് നല്‍കി. ഇതിനിടെയാണ് മരണ വാര്‍ത്ത എത്തിയത്. തിരുവനന്തപുരം സൈനിക് സ്‌കൂളിലായിരുന്നു പഠനം. പാലക്കാടുകാരനായ ജയറാം തൃശൂരിലായിരുന്നു കുട്ടിക്കാലം ചിലവഴിച്ചത്. കഴിഞ്ഞ വര്‍ഷം സൈനിക സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനും മകളുമൊത്ത് ജയറാം എത്തിയിരുന്നു.

ബ്രിട്ടണിലെ അറിയപ്പെടുന്ന ഡോക്ടറായിരുന്നു രാമസ്വാമി ജയറാം. കുടുംബ പ്രശ്‌നങ്ങളൊന്നും ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ നടക്കുന്നതിനിടെയിലെ സ്വാഭാവിക മരണമായാണ് ഇതിനെ വിലയിരുത്തുന്നത്.