- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
യുഎസിൽ സ്ഥിര താമസത്തിന് ആഗ്രഹിക്കുന്നവർക്ക് തിരിച്ചടി; പ്രമേഹം, പൊണ്ണത്തടി, അർബുദം എന്നീ ആരോഗ്യപ്രശ്നങ്ങളുള്ള വിദേശികൾക്ക് വീസ അപേക്ഷകൾ നിരസിക്കാൻ ട്രംപ് ഭരണകൂടം
വാഷിങ്ടൺ: പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ള വിദേശികളുടെ വീസ അപേക്ഷകൾ നിരസിക്കാനൊരുങ്ങി യുഎസ്. ഇത് സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങൾ ട്രംപ് ഭരണകൂടം പുറത്തിറക്കിയതായാണ് റിപ്പോർട്ട്. ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് വീസ അനുവദിച്ചാൽ, അവർ അമേരിക്കൻ പൊതുജനാരോഗ്യ സംവിധാനത്തെ ആശ്രയിക്കേണ്ടി വരുമെന്ന വാദത്തെത്തുടർന്നാണ് ഈ നടപടി.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, എംബസികൾ, കോൺസുലാർ ഉദ്യോഗസ്ഥർ എന്നിവർക്ക് നൽകിയിട്ടുള്ള നിർദ്ദേശങ്ങളിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ രോഗങ്ങൾ, അർബുദം, പ്രമേഹം, നാഡീരോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യസ്ഥിതികൾ വിശദമായി പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആസ്ത്മ, സ്ലീപ് അപ്നിയ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുമെന്നു ചൂണ്ടിക്കാണിക്കുന്ന പൊണ്ണത്തടി പോലുള്ള അവസ്ഥകളും വീസ അപേക്ഷയോടൊപ്പം പരിഗണിക്കണമെന്നും നിർദ്ദേശമുണ്ട്.
അപേക്ഷകർക്ക് അമേരിക്കൻ പൊതുജനാരോഗ്യ സംവിധാനത്തെ ആശ്രയിക്കാതെ സ്വതന്ത്രമായി വൈദ്യസഹായം നേടാൻ കഴിയുമോ എന്ന് വിലയിരുത്താനും വീസ ഓഫീസർമാർക്ക് നിർദ്ദേശമുണ്ട്. അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ ആരോഗ്യവും, പ്രത്യേകിച്ച് ആശ്രിതരായ കുട്ടികൾക്കും പ്രായമായ മാതാപിതാക്കൾക്കും വൈകല്യങ്ങളോ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ അതും പരിശോധനയ്ക്ക് വിധേയമാക്കണം. നേരത്തെ ക്ഷയം പോലുള്ള സാംക്രമിക രോഗങ്ങൾ മാത്രമായിരുന്നു വീസ അപേക്ഷകളിൽ പരിശോധിച്ചിരുന്നത്. പുതിയ മാർഗനിർദ്ദേശം അമേരിക്കയിൽ സ്ഥിര താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് ബാധകമാവുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.




