ലണ്ടന്‍: അമ്പതുകാരിയായ ടിന ചുമ്മുന്‍, കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ദിവസേന ജോലിക്കായി അപേക്ഷിക്കുന്നുണ്ട്. ഏകദേശം 4000 ല്‍ അധികം അപേക്ഷകള്‍ അയച്ചിട്ടും ജോലി ലഭിക്കാതായതോടെ തന്റെ അമ്മയുടെ വീട്ടിലേക്ക് താമസം മാറ്റുന്ന കാര്യം ആലോചിക്കുകയാണവര്‍. ഓരോ അപേക്ഷയും നിരസിക്കപ്പെടുമ്പോള്‍ ആശങ്ക വര്‍ദ്ധിക്കുകയാണെന്ന് അവര്‍ പറയുന്നു. അണ്ടര്‍ ഗ്രാഡ്വേഷന്‍ പൂര്‍ത്തിയാക്കി മാര്‍ക്കറ്റിംഗിലും സൈക്കോതെറാപ്പിയിലുമായി രണ്ട് മാസ്റ്റേഴ്‌സ് ബിരുദവും നേടിയ വ്യക്തിയാണ് ടിന. മാത്രമല്ല, ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറില്‍ മൂന്നാം വര്‍ഷ ഡോക്ടറേറ്റ് ചെയ്യുകയുമാണവര്‍. ഇത്രയേറെ യോഗ്യതകള്‍ ഉണ്ടായിട്ടും തനിക്ക് ജോലി ലഭിക്കാത്തതിന് പ്രധാന കാരണം തന്റെ പ്രായമാണെന്നാണ് ടിന പറയുന്നത്.

2024 ഏപ്രിലില്‍ ജോലി നഷ്ടപ്പെട്ടതിന് ശേഷം പാര്‍ട്ട് ടൈം ആയി തന്റെ കൗണ്‍സിലിംഗും മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സിയും നടത്തി വരികയായിരുന്നു അവര്‍. എന്നാല്‍, അത് മോര്‍ട്ട്‌ഗേജ് ഉള്‍പ്പടെയുള്ള ചെലവുകള്‍ക്കുള്ള വരുമാനം നേടിത്തരുന്നില്ല എന്ന് അവര്‍ പറയുന്നു. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ പൂര്‍ണ്ണസമയ ജോലിയാണ് അവര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി തുടര്‍ച്ചയായി അപേക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു അഭിമുഖത്തിന് മാത്രമാണ് അവര്‍ക്ക് ക്ഷണം ലഭിച്ചത്. മോര്‍ട്ട്‌ഗേജ് തവണകള്‍ മുടങ്ങിയതോടെ വായ്പാദാതാക്കള്‍ നിയമനടപടികള്‍ സ്വീകരിച്ചത് മറ്റൊരു ഇരുട്ടടിയായി.

ഇപ്പോള്‍, ടിനയുടെ നോര്‍ത്താംപ്ടണ്‍ഷയര്‍ കെറ്റെറിംഗിലുള്ള നാല് കിടപ്പുമുറികളുള്ള വീട് വില്പനയ്ക്ക് വച്ചിരിക്കുകയാണ്. ലണ്ടനിലേക്ക് മടങ്ങി, ജോലി ലഭിക്കാനുള്ള സാധ്യതകള്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണവര്‍. ലണ്ടനിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ ജോലി ലഭിച്ചില്ലെങ്കില്‍ പിന്നെ, ഇപ്പോള്‍ അവരെ സാമ്പത്തികമായി സഹായിക്കുന്ന അമ്മയോടൊപ്പം താമസിക്കേണ്ട സാഹചര്യം വന്നുചേരുമെന്നാണ് ടിന പറയുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, ഇതേ പ്രായപരിധിയിലുള്ള നൂറ് കണക്കിന് ആളുകളാണ് തൊഴില്‍ ലഭിക്കാതെ കഷ്ടപ്പെടുന്നത്. 50 നും 64 നും ഇടയില്‍ പ്രായമുള്ള, ഏകദേസം 8,76,000 പേര്‍ തൊഴില്‍ അന്വേഷിക്കുന്നുണ്ടെന്നും എന്നാല്‍ അവര്‍ക്ക് അത് ലഭിക്കുന്നില്ലെന്നുമാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാനായി 1 ബില്യന്‍ പൗണ്ടിന്റെ ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. യുവാക്കളെ ജോലിയില്‍ നിയമിക്കുന്ന തൊഴിലുടമകള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്ന പദ്ധതിയാണിത്. 18 വയസ്സിനും 24 വയസ്സിനും ഇടയില്‍ പ്രായമുള്ള, കഴിഞ്ഞ ആറ് മാസക്കാലത്തിലേറെയായി തൊഴിലില്ലാത്ത യുവാക്കളെ ജോലികളില്‍ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 3000 പൗണ്ട് വരെ ലഭിക്കുന്ന പദ്ധതിയാണ് പെന്‍ഷന്‍സ് സെക്രട്ടറി പാറ്റ് മെക്ഫാഡന്‍ പ്രഖ്യാപിച്ചത്. ഇതോടെ ടിനയുടെ പ്രായപരിധിയില്‍ പെട്ടവര്‍ക്ക്‌തൊഴില്‍ ലഭിക്കുന്നതിനുള്ള സാധ്യത പിന്നെയും കുറയുകയാണ്.

മാത്രമല്ല, യുവാക്കളെ ജോലിയില്‍ നിയമിക്കുമ്പോള്‍, അവര്‍ക്ക് പരിചയസമ്പന്നരായവര്‍ക്ക് നല്‍കുന്ന അത്രയും ശമ്പളം നല്‍കേണ്ടതില്ല എന്നൊരു ഗുണം കൂടിയുണ്ട്. സ്ഥാപനങ്ങളുടെ നടത്തിപ്പ് ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ എവിടെയെങ്കിലും ചെലവ് കുറയ്ക്കാന്‍ തത്രപ്പാട് പെടുന്ന തൊഴിലുടമകള്‍ സ്വാഭാവികമായും യുവാക്കളെയായിരിക്കും ജോലിക്കായി എടുക്കാന്‍ താത്പര്യപ്പെടുക. അതുകൊണ്ടു തന്നെ, പ്രായമായവരെയും തൊഴിലിലേക്ക് മടക്കിയെത്തിക്കാന്‍ പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കണമെന്ന് ടിന ആവശ്യപ്പെടുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ചില ചാരിറ്റികളും സമാനമായ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.