- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രത വേണം; കാനഡയിലെ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഇന്ത്യ മുന്നറിയിപ്പു നൽകിയത് കാനഡ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ
ന്യൂഡൽഹി: കാനഡയിലെ ഇന്ത്യൻ പൗരന്മാർക്കും അവിടേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് വിദേശകാര്യമന്ത്രാലയം നിർദേശിച്ചു.
കാനഡയിലെ വിവിധ ഭാഗങ്ങളിൽ വിദ്വേഷ ആക്രമണങ്ങളും വംശീയ അതിക്രമങ്ങളും ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ സ്ഥാനപതി കാര്യാലയവും ജാഗ്രത മുന്നറിയിപ്പ് ഇറക്കിയിട്ടുള്ളത്. ഇന്ത്യക്കാർക്കെതിരെ ആക്രമണം നടത്തിയവർക്കെതിരെ എടുക്കണമെന്ന് വിദേശകാര്യമന്ത്രാലയം കാനഡയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യമായ നടപടികൾ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്ത സാഹചര്യത്തിലാണ് ജാഗ്രതാ മുന്നറിയിപ്പ്
കാനഡയിലുള്ള ഇന്ത്യക്കാർ അവിടെയുള്ള ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ വെബ്സൈറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു. നേരത്തെ കാനഡയിലെ ഹൈന്ദവ ആരാധാനാലയങ്ങളും ഗാന്ധി പ്രതിമയും തകർത്തിരുന്നു.
അടുത്തകാലത്ത് ടൊറന്റോയിൽ ക്ഷേത്രത്തിന്റെ ചുവരിൽ ഇന്ത്യാവിരുദ്ധ വിദ്വേഷവാക്യങ്ങൾ എഴുതി വികൃതമാക്കിയിരുന്നു. ടൊറന്റോയിലെ ബി.എ.പി.എസ് സ്വാമിനാരായണ മന്ദിറിന് നേർക്കാണ് ആക്രമണം. ''കനേഡിയൻ ഖാലിസ്ഥാനി തീവ്രവാദികൾ'' ആണ് ആക്രമണത്തിന് പിന്നിൽ. ഈ സംഭവത്തിൽ ഇന്ത്യ അപലപിച്ചു രംഗത്തുവന്നിരുന്നു.
വിഷയത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു. ''ബി.എ.പി.എസ് സ്വാമിനാരായൺ മന്ദിർ ടൊറന്റോയെ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് വികൃതമാക്കിയതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും കുറ്റവാളികൾക്കെതിരെ ഉടനടി നടപടിയെടുക്കാനും കനേഡിയൻ അധികൃതരോട് അഭ്യർത്ഥിക്കുന്നു''.
''കനേഡിയൻ ഖാലിസ്ഥാനി തീവ്രവാദികൾ ടൊറന്റോ ബാപ്സ് ശ്രീ സ്വാമിനാരായണ മന്ദിർ നശിപ്പിച്ചത് എല്ലാവരും അപലപിക്കേണ്ടതാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കനേഡിയൻ ഹിന്ദു ക്ഷേത്രങ്ങൾ ഈയിടെയായി ഇത്തരത്തിലുള്ള ആക്രമണങ്ങൾ ലക്ഷ്യമിടുന്നു. കുറ്റകൃത്യങ്ങളെ വെറുക്കുന്ന കാനഡക്കാരായ ഹിന്ദുക്കൾ ആശങ്കാകുലരാണ്'' -കാനഡയിലെ പാർലമെന്റ് അംഗം ചന്ദ്ര ആര്യ ട്വീറ്റ് ചെയ്തു.
മറുനാടന് ഡെസ്ക്